Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ബഹിരാകാശത്തുനിന്ന് നോക്കിയപ്പോൾ കണ്ട രണ്ടു നക്ഷത്രങ്ങളിലെ വെളിച്ചം ഉത്ഭവിക്കുന്നത് മക്കയിൽ നിന്ന്; ഇത് തിരിച്ചറിഞ്ഞതോടെ അമ്പരന്ന സുനിതാ വില്യംസ് ഇസ്ലാമിലേക്ക് മതം മാറി'; ചില ഇസ്ലാമിക ഗ്രൂപ്പുകളിലൂടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത ശുദ്ധ അസംബന്ധം; നാസയുടെ അന്വേഷണത്തിൽ സുനിത മതം മാറിയിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ; ഇന്ത്യൻ വംശജയായ സുനിത വില്യംസിന്റെ മതം മാറ്റത്തെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജ വാർത്തകൾ തന്നെ

'ബഹിരാകാശത്തുനിന്ന് നോക്കിയപ്പോൾ കണ്ട രണ്ടു നക്ഷത്രങ്ങളിലെ വെളിച്ചം ഉത്ഭവിക്കുന്നത് മക്കയിൽ നിന്ന്; ഇത് തിരിച്ചറിഞ്ഞതോടെ അമ്പരന്ന സുനിതാ വില്യംസ് ഇസ്ലാമിലേക്ക് മതം മാറി'; ചില ഇസ്ലാമിക ഗ്രൂപ്പുകളിലൂടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത ശുദ്ധ അസംബന്ധം; നാസയുടെ അന്വേഷണത്തിൽ സുനിത മതം മാറിയിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ; ഇന്ത്യൻ വംശജയായ സുനിത വില്യംസിന്റെ മതം മാറ്റത്തെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജ വാർത്തകൾ തന്നെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇന്ത്യയിലെ ചില ഇസ്ലാമിക ഗ്രൂപ്പുകൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥാപനമാണ് അമേരിക്കൻ ബഹാകാശ ഗവേഷണ ഏജൻസിയായ നാസ. അവരുടെ മതത്തിൽ ശാസ്ത്രം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളുടെയും അവസാനവാക്കായി ഉദ്ധരിക്കപ്പെടാറുള്ളത് നാസ പറഞ്ഞു എന്നതാണ്. ഇതിൽ മിക്കതും വ്യാജ വാർത്തകളും നാസയുമായി പുലബന്ധം ഇല്ലാത്തതും അയിരിക്കുമെന്നത് വേറെ കാര്യം. എന്നാൽ ഇപ്പോൾ നാസയിലെ ഒരു ജീവനക്കാരിയെ തന്നെ മതം മാറ്റിയിരിക്കയാണ് ഈ ഗ്രൂപ്പുകൾ. ഇന്ത്യൻ വംശജയും നാസയുടെ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസ് ഇസ്ലാമിലേക്ക് മതം മാറിയെന്ന് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിക്കയാണ്. ബംഗാളി ഭാഷയിൽ മക്ക മദീന എന്ന ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു പ്രചാരണം. വീഡിയോ രണ്ട് ലക്ഷത്തിലേറെ ആളുകൾ കാണുകയും 11,000ത്തിലെ പേർ ഷെയർ ചെയ്യുകയും ചെയ്തു. ഇതോടെ മലയാളത്തിലും ഇതിന്റെ തർജ്ജമ പലരും പ്രചരിപ്പിക്കാൻ തുടങ്ങി.

ബഹിരാകാശത്ത് വച്ച് ഇടതുവശത്തായി രണ്ട് നക്ഷത്രങ്ങൾ കണ്ടെന്നും ബൈനോക്കറിലൂടെ നോക്കുമ്പോൾ നക്ഷത്രത്തിലെ വെളിച്ചം മക്കയിൽ നിന്ന് ഉത്ഭവിക്കുന്നതാണെന്ന് മനസ്സിലായതിനെ തുടർന്ന് സുനിത ഇസ്ലാം മതത്തിൽ വിശ്വസിച്ചു തുടങ്ങിയെന്നുമാണ് പ്രചാരണം. എന്നാൽ സുനിത വില്യംസ് മതം മാറിയിട്ടില്ലെന്ന് അന്വേഷണത്തിൽ മനസ്സിലായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. വർഷങ്ങളായി നടക്കുന്ന വ്യാജ പ്രചാരണമാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. സുനിത വില്യംസിന്റെ അച്ഛൻ ഹിന്ദുവും അമ്മ ക്രിസ്ത്യാനിയുമാണ്. ബഹിരാകാശ യാത്ര നടത്തിയ സുനിത എന്തിന് ഇസ്ലാം മത വിശ്വാസിയാകണമെന്നായിരുന്നു അവരുടെ സുഹൃത്തിന്റെ പ്രതികരണം. നാസയിൽ നടത്തിയ അന്വേഷണത്തിലും സുനിത അവർ ഇസ്ലാമിലേക്ക് മാറിയിട്ടില്ലെന്നും ടൈംസ് റിപ്പോർട്ടിൽ പറയുന്നു.

2010ലും സമാനമായ പ്രചാരണം നടന്നിരുന്നു. അടിസ്ഥാന രഹിതമായ വാർത്ത പ്രചരിക്കുന്നതെങ്ങനെയെന്ന് അറിയില്ലെന്നാണ് അന്ന് സുനിത വില്യംസ് വാർത്തയോട് പ്രതികരിച്ചത്. എന്റെ അച്ഛൻ ഹിന്ദുവാണ്. അമ്മ ക്രിസ്ത്യാനിയും. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും യേശു ക്രിസ്തുവിന്റെയും കഥകൾ കേട്ടാണ് ഞാൻ വളർന്നത്. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നുവെന്നായിരുന്നും സുനിത വ്യക്തമാക്കിയിരുന്നു. 2016ൽ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലും സമാന അഭിപ്രായമാണ് സുനിത പറഞ്ഞത്. വിശ്വാസം ഉള്ളിൽ സൂക്ഷിക്കുമ്പോഴും മതപരമായ പ്രകടനപരതകൾ ഒന്നുമില്ലാതെലാണ് സുനിതാ വില്യംസ് ജീവിക്കുന്നതെന്നും മതത്തിന് അവരുടെ ജീവിതത്തിൽ വലിയ സ്വാധീനമൊന്നുമില്ലെന്നുമാണ് നേരത്തെയുള്ള റിപ്പോർട്ടുകൾ.

2007ൽ സുനിതവില്യംസ് ഇന്ത്യയിലെത്തി സബർമതി ആശ്രമവും ഗുജറാത്തിൽ അവരുടെ പിതാവിന്റെ ജന്മഗ്രാമമായ ഝുലാസൻ എന്നിവിടങ്ങൾ സന്ദർശിച്ചുരുന്നു. ഈ സന്ദർശനവേളയിൽ വേൾഡ് ഗുജറാത്തി സൊസൈറ്റി അവർക്ക് സർദാർ വല്ലഭായി പട്ടേൽ വിശ്വപ്രതിഭാ അവാർഡ് നല്കുകയുണ്ടായി. 2007 ഒക്ടോബർ 4ന് അമേരിക്കൻ എംബസി സ്‌ക്കൂളിൽ പ്രഭാഷണം നടത്തുകയും ഇന്ത്യൻ പ്രധാനമന്ത്രി മന്മോഹൻ സിങുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഈ സമയത്ത് അഭിമുഖം നടത്തിയ മാധ്യമ പ്രവർത്തകരോട് തന്റെ വിശ്വാസം തന്റെ സ്വകാര്യതയാണെന്നായിരുന്നു അവർ പറഞ്ഞിരുന്നത്.

നാസയെ ചൊല്ലി നുണക്കഥകൾ നേരത്തെയും

സുനിതയെ ചൊല്ലി ഹിന്ദുത്വ ഗ്രൂപ്പുകളിലും വ്യാജ വാർത്തകൾ വന്നിരുന്നു. ബഹിരാകാശ യാത്രയിൽ ഇവർ ഭഗവദ്ഗീതയും ഗണേശ വിഗ്രഹവും കൂടെ കൊണ്ടുപോകറുണ്ട് എന്നായിരുന്നു പ്രചാരണം. എന്നാൽ ഇതും ശരിയല്ലെന്നായിരുന്നു സുനിതയുമായും നാസയുമായും ബന്ധപ്പെട്ടവർ അറിയിച്ചത്. ഇപ്പോൾ ഇസ്ലാമിക ഗ്രൂപ്പകളിൽ പ്രചരിപ്പിക്കുന്നതും വ്യാജ വാർത്തയാണെന്ന് ഒറ്റനോട്ടത്തിൽ ശാസ്ത്രബോധമുള്ളവർക്ക് മനസ്സിലാക്കാം. ബഹിരാകാശത്തുനിന്ന് ബൈനോക്കുലർ കൊണ്ട് നോക്കി മക്കയിനിന്ന് വെളിച്ചം വരുന്നത് കണ്ടുഎന്നൊക്കെ പറയുന്നത് വെറും കോമഡി മാത്രമാണെന്ന് ശാസ്ത്ര പ്രചാരകർ പറയുന്നു.

്നോമ്പിന്റെ ഫല സിദ്ധിയെക്കുറിച്ചൊക്കെ നാസയിൽ പഠനങ്ങൾ നടന്നുവെന്ന് നേരത്തെ ചില ഇസ്ലാമിക ഗ്രൂപ്പുകളിൽ വ്യാജ വാർത്ത വന്നിരുന്നു. നാസ തങ്ങളുടെ യാത്രികരെ പരിശോധിച്ചപ്പോൾ 12 മണിക്കൂർ പട്ടിണി കിടന്ന് ഭക്ഷണം കഴിക്കുന്നവർക്കാണ് കൂടുതൽ ശാരീരിക കരുത്ത് കണ്ടെത്തിയതെന്നും അതിനാൽ റമദാൻ നോയ്്മ്പ് ശാസ്ത്രീയമാണെന്ന് അവർ കണ്ടെത്തിയെന്നുമായിരുന്നു നേരത്തെ നടന്ന മറ്റൊരു പ്രചാരണം. എന്നാൽ ഇതും പതിവുപോലെ വ്യാജമായിരുന്നു. മാത്രമല്ല ശരീര ശാസ്ത്ര സംബന്ധിയായതും മറ്റുമുള്ള യാതൊരു പഠനങ്ങളും നാസയിൽ നടക്കുന്നുമില്ല. എന്നാലും ഇടക്കിടെ ഖുർആനിലെ പലതും നാസ കണ്ടെത്തിയെന്ന് പറഞ്ഞ് വാർത്തകൾ വരാറുണ്ട്. നമ്മുടെ മുൻ ഡിജിപിയും പ്രഭാഷകനുമായ അലകസാണ്ടർ ജേക്കബ്, നോമ്പിന്റെ കരുത്ത് നാസ കണ്ടെത്തിയെന്ന വ്യാജ വാർത്ത പലയിടത്തും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്്. അതുപോലെ തന്നെ കേരളത്തിൽ ഏറെ പ്രചാരം കിട്ടിയ വാജ്യ വാർത്തയായിരുന്നു ബഹിരാകാശത്ത് വാങ്കുവിളി മാത്രം കേട്ടെന്നതും. അന്തരീക്ഷമില്ലാത്തതിനാൽ ബഹിരാകാശത്ത് ശബ്ദം കേൾക്കില്ലെന്ന പ്രാഥമിക ധാരണപോലും ഇത്തരക്കാർക്ക് ഉണ്ടായിരുന്നില്ല.

ആരാണ് സുനിതാ വില്യംസ്?

ബഹിരാകാശത്ത് ഏറ്റവും അധികം ദിവസം കഴിച്ചുകൂട്ടിയ (195 ദിവസം) വനിതയാണ് സുനിത വില്യംസ്. ദീപക് പാണ്ഡ്യയുടെയും ബോണി പാണ്ഡ്യയുടെയും മകളായി സുനിത 1965 സെപ്റ്റംബർ 19ന് അമേരിക്കയിലെ ഓഹിയോവിലെ യൂക്ലിഡിലാണ് ജനിച്ചത്. അമേരിക്കൻ പൗരത്വമുള്ള സുനിത, പിതാവിലൂടെയും മാതാവിലൂടെയും യഥാക്രമം ഇന്ത്യൻ-സ്ലൊവേനിയൻ വംശപാരമ്പര്യം പിന്തുടരുന്നു. മൈക്കേൽ ജെ. വില്യംസ് എന്ന പൊലീസ് ഓഫീസറെയാണ് ഇവർ വിവാഹം കഴിച്ചിരിക്കുന്നത്. ബഹിരാകാശയാത്രക്ക് നാസ തെരഞ്ഞെടുക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജയാണ് സുനിത വില്യംസ്. ആദ്യത്തേത് കല്പന ചൗള ആയിരുന്നു. സ്ലോവേനിയൻ വംശജ എന്ന നിലയിലും ഇവർക്ക് രണ്ടാം സ്ഥാനമാണുള്ളത്. എന്നാൽ മറ്റു പല കാര്യങ്ങളിലും ഇവർക്ക് ഒന്നാംസ്ഥാനമാണുള്ളത്: ഏറ്റവും കൂടുതൽ ദിവസം നീണ്ടുനിന്ന ബഹിരാകാശയാത്ര (195 ദിവസം), ഏറ്റവും കൂടുതൽ തവണ ബഹിരാകാശ നടത്തം (ഏഴ്); ഏറ്റവും കൂടുതൽ സമയം ബഹിരാകാശ നടത്തം (50 മണിക്കൂർ 40 മിനിറ്റ്) എന്നിവയൊക്കെ അവരുടെ പേരിലുള്ള നേട്ടങ്ങളാണ്.

2006 ഡിസംബർ 9ന് ഡിസ്‌കവറി ബഹിരാകാശ പേടകത്തിൽ സുനിത വില്യംസ് തന്റെ ആദ്യത്തെ ബഹിരകാശ യാത്രക്ക് തുടക്കമിട്ടത്..പിന്നീട് ഈ സംഘത്തിലെ റഷ്യൻ അംഗങ്ങൾ മാറി പുതിയവർ വന്നതോടെ പതിനഞ്ചാം പര്യവേക്ഷണസംഘമായപ്പോൾ സുനിത അതിലും അംഗമായി. 2007 ജനുവരി 31ന് അവർ ആദ്യമായി ബഹിരാകാശത്തു നടന്നു. പിന്നീട് ഫെബ്രുവരി 7,9 ദിവസങ്ങളിൽ രണ്ടു നടത്തങ്ങൾ കൂടി. ഒമ്പതു ദിവസങ്ങൾക്കുള്ളിൽ മൂന്നു പ്രാവശ്യമായി ഇവർ 6മണിക്കൂറും 40 മിനിറ്റും ബഹിരാകാശത്തു നടന്നു. നാലാമത്തെ ബഹിരാകാശ നടത്തം കൂടി കഴിഞ്ഞതോടെ അവർ 29 മണിക്കൂറും 17 മിനിറ്റും ബഹിരാകശത്തു നടന്ന് പുതിയ റെക്കോർഡിനുടമായയി. 2007 ഡിസം 18ന് പെഗ്ഗി വിറ്റ്സൺ 32 മണിക്കൂറും 32 മിനിറ്റും പൂർത്തിയാക്കുന്നതു വരെ ഇതു നിലനിന്നു.

2007 ഏപ്രിൽ 16ന് അന്താരാഷ്ട്ര ബഹിരകാശനിലയത്തിലെ ട്രെഡ് മില്ലിൽ ഓടിക്കൊണ്ട് അവർ 2007 ബോസ്റ്റൺ മാരത്തോണിൽ പങ്കെടുത്തു.നാലു മണിക്കൂറും 24 മിനിറ്റുമാണ് അവർ അവിടെ ഓടിത്തീർത്തത്. അങ്ങനെ അദ്യമായി ബഹിരാകാശത്തു കൂടെ ഭൂമിയെ വലംവെച്ചുകൊണ്ട് മരത്തോൺ മത്സരത്തിൽ പങ്കെടുത്ത ആദ്യത്തെ വ്യക്തിയായി സുനിത.2008ൽ ബോസ്റ്റണിൽ വെച്ചു നടന്ന മാരത്തണിൽ ഇവർ ശരിക്കും പങ്കെടുത്തു. ഈ ദൗത്യസംഘത്തോടൊപ്പം 2007 ജൂൺ 22നാണ് ഭൂമിയിൽ മടങ്ങിയെത്തിയത്. അങ്ങനെ 195 ദിവസം ബഹിരാകാശത്തു താമസിച്ചുകൊണ്ട് ഇവർ പുതിയ ഒരു റെക്കാർഡ് കൂടി സൃഷ്ടിച്ചു. 215 ദിവസം ബഹിരാകാശത്തു കഴിച്ചു കൂട്ടിയ മിഷേൽ ലോപസ് അലേഗ്രിയ മാത്രമേ ഇപ്പോൾ സുനിത വില്യംസിനെക്കാൾ മുന്നിലുള്ളു. വനിതകളിൽ ഇവർ തന്നെയാണ് ഒന്നാമത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP