Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

ഫിറോസ് കുന്നുംപറമ്പിലിനെ മുസ്ലിംലീഗ് പ്രസിഡന്റ് ആക്കിയാൽ കുറച്ചൂടെ സ്പീഡിൽ പ്രവാസികളിൽ നിന്ന് കാശ് പിരിവ് നടത്തി മലപ്പുറത്ത് റോഡും പാലവും ആശുപത്രിയും ഒക്കെ ഉണ്ടാക്കാം; എന്തിനീ ചാരിറ്റിക്ക് ഇത്ര ഊന്നൽ നൽകുന്നു? ഇതൊരു രാഷ്ട്രീയ പാർട്ടിയല്ലേ? കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുസ്ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി കളക്ടർക്ക് വാഗ്ദാനം ചെയ്ത 10കോടി സഹായത്തെ ചൊല്ലി ലീഗിൽ കലഹം

ഫിറോസ് കുന്നുംപറമ്പിലിനെ മുസ്ലിംലീഗ് പ്രസിഡന്റ് ആക്കിയാൽ കുറച്ചൂടെ സ്പീഡിൽ പ്രവാസികളിൽ നിന്ന് കാശ് പിരിവ് നടത്തി മലപ്പുറത്ത് റോഡും പാലവും ആശുപത്രിയും ഒക്കെ ഉണ്ടാക്കാം; എന്തിനീ ചാരിറ്റിക്ക് ഇത്ര ഊന്നൽ നൽകുന്നു? ഇതൊരു രാഷ്ട്രീയ പാർട്ടിയല്ലേ? കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുസ്ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി കളക്ടർക്ക് വാഗ്ദാനം ചെയ്ത 10കോടി  സഹായത്തെ ചൊല്ലി ലീഗിൽ കലഹം

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായം അഭ്യർത്ഥിച്ച് മലപ്പുറം കലക്ടർ മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളുടെ വീട് സന്ദർശിച്ചതിന് പിന്നാലെ 10 കോടി രൂപ പിരിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച മുസ്ലിംലീഗ് നേതൃത്വത്തിനെതിരെ പ്രവർത്തകർക്കിടയിൽ നിന്നും വ്യാപക പ്രതിഷേധം. പാർട്ടി വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഇന്നലെ മുതൽ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ടു മെസ്സേജുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ഇതുസംബന്ധിച്ച് 'സി.എച്ചിന്റെ രാഷ്ട്രീയം മറന്ന മുസ്ലിംലീഗ് നേതാക്കൾക്ക് ഒരു തുറന്ന കത്ത്' എന്ന പേരിൽ ഒരു പ്രവർത്തകൻ എഴുതിയ കത്ത് പാർട്ടി ഗ്രൂപ്പുകളിൽ വൈറലായി മാറിയിട്ടുണ്ട്. അതോടൊപ്പം തന്നെ 'മറ്റുള്ളവർ മൂച്ചിമ്മൽ കയറ്റുമ്പോൾ ഓടിക്കയറാൻ കാത്തുനിൽക്കുന്ന' ബഹുമാനപ്പെട്ട നേതൃത്വം കാര്യമായ ചർച്ചപോലും ചെയ്യാതെ വെറും ആവേശക്കമ്മിറ്റിക്കാർ ആവുന്നത് അപകടമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. സർക്കാർ ഫണ്ട് അർഹമായത് സമുദായത്തിനു വാങ്ങിച്ചു കൊടുക്കേണ്ട ജനപ്രതിനിധികൾ സമുദായത്തിന്റെ ഫണ്ട് സർക്കാറിനെ ഏൽപിക്കുന്നുവെന്നും, ചാരിറ്റിക്ക് എന്തിനാണ് ഇത്ര ഊന്നൽ നൽകുന്നതെന്നും ഇതൊരു രാഷ്ട്രീയ പാർട്ടിയല്ലേയെന്നുമാണ് പാർട്ടി പ്രവർത്തകർ ചോദിക്കുന്നത്. ഇത്തരത്തിൽ പാർട്ടി ഗ്രൂപ്പുകളിൽ നടന്ന വിവിധ ചർച്ചകളുടെ വിവരണങ്ങൾ മറുനാടൻ മലയാളിക്ക് ലഭിച്ചു.നേതൃത്വത്തിനെ വിമർശിച്ചു വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രവർത്തകർ അയിച്ച മെസ്സേജുകളിൽ ചിലത് ഇങ്ങനെ:

സി.എച്ചിന്റെ രാഷ്ട്രീയം മറന്ന മുസ്ലിംലീഗ് നേതാക്കൾക്ക് ഒരു തുറന്ന കത്ത്

നേതാക്കൾക്കിടയിൽ ആവേശക്കമ്മിറ്റിയായി നടക്കുന്ന ചിലരിൽ ഒരുത്തൻ ബ്യൂറോക്രാറ്റുകളുമായുണ്ടാക്കിയ സൗഹൃദബന്ധം പുതുക്കുന്ന സംഭാഷണമധ്യേ ഉണ്ടായ ആശയ പ്രകാരം ജില്ലാകലക്ടർ പാണക്കാട്ടേക്ക് വരികയും മുസ്ലിംലീഗ് പോലെ 100% രാഷ്ട്രീയ പാർട്ടിയായ ഒരു സംഘടനയുടെ നേതാക്കളെ ഇത്തരത്തിലുള്ള പ്രവർത്തനത്തിലേക്ക് കൊണ്ടുവന്നപ്പോൾ അതിന് വഴിപ്പെടുന്ന രാഷ്ട്രീയം അങ്ങാടി മരുന്നോ പച്ച മരുന്നോ എന്ന് തിരിച്ചറിയാത്ത (തനി ഏറനാടൻ ഭാഷയിൽ പറഞ്ഞാൽ മറ്റുള്ളവർ മൂച്ചിമ്മൽ കയറ്റുമ്പോൾ ഓടിക്കയറാൻ കാത്തുനിൽക്കുന്ന) ബഹുമാനപ്പെട്ട നേതൃത്വം കാര്യമായ ചർച്ചപോലും ചെയ്യാതെ വെറും ആവേശക്കമ്മിറ്റിക്കാർ ആവുന്നത് അപകടമാണ്.

മഞ്ചേരി ഗവൺമെന്റ് ആശുപത്രിക്ക് വേണ്ടി ഫണ്ട് പിരിച്ച് കെട്ടിടം ഉണ്ടാക്കിക്കൊടുത്തും ഉപകരണങ്ങൾ വാങ്ങി കൊടുത്തും മുസ്ലിംലീഗ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വഴി ഫണ്ട് നൽകി, അറബിക് കോളേജുകളിൽ നിന്ന് പോലും പിരിവ് നടത്തി കെട്ടിടം ഉണ്ടാക്കിയിട്ട് അത് മെഡിക്കൽ കോളേജായി മാറിയപ്പോൾ അച്യുതാനന്ദൻ ഗവൺമെന്റിൽ ആരോഗ്യമന്ത്രിയായ ശ്രീമതി ടീച്ചർ നാമകരണം ചെയ്ത ജനറൽ ആശുപത്രിയുടെ 'ശിഹാബ് തങ്ങൾ മെമോറിയൽ' എന്ന പേര് പോലും നിലനിർത്താൻ കഴിയാതെ ഇളിഭ്യരായി നിൽക്കേണ്ടി വന്നവരാണ് നമ്മൾ.

കേരള രാഷ്ട്രീയത്തിന്റെ മുമ്പിലും പൊതുസമൂഹത്തിന്റെ മുമ്പിലും പരിഹാസ്യകഥാപാത്രങ്ങളാകാതിരിക്കാനും രാഷ്ട്രീയം എന്നത് ചാരിറ്റി പ്രവർത്തനം മാത്രമല്ലെന്നും ചാരിറ്റി രാഷ്ട്രീയപ്രവർത്തനത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണെന്നും പ്രിയപ്പെട്ട നേതാക്കന്മാർ ഇനിയെങ്കിലും മറക്കാതിരിക്കുക.

ഇല്ലെങ്കിൽ ഒരു രാഷ്ട്രീയപാർട്ടി എന്ന മുസ്ലിംലീഗിന്റെ അസ്തിത്വം നഷ്ടപ്പെടുകയും പാർട്ടി ഒരു സാധു സംരക്ഷണ സമിതിയായി മാറുകയും ചെയ്യുന്ന കാലം അതിവിദൂരമല്ല എന്ന് പല പ്രവർത്തകരെ പോലെ ഞാനും ഭയപ്പെടുകയാണ്.ഏതു പ്രതിസന്ധിയിലും കൂടെ നിൽക്കുന്ന പ്രവർത്തകരെ വേദനിപ്പിച്ച് ഏതാനും നേതാക്കന്മാർക്ക് ബ്യൂറോക്രാറ്റുകൾക്കിടയിൽ നല്ലപിള്ള ചമയാനുള്ള പാഴ്ശ്രമം ഭാവിയിൽ നഷ്ടക്കച്ചവടമായിരിക്കുമെന്ന് ഓർക്കുന്നത് നന്ന്.

മറ്റു പ്രവർത്തകർ ഇതു സംബന്ധിച്ചു ഗ്രൂപ്പുകളിൽ അയച്ച മെസ്സേുകൾ താഴെ....

'' സർക്കാർ ഫണ്ട് അർഹമായത് സമുദായത്തിനു വാങ്ങിച്ചു കൊടുക്കേണ്ട ജനപ്രതിനിധികൾ സമുദായത്തിന്റെ ഫണ്ട് സർക്കാറിനെ ഏൽപിക്കുന്നു''

''എന്തിനീ ചാരിറ്റിക്ക് ഇത്ര ഊന്നൽ നൽകുന്നു? ഇതൊരു രാഷ്ട്രീയ പാർട്ടിയല്ലേ? പാർട്ടിയുടെ രാഷ്ട്രീയ മുന്നേറ്റം അടിസ്ഥാനപരമായ ലക്ഷ്യം അല്ലേ?''

''ദേശീയ അടിസ്ഥാനത്തിൽ നോക്കിയാലും കേരളത്തിൽ നോക്കിയാലും പാർട്ടി ഉന്നം വെക്കുന്നത് ചാരിറ്റി മാത്രം. സൈഡ് ആയി കാണേണ്ട ഒരു പ്രവർത്തനം ഇന്ന് ലക്ഷ്യമായി മാറിയിരിക്കുന്നു. ഫണ്ടുകളും അസ്തികളും ഉപയോഗിക്കപെടേണ്ടത് പാർട്ടിയുടെ രാഷ്ട്രീയ പുരോഗതിക്കാണ്. ലീഗിനെക്കാൾ സാമ്പത്തിക ഭദ്രതയുള്ള പാർട്ടികൾ കേരളത്തിൽ ഇല്ലേ. ആരുടെ അടുത്തങ്കിലും കളക്ടർമാർ സന്ദർശിചോ? ആരെങ്കിലും കോടികൾ വാഗ്ദാനം ചെയ്‌തോ?''

''സി.പിമ്മിന്റെ ന്റെ തട്ടകമായ കണ്ണൂരിൽ നിന്ന് കോടികൾ വന്നോ?''
''പാർട്ടി ഓഫീസിൽ കളക്ടർ സന്ദർശിചോ?''

''ഫിറോസ് കുന്നുംപറമ്പിലിനെ മുസ്ലിം ലീഗ് പ്രസിഡന്റ് ആക്കിയാൽ കുറച്ചൂടെ സ്പീഡിൽ പ്രവാസികളിൽ നിന്ന് കാശ് പിരിവ് നടത്തി മലപ്പുറം ജില്ലയിൽ റോഡും പാലവും ആശുപത്രിയും ഒക്കെ ഉണ്ടാക്കാം.
സർക്കാർ നികുതിപ്പണം തെക്കൻ ജില്ലകളിൽ റോഡും ആശുപത്രിയും ഒക്കെ ഉണ്ടാക്കാൻ ഉപയോഗിക്കാം.''

''ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലക്ക് ലീഗിന്റെ സംഭാവന എന്താണ് എന്ന് ചോദിച്ചാൽ ലീഗ് അണികളും നേതാക്കളും ഒരുമിച്ചു പറയുന്നത് 'പ്രവാസികളിൽ നിന്ന് പിരിവെടുത്ത് നടത്തിയ ചാരിറ്റിയും വികസനങ്ങളും' ആയിരിക്കും. ഇത് തന്നെയാണ് ഫിറോസ് കുന്നുംപറമ്പിൽ ചെയ്യുന്നത്.
മലപ്പുറം ജില്ലയോട് സർക്കാർ കാണിക്കുന്ന വിവേചനത്തിൽ മുസ്ലിം ലീഗിന്റെ പ്രവാസികളിൽ നിന്ന് പിരിവെടുത്ത് വികസനം നടത്തി ആളാകാണുള്ള ശ്രമങ്ങൾക്ക് വലിയ പങ്കുണ്ട്.
മലപ്പുറം ജില്ലയിൽ പ്ലസ് വൺ വിദ്യാർത്ഥി കൾക്ക് സീറ്റ് ഇല്ലാത്തതും ഇവിടെ കൂട്ടിവായിക്കുക.''

''കുഞ്ഞാലിക്കുട്ടി ക്ക് നിയമസഭയിൽ മത്സരിക്കാണാനാണെങ്കിൽ സ്വന്തം പൈസ ചെലവാക്കട്ടെ. നാടിന്റെ വികസനത്തിനുള്ള പണം സിപിഎമ്മിനും സ്വർണ, കള്ളക്കടത്ത് സർക്കാരിനും ധർമ്മം നൽകി ആളാവേണ്ട''

''ആ കുഞ്ഞാപ്പു എം.എസ്.എഫുകാരന് ദേശീയ പ്രസിഡന്റ് ആവാൻ ഉള്ള ഓരോ നോള കളികളാണ്. അതിൽ നേതാക്കൾ വീണു പോകരുത്. നാട്ടിൽ ഉണ്ടായിട്ടും മജീദ് സാഹിബ് എന്തേ ഇതിന്റെ ആലോചന യോഗത്തിലും പത്ര സമ്മേളനത്തിലും പങ്കെടുക്കാഞ്ഞത്. ഈ അവിവേകത്തിനു കൂട്ടു നിൽക്കാൻ കിട്ടില്ല''അതു തന്നെ

നൽകുന്നത് 10 കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ

മലപ്പുറം കലക്ടറുടെ അഭ്യർത്ഥനയെ തുടർന്ന് മലപ്പുറം ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മുസ്ലിം ലീഗ് 10 കോടിയുടെ ഉപകരണങ്ങൾ നൽകുമെന്ന് വ്യാഴാഴ്‌ച്ചയാണ് ലീഗ് നേതൃത്വം അറിയിച്ചത്. കോവിഡ് ചികിത്സാ കേന്ദങ്ങളിലേക്ക് 10 കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ സമാഹരിച്ച് നൽകൻ ഇന്നലെ ചേർന്ന അടിയന്തരി യോഗം തീരുമാനിച്ചത്. ആദ്യസഹായം അടുത്ത ദിവസം തന്നെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ജില്ലാ കലക്ടർക്ക് കൈമാറുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി , ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, അഡ്വ. എം. ഉമർ എംഎ‍ൽഎ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപിയുടെ നേതൃത്വത്തിൽ നടപടികൾ വേഗത്തിലാക്കുകയും ജില്ലയിലെ പാർട്ടിയുടെ എംപിമാർ, എംഎ‍ൽഎമാർ, വിവിധ തലങ്ങളിലുള്ള ജനപ്രതിനിധികൾ, സഹകരണ സ്ഥാപന പ്രതിനിധികൾ എന്നിവരുടെ ഓൺലൈൻ യോഗം ചേരുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിര നടപടിയുണ്ടായത്.

ജില്ലയിൽ കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തന്നെ മുസ്ലിംലീഗ് എംപിമാരും, എംഎ‍ൽഎമാരും പാർട്ടിയുടെ നേതൃത്വത്തിൽ ഭരണം തുടരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അവർക്ക് ലഭിക്കുന്ന വികസന ഫണ്ടിൽ നിന്നും സ്പോൺസർഷിപ്പിലൂടെയും വലിയ സഹായങ്ങൾ ഇതിനകം തന്നെ നൽകിയിരുന്നു. എംപിമാരും എംഎ‍ൽഎമാരും മാത്രം ചികിത്സാസൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ടി 5.07 കോടിരൂപ നൽകുകയുണ്ടായി. ഇതിന് പുറമെയാണ് പുതിയ പ്രഖ്യാപനം.

നിലവിലുള്ള സാഹചര്യങ്ങളുടെ ഗൗരവം പരിഗണിച്ച് 10 കോടിയോളം രൂപയുടെ ഉപകരണങ്ങൾ ആശുപത്രികളിലേക്കും മറ്റ് ചികിത്സാ കേന്ദ്രങ്ങളിലേക്കും വാങ്ങി നൽകുന്നതിനു വേണ്ടി 'അതിജീവനം- കോവിഡ് മോചനത്തിന്, മുസ്ലിംലീഗ് കൈത്താങ്ങ്' എന്ന പേരിൽ കാമ്പയിൽ സംഘടിപ്പിക്കും. എംപിമാർ, എംഎ‍ൽഎമാർ എന്നിവരുടെ പ്രാദേശിക വികസന ഫണ്ട്, ആസ്തി വികസന ഫണ്ട്, അവരുടെ വ്യക്തിബന്ധങ്ങൾ പ്രയോജനപ്പെടുത്തി കൊണ്ടുള്ള സ്പോൺസറിങ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ട്, സർവീസ് സഹകരണ ബാങ്കുകളുടെ പൊതുനന്മ ഫണ്ട്, ഇത്തരം കാര്യങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന സഹകരണ ബാങ്കുകളുടെ മറ്റ് ഫണ്ടുകൾ, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും അധ്യക്ഷന്മാർ അവരുടെ വ്യക്തിബന്ധങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് നടത്തുന്ന സ്പോൺസറിങ്, കെഎംസിസി അടക്കമുള്ള മുസ്ലിംലീഗിന്റെ പോഷക സംഘടനകളുടെ സ്പോൺസറിങ് എന്നിങ്ങനെയാണ് വിവിധ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൈകൊള്ളുന്നത്. ഈ രീതിയിൽ കോവിഡ് ചികിത്സക്ക് സഹായം ലഭ്യമാക്കുന്നതിന് സർക്കാറിൽനിന്ന് ചില പ്രത്യേക ഉത്തരവുകളും അനുമതികളും ലഭ്യമാക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP