Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദൃശ്യങ്ങളുടെ ഫോറൻസിക് ഫലം വരും വരെ വിചാരണ പാടില്ലെന്ന വാദം തള്ളി പരമോന്നത നീതി പീഠം; സുപ്രീംകോടതിയിൽ നടൻ നടത്തിയ നിയമ നീക്കം പൊളിഞ്ഞു; വിചാരണ നിർത്തിവയ്ക്കണമെന്ന ആവശ്യത്തിന് സ്റ്റേ ഇല്ല; ഈ മാസം 30ന് തന്നെ വിചാരണ തുടരും; സാക്ഷികളുടെ ക്രോസ് വിസ്താരത്തിന് ഫോറൻസിക് ഫലം അനിവാര്യതയെന്ന പോയിന്റും തള്ളുമ്പോൾ നിരാശനാകുന്നത് നടൻ തന്നെ; ദിലീപ് അഴിക്കുള്ളിലേക്ക് പോകുമോ എന്ന് അറിയാൻ ഇനി ആറു മാസം; അഡ്വ രാമൻപിള്ളയുടെ മറ്റൊരു നീക്കം കൂടി പൊളിയുമ്പോൾ

ദൃശ്യങ്ങളുടെ ഫോറൻസിക് ഫലം വരും വരെ വിചാരണ പാടില്ലെന്ന വാദം തള്ളി പരമോന്നത നീതി പീഠം; സുപ്രീംകോടതിയിൽ നടൻ നടത്തിയ നിയമ നീക്കം പൊളിഞ്ഞു; വിചാരണ നിർത്തിവയ്ക്കണമെന്ന ആവശ്യത്തിന് സ്റ്റേ ഇല്ല; ഈ മാസം 30ന് തന്നെ വിചാരണ തുടരും; സാക്ഷികളുടെ ക്രോസ് വിസ്താരത്തിന് ഫോറൻസിക് ഫലം അനിവാര്യതയെന്ന പോയിന്റും തള്ളുമ്പോൾ നിരാശനാകുന്നത് നടൻ തന്നെ; ദിലീപ് അഴിക്കുള്ളിലേക്ക് പോകുമോ എന്ന് അറിയാൻ ഇനി ആറു മാസം; അഡ്വ രാമൻപിള്ളയുടെ മറ്റൊരു നീക്കം കൂടി പൊളിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നടിയെ അക്രമിച്ച കേസിലെ വിചാരണ നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹരജി സുപ്രിം കോടതി തള്ളി. ദ്യശ്യങ്ങൾ പരിശോധിച്ചതിന്റെ റിപ്പോർട്ട് ലഭിക്കുന്നതുവരെ വിചാരണ നിർത്തി വയ്ക്കണമെന്നായിരുന്നു ആവശ്യം .സാക്ഷികളെ ഈ മാസം 30 മുതൽ വിസ്തരിക്കാനിരിക്കെയായിരുന്നു ദിലീപിന്റെ പുതിയ നീക്കം. പരിശോധനാ റിപ്പോർട്ട് ലഭിക്കുന്നതിന് മുൻപ് വിചാരണ കോടതി സാക്ഷി വിസ്താരത്തിനായുള്ള നടപടികൾ ആരംഭിച്ചതിനാൽ സാക്ഷികളുടെ ക്രോസ് വിസ്താരത്തിന് തടസം സൃഷ്ടിക്കുമെന്നാണ് ദിലീപിന്റെ വാദം. ഇതാണ് സുപ്രീംകോടതി തള്ളിയത്. ഇതോടെ ഇനി ആറു മാസത്തിനുള്ളിൽ ദിലീപിന്റെ കാര്യത്തിൽ വിധി വരും. നടിയെ ആക്രമിച്ച കേസിലെ വിചാരണ ആറു മാസം കൊണ്ട് തീർക്കണമെന്ന സുപ്രീംകോടതി വിധിയുള്ള സാഹചര്യത്തിലാണ് ഇത്.

ദിലീപിനെ വിചാരണ ചെയ്യുന്നത് ഫൊറൻസിക് റിപ്പോർട്ട് വന്നശേഷം മതിയെന്നും റിപ്പോർട്ട് മൂന്ന് ആഴ്ചക്കുള്ളിൽ സമർപ്പിക്കാൻ ലാബിന് നിർദ്ദേശം നൽകാനും കോടതി നിർദ്ദേശിച്ചു. നടിയെ ആക്രമിച്ച കേസിലെ വീഡിയോ തെളിവുകളിൽ സംശയമുന്നയിച്ചാണ് ഫൊറൻസിക് പരിശോധന ആവശ്യപ്പെട്ടിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ ആവശ്യം തള്ളിയത്. ഇതോടെ അതിവേഗ വിചാരണയ്ക്ക് സുപ്രീംകോടതി വീണ്ടും നിർദ്ദേശിക്കുകയാണ്. ഇതിനായി പ്രത്യേക കോടതിയും സജ്ജമാണ്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ വിചാരണ നടപടികൾക്കിടെ ജഡ്ജി മാറില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. വിചാരണയിൽ പ്രത്യേക കോടതി ജഡ്ജി ഹണി എം.വർഗീസ് തുടരും. ഒരേ കോടതിയിൽ മൂന്നു വർഷം പൂർത്തിയാക്കിയ ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ താൽക്കാലിക സ്ഥലംമാറ്റ പട്ടികയിൽ ഹണി എം.വർഗീസിന്റെ പേരുണ്ട്. മികച്ച ട്രാക്ക് റിക്കോർഡുള്ള ഹണിക്കു കേസിന്റെ വിചാരണക്കാലം മുഴുവൻ ഈ കോടതിയിൽ തുടരാനാകുമോ എന്നതു സംശയത്തിലായിരുന്നു. എന്നാൽ, മേയിൽ കേസിന്റെ വിസ്താരം പൂർത്തിയായില്ലെങ്കിൽ ജഡ്ജിയുടെ സ്ഥലംമാറ്റം നീട്ടിക്കൊടുക്കാനാണു ഹൈക്കോടതി രജിസ്ട്രിയുടെ തീരുമാനം. ഇതിന് പിന്നാലെയാണ് വിചാരണ സ്റ്റേ ചെയ്യാനുള്ള ദിലീപിന്റെ ആവശ്യം കോടതി തള്ളുന്നത്.

യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ കഴിഞ്ഞ മാസം 19ന് കൊച്ചിയിലെ വിചാരണ കോടതിയിലെത്തി ദിലീപ് പരിശോധിച്ചിരുന്നു. ദിലീപ് കൊണ്ടുവന്ന സാങ്കേതിക വിദഗ്ധനും പ്രതിഭാഗം അഭിഭാഷകർക്കുമൊപ്പമായിരുന്നു പരിശോധന. സുപ്രീംകോടതിയാണ് ഇതിന് അനുമതി നൽകിയത്. ഇതിന് പിന്നാലെ ദൃശ്യങ്ങളുടെ ആധികാരികതയിൽ ദിലീപ് സംശയവും പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ചണ്ഡിഗഡിലെ കേന്ദ്ര ഫൊറൻസിക് ലാബിലേക്ക് ദൃശ്യങ്ങൾ അയച്ചത്. സാങ്കേതിക വിദഗ്ദ്ധൻ തയ്യാറാക്കിയ ചോദ്യാവലിയും ഇതിനൊപ്പമുണ്ട്. പരിശോധനയുടെ ചെലവ് ദിലീപ് വഹിക്കണം എന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കേന്ദ്ര ഫോറൻസിക് ലാബിന്റെ പരിശോധന റിപ്പോർട്ട് വിചാരണയുടെ ഘട്ടത്തിൽ തെളിവായി സ്വീകരിക്കില്ല. എന്നാൽ, സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാൻ ഇത് ഉപയോഗിക്കാം. ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ കഴിഞ്ഞയാഴ്ച കോടതി കുറ്റം ചുമത്തിയിരുന്നു.

കേന്ദ്ര ഫോറൻസിക് വിഭാഗത്തിന്റെ റിപ്പോർട്ട് വരുന്നത് വരെ വിചാരണ നീട്ടിവെക്കണം എന്ന് വിചാരണ കോടതിയിൽ ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളി. തുടർന്നാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ആറുമാസത്തിനകം കേസിലെ വിചാരണ പൂർത്തിയാക്കണമെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിൽ ആറു മാസത്തിനുള്ള ദിലീപിന്റെ കാര്യത്തിൽ വ്യക്തത വരും. വിചാരണ ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന സുപ്രീംകോടതിയുടെ നിർദ്ദേശം നിലനിൽക്കെ കേസ് പരിഗണിക്കുന്ന വനിതാ ജഡ്ജിക്കു സ്ഥലം മാറ്റമുണ്ടായാൽ പകരം വനിതാ ജഡ്ജിയെ നിയമിക്കണം. ഇതിനെല്ലാം കാലതാമസം നേരിടും. അതുകൊണ്ടാണ് ഹണി വർ്ഗ്ഗീസിനെ മാറ്റാത്തത്. രജിസ്ട്രിയുടെ തീരുമാനത്തോടെ കേസിന്റെ വിചാരണക്കു ശേഷമേ ജഡ്ജിക്ക് സ്ഥലം മാറ്റമുണ്ടാകൂ എന്നുറപ്പായി. അതിക്രമത്തിന് ഇരയായ യുവനടിയുടെ അഭ്യർത്ഥന അനുവദിച്ചാണ് കേസ് വനിതാ ജഡ്ജിയായ ഹണി എം.വർഗീസിനു ഹൈക്കോടതി കൈമാറിയത്.

കൊച്ചിയിലെ സിബിഐ. പ്രത്യേക കോടതി ജഡ്ജിയായാണ് ഇവർ മൂന്നുവർഷം പൂർത്തിയാക്കുന്നത്. ജഡ്ജിയുടെ സ്ഥലം മാറ്റം മുന്നിൽക്കണ്ടാണു വിചാരണ പരമാവധി നീട്ടാനുള്ള ദിലീപിന്റെ നീക്കമെന്നു സംശയമുണ്ടായിരുന്നു. ദിലീപ് നൽകിയ വിടുതൽ ഹർജിയും ഇതിന്റെ ഭാഗമായിരുന്നുവെന്ന വിലയിരുത്തലുകളെത്തി. ആറു മാസം കൊണ്ട് കേസിൽ വിചാരണ പൂർത്തിയാക്കണമെന്ന നിർദ്ദേശം സുപ്രീംകോടതിയിൽ നിന്ന് വിചാരണ കോടതിക്ക് ലഭിച്ചിരുന്നു. കേസിലെ ഗൂഢാലോചനയിൽ എട്ടാം പ്രതിയാണ് ദിലീപ്. നടിയെ തട്ടിക്കൊണ്ടു പോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ ഇനി ഓരോ ദിനവും നിർണ്ണായകമാണ്. അതിവേഗ വിചാരണയാണ് സുപ്രീംകോടതിയും നിർദ്ദേശിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വിചാരണ കോടതി പരമാവധി വേഗത്തിൽ നടപടികൾ പൂർത്തിയാക്കാൻ ശ്രമിക്കും. പ്രശസ്ത ക്രിമിനൽ അഭിഭാഷകനായ അഡ്വക്കേറ്റ് ബി രാമൻപിള്ളയാണ് ദിലീപിന്റെ അഭിഭാഷകൻ.

കേസ് വനിതാ ജഡ്ജിനു കൈമാറണമെന്ന, അതിക്രമത്തിന് ഇരയായ യുവനടിയുടെ അഭ്യർത്ഥന അനുവദിച്ചാണു വനിതാ ജഡ്ജി ഹണി എം.വർഗീസിനു ഹൈക്കോടതി കേസ് കൈമാറിയത്. നേരത്തെ തന്നെ കേസിൽ കുടുക്കിയതാണെന്നും സത്യം തെളിയിക്കാൻ കേസ് അന്വേഷണം സിബിഐയെ ഏൽപിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് സംസ്ഥാന അഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും എഡിജിപി ബി.സന്ധ്യയും ചേർന്നാണ് തന്നെ കേസിൽ കുടുക്കിയതെന്നാണ് കത്തിൽ ദിലീപ് ആരോപിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന അന്വേഷണസംഘത്തെ പാടെ മാറ്റി നിർത്തി അന്വേഷിച്ചാൽ യഥാർത്ഥ പ്രതികൾ കുടുങ്ങുമെന്ന് കത്തിൽ വിശദീകരിക്കുയും ചെയ്തു. ഇതിന് ശേഷമാണ് അന്വേഷണം പൊലീസ് പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. പിന്നീട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയേയും സമീപിച്ചു. ഇത് കോടതി തള്ളുകയും ചെയ്തു.

നടിയെ ആക്രമിച്ച ഗൂഢാലോചനയിൽ തന്നെ കുടുക്കിയതെന്നാണ് ദിലീപ് ഹൈക്കോടതിയിലും മറ്റും വാദിക്കാൻ ശ്രമിച്ചത്. പൾസർ സുനിയുടെ ബ്ലാക് മെയിൽ പൊലീസിനെ നേരത്തെ അറിയിച്ചിട്ടും കേസിൽ പ്രതിയായത് താൻ. ഇതിനെല്ലാം പിന്നാൽ പൊലീസിലെ ഉന്നതയാണെന്നും ആരോപിച്ചിരുന്നു. നേരത്തെ പന്ത്രണ്ട് പേജുള്ള കത്തായിരുന്നു ദിലീപ് അഭ്യന്തരസെക്രട്ടറിക്ക് അയച്ചത്. കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ദിലീപ് കത്തയച്ചത്. കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയിൽ ചെയ്ത കാര്യം സമയബന്ധിതമായി ലോക്നാഥ് ബെഹ്റയെ അറിയിച്ചിരുന്നു. ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടെന്ന കാര്യം താനാണ് പൊലീസിനെ അങ്ങോട്ട് അറിയിച്ചത്. ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും താൻ പൊലീസിന് കൈമാറിയിരുന്നു എന്നാൽ ഇതെല്ലാം മറച്ചുവച്ച് തന്നെ പ്രതിയാക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് ദിലീപ് ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP