Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൃഥ്വിരാജിനെ ലാലിനെ കൊണ്ട് 'കടക്ക് പുറത്തെന്ന്' പറയിച്ചു; വിശ്വസ്തരെ കുത്തി നിറച്ച് 'അമ്മ'യെ കൈക്കലാക്കി കരുത്ത് കാട്ടി; മമ്മൂട്ടിയെ നായകനാക്കി സംവിധായകനാകാനുള്ള തയ്യാറെടുപ്പും; മകളുടെ കൈപിടിച്ച് 'അമ്മ വീട്ടിലെത്തി' മഞ്ജു വാര്യരുടെ സുഹൃത്തുക്കളെ പോലും ഞെട്ടിച്ച നയതന്ത്രം; അറസ്റ്റ് ചെയ്ത എവി ജോർജ് കേസിൽ കുടുങ്ങിയതും ആത്മവിശ്വാസം കൂട്ടി; ദിലീപിന്റേത് കരുതലോടെയുള്ള ഉറച്ച നീക്കങ്ങൾ; നടിയെ ആക്രമിച്ച കേസിന് ഇനി എന്ത് സംഭവിക്കും?

പൃഥ്വിരാജിനെ ലാലിനെ കൊണ്ട് 'കടക്ക് പുറത്തെന്ന്' പറയിച്ചു; വിശ്വസ്തരെ കുത്തി നിറച്ച് 'അമ്മ'യെ കൈക്കലാക്കി കരുത്ത് കാട്ടി; മമ്മൂട്ടിയെ നായകനാക്കി സംവിധായകനാകാനുള്ള തയ്യാറെടുപ്പും; മകളുടെ കൈപിടിച്ച് 'അമ്മ വീട്ടിലെത്തി' മഞ്ജു വാര്യരുടെ സുഹൃത്തുക്കളെ പോലും ഞെട്ടിച്ച നയതന്ത്രം; അറസ്റ്റ് ചെയ്ത എവി ജോർജ് കേസിൽ കുടുങ്ങിയതും ആത്മവിശ്വാസം കൂട്ടി; ദിലീപിന്റേത് കരുതലോടെയുള്ള ഉറച്ച നീക്കങ്ങൾ; നടിയെ ആക്രമിച്ച കേസിന് ഇനി എന്ത് സംഭവിക്കും?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത് സിനിമാക്കാരുടെ മുഴുവൻ പിന്തുണയോടെയാണ്. അമ്മയുടെ വാർഷിക ജനറൽ ബോഡി ഈ മാസം കൊച്ചിയിൽ നടക്കും. പുതിയ ഭാരവാഹികളെല്ലാം ദിലീപിന്റെ ഇഷ്ടക്കാരും അടുപ്പക്കാരും. പൃഥ്വിരാജിനേയും രമ്യാ നമ്പീശനേയും മോഹൻലാൽ പാനലിൽ നിന്ന് ഒഴിവാക്കിയും ദിലീപിന്റെ മനസ്സറിഞ്ഞാണ്. ഇവിടെയൊന്നും ദിലീപ് നേരിട്ട് ഇടപെട്ടിരുന്നില്ല. എന്നാൽ എല്ലാത്തിനും ദിലീപിന്റെ അദൃശ്യകരങ്ങളായിരുന്നു കാരണം. മോഹൻലാലിനെ കൊണ്ട് തന്ത്രപരമായി പൃഥ്വിയെ ഒഴിവാക്കുകയായിരുന്നു. സിനിമാക്കാരുടെ മനസ്സ് അനുകൂലമാക്കിയാണ് ഹൈക്കോടതിയിൽ നിയമ പോരാട്ടത്തിന് ദിലീപ് എത്തുന്നത്.

മമ്മൂട്ടിയെ നായകനാക്കി സിനിമയാണ് ലക്ഷ്യം. ദിലീപ് സംവിധായക കുപ്പായം ഉടൻ അണിയും. മോഹൻലാലും മമ്മൂട്ടിക്കും പ്രിയങ്കരനാണ് താനെന്ന സന്ദേശമാണ് ഇതിലൂടെ ദിലീപ് നൽകുന്നത്. തന്നെ കേസിൽ കുടുക്കിയ എവി ജോർജ് എന്ന ആലുവയുടെ മുൻ എസ് പി വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ കുടുങ്ങി. അച്ചടക്ക നടപടിയും നേരിട്ടു. എവി ജോർജിനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് ദിലീപിന് ആത്മവിശ്വാസം കൂടിയത്. തന്നെ ചതിച്ചതിന്റെ ഫലമാണ് ജോർജിന് കിട്ടിയ ശിക്ഷയെന്നാണ് ദിലീപ് കരുതുന്നത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വാദത്തിലും ജോർജിന്റെ പേരിലെ കസ്റ്റഡി മരണ ആരോപണം ചർച്ചയാക്കും. ഇതും കേസിൽ ഗുണകരമാകുമെന്നാണ് ദിലീപിന്റെ വിലയിരുത്തൽ.

ഇതെല്ലാം പുരോഗമിക്കുമ്പോഴാണ് മഞ്ജുവാര്യരുടെ അച്ഛൻ മരിക്കുന്നത്. ഇത് അറിഞ്ഞപ്പോൾ തന്നെ മകളുമൊത്ത് ആദ്യ ഭാര്യയുടെ വീട്ടിലെത്തി. മഞ്ജുവിനെ കാണിക്കാൻ മകളുമൊത്ത് അച്ഛനെത്തുമെന്ന് ആരും കരുതിയില്ല. മഞ്ജുവിന്റെ അച്ഛന്റെ സംസ്‌കാര ചടങ്ങിലും പങ്കെടുത്താണ് ദിലീപ് മകളുമൊത്ത് മടങ്ങിയത്. എല്ലാത്തിനും പിന്തുണയുമായി അമ്മയുടെ നിയുക്ത ജനറൽ സെക്രട്ടറി ഇടവേള ബാബുവും. ഇതിന് പിന്നിൽ സിനിമാക്കാരെ പോലും ഞെട്ടിച്ച നയതന്ത്ര ബുദ്ധി ദിലീപ് പുലർത്തി. മഞ്ജുവിനൊപ്പം നിലയുറപ്പിച്ചവർ പോലും ദിലീപിന്റെ മനസ്സിന്റെ വലുപ്പമായി തന്നെ ഇതിനെ വിലയിരുത്തി. ഇതിനിടെയാണ് ഏവരേയും ഞെട്ടിച്ച് നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയിൽ എത്തിയത്.

വിദേശത്ത് പോകാൻ ജാമ്യത്തിൽ ഇളവ് തേടി ദിലീപ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇത് കഴിഞ്ഞ ദിവസം പിൻവലിച്ചു. വിചാരണയുമായി ദിലീപ് സഹകരിക്കുമെന്ന തോന്നലും ഉണ്ടായി. പ്രൊഫ ഡിങ്കൻ ഉൾപ്പെടെയുള്ള സിനിമയുടെ ചിത്രീകരണത്തിൽ വ്യക്തമായ തീരുമാനം എടുത്ത ശേഷമാണ് നടിയെ ആക്രമിച്ച കേസ് ഹൈക്കോടതിയിലേക്ക് എത്തുന്നത്. സിനിമാ ലോകത്തെ പല പ്രമുഖരും കേസിൽ ദിലീപിനെതിരായ സാക്ഷികളാണ്. ഇവരെല്ലാം ഇനി ദിലീപ് പക്ഷത്തേക്ക് മാറാനുള്ള സാധ്യത പ്രോസിക്യൂഷൻ കാണുന്നുണ്ട്. താര സംഘടന ഒറ്റക്കെട്ടായി ദിലീപിനെ പിന്തുണയ്ക്കുന്നുവെന്ന തോന്നൽ സിനിമാക്കാരിൽ മൊത്തമായി എത്തിക്കഴിഞ്ഞു. ദിലീപിന്റെ പുറത്താക്കൽ തീരുമാനവും അടുത്തയാഴ്ചത്തെ എക്‌സിക്യൂട്ടീവ് മരവിപ്പിക്കാനാണ് സാധ്യത. ഇതോടെ തന്നെ താരങ്ങളെല്ലാം ദിലീപിനെ അനുകൂലിക്കുന്നവരാണെന്ന പൊതു വിലിയരുത്തലുമെത്തും. ഇതെല്ലാം സാക്ഷികളെ പോലും സ്വാധീനിക്കുന്ന തരത്തിലേക്ക് ഇടപെടലെത്തും.

താനൊരു മനസാക്ഷിയുള്ളവനാണെന്ന് തെളിയിക്കാനാണ് മഞ്ജുവിന്റെ അച്ഛന്റെ മരണം അന്വേഷി്ച്ച് എത്തിയിലൂടെ ദിലീപ് ശ്രമിച്ചത്. ഇത് സിനിമാ ലോകത്തും വലിയ ചർച്ചയായി. മകളെ അപ്പൂപ്പനെ കാട്ടാൻ കൊണ്ടു പോയതിലൂടെ ദിലീപ് നൽകിയ സന്ദേശം വലുതാണ്. ഇതിനൊപ്പം മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള താരങ്ങളുടെ പിന്തുണയും ഉറപ്പിക്കുന്നു. അമ്മയുടെ ഭാരവാഹിയായി ജഗദീഷിനെ എത്തിച്ചും ദിലീപിന്റെ ആഗ്രഹ പ്രകാരമായിരുന്നു. ജഗദീഷായിരുന്നു ട്രഷറർ. ദിലീപിന് വേണ്ടി ജഗദീഷ് സ്ഥാനമൊഴിഞ്ഞു. പത്തനാപുരത്ത് തെരഞ്ഞെടുപ്പിൽ ജഗദീഷ് മത്സരിക്കുമ്പോൾ ഗണേശ് കുമാറായിരുന്നു എതിരാളി. ഗണേശിന്റെ വിജയമുറപ്പിച്ച്ത് മോഹൻലാലിന്റെ പ്രചരണമായിരുന്നു. ഇതോടെ മോഹൻലാലും ജഗദീഷും രണ്ട് പക്ഷത്തായി. ഇത് മനസ്സിലാക്കി തന്നെ ഗണേശിനേയും മോഹൻലാലിനേയും കാര്യങ്ങൾ ദിലീപ് പറഞ്ഞു മനസ്സിലാക്കി. താനിരുന്ന സ്ഥാനത്ത് ജഗദീഷ് തന്നെ വേണമെന്ന് നിർബന്ധവും പിടിച്ചു. അങ്ങനെ പത്തനാപുരത്തെ ശത്രുക്കളെല്ലാം അമ്മയുടെ ഭാരവാഹികളായി.

ഹൈക്കോടതിയിൽ കേസ് എത്തുമ്പോൾ സിനിമാ ലോകത്തെ പ്രശ്‌നങ്ങൾ തന്നെയാണ് ദിലീപ് ചർച്ചയാക്കാൻ ഉദ്ദേശിക്കുന്നതും. നിരപരാധിയായ തന്നെ കേസിൽ കുടുക്കിയതാണെന്ന് ദിലീപ് ഹർജിയിൽ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ നീതിയുക്തമായ അന്വേഷണം വേണമെന്നാണ് ആവശ്യം. കേസിന്റെ വിചാരണ നടപടികൾ കോടതി തുടങ്ങാനിരിക്കെയാണ് നീക്കം. നേരത്തെ ഈ ആവശ്യമുന്നയിച്ച് ദിലീപിന്റെ അമ്മ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ സർക്കാരിൽനിന്ന് അനുകൂല സമീപനം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. കേസിൽ പ്രത്യേക കോടതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടി സമർപ്പിച്ച ഹർജിയിൽ 18ന് വിധി വരും. വിധി വന്നാൽ ഉടൻ വിചാരണ തുടങ്ങും. ഈ സാഹചര്യത്തിൽ വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണ് ദിലീപിന്റെ പുതിയ ഹർജിയെന്നാണ് പ്രോസിക്യുഷന്റെ വിലയിരുത്തൽ. അടുത്ത ദിവസം ഹൈക്കോടതി ഹർജി പരിഗണിക്കും.

പ്രമുഖ നടിയെ വാഹനത്തിനുള്ളിൽ വച്ച് പീഡിപ്പിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത സംഭവത്തിൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയാണ് ദിലീപ്. പൾസർ സുനി അടക്കമുള്ള ക്വൊട്ടേഷൻ സംഘാങ്ങളാണ് മറ്റ് പ്രതികൾ. കേസിൽ കഴിഞ്ഞ വർഷം ജൂലൈ പത്തിനാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. എൺപതിലധികം ദിവസത്തെ ജയിൽവാസത്തിന് ശേഷം ഒക്ടോബർ നാലിനാണ് കർശന ഉപാധികളോടെ ദിലീപിന് ജാമ്യം ലഭിച്ചത്. നടിയെ ആക്രമിച്ചകേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് താരലോകത്തെ പ്രമുഖരും നടനുമായി ബന്ധമുള്ളവരുമായ പലരുടേയും മൊഴികൾ ഒന്നൊന്നായി പുറത്തുവരുന്നത് താരലോകത്ത് വലിയ ചർച്ചയായിരുന്നു. ഒളിഞ്ഞുംതെളിഞ്ഞും നടനുവേണ്ടി വാദിച്ചിരുന്നവരാണ് പലരും.

ദിലീപിന് നടിയോട് വ്യക്തിവിരോധം ഉണ്ടായിരുന്നു എന്ന് കൃത്യമായി വെളിവാകുന്ന മൊഴികളാണ് ഇരുവരുടേയും അടുത്ത സഹപ്രവർത്തകരായ പലരും നൽകിയതെന്നും വ്യക്തമായിട്ടുണ്ട്. ഇതോടെ നടന് എതിരെ ഉന്നയിക്കപ്പെട്ട ഗൂഢാലോചനക്കുറ്റം പൊലീസിന് അനായാസം സ്ഥാപിച്ചെടുക്കാനാകും എന്ന വാദമാണ് ഉയരുന്നത്. മഞ്ജു വാരിയർ, കാവ്യ മാധവൻ, കുഞ്ചാക്കോ ബോബൻ, റിമി ടോമി, സംയുക്ത വർമ്മ, നടൻ സിദ്ദിഖ്, ഒടിയന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ തുടങ്ങിയവരുടെ മൊഴിപ്പകർപ്പുകളാണ് പുറത്തുവന്നത്. ദിലീപുമായി അടുപ്പമുള്ളവരുടെ മൊഴികളിൽ പോലും നടിയോട് ദിലീപിന് വിരോധമുണ്ടാകാൻ കാരണമായ സംഭവങ്ങൾ വിശദമായി പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും റിമി ടോമിയുടേയും കാവ്യയുടേയും മൊഴികളിൽപോലും ഇത്തരത്തിലുള്ള സാഹചര്യങ്ങൾ വിവരിച്ചിട്ടുണ്ട് എന്നതാണ് ചർച്ചയാകുന്നത്. അതുകൊണ്ട് കൂടിയാണ് സിനിമാ ലോകത്ത് കരുതലോടെ ദിലീപ് പിടിമുറുക്കുന്നതും. നിയമപോരാട്ടം ജയിക്കാൻ ഇത് അനിവാര്യമാണെന്ന് നടനും വിലയിരുത്തുന്നു.

നടിയും ദിലീപും തമ്മിൽ നിലനിന്നിരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നേരത്തേ അറിയാമായിരുന്നുവെന്നും എന്നാൽ പ്രശ്‌നത്തിൽ ഇടപെട്ടു സംസാരിച്ചിട്ടില്ലെന്നുമാണ് മുകേഷിന്റെ മൊഴി. കേസുമായി ബന്ധപ്പെട്ട് സിദ്ദിഖ്, മുകേഷ്, ഗണേശ്കുമാർ എന്നിവരുടെ ഇടപെടലുകളും പ്രതികരണങ്ങളും സജീവ ചർച്ചയായിരുന്നു. ഇതിനിടെയാണ് ഇവരുടെയെല്ലാം മൊഴികൾ പുറത്തുവരുന്നത്. ദിലീപുമായും കാവ്യയുമായും അടുത്ത ബന്ധമുള്ള നടിയും ഗായികയുമായ റിമി ടോമിയുടെ മൊഴിയിലും ഇവരുടെ കാവ്യയുടേയും ദിലീപിന്റേയും വിവാഹപൂർവ ബന്ധങ്ങൾ വ്യക്തമാക്കുന്നുണ്ട്. കാവ്യയുടെ മൊഴിയിലും സമാനമായ പ്രതികരണം ഉണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. ദിലീപ് അറസ്റ്റിലായ ദിവസം ഫോണിൽ മിസ്‌കോൾ കണ്ടിരുന്നുവെന്നും എന്നാൽ ആവശ്യമില്ലാതെ ദിലീപിനെ വിളിക്കാറില്ലെന്നുമാണ് മുകേഷ് മൊഴി നൽകിയിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞ് അവരെ വിളിച്ചിരുന്നു. പിന്നീട് നടിക്ക് നീതി കിട്ടണമെന്ന ആവശ്യം ഉയർന്നു വന്നപ്പോഴും വിളിച്ചു. എന്നാൽ പരാതിയില്ലെന്നാണ് തന്നോട് പറഞ്ഞതെന്നും മുകേഷ് പറഞ്ഞു. അമ്മയുടെ ഷോ നടക്കുന്ന സമയത്ത് പൾസർ സുനിയാണ് തന്റെ ഡ്രൈവർ. എന്നാൽ, സുനിക്ക് പരിപാടിയുടെ വിഐപി ടിക്കറ്റ് നൽകിയിട്ടില്ല.

കാർ അപകടത്തിൽപ്പെട്ടതിന് ശേഷമാണ് സുനിയെ ജോലിയിൽനിന്ന് പറഞ്ഞുവിട്ടത്. അതിന്‌ശേഷം സുനി ഏർപ്പാടാക്കിയ ഡ്രൈവർ ഒരുലക്ഷം രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞതായും മുകേഷിന്റെ മൊഴിയിലുണ്ട്. അമ്മയുടെ ഷോ നടക്കുമ്പോഴായിരുന്നു നടിയെ ആക്രമിക്കുന്നത് സംബന്ധിച്ച ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. അതേക്കുറിച്ചുള്ള ചോദ്യത്തിനാണ് സുനിക്ക് വിഐപി ടിക്കറ്റ് നൽകിയില്ലെന്ന മറുപടി മുകേഷ് നൽകിയത്. ഇത്തരം മൊഴികൾ കോടതിയിലെത്തിയാൽ അത് കേസിനെ പ്രതികൂലമായി ബാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP