Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒന്നരക്കോടി രൂപ പ്രതിഫലം ലഭിക്കുമായിരുന്നെങ്കിൽ പ്രതി അപ്പോൾ തന്നെ കൃത്യം നിർവഹിക്കുമായിരുന്നില്ലേ? നാലു വർഷം വൈകിപ്പിക്കുമായിരുന്നോ? അന്വേഷണസംഘത്തിന്റെ വാങ്ങൾ പൊളിക്കാൻ അഡ്വ. ബി. രാമൻപിള്ള ഉന്നയിച്ചത് 20 പോയിന്റുകൾ; ദിലീപ് കിംങ് ലയറെന്ന് പ്രോസിക്യൂഷൻ; ദിലീപിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതിയിൽ നടന്ന വാദം ഇങ്ങനെ

ഒന്നരക്കോടി രൂപ പ്രതിഫലം ലഭിക്കുമായിരുന്നെങ്കിൽ പ്രതി അപ്പോൾ തന്നെ കൃത്യം നിർവഹിക്കുമായിരുന്നില്ലേ? നാലു വർഷം വൈകിപ്പിക്കുമായിരുന്നോ? അന്വേഷണസംഘത്തിന്റെ വാങ്ങൾ പൊളിക്കാൻ അഡ്വ. ബി. രാമൻപിള്ള ഉന്നയിച്ചത് 20 പോയിന്റുകൾ; ദിലീപ് കിംങ് ലയറെന്ന് പ്രോസിക്യൂഷൻ; ദിലീപിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതിയിൽ നടന്ന വാദം ഇങ്ങനെ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. ദിലീപ് 'കിങ് ലയറാ'ണെന്നും ദിലീപിനെതിര ശക്തമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

ദീലീപിനു വേണ്ടി അഡ്വക്കേറ്റ് ബി രാമൻ പിള്ളയാണ് ഹാജരായത്. ദിലീപിനെതിരെ ഉണ്ടെന്ന് പറയപ്പെടുന്ന തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്ന പോയിന്റിൽ ഊന്നിയുള്ളതായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഒരു നടന്റെ മുറിയിൽ ഡ്രൈവറെത്തി ഗുഡാലോചന നടത്തിയെന്നു പറയുന്നത് സാമാന്യബുദ്ധിക്ക് നിരക്കാത്തതാണെന്ന് രാമൻപിള്ള ചൂണ്ടിക്കാട്ടി. അന്ന് എല്ലാ താരങ്ങളും അബാദ് പ്ലാസ എന്ന ഹോട്ടലിൽ ഉണ്ടായിരുന്നു. രണ്ടു പേരുടെയും മൊബൈൽ ടവർ ലൊക്കേഷൻ ഒന്നായിരുന്നു എന്നതൊഴിച്ചാൽ ദിലീപിന് എതിരെ മറ്റൊരു തെളിവും അന്വേഷണസംഘത്തിന്റെ പക്കലില്ല. തൃശൂരിലെ ജോയ് പാലസ് ഹോട്ടലിന്റെ പാർക്കിങ് ഗ്രൗണ്ടിൽവച്ച് ഗൂഢാലോചന നടത്തിയെന്നതാണ് മറ്റൊരു കണ്ടെത്തൽ. ഇതെല്ലാം കെട്ടിച്ചമച്ച തെളിവുകളാണെന്നും അഡ്വക്കേറ്റ് രാമൻപിള്ള വാദിച്ചു.

അപ്പുണ്ണിയെ വിളിച്ച് സുനി ഭീഷണിപ്പെടുത്തിയ അന്നുതന്നെ ഡിജിപിയെ വിവരമറിയിച്ചിരുന്നു. ഒന്നരക്കോടി രൂപ പ്രതിഫലം ലഭിക്കുമായിരുന്നെങ്കിൽ പ്രതി അപ്പോൾ തന്നെ കൃത്യം നിർവഹിക്കുമായിരുന്നില്ലേ? നാലു വർഷം വൈകിപ്പിക്കുമായിരുന്നോ?- എന്ന സംശയവും പ്രതഭാഗം ഉന്നയിച്ചു.

സനി ജയിലിൽ വച്ച് എഴുതിയെന്നു പറയുന്ന കത്തിന്റെ ആധികാരികതയെയും പ്രതിഭാഗം ചോദ്യം ചെയ്തു. നേരത്തെ പൊലീസ് തന്നെ മർദ്ദിച്ചെന്നു കാട്ടി അയച്ച കത്തിന്റെ ഭാഷയും ഘടനയുമല്ല ദിലീപിന് അയച്ച കത്തിലുള്ളത്. ഗുഢാലോചനയുടെ ഭാഗമായി പുറത്തുനിന്ന് തയാറാക്കിയ കത്താണ് ദിലീപിന് അയച്ചത്. കള്ളന്മാർ ഉണ്ടാക്കിയ തിരക്കഥയ്ക്കു പിന്നാലെയാണ് പൊലീസ് പോകുന്നത്. എറണാകുളത്ത് സ്വന്തമായി കട ഉള്ളപ്പോൾ ഭാര്യാമാതാവിന്റെ കടയിൽ ദൃശ്യങ്ങൾ ഏൽപ്പിക്കാൻ ദിലീപ് ആവശ്യപ്പെടുമോയെന്നും അഭിഭാഷകൻ ചോദിച്ചു. സുനിയുടെ കുമ്പസാരമല്ലാതെ പൊലീസിന്റെ പക്കൽ മറ്റൊരു തെളിവുമില്ല. ജോയ് പാലസിന്റെ പാർക്കിങ് ഏരിയയിൽ വച്ച് സുനിക്ക് പതിനായിരം രൂപ അഡ്വാൻസ് നൽകിയെന്നതും വിശ്വസിക്കാനാകില്ല. ഒരു സിനിമ താരമായതിനാൽ പുറത്തിറങ്ങിയാൽ ജനംവളയും. അവിടെ വച്ച് ആരും കാണാതെ എങ്ങനെ പണം കൈമാറുമെന്നും ദിലീപിന്റെ അഭിഭാഷകൻ ചോദിച്ചു. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെ ഖണ്ഡിക്കാൻ 20 പോയിന്റുകളാണ് അഡ്വ. ബി രാമൻപിള്ള ഉന്നയിച്ചത്.

അതേസമയം ദിലീപിനെതിരെ 169 രേഖകളും 223 തെളിവുകളും 15 രഹസ്യമൊഴികളും ഉണ്ടെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ മഞ്ചേരി ശ്രീധരൻ നായർ കോടതിയെ അറിയിച്ചു.

തൃശൂരിലെ ടെന്നീസ് ക്ലബ്ബിലെ ജീവനക്കാർ സുനിയെയും ദിലീപിനെയും ഒന്നിച്ചു കണ്ടെന്നു മൊഴി നൽകിയിട്ടുണ്ട്. മൊബൈലും സിം കാർഡും നശിപ്പിച്ചെന്ന് പ്രതി പറഞ്ഞെങ്കിലും അക്കാര്യം അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഇതു കണ്ടെടുക്കേണ്ടതുണ്ട്. സിനിമാരംഗത്ത് വൻസ്വാധീനമുള്ള ആളാണ് ദിലീപെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ഇതിനിടെ കേസിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കാൻ കോടതി ആരാഞ്ഞു. കാവ്യയുടെ കുടുംബവുമായി സുനിക്ക് അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. കാവ്യയുടെ കുടുംബവുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്ന് സുനിൽ അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ദിലീപ് പറഞ്ഞതനുസരിച്ച് കാവ്യ ഒരിക്കൽ 25,000 രൂപ തന്നിട്ടുണ്ടെന്നും സുനിയുടെ മൊഴിയുണ്ട്. സുനിയെ കണ്ടിട്ടുണ്ടെന്ന് കാവ്യയും സമ്മതിച്ചിട്ടുണ്ട്. ഗോവയിൽവച്ചും നടിയുടെ നഗ്ന വീഡിയോ ചിത്രീകരിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ അന്ന് നടന്നില്ലെന്നും സുനി മൊഴി നൽകിയിട്ടുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ഏപ്രിൽ 10-ന് ആണ് ദിലീപ് 667 സക്കന്റ് ദൈർഘ്യമുള്ള ഓഡിയോ ഡിജിപിക്ക് അയച്ചുകൊടുത്തത്. ദിലീപിന്റെ പരാതിയിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ജയിലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അനീഷ് എന്ന ജീവനക്കാരനോടാണ് സംഭവത്തിനു പിന്നിൽ ദിലീപ് ഉണ്ടെന്ന് സുനിൽ ആദ്യമായി പറഞ്ഞതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ദിലീപ് കിങ് ലിയറും നല്ലൊരു കളിക്കാരനുമാണെന്നും പ്രസിക്യൂഷൻ ആരോപിച്ചു. അനീഷ് എന്ന ജീവനക്കാരനെ ഉപയോഗിച്ചാണ് ദിലീപിനെതിരെ മറ്റു തെളിവുകൾ കണ്ടെത്തിയതെന്നും മഞ്ചേരി ശ്രീധരൻ നായർ കോടതിയെ അറിയിച്ചു. കേസ് ഡയറിയും സീൽചെയ്ത മൂന്ന് കവറുകളും പ്രസിക്യൂഷൻ കോടതിക്ക് കൈമാറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP