Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ലാലും ഭാര്യയും അമ്മയും മരുമകളും കൂറുമാറിയില്ല; ഇനി നിർണ്ണായകം രമ്യാ നമ്പീശന്റെ മൊഴി; രാത്രിയിൽ രമ്യയെ ദിലീപ് വിളിച്ച് എന്തിനെന്ന ചോദ്യം വിചാരണയിലും വഴിത്തിരിവാകും; സാക്ഷിവിസ്താരം ഏഴുദിവസം പിന്നിട്ടിട്ടും പ്രോസിക്യൂഷൻ സാക്ഷികളാരും മൊഴി മാറ്റാത്തത് അങ്കലാപ്പിലാക്കുന്നത് പൾസർ സുനി അടക്കമുള്ള പ്രതികളെ; നടക്കുന്നത് അതിവേഗ വിചാരണ; ദിലീപ് ശിക്ഷിക്കപ്പെടുമോ എന്ന് രണ്ട് മാസത്തിനുള്ളിൽ അറിയാമെന്ന് സൂചന

ലാലും ഭാര്യയും അമ്മയും മരുമകളും കൂറുമാറിയില്ല; ഇനി നിർണ്ണായകം രമ്യാ നമ്പീശന്റെ മൊഴി; രാത്രിയിൽ രമ്യയെ ദിലീപ് വിളിച്ച് എന്തിനെന്ന ചോദ്യം വിചാരണയിലും വഴിത്തിരിവാകും; സാക്ഷിവിസ്താരം ഏഴുദിവസം പിന്നിട്ടിട്ടും പ്രോസിക്യൂഷൻ സാക്ഷികളാരും മൊഴി മാറ്റാത്തത് അങ്കലാപ്പിലാക്കുന്നത് പൾസർ സുനി അടക്കമുള്ള പ്രതികളെ; നടക്കുന്നത് അതിവേഗ വിചാരണ; ദിലീപ് ശിക്ഷിക്കപ്പെടുമോ എന്ന് രണ്ട് മാസത്തിനുള്ളിൽ അറിയാമെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടക്കുന്നത് അതിവേഗ വിചാരണ. സാക്ഷിവിസ്താരം ഏഴുദിവസം പിന്നിട്ടപ്പോൾ പ്രോസിക്യൂഷൻ സാക്ഷികളാരും ഇതുവരെ കൂറുമാറിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നടനും സംവിധായകനുമായ ലാൽ, ഭാര്യ, അമ്മ, മരുമകൾ എന്നിവരെ വ്യാഴാഴ്ച കോടതി വിസ്തരിച്ചിരുന്നു. ഇവരെല്ലാം ഇരയ്‌ക്കൊപ്പം നിൽക്കുന്ന മൊഴിയാണ് നൽകിയത്.

പി.ടി. തോമസ് എംഎ‍ൽഎ., നിർമ്മാതാവ് ആന്റോ ജോസഫ്, നടി രമ്യാ നമ്പീശൻ, സഹോദരൻ രാഹുൽ, ലാലിന്റെ സിനിമാ നിർമ്മാണ കമ്പനിയിലെ ജീവനക്കാരൻ സുജിത്ത് എന്നിവരെ കോടതി വെള്ളിയാഴ്ച വിസ്തരിക്കും. രമ്യാ നമ്പീശന്റെ മൊഴി അതി നിർണ്ണായകമാണ്. അതിനിടെ നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ പി.ടി. തോമസ് എംഎ‍ൽഎ.യുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റാനും സാധ്യതയുണ്ട്. പിടി തോമസും ചില നിർണ്ണായ വെളിപ്പെടുത്തുലുകൾ നടത്തിയ വ്യക്തിയാണ്. കേസിനെ പൊതു സമൂഹത്തിൽ ചർച്ചയാക്കിയതും പിടി തോമസിന്റെ ഇടപെടലാണ്. കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട നടൻ ദിലീപ് അടക്കം 10 പ്രതികളാണു വിചാരണ നേരിടുന്നത്.

നടിയെ ആക്രമിച്ച സംഘത്തിൽ ദിലീപ് ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തിൽ ബുദ്ധികേന്ദ്രം ദിലീപ് ആണെന്നാണ് പ്രോസിക്യൂഷൻ വാദം. നടിയെ ആക്രമിച്ച ദിവസം ദിലീപ് നടത്തിയ ഫോൺ വിളികളും നടന് വിനയായി. നടി ആക്രമിക്കപ്പെട്ട ദിവസം തനിക്ക് അസുഖമാണെന്നായിരുന്നു ദിലീപ് പൊലീസിന് മൊഴി നൽകിയത്. രണ്ട് മാസം കൊണ്ട് വിചാരണ തീർത്ത് വിധി നൽകുന്ന തരത്തിലാണ് കോടതി നടപടികൾ പുരോഗമിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന.

എന്നാൽ ഈ ദിവസം രാത്രി ദിലീപ് രാത്രി രണ്ടര മണി വരെ ഫോണിൽ പലരോടും സംസാരിക്കുകയായിരുന്നു. നാല് പേരെയാണ് ദിലീപ് പ്രധാനമായും വിളിച്ചത്. അസുഖമായിരുന്നുവെങ്കിൽ എന്തിനായിരുന്നു ഈ വിളികൾ എന്നാണ് പൊലീസിന്റെ ചോദ്യം. നടി ആക്രമിക്കപ്പെട്ട കാര്യം പിറ്റെ ദിവസം രാവിലെ നിർമ്മാതാവ് ആന്റോ ആന്റണി വിളിച്ചപ്പോഴാണ് അറിഞ്ഞതെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്. 13 സെക്കൻഡ് മാത്രം നില നിന്ന ആ കോളായിരുന്നു ദിലീപിനെതിരായ സംശയം ബലപ്പെടാനുള്ള പ്രധാന കാരണമായിരുന്നെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കോടതിയിൽ പൊലീസ് നിരത്തിയ തെളിവുകൾ ദിലീപിന് തിരിച്ചടിയാണ്.

സംഭവം നടന്ന ദിവസം രാത്രി രമ്യാ നമ്പീശന്റെ വീട്ടിലെ ലാന്റ് ഫോണിലേക്ക് ദിലീപിന്റെ വീട്ടിലെ ലാന്റ് ലൈനിൽ നിന്നും കോൾ പോയിരുന്നു. ഇത് എന്തിന് വേണ്ടിയാണെന്നോ ആരാണ് വിളിച്ചതെന്നോ ദിലീപ് കൃത്യമായ മറുപടി നൽകിയിട്ടില്ല. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തായ രമ്യയുടെ വീട്ടിലേക്ക് വിളിച്ചത് വെറുതേയല്ലെന്ന് തെളിവുകൾ നിരത്തി പൊലീസ് വാദിക്കുന്നു. പനിയായതിനാൽ വിശ്രമിച്ചെന്ന് പറഞ്ഞ അന്ന് രാത്രി 12 അര വരെ ദിലീപ് പലരുമായും ഫോണിൽ സംസാരിച്ചു.

പനികാരണം വിശ്രമിക്കുന്ന ആളാണോ പാതിരാത്രി വരെ പലരുമായും ഫോണിൽ സംസാരിച്ചതെന്ന ചോദ്യത്തിനും ദിലീപിന് ഉത്തരമില്ലായിരുന്നു. ആക്രമിക്കുന്നത് ക്വട്ടേഷനാണെന്ന കാര്യം പൾസർ നടിയോട് പറഞ്ഞിരുന്നു. ക്വട്ടേഷൻ നൽകിയ ആൾ നിങ്ങളെ വിളിക്കും എന്നും പറഞ്ഞിരുന്നു. രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോയ ഫോൺകോളിന് ഇതുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സമർത്ഥിച്ചത്. ദിലീപിന്റെ ഫോൺകോളുകൾ പരിശോധിച്ചതിൽ നിന്നാണ് സുപ്രധാന വിവരം പൊലീസിന് ലഭിച്ചത്. തൃശൂരിൽ നിന്ന് രമ്യയുടെ കൊച്ചിയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടതെന്നതും ദിലീപിനെ കുരുക്കിലാക്കി. അതുകൊണ്ട് തന്നെ രമ്യയുടെ മൊഴി അതിനിർണ്ണായകമാണ്.

അതിക്രമം നേരിട്ടശേഷം നടി അഭയംപ്രാപിച്ചത് ലാലിന്റെ വീട്ടിലാണ്. അപ്പോൾ വീട്ടിലുണ്ടായിരുന്നവരെയാണ് കോടതിയിൽ സാക്ഷിവിസ്താരം നടത്തിയത്. പ്രതിഭാഗം അഭിഭാഷകരും സാക്ഷികളെ ക്രോസ് വിസ്താരം നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം, അതിക്രമത്തിനിരയായ നടിയുടെ സഹോദരനെയും കോടതി വിസ്തരിച്ചു. പ്രതികൾ പകർത്തിയ നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങളാണ് കേസിലെ നിർണായക തെളിവ്.

ദൃശ്യങ്ങളുടെ ആധികാരികത ബോധ്യപ്പെടാൻ ചണ്ഡീഗഢിലെ കേന്ദ്ര ഫൊറൻസിക് സയൻസ് ലാബിൽ പരിശോധിച്ചതിന്റെ ഫലം വെള്ളിയാഴ്ച പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കും. ഇതിന് ശേഷം നടിയെ പ്രതിഭാഗം ക്രോസ് വിസ്താരം നടത്തും. ഇന്ന് വിസ്താരം പൂർത്തിയായാൽ തുടർന്ന് ഈ മാസം 12 നാണു മറ്റു സാക്ഷികളെ വിസ്തരിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP