Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജാമ്യ ഹർജി നൽകിയാലും പരിഗണനയ്ക്ക് വരിക ജസ്റ്റീസ് സുനിൽ തോമസിന്റെ ബെഞ്ചിലെന്ന് സൂചന; പൊലീസിന്റെ വൈരാഗ്യ സമീപിനവും തിരിച്ചടിയാകും; എല്ലാ പിന്തുണയും രാംകുമാർ വാഗ്ദാനം ചെയ്തുവെങ്കിലും കാര്യങ്ങളെല്ലാം പ്രതികൂലം: ദിലീപ് അഴിക്കുള്ളിൽ തുടരാൻ തന്നെ സാധ്യത

ജാമ്യ ഹർജി നൽകിയാലും പരിഗണനയ്ക്ക് വരിക ജസ്റ്റീസ് സുനിൽ തോമസിന്റെ ബെഞ്ചിലെന്ന് സൂചന; പൊലീസിന്റെ വൈരാഗ്യ സമീപിനവും തിരിച്ചടിയാകും; എല്ലാ പിന്തുണയും രാംകുമാർ വാഗ്ദാനം ചെയ്തുവെങ്കിലും കാര്യങ്ങളെല്ലാം പ്രതികൂലം: ദിലീപ് അഴിക്കുള്ളിൽ തുടരാൻ തന്നെ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദിലീപിന്റെ ജാമ്യ ഹർജി വെള്ളിയാഴ്ച അഡ്വക്കേറ്റ് ബി രാമൻപിള്ള സമർപ്പിക്കും. ഈ ഹർജിയിൽ വലിയ പ്രതീക്ഷ വേണ്ടെന്ന സൂചനയാണ് അഴിക്കുള്ളിലുള്ള ദിലീപിന് ലഭിച്ചിരിക്കുന്നത്. അഡ്വക്കേറ്റ് രാംകുമാറിനെ മാറ്റിയത് കേസിനെ ബാധിക്കില്ലെന്നാണ് ദിലീപിന്റെ പക്ഷം. എല്ലാ പിന്തുണയും രാംകുമാർ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് ദിലീപിന്റെ സുഹൃത്തുക്കൾ പറയുന്നത്.

രാമൻപിള്ള വക്കീലിനെ സഹായിക്കാനും രാംകുമാർ തയ്യാറാണ്. എന്നാൽ പൊലീസിന്റെ സമീപനമാകും ദിലീപിന് കേസിൽ തിരിച്ചടിയാവുക. ഒരു കാരണവശാലും ദിലീപിന് ജാമ്യം നൽകാനാവില്ലെന്ന നിലപാടിലാണ് പ്രോസിക്യൂഷൻ. ഇതിനൊപ്പം ദിലീപിന്റെ ജാമ്യ ഹർജി ഇനയും എത്തുക ജസ്റ്റീസ് സുനിൽ തോമസിന്റെ ബഞ്ചിലാകും. അതും ഈ ഘട്ടത്തിൽ തിരിച്ചടിയാകും.

ദിലീപിനായി വീണ്ടും പുനപരിശോധനാ ഹർജിയാണ് നൽകുന്നത്. പഴയ വിധിയ്‌ക്കെതിരായ അപ്പീൽ അല്ല. അതുകൊണ്ട് തന്നെ നേരത്തെ ജാമ്യ ഹർജി പരിഗണിച്ച ബഞ്ചിലാകും എത്തുക. ജാമ്യവിധിയിൽ കേസ് ഡയറി സസൂക്ഷ്മം വിശകലനം ചെയ്താണ് ജസ്റ്റീസ് സുനിൽ തോമസ് വിധി പുറപ്പെടുവിച്ചത്. ഈ സാഹചര്യത്തിൽ തെളിവുണ്ടെന്ന നിലപാടിൽ തന്നെ കോടതി ഉറച്ചു നിൽക്കും. ദിലീപ് പുറത്തിറങ്ങിയാൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന പൊലീസ് വാദം വീണ്ടും അംഗീകരിക്കപ്പെടും.

അതിനാൽ വെള്ളിയാഴ്ച നൽകുന്ന ജാമ്യ ഹർജിയിൽ ആർക്കും പ്രതീക്ഷയില്ല. എന്നാൽ ജാമ്യം തള്ളിയാൽ ഉടൻ അഡ്വ രാമൻപിള്ള ഡിവിഷൻ ബഞ്ചിനെ സമർപ്പിക്കും. ഇതിലേക്ക് കാര്യങ്ങളെത്തിക്കാനാണ് നീക്കം. അതിവേഗം സിംഗിൾ ബഞ്ചിന്റെ ഉത്തരവ് നേടാനാകും ശ്രമിക്കുക. സിംഗിൾ ബഞ്ച് തള്ളിയാൽ ഡിവിഷൻ ബഞ്ചിൽ അപ്പീൽ. അതിനു ശേഷം മാത്രമേ സുപ്രീംകോടതിയിലേക്ക് പോകൂ.

പ്രമുഖതാരമായ പ്രതിക്ക് സിനിമാമേഖലയിൽ ഉന്നതബന്ധമുള്ളതിനാൽ ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാൻ ഇടയാക്കുമെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റീസ് സുനിൽ തോമസ് പറഞ്ഞികുന്നു. നടിക്കെതിരെ ക്രൂരമായ കൃത്യമാണ് നടന്നത്. ഈ സാഹചര്യത്തിൽ ഒരു കാരണവശാലും ജാമ്യം അനുവദിക്കാനാവില്ല. ഗൂഢാലോചന രഹസ്യമായി നടക്കുന്നതാണ്. ആക്രമണത്തിനുപിന്നിൽ സുക്ഷ്മമായ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ട്. കേസ് ഡയറിയിലും വ്യക്തമായ തെളിവുണ്ട്.

നിർണായക തെളിവുകൾ ഇനിയും കണ്ടെത്താനുണ്ട്. ആക്രമണം ചിത്രീകരിച്ച മൊബൈൽ ഫോൺ കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രോസിക്യൂഷൻ സമർപ്പിച്ച സാങ്കേതിക തെളിവുകൾ കോടതി അംഗീകരിച്ചു. ഗൂഢാലോചനക്ക് തെളിവില്ലെന്ന ദിലീപിന്റെ വാദം കോടതി തള്ളുകയും ചെയ്തു. ഈ സാഹചര്യത്തിൽ അടുത്ത ജാമ്യ ഹർജിയിലും ജസ്റ്റീസ് സുനിൽ തോമസ് കടുത്ത നിലപാട് തന്നെ എടുക്കുമെന്നാണ് വിലയിരുത്തൽ.

നടിക്കുനേരെ നടന്ന അക്രമം വളരെ ഗൗരവമുള്ളതാണ്. ഒരു യുവനടിയെ ഏറ്റവും തിരക്കേറിയ ഹൈവേയിൽ നിന്ന് തട്ടിക്കൊണ്ടുപോകുകയും രണ്ടര മണിക്കൂർ നഗരത്തിലൂടെ സഞ്ചരിച്ച് ഓടുന്ന കാറിനുള്ളിൽ അവരെ ഞെട്ടിക്കുന്ന ലൈംഗിക പീഡനത്തിനിരയാക്കുകയും അത് വീഡിയോയിൽ പകർത്തുകയും ചെയ്തു. ഒന്നാം പ്രതി (പൾസർ സുനി)യെ കാറിനുള്ളിൽ നടി തന്നെ തിരിച്ചറിഞ്ഞു. തുടക്കത്തിൽ തന്നെ വിവരം പൊലീസിലറിയിക്കുകയും സംശയാസ്പദമായി പെരുമാറുകയും ചെയ്ത കേസിലെ രണ്ടാംപ്രതിയായ കാർ ഡ്രൈവറെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സമൂഹത്തിന്റെ മനസ്സാക്ഷിയെ നടുക്കുന്ന ക്രൂരവും പൈശാചികവുമായ കുറ്റകൃത്യമാണ് ഉണ്ടായിരിക്കുന്നത്. കുറ്റം ചെയ്യാൻ പരാതിക്കാര (ദിലീപ്) ന് മതിയായ കാരണമുണ്ടെന്ന് പ്രോസിക്യുഷൻ ആരോപിക്കുന്നു. തന്റെ വിവാഹജീവിതം തകരാൻ ഇടയാക്കിയത് ഇരയായ നടിയാണെന്ന് പരാതിക്കാരൻ കരുതുന്നതായാണ് ആരോപണം. തന്നെപ്പറ്റി ഭാര്യയ്ക്ക് വിവരങ്ങൾ കൈമാറി വിവാഹബന്ധം തകരാൻ ഇടയാക്കിയത് നടിയാണെന്ന് പരാതിക്കാരൻ വിശ്വസിച്ചു. പരാതിക്കാരനും അക്രമത്തിനിരയായ നടിയും തമ്മിൽ ബന്ധം മോശമായിരുന്നുവെന്നതിനു തെളിവുകൾ ലഭ്യമാണ്. അഭിനയിക്കാനുള്ള ചില അവസരങ്ങൾ നടിക്ക് നഷ്ടമായതായും അത് അവരുടെ തൊഴിലിനെതന്നെ ബാധിച്ചതായും ചിലരുടെ മൊഴികളുണ്ട്. ഇതെല്ലാം വിധിയിൽ സുനിൽ തോമസ് ഉയർത്തിക്കാട്ടിയിരുന്നു.

ഈ കേസ് അപൂർവ്വ സ്വഭാവമുള്ളതാണ്. അതിന്റെ ഗൗരവവും സൂക്ഷ്മമായ ആസൂത്രണവും നടപ്പിലാക്കിയതിലെ ക്രൂരതയും ഇതാണ് വ്യക്തമാക്കുന്നത്. ക്രിമിനലുകളെ ഉപയോഗിച്ച് ലൈംഗിക അതിക്രമം നടത്തി ഒരു സ്ത്രീയോട് പ്രതികാരം ചെയ്യാനാണ് ശ്രമിച്ചിരിക്കുന്നത്. ഇത്തരം കേസുകളിൽ ജാമ്യം നൽകുമ്പോൾ കോടതികൾ ജാഗ്രത പുലർത്തേണ്ടതുണ്ട്. പ്രതി പ്രമുഖ നടനും സിനിമയുടെ നിർമ്മാണത്തിലും വിതരണത്തിലും ഭാഗഭാഗാക്കാവുന്ന ആളും ഒരു തീയറ്റർ ഉടമയും ആണ്. സിനിമാവ്യവസായത്തിൽ തീർച്ചയായും കാര്യമായ സ്വാധീനമുണ്ടാവും.

കേസിലുൾപ്പെട്ട പല സാക്ഷികളും സിനിമാ രംഗത്തുനിന്നുള്ളവരായതിനാൽ അവരെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും പ്രതി ശ്രമിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇക്കാര്യങ്ങൾ പരിഗണിക്കുമ്പോൾ ഇപ്പോൾ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് വളരെ നേരത്തെയായി പോകും എന്നു കരുതുന്നു. അതുകൊണ്ട് ജാമ്യാപേക്ഷ തള്ളുകയാണെന്നായിരുന്നു ജസ്റ്റീസ് സുനിൽ തോമസിന്റെ മുൻ വിധി. ഇത്രയും ശക്തമായ വാദങ്ങൾ നിരത്തിയ ജസ്റ്റീസ് അടുത്ത ജാമ്യാപേക്ഷ അംഗീകരിക്കുമെന്ന് ആരും കരുതുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

ദിലീപിന്റെ റിമാൻഡ് കാലാവധി അങ്കമാലി കോടതി 22 വരെ നീട്ടിയിരുന്നു. വിഡിയോ കോൺഫറൻസിങ് വഴിയാണ് റിമാൻഡ് 14 ദിവസത്തേക്കു കൂടി നീട്ടിയത്. എന്തെങ്കിലും പരാതിയുണ്ടോ എന്നു കോടതി ആരാഞ്ഞപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. നടിയുടെ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുക്കാനുണ്ടെന്നും ദിലീപിന്റെ ഡ്രൈവറും സഹായിയുമായ സുനിൽരാജിന്റെ (അപ്പുണ്ണി) മൊഴി എടുക്കാനുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു നേരത്തെ പ്രോസിക്യൂഷൻ ദിലീപിന്റെ ജാമ്യാപേക്ഷയെ എതിർത്തത്.

എന്നാൽ, കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോൺ നശിപ്പിച്ചതായി സുനിലിന്റെ ആദ്യ അഭിഭാഷകർ കുറ്റസമ്മത മൊഴി നൽകിയ സാഹചര്യത്തിലാണു ജാമ്യാപേക്ഷ വീണ്ടും നൽകാൻ പ്രതിഭാഗം തയ്യാറെടുക്കുന്നത്. ദിലീപിനെ ഉൾപ്പെടുത്തിയുള്ള കുറ്റപത്രം പൊലീസ് ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP