Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ആരോപണവുമായി പ്രോസിക്യൂഷൻ എത്തുന്നത് അത്യപൂർവ്വ സാഹചര്യം; സുതാര്യ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്ന നിലപാടിൽ ഹൈക്കോടതി തീരമാനം അതിനിർണ്ണായകമാകും; പ്രതികരണത്തിൽ നിന്ന് മാറി നിൽക്കാൻ ദിലീപും പ്രതികളും; ഇരയും മിണ്ടില്ല; ട്രാൻസഫർ പെറ്റീഷനിലെ തീരുമാനത്തിന് കാത്ത് സിനിമാ ലോകവും

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ആരോപണവുമായി പ്രോസിക്യൂഷൻ എത്തുന്നത് അത്യപൂർവ്വ സാഹചര്യം; സുതാര്യ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്ന നിലപാടിൽ ഹൈക്കോടതി തീരമാനം അതിനിർണ്ണായകമാകും; പ്രതികരണത്തിൽ നിന്ന് മാറി നിൽക്കാൻ ദിലീപും പ്രതികളും; ഇരയും മിണ്ടില്ല; ട്രാൻസഫർ പെറ്റീഷനിലെ തീരുമാനത്തിന് കാത്ത് സിനിമാ ലോകവും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ആരോപണവുമായി പ്രോസിക്യൂഷൻ എത്തുന്നത് അത്യപൂർവ്വമായ സാഹചര്യം. വിചാരണയടക്കമുള്ള തുടർനടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹർജി ഫയൽ ചെയ്തതോടെ നടിയെ ആക്രമിച്ച കേസ് പുതിയ തലത്തിലെത്തുകയാണ്. കോടതിയിൽനിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്നും കോടതി മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. വിചാരണ കോടതി ജഡ്ജി ഒരു ഊമക്കത്ത് വായിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇത്തരത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. അതിരഹസ്യ വിചാരണയായതു കൊണ്ട് തന്നെ കോടതി വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ ആർക്കും കഴിയില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ ഉയർത്തുന്ന വാദങ്ങൾ അതിനിർണ്ണായകമാകും.

അസാധാരണമായ നടപടിയാണ് കേസിൽ ഉണ്ടായിരിക്കുന്നത്. വിചാരണ മാറ്റണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഹൈക്കോടതിയിൽ ട്രാൻസ്ഫർ പെറ്റീഷൻ നൽകുമെന്നും അതുവരെ വിചാരണ നടപടികൾ നിർത്തിവെക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. 182-ാമത്തെ സാക്ഷിയെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. ഈ ഘട്ടത്തിൽ പ്രോസിക്യൂഷന് എതിരെയുള്ള ഒരു കത്ത് കോടതി വായിച്ചു. മാത്രമല്ല, പ്രോസിക്യൂഷനെതിരെ ഒട്ടും അടിസ്ഥാനമില്ലാത്തതും വസ്തുതാവിരുദ്ധവുമായ ആരോപണങ്ങൾ കോടതി ഉന്നയിച്ചെന്നും പ്രോസിക്യൂഷൻ പറയുന്നു. ഈ സാഹചര്യത്തിൽ സുതാര്യമായ വിചാരണ കോടതിയിൽ നടക്കുമെന്ന് കരുതുന്നില്ല. ഇരയ്ക്ക് നീതി ലഭ്യമാകും എന്ന് പ്രതീക്ഷിക്കാൻ കഴിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മാതൃഭൂമി അടക്കമുള്ള വാർത്താ ചാനലുകളാണ് ഈ വിവരം പുറത്തു വിട്ടത്.

വിചാരണ കോടതി ഹർജിയിൽ കോടതി എന്ത് നിലപാട് എടുക്കും എന്നതും സുപ്രധാനമാണ്. കോടതി നടപടികൾ മറ്റൊരു കോടതിയിലേയ്ക്ക് മാറ്റുക എന്നതാണ് ട്രാൻസ്ഫർ പെറ്റീഷന്റെ ലക്ഷ്യം. കേസിൽ വളരെ വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ നടപടിക്രമങ്ങൾ നീണ്ടുപോയിരുന്നു. അതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. ഇത് വിചാരണയെ തന്നെ അനിശ്ചിതത്വത്തിലാകും. ആക്രമിക്കപ്പെട്ട നടിയുടെ പ്രതികരണം ഈ വിഷയത്തിൽ ലഭ്യമല്ല. നടിയെ പിന്തുണയ്ക്കുന്നവരും മൗനം തുടരുകയാണ്. ഹൈക്കോടതി നിലപാട് അറിയാൻ ഇത്. ദിലീപ് പക്ഷവും തൽകാലം പ്രതികരണത്തിന് എത്തില്ല. കേസിൽ തികഞ്ഞ ആത്മവിശ്വാസം ദിലീപ് ക്യാമ്പ് വച്ചു പുലർത്തുന്നുവെന്നതാണ് വസ്തുത. സിനിമാക്കാരും വിഷയത്തിൽ പ്രതികരിക്കില്ല.

സോഷ്യൽ മീഡിയയിൽ പോലും കേസ് ചർച്ചയാക്കരുതെന്ന നിർദ്ദേശം തന്റെ ഫാൻസുകാർക്ക് പോലും ദിലീപ് നൽകിയിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. ഹർജിയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷനും പരസ്യ ചർച്ചകൾക്ക് ഈ ഘട്ടത്തിൽ തയ്യാറെടുക്കില്ല. കേസ് അന്വേഷിച്ച സിഐ ബൈജു പൗലോസും വിവാദങ്ങളിൽ നിന്ന് അകലം പാലിക്കും. ഊമകത്തിലെ വിവരങ്ങളും തൽകാലം പുറത്തു വിടില്ല. ഏത് സാഹചര്യത്തിലാണ് ഇതെല്ലാം സംഭവിച്ചതെന്നതും പുറം ലോകത്തിന് അജ്ഞാതമാണ്. ഇതെല്ലാം ഹൈക്കോടതിയിൽ ചർച്ചയാക്കാനാണ് പ്രോസിക്യൂഷൻ തീരുമാനം. ആക്രമിക്കപ്പെട്ട നടിയുടെ പ്രത്യേക താൽപ്പര്യ പ്രകാരമാണ് സൗമ്യ കേസിലെ പ്രോസിക്യൂട്ടറായിരുന്ന സുരേഷിനെ കേസിൽ സർക്കാർ അഭിഭാഷകനാക്കിയത്.

നടിയുടെ ആവശ്യ പ്രകാരമാണ് ജഡ്ജി ഹണി വർഗ്ഗീസും കേസ് കേൾക്കാൻ എത്തിയത്. ജഡ്ജി ഹണി വർഗ്ഗീസിന് പ്രമോഷൻ കിട്ടിയിട്ട് പോലും കോടതി മാറ്റാതെ കേസിൽ മുമ്പോട്ട് പോകാൻ അവസരമൊരുക്കിയത് ഹൈക്കോടതിയാണ്. അത്തരത്തിലൊരു ചരിത്രമുള്ള കേസിലാണ് പ്രോസിക്യൂഷൻ അത്യപൂർവ്വ ആരോപണവും നിയമ നടപടിയും എടുക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇതിൽ ഹണി വർഗ്ഗീസ് എടുക്കുന്ന നിലപാടും നിർണ്ണായകമാകും. സാധാരണ ഗതിയിൽ പ്രോസിക്യൂഷൻ ആരോപണം ഉന്നയിച്ചാൽ ജഡ്ജിമാർ കേസിൽ നിന്നും പിന്മാറുന്ന പതിവുണ്ട്. ഇത് ഈ കേസിൽ ഉണ്ടാകുമോ എന്നതാണ് ശ്രദ്ധേയം. ജഡ്ജി മാറുകയോ ജഡ്ജിയെ മാറ്റുകയോ ചെയ്താൽ കേസിൽ വിചാരണ നീളും. ആറു മാസം കൊണ്ട് വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീംകോടതി നിർദ്ദേശം നടക്കാതെ പോകും.

2017 ഫെബ്രുവരി 17 -ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. വനിതാ ഇൻസ്പെക്ടർ രാധാമണി പീഡനത്തിനിരയായ നടിയുടെ മൊഴി പിറ്റേന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് കോടതി തെളിവായി സ്വീകരിച്ചു. ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശമുണ്ട്. ഇരയ്ക്ക് സമാധാനപൂർണമായ അന്തരീക്ഷവും സ്വകാര്യതയും ഉറപ്പിക്കുന്നതിനാണ് അടച്ചിട്ട മുറിയിൽ വിചാരണ. അടച്ചിട്ടമുറിയിലേക്ക് ജഡ്ജി, പ്രോസിക്യൂട്ടർ, അന്വേഷണ ഉദ്യോഗസ്ഥൻ, അഭിഭാഷകൻ, പ്രതികൾ, കോടതി സ്റ്റാഫ് തുടങ്ങിയവരെയാണ് മുറിയിൽ പ്രവേശിപ്പിക്കുന്നത്. ഇത്തരമൊരു കേസിലാണ് പ്രോസിക്യൂഷന്റെ അസാധാരണ നീക്കം.

നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജി വിവേചനം കാട്ടുന്നതായി പ്രോസിക്യൂഷൻ ആരോപിച്ചതായി മാധ്യമപ്രവർത്തക ധന്യ രാജേന്ദ്രന്റെ ട്വീറ്റ് വലിയ ചർച്ചയായിരുന്നു. നിലവിലെ ജഡ്ജിയുടെ കോടതിയിൽ വിചാരണ തുടർന്ന് നടത്തരുതെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചതായും ധന്യയുടെ ട്വീറ്റിൽ പറയുന്നു. ബിഗ് ന്യൂസ് ഫ്രം കേരള-കേരളത്തിൽ നിന്ന് വലിയ വാർത്ത എന്ന ആമുഖത്തോടെയാണ് ന്യൂസ് മിനിറ്റ് എഡിറ്റർ ഇൻ ചീഫിന്റെ ട്വീറ്റ്. മൂന്നുവർഷം മുമ്പ് കാറിൽ വച്ച് നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ വിചാരണ നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ധന്യ പറയുന്നത്. ഇക്കാര്യമാണ് മാതൃഭൂമി ചാനലും കൂടുതൽ വിശദമായി വാർത്തയാക്കുന്നത്.

ഇന്ത്യ വിഷനിൽ 2003 ലാണ് ധന്യ രാജേന്ദ്രൻ തന്റെ കരിയർ തുടങ്ങിയത്. 2004 ൽ ചെന്നൈയിൽ ന്യൂ ഇന്ത്യൻ എക്സ്‌പ്ര്‌സിലേക്ക് മാറി. 2005 ൽ ടൈംസ് നൗവിൽ റിപ്പോർട്ടറായി ചേർന്ന ശേഷം ദക്ഷിണേന്ത്യയിലെ ബ്യൂറോ ചീഫായി. തന്റെ ഭർത്താവ് വിഗ്നേഷ് വെല്ലൂർ, ചിത്ര സുബ്രഹ്മണ്യൻ എന്നിവർക്കൊപ്പമാണ് ഡിജിറ്റൽ ന്യൂസ് വെബ്‌സൈറ്റായ ദി ന്യൂസ് മിനിറ്റ് തുടങ്ങിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വാർത്തകൾക്കാണ് ന്യൂസ് മിനിറ്റ് പ്രാധാന്യം നൽകുന്നത്. നെറ്റ് വർക്ക് ഓഫ് വിമൻ ഇൻ മീഡിയയിൽ അംഗവുമാണ് ധന്യ. അങ്ങനെ ധന്യ നൽകിയ സൂചനകൾ മറ്റ് വാർത്താ മാധ്യമങ്ങളും ചർച്ചയാക്കുകയാണ്. നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ ഒരു ഇടവേളയ്ക്ക് ശേഷം ജൂൺ അവസാനത്തോടെയാണ് പുനഃരാരംഭിച്ചത്. കോവിഡ് വ്യാപനം കാരണം കോടതി നടപടികൾ നിർത്തിവെച്ചതിനാലാണ് വിചാരണയും തടസപ്പെട്ടത്. കേസിന്റെ രഹസ്യവിചാരണ കൊച്ചിയിലെ പ്രത്യേക കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.

കേസിൽ ആറുമാസത്തിനുള്ളിൽ വിചാരണ നടപടികൾ പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്. ലോക്ക്ഡൗൺ മൂലം നടപടികൾ നീണ്ടുപോകുകയായിരുന്നു. ഒന്നാം പ്രതി പൾസർ സുനിയടക്കമുള്ളവർക്കെതിരെ ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടു പോകൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കേസിൽ 11-ാം പ്രതിയായ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. നടിയെ ആക്രമിച്ച കേസിൽ 136 സാക്ഷികളെയാണ് കോടതി വിസ്തരിക്കുക. കസിൽ കുറ്റവിമുക്തനാക്കണമെന്ന നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന് കുറ്റപത്രം പറയുന്നു. കൊച്ചിയിൽ താരസംഘടനയായ അമ്മയുടെ പരിപാടിയുടെ റിഹേഴ്‌സലിനിടെയാണ് ദിലീപ് നടിയെ ഭീഷണിപ്പെടുത്തിയത്.

ദിലീപിന്റെ സ്വാധീനശക്തി വിശ്വസിച്ചാണ് പൾസർ സുനി ക്വട്ടേഷൻ ഏറ്റെടുത്തതെന്നും കുറ്റപത്രത്തിലുണ്ട്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിന്റെ പങ്ക് ആദ്യം സൂചിപ്പിച്ചത് നടിയുടെ സഹോദരനാണ്. കൃത്യത്തിൽ ദിലീപിന് പങ്കുണ്ടെന്ന് ബോധ്യമുണ്ടെന്നായിരുന്നു മൊഴി. സുനിൽ ദിലീപിന് അയച്ച കത്ത് കൂടി പുറത്തുവന്നതോടെ സംശയം ബലപ്പെടുകയായിരുന്നു. കൊച്ചിയിലെ 'അമ്മ' താരനിശക്കിടെയായിരുന്നു ഭീഷണി. നടൻ സിദ്ദിഖും ഇതിന് ദൃക്‌സാക്ഷിയാണ് . 18 പേജുള്ള കുറ്റപത്രത്തിലും ഒപ്പമുള്ള പ്രത്യേക റിപ്പോർട്ടിലുള്ള കേസിലെ ദിലീപിന്റെ പങ്കാളിത്തം സംബന്ധിച്ച കൂടുതൽ വിവരങ്ങളുള്ളത്. പൊലീസ് സമർപ്പിച്ച 18 പേജുകൾ വരുന്ന പുതിയ കുറ്റപത്രത്തോടൊപ്പമുള്ള അനുബന്ധ കുറ്റപത്രത്തിലാണ് ഈ വിവരമുള്ളത്.

പൾസർ സുനി പണം തട്ടാൻ വേണ്ടി ചെയ്തതാണെന്ന രീതിയിൽ ആദ്യ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് നടിയുടെ സഹോദരൻ ഇക്കാര്യത്തിലുള്ള സംശയം പ്രകടിപ്പിച്ചതെന്നാണ് വിവരം. കേസിൽ എട്ടാം പ്രതിയായ ദിലീപിന് നടിയോട് വൈരാഗ്യം ഉണ്ടെന്നും കൃത്യത്തിന് പിന്നിൽ ദിലീപാണെന്ന് വിശ്വസിക്കുന്നതായും ഇക്കാര്യത്തിൽ കൂടി അന്വേഷണം നടത്തണമെന്നും ഇരയുടെ സഹോദരൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ദിലീപിന് സുനിൽകുമാർ അയച്ച കത്തു കൂടി പുറത്തു വന്നതോടെയാണ് പൊലീസിന് സംശയം ബലപ്പെട്ടതും ദിലീപിനെതിരേ അന്വേഷണം തുടങ്ങിയതെന്നും കുറ്റപത്രത്തിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP