Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അന്ന് അമ്മാവനെ പട്ടിക്കിട്ടു കൊന്നുവെന്ന് വാർത്ത; ഇന്ന് ഉറങ്ങിയ ഉദ്യോഗസ്ഥരെ വിമാനവേധ മിസൈൽ ഉപയോഗിച്ച് വെടിവച്ചു കൊന്നുവെന്നും! പാശ്ചാത്യ മാദ്ധ്യമങ്ങളുടെ നുണ പ്രചാരണത്തിൽ പെട്ട് ഇന്ത്യൻ മാദ്ധ്യമങ്ങളും; ഉത്തരകൊറിയൻ ഭരണാധികാരി നരാധമനാകുന്നത് ഇങ്ങനെ

അന്ന് അമ്മാവനെ പട്ടിക്കിട്ടു കൊന്നുവെന്ന് വാർത്ത; ഇന്ന് ഉറങ്ങിയ ഉദ്യോഗസ്ഥരെ വിമാനവേധ മിസൈൽ ഉപയോഗിച്ച് വെടിവച്ചു കൊന്നുവെന്നും! പാശ്ചാത്യ മാദ്ധ്യമങ്ങളുടെ നുണ പ്രചാരണത്തിൽ പെട്ട് ഇന്ത്യൻ മാദ്ധ്യമങ്ങളും; ഉത്തരകൊറിയൻ ഭരണാധികാരി നരാധമനാകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്ക്

പ്യോങ് യാങ്: പാശ്ചാത്യ ലോകത്തെ മാദ്ധ്യമങ്ങൾ ഇങ്ങനെയാണ്. ജനാധിപത്യപരവും അവകാശങ്ങളുമൊക്കെ പ്രസംഗിക്കുമെങ്കിലും അവരുടെ രാജ്യത്തിന് വേണ്ടി അവരെന്ത് നുണയും പ്രചരിപ്പിക്കും. ഗൾഫ് രാഷ്ട്രങ്ങളെക്കുറിച്ചും ആഫ്രിക്കൻ രാജ്യങ്ങളെക്കുറിച്ചും ഇത്തരം പ്രചാരണങ്ങൾ ഉണ്ട്. സിറിയ എന്ന രാജ്യത്തെയും അതിന്റെ ഭരണാധികാരയെയും കുറിച്ച് നിരന്തരം നുണകൾ എഴുതി വിടുന്നത് മറ്റൊരു ഉദാഹരണം. ഇക്കൂട്ടത്തിൽ ഏറ്റവും അധികം ആക്രമണത്തിന് ഇരയാകുന്ന രാജ്യമാണ് ഉത്തര കൊറിയ.

ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ക്രൂരകൃത്യങ്ങൾ ആഴ്ചയിൽ ഒരിക്കൽ എങ്കിലും വരാറുണ്ട്. സ്വന്തം അമ്മാവനെ പട്ടിക്കിട്ടു കൊന്നു എന്ന വാർത്ത അത്തരത്തിൽ ഒന്നായിരുന്നു. പിന്നീട് ഒരു അമേരിക്കൻ മാദ്ധ്യമ പ്രവർത്തകൻ പറഞ്ഞ തമാശയാണ് ഇതെന്നു തെളിഞ്ഞെങ്കിലും ആരും ഗൗനിച്ചില്ല. അത്തരത്തിൽ ഒരു കഥ ഇന്നലെ മുതൽ ലോക മാദ്ധ്യമങ്ങൾ ഏറ്റെടുക്കുന്നുണ്ട്. യോഗത്തിൽ ഇരുന്നുറങ്ങിയ ഉദ്യോഗസ്ഥനെയും സ്വന്തം ആശയം സംസാരിച്ച ഉദ്യോഗസ്ഥനെയും വിമാനവേധ മിസൈൽ ഉപയോഗിച്ച് കൊന്നെന്നാണ് കഥ.

ഏകാധിപതി കിം ജോങ് ഉന്നിന്റെ പ്രത്യേകയുത്തരവ് പ്രകാരമാണ് ഉദ്യോഗസ്ഥരെ വധിച്ചതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ബ്രിട്ടീഷ്പത്രമായ ഡെയ്‌ലി മെയ്ൽ അടക്കമുള്ള പാശ്ചാത്യ മാദ്ധ്യമങ്ങൾ ഇക്കാര്യം വലിയ തോതിൽ പ്രചരിപ്പിക്കുന്നുണ്ട്. കൃഷിമന്ത്രി ഹോങ് മിൻ, വിദ്യാഭ്യാസ വകുപ്പിലെ ഉന്നതോദ്യോഗസ്ഥൻ റി യോങ് എന്നിവരെയാണ് വധിച്ചത്. ഈ മാസമാദ്യം പരസ്യമായാണ് ശിക്ഷ നടപ്പാക്കിയതെന്ന് സൈനികവക്താവ് പറഞ്ഞു.

കിം ജോങ് അധ്യക്ഷനായ യോഗത്തിൽ മയങ്ങിയതിനാണ് റീ യോങ്ങിനെ വധിച്ചത്. കിമ്മിന്റെ നിർദ്ദേശ പ്രകാരം യോഗസ്ഥലത്ത് വച്ചുതന്നെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ പിന്നീട് അഴിമതിക്കുറ്റവും ചുമത്തിയതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കിം ജോങ്ങിന്റെ നയത്തെ എതിർത്തതിനാണ് ഹോങ് മിന്നിനെ വധിച്ചതെന്നുമാണ് പാശ്ചാത്യ മാദ്ധ്യമങ്ങളിലെ വാർത്തകൾ. അതേസമയം ഈ വാർത്ത ഇന്ത്യൻ മാദ്ധ്യമങ്ങളിൽ അടക്കം വലിയ തോതിൽ പ്രചരിക്കുന്നുണ്. എന്നാൽ ശിക്ഷ നടപ്പാക്കിയതുമായി ബന്ധപ്പെട്ട് ഉത്തര കൊറിയ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഉത്തരകൊറിയയുടെ ശത്രുരാജ്യമായ ദക്ഷിണ കൊറിയ തന്നെയാണ് ഇത്തരമൊരു വാർത്ത പുറത്തുവിട്ടത്. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനു ദക്ഷിണ കൊറിയ തയാറായിട്ടില്ല. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായ റി യോങ് ജിനിനെതിരെ അഴിമതിയാരോപണമാണു ചുമത്തിയിരുന്നത്. അമേരിക്കയെയും സഖ്യകക്ഷികളെയും വിറപ്പിച്ച് കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ ആണവ പരീക്ഷണം നടത്തിയ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതോടെ അമേരിക്കയെ കൂസാത്ത കിമ്മിനെ കുറിച്ചുള്ള വാർത്തകളും നിരന്തരമായി പ്രചരിച്ചു. ഒളിമ്പിക്‌സിൽ മെഡൽ നേടാതെ തിരിച്ചുവരുന്ന താരങ്ങളെ ഖനിയിലേക്ക് പറഞ്ഞയക്കുമെന്ന വിധത്തിൽ കിം ഉത്തരവിട്ടെന്ന വാർത്തകളാണ് അടുത്തിടെ പുറത്തുവന്നത്. എന്നാൽ ഇത്തരം വാർത്തകളോടൊന്നും ഉത്തരകൊറിയ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

2011ൽ അധികാരത്തിലെത്തിയതിനു പിന്നാലെ ഒട്ടേറെ വധശിക്ഷകൾ കിം ജോങ് ഉൻ നടപ്പാക്കി വരികയാണെന്നാണ് മാദ്ധ്യമ വാർത്തകൾ. സ്വന്തം അമ്മാവനായ ജാങ് സോങ് തേയിയെ വിശന്ന വേട്ടനായ്ക്കൾക്ക് ഇട്ടുകൊടുത്താണു കൊലപ്പെടുത്തിയെന്ന മാദ്ധ്യമ വാർത്തകൾ കിമ്മിനെ ക്രൂരനായ ഭരണാധികാരിയെന്ന വിശേഷണം നൽകി. ദേശീയ പ്രതിരോധ കമ്മിഷൻ അധ്യക്ഷനായിരുന്ന ജാങ് സോങ്ങിനെ തൽസ്ഥാനത്തുനിന്നു നീക്കി രണ്ടാഴ്ചയ്ക്കുള്ളിലാണു വിചാരണയും വധശിക്ഷയും നടപ്പാക്കിയത്. കിം ജോങ്ങിനെ തൽസ്ഥാനത്തുനിന്നു പുറത്താക്കാൻ ജാങ് സോങ് ശ്രമിച്ചുവെന്നായിരുന്നു ആരോപണം. എന്നാൽ ഇതേക്കുറിച്ചെല്ലാം എതിർചേരിയിലുള്ള രാജ്യങ്ങളിലെ മാദ്ധ്യമങ്ങൾ പറയുന്നതിന് അപ്പുറത്തേക്കുള്ള കാര്യങ്ങളൊന്നും ആർക്കും അറിയില്ലെന്നതാണ് വാസ്തവം.

2015 ഏപ്രിലിൽ പ്രതിരോധമന്ത്രി ഹയോൺ യോങിനെ രാജ്യദ്രോഹകുറ്റം ചുമത്തി ഉത്തര കൊറിയ വധശിക്ഷയ്ക്കു വിധേയനാക്കിയിരുന്നു. കിം ജോങ് ഉൻ പങ്കെടുത്ത സൈനിക പരിപാടിയിൽ ഹയോൺ മയക്കം നടിച്ച് കിങിനോട് അനാദരവ് കാണിച്ചു എന്നാരോപിച്ചായിരുന്നു വധിച്ചതെന്നായിരുന്നു വാർത്തകൾ. 2011 ൽ അന്നത്തെ പ്രസിഡന്റായിരുന്ന കിം ജോങ്11 ന്റെ മരണത്തിന് ശേഷമാണ് കിം ജോങ് ഉൻ അധികാരത്തിലെത്തിയത്. അന്ന് അദ്ദേഹത്തിന് 25 വയസ്സ് പ്രായം മാത്രമായിരുന്നു.

അധികാരം ഏറ്റതിന് ശേഷം രാജ്യത്ത് വ്യത്യസ്ഥമായ തീരുമാനങ്ങളും നിയമങ്ങളും നടപ്പിലാക്കി. ലോക രാജ്യങ്ങൾക്കെതിരെ മിസൈലുകളുടേയും ആറ്റംബോംബുകളുടേയും പരീക്ഷണങ്ങൾ നടത്തി ഭീഷണി മുഴക്കി. 2012 ൽ മിസൈലുകളുടെ പരീക്ഷണം നടത്തുകയും 2013 ൽ രാജ്യത്തിന്റെ മൂന്നാമത്തെ ന്യൂക്ലിയർ പരീക്ഷണം നടത്തുകയും ചെയ്തത് കാരണം ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിൽ രാജ്യത്തിന് നിരോധനം ഏർപ്പെടുത്തി. കഴിഞ്ഞ ജനുവരിയിൽ ഇദ്ദേഹം ആറ്റം ബോംബിനെക്കാളും 450 ഇരട്ടി പ്രഹരശേഷിയുള്ള ഹൈഡ്രജൻ ബോംബ് പരീക്ഷിക്കുകയുണ്ടായി. ഐക്യ രാഷ്ട്ര സഭ ഉൾപ്പെടെ മറ്റ് ലോക രാജ്യങ്ങൾ സംഭവത്തെ അപലപിക്കുകയും ചെയ്തു.

ഒറ്റ സ്‌ഫോടനത്തിൽ ഒരു നഗരം നാമാവശേഷമാക്കാൻ ഹൈഡ്രജൻ ബോംബിനു കഴിയും. ആണവായുധ നിർമ്മാണത്തിന്റെ തുടക്കവും അമേരിക്കക്കെതിരായ പ്രതിരോധവുമാണ് ഈ പരീക്ഷണം എന്ന് കിം ജോങ്ഉൻ എന്ന് അന്ന് അവകാശപ്പെട്ടിരുന്നു. എന്നാലും ഇദ്ദേഹത്തിന്റെ ലോകത്തെ ഞെട്ടിക്കുന്ന തീരുമാനങ്ങൾ അവസാനിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ മുത്തച്ഛനായ കിം 2 സങ് എന്ന സേച്ഛാധിപതിയുടെ മുഖ സാമ്യം തനിക്കും ലഭിക്കുവാൻ വേണ്ടി പ്ലാസ്റ്റിക് സർജറി നടത്തിയെന്നും വാർത്തകളുണ്ട്. മറ്റ് രാജ്യങ്ങൾ എവിടേയും കാണാൻ സാധിക്കാത്ത ക്രൂരതകൾ നിറഞ്ഞ ശിക്ഷകളാണ് തടവുകാർക്ക് ഈ ഏകാധിപതി നൽകുന്നത്. നടുറോഡിൽ വച്ചും , പൊതു സ്ഥലങ്ങളിൽ വച്ചും തടവുകാരെ കെട്ടിയിട്ട് വെടിയുതിർത്തുകൊല്ലുന്നതാണ് ഇദ്ദേഹത്തിന്റെ ശിക്ഷകളെന്നാണ് മാദ്ധ്യമ വാർത്തകൾ. ഉത്തരകൊറിയയിൽ തടവുകാർക്ക് വേണ്ടി നിരവധിയായ ക്യാമ്പുകൾ ഇദ്ദേഹം നിർമ്മിച്ചതായും പാശ്ചാത്യ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP