Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പവർയോഗയും ടെന്നീസും പ്രാക്ടീസ് ചെയ്ത് ജങ്ക് ഫുഡുകളെ പടിക്കുപുറത്ത് നിർത്തിയ താരം എല്ലായ്‌പോഴും പ്ലാസ്റ്റിക് സർജറി വാർത്തകൾ ഗോസിപ്പുകളായി ചിരിച്ചുതള്ളി; വിടാതെ പിടികൂടിയ പാപ്പരാസികളുടെ കൺവെട്ടത്ത് അഴകളവുകൾ കാത്തുസൂക്ഷിക്കാൻ പെടാപ്പാട് പെട്ടു; പ്രായത്തെ തോൽപിക്കാൻ കഴിച്ച മരുന്നുകളും വഴങ്ങിയ സർജറികളും ശ്രീദേവിയുടെ ആയുസ് കവർന്നെന്ന ചർച്ചകളുമായി സോഷ്യൽ മീഡിയ

പവർയോഗയും ടെന്നീസും പ്രാക്ടീസ് ചെയ്ത് ജങ്ക് ഫുഡുകളെ പടിക്കുപുറത്ത് നിർത്തിയ താരം എല്ലായ്‌പോഴും പ്ലാസ്റ്റിക് സർജറി വാർത്തകൾ ഗോസിപ്പുകളായി ചിരിച്ചുതള്ളി; വിടാതെ പിടികൂടിയ പാപ്പരാസികളുടെ കൺവെട്ടത്ത് അഴകളവുകൾ കാത്തുസൂക്ഷിക്കാൻ പെടാപ്പാട് പെട്ടു; പ്രായത്തെ തോൽപിക്കാൻ കഴിച്ച മരുന്നുകളും വഴങ്ങിയ സർജറികളും ശ്രീദേവിയുടെ ആയുസ് കവർന്നെന്ന ചർച്ചകളുമായി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ഡസ്‌ക്‌

മുംബൈ: ചാന്ദ്‌നിയിലും, നാഗിനിലും, മിസ്റ്റർ ഇന്ത്യയിലും കോരിത്തരിപ്പിച്ച ആ സൗന്ദര്യമാണ് എന്നും ആരാധകരുടെ മനസുകളിൽ പച്ചപിടിച്ച് നിൽക്കുന്നത്. അവർ അവരുടെ മനസുകളിലെ നിത്യഹരിത നായിക.എന്നാൽ, കാലം വരുത്തുന്ന, പ്രായം ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങളെ സ്വീകരിക്കാൻ അവർ മനസാ തയ്യാറായിരുന്നോ? നാൽപതുകൾ പിന്നിട്ടാൽ സ്ത്രീകൾ സ്വന്തം സൗന്ദര്യം കാക്കാൻ അൽപം ശ്രദ്ധ വയ്ക്കുന്നതിൽ തെറ്റില്ലെന്ന പക്ഷക്കാരിയായിരുന്നു ശ്രീദേവി. എന്നാൽ, അത് വ്യായാമം ചെയ്തും, പോഷകാഹാരം കഴിച്ചും, മനസിൽ സ്‌നേഹം നിറച്ചും വേണമെന്നാണ് അവർ പരസ്യമായി പറഞ്ഞത്. ഗോസിപ്പുകളെ തളർത്താൻ ഇതുകൊണ്ടൊന്നുമാവില്ലല്ലോ!

മലയാളത്തിൽ നിന്ന് ബോളിവുഡിലെത്തി താരമായപ്പോൾ തന്റെ മൂക്കിന്റെ ആകൃതി മാറ്റാൻ പ്ലാസ്റ്റിക് സർജറി നടത്തി അവർ വാർത്തകളിൽ ഇടം പിടിച്ചു. 50 കളിലെത്തിയതോടെ മുഖത്തെ ചുളിവുകൾ മാറ്റാനുള്ള ബോടക്‌സ് ചികിൽസ ചെയ്തു. എന്നാൽ, ഇതൊന്നും പരസ്യമായി സമ്മതിച്ചുതരാൻ അവർ തയ്യാറായിരുന്നില്ല.

ജീവിതത്തിന്റെ ആഘോഷങ്ങൾക്കിടയിൽ അവിചാരിതമായി മരണം അവരെ തേടിയെത്തിയപ്പോൾ സുഹൃത്തുക്കളും ആരാധകരും ചോദിക്കുന്ന ചോദ്യവും ഇതാണ്. പ്രായത്തെ മറന്നുള്ള ഈ സൗന്ദര്യ വർദ്ധക ശസ്ത്രക്രിയകൾ അവരുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങളിൽ ഒന്നായോ.? ബേളിവുഡിൽ കോസ്മറ്റിക് സർജറികൾ പുതിയ വാർത്തയല്ല. പ്രിയങ്ക ചോപ്ര, അനൂഷ്‌ക ശർമ, വാണി കപൂർ,ശ്രുതി ഹാസൻ, ശിൽപ ഷെട്ടി,ഐശ്വര്യ റായി, നർഗീസ് ഫാക്രി,അദിതി റാവു ഹൈദാരി,കത്രീന കൈഫ്, കങ്കണ റണോട്ട്,തുടങ്ങി 25 ലേറെ താരങ്ങൾ വിവിധ തരത്തിലുള്ള കോസ്മററിക് സർജറികൾക്ക് വിധേയരായിട്ടുണ്ട്.

സൗന്ദര്യസംരക്ഷണത്തിനായി ചെയ്ത ശസ്ത്രക്രിയകളും മരുന്നുകളുമാണ് ഹൃദയാഘാതത്തിലേക്കും അതുവഴി ശ്രീദേവിയുടെ വേർപാടിലേക്കും വഴിവെച്ചത് എന്ന ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പിയാലി ഗാംഗുലി എഴുതിയ കുറിപ്പ് എന്ന രീതിയിലാണ് സമൂഹമാധ്യമ ഉപയോക്താക്കളിൽ പലരും ഇത് ഷെയർ ചെയ്യുന്നത്.

'ശ്രീദേവിയുടെ അപ്രതീക്ഷിതമായ വേർപാടിൽ നാമെല്ലാവരും വിലപിക്കുമ്പോൾ മറന്നുപോകേണ്ടാത്ത ഒന്നുണ്ട്, അവർക്ക് ഇത് എന്തുകൊണ്ട് സംഭവിച്ചു എന്നുള്ള കാര്യം. ഒരു നാൽപത് വയസ്സുള്ള, അമ്പത് വയസ്സുള്ള, അമ്പതിനേക്കാൾ അധികം പ്രായമുള്ള സ്ത്രീകളേക്കാൾ ചെറുപ്പമായിരിക്കാനും മെലിഞ്ഞിരിക്കാനും സമൂഹമാണ് അവരോട് ആവശ്യപ്പെട്ടത്. അതുകൊണ്ടുള്ള തുടർച്ചയായ ശസ്ത്രക്രിയകൾ..

അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ അവളെ കാണുമ്പോൾ അവർ സുന്ദരിയായിരുന്നു. പക്ഷേ ചാന്ദ്നിയിൽ നാം കണ്ടിരുന്ന ശ്രീദേവിയുടെ ദുഃഖകരമായ ഒരു പതിപ്പായിരുന്നു അവർ. ഭാരം കുറയ്ക്കാനുള്ള, മുഖത്ത് ചുളിവുകൾ വീഴ്‌ത്താതിരിക്കാനുള്ള, സമ്മർദം, അതിന് വേണ്ടി തെക്കൻ കാലിഫോർണിയയിൽ തുടർച്ചയായി ക്ലിനിക് സന്ദർശനങ്ങൾ നടത്തി. എന്റെ ഒരു സുഹൃത്ത് ദിപൻവിത ബസു ഇന്ന് രാവിലെ ഒരു കുറിപ്പ് എഴുതിയിരുന്നു,..ഫാഷനിലും ഒരു മീ ടൂ മൂവ്മെന്റ് ഒരു നോട്ട്സൈസ് സീറോ മൂവ്മെന്റ് വേണമോ എന്ന്. പിതൃദായക്രമം അടിച്ചേൽപ്പിക്കുന്ന ഭാരങ്ങൾ ശ്രദേവിയെയും ബാധിച്ചിരുന്നു.അവരെ ജീവന് തുല്യം സ്‌നേഹിച്ചിരുന്ന ഭർത്താവും ഇക്കാര്യത്തിൽ ഇടപെട്ടതായി കാണുന്നില്ല.

അവർ ഒരിക്കലും അവരുടെ സ്വന്തം സൗന്ദര്യത്തിൽ വിശ്വസിച്ചില്ല. അവളെ ഒരുക്കാൻ വരുന്നവർക്ക് മുന്നിൽ അതിന് തയ്യാറായി നിന്നുകൊടുത്തു. അവൾക്ക് അവളോട് യാതൊരുതരത്തിലുള്ള സ്നേഹവുമുണ്ടായിരുന്നില്ല. സ്വന്തം അധരങ്ങൾ അവർക്ക് തികഞ്ഞതായി തോന്നിയില്ല, മുഖം നല്ലതായിരുന്നില്ല, ഏതു ഫാഷനിലുള്ള വസ്ത്രവും അവർക്ക് ധരിക്കാൻ പാകമാകുന്ന തരത്തിൽ രക്തവും മാംസവും അവളിൽ നിന്ന് വലിച്ചൂറ്റി. അതാണ് ഒരു ജീവിതത്തിന്റെ ഏറ്റവും ദുഃഖകരമായ അവസ്ഥ, ഇതിനേക്കാൾ നന്നായി അവർക്ക് ജീവിക്കാനാകുമായിരുന്നു, അവർക്ക് വേണ്ടി മാത്രമല്ല, അവരുടെ മക്കൾക്ക് വേണ്ടി കൂടി..എന്തൊരു ഭീകരമായ പാരമ്പര്യമാണ് അവരുടെ പെൺകുട്ടികൾക്ക് പകർന്നുകിട്ടിയിരിക്കുന്നത്.'

പ്രായത്തെ തോൽപിക്കും മരുന്നുകൾ

ഹാനെക് ഹോപ്‌സിന് മരിക്കാൻ ഭയമില്ലായിരുന്നു. എന്നാൽ വയസാവുന്നത് അവരെ ആശങ്കപ്പെടുത്തി. മാരത്തൺ, കുതിരയോട്ടം, വിമാനം പറത്തൽ ഇതിൽ നിന്നൊക്കെ എങ്ങനെ മാറി നിൽക്കും..അതാണ് അവരെ അലട്ടിയത്.അതുകൊണ്ട് 56 കാരിയായ കാലിഫോർണിയ സ്വദേശി ഏജ് മാനേജ്‌മെന്റ് മെഡിസിൻ സ്‌പെഷ്യലിസ്റ്റായ അലൻ മിൻട്‌സിനെ സമീപിച്ചു.ചെറുപ്പത്തിന്റെ അത്ഭുതഉറവയെന്ന് വിശേഷിപ്പിക്കുന്ന ഹ്യുമൻ ഗ്രോത്ത് ഹോർമോണാണ് അവർക്ക് അലൻ കുറിച്ചുകൊടുത്തത്. ആഴ്്ചയിൽ ഏഴുവട്ടം മരുന്ന് തുടയിൽ കുത്തിവയ്ക്കുമ്പോൽ, അമേരിക്കൻ എഫ്ഡിഎ നൽകുന്ന മുന്നറിയപ്പൊന്നും അവർ ശ്രദ്ധിച്ചില്ല.ഹോപ്‌സിന് ഒരിക്കലും പ്രായമായില്ല. എന്നാൽ, ആറുമാസം കഴിഞ്ഞ് 2004 ൽ ലിവറിൽ നിറയെ കാൻസർ ട്യൂമറുകൾ നിറഞ്ഞ് അവർ മരിച്ചു.

പലരും ശ്രദ്ധിക്കാത്ത കാര്യം ഈ ആന്റി ഏജിങ് ഡോക്ടർമാർ നൽകുന്നത് പൊള്ളയായ വാഗ്ദാനങ്ങൾ ആണ് എന്നുള്ളതാണ്.മയിലെണ്ണ വിൽപനക്കാരെ പോലെ ചൂഷകർ.എല്ലാ ആന്റി ഏജിങ് ഡോക്ടർമാരും മോശക്കാരാണെന്നല്ല. എന്നാൽ, എളുപ്പം ഫലം കിട്ടാൻ അനധികൃത മരുന്നുകൾ ഉപയോഗിക്കുന്ന കള്ളനാണയങ്ങൾ ഏറെയാണ് ഈ രംഗത്ത്. ഹോർമോൺ ചികിൽസ അപകടകരമാണെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്.

അമ്പത് പിന്നിട്ടവർക്ക് ഇരുപതുകാരുടെ ശരീരസൗന്ദര്യം പ്രതീക്ഷിച്ചിട്ട് കാര്യമില്ല.എന്നാൽ, അവർക്കും സൗന്ദര്യത്തോടെ ജീവിക്കാനുള്ള എല്ലാ സാധ്യതകളും ഈ ലോകത്ത് നിലനിൽക്കുന്നു.ശരാശരി ഭാരം നിലനിർത്തുക,സജീവമായിരിക്കുക, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, പുകവലിക്കാതിരിക്കുക ഇതെല്ലാം ശ്രദ്ധിച്ചാൽ തന്നെ മര്യാദയ്ക്ക് ജീവിക്കാം. ലക്ഷങ്ങൾ പാഴാക്കാതെ.

കണ്ണഞ്ചിക്കുന്ന ഗ്ലാമറിൽ വീണുപോയ ഈയാംപാറ്റയോ?

ശ്രീദേവിയെ പോലൊരു താരത്തിന് സാധാരണ ജീവിതം ജീവിക്കുക ബുദ്ധിമുട്ടേറിയതായിരുന്നു.ആരാധകലക്ഷങ്ങളുടെ കണ്ണുകളെ തോൽപിക്കുക അസാധ്യം. സിനിമയിൽ അധികം സജീവമായിരുന്നില്ലെങ്കിലും ക്യാമറക്കണ്ണുകൾ എക്കാലവും അവരെ പിന്തുടർന്നു.എവിടെ തിരിഞ്ഞാലും പിന്തുടരുന്ന കണ്ണുകൾ ഉള്ളപ്പോൾ എങ്ങനെ മുഖത്ത് ചുളിവുകൾ വീഴാൻ അനുവദിക്കും.തന്റെ പ്രതിഭയെയും വൃക്തിത്വത്തേക്കാളും അവർ ഒരുപക്ഷേ പ്രാധാന്യം കൽപിച്ചത് സൗന്ദര്യത്തിനാവാം. അഭിനയം ഉപേക്ഷിച്ചപ്പോഴും സൗന്ദര്യം കൈവിടുന്നതിൽ അവർ വിശ്വസിച്ചില്ല.

ഈ ഇമേജ് നിലനിർത്താനുള്ള കടുത്ത സമ്മർദ്ദത്തിലായിരുന്നു അവർ എല്ലായ്‌പോഴും.നിരവധി കോസ്മറ്റിക് ശസ്ത്രക്രിയകളും, മരുന്നുകളും അവർക്ക് പിന്തുടേണ്ടി വന്നതും അതുകൊണ്ടാവാം.ഡയറ്റിങ് , വ്യായാമപരിശീലനങ്ങൾ..അങ്ങനെ എന്തെല്ലാം? അവരുടെ സുഹൃത്തുക്കൾ പറയുന്നത് വിശ്വസിക്കാമെങ്കിൽ,അവർ ആരോഗ്യകരമായ ഭക്ഷണം കഴിച്ച് ആരോഗ്യത്തോടെയാണ് ജീവിച്ചത്. പിന്നെന്തുകൊണ്ടാണ് പെട്ടെന്നൊരുദിവസം യാതൊരുമുന്നറിയിപ്പുമില്ലാതെ അവർ സ്‌നേഹിച്ച ലോകത്തോട് വിടവാങ്ങിയത്?

പ്ലാസ്റ്റിക് സർജറി വാർത്തകൾ ശ്രീദേവി ഗോസിപ്പുകളായി തള്ളി

നോസ് ജോബ്, ബോടോക്‌സ,ലിപ് ഇൻജക്ഷൻ,ബ്രസ്റ്റ് ഓഗ്മന്റേഷൻ സർജറികൾ ശ്രീദേവി നടത്തിയിരുന്നു എന്നാണ് പ്രചരിക്കുന്നത്.മൂക്കിന്റെ ആകൃതി മാറ്റാനുള്ള അവരുടെ സർജറി വിജയമായെന്നും ഇല്ലെന്നും രണ്ടഭിപ്രായമുണ്ട്. തെറ്റായ സർജനെ തിരഞ്ഞെടുത്തത് മൂലം വിപരീതഫലമുണ്ടായെന്നും ചിലർ പറയുന്നു.

ലിപ് ഇൻജക്ഷനും പാളിപ്പോയെന്ന തരത്തിൽ സമീപകാലത്ത് വാർത്തകൾ വന്നിരുന്നു. അതിന്റെ ചിത്രങ്ങളും പ്രചരിച്ചു.54 പിന്നിട്ട ശ്രീദേവി മുഖത്തെ ചുളിവുകൾ മാറ്റാനുള്ള ബോടക്‌സ് ഇൻജക്ഷനും എടുത്തതായി വാർത്തകൾ വന്നു.എന്നാൽ ഇംഗ്ലീഷ് വിങ്ലീഷിന്റെ റിലീസിന് മുന്നോടിയായി നൽകിയ അഭിമുഖത്തിൽ താൻ പ്ലാസറ്റിക് സർജറികൾ നടത്തിയെന്ന ഗോസിപ്പുകളായി ശ്രീദേവി തള്ളിയിരുന്നു. പവർയോഗയും, ടെന്നീസും,ജങ്ക് ഫുഡുകളെ പടികടത്തലുമൊക്കെയാമ് തന്റെ ചെറുപ്പത്തിന്റെ കാരണങ്ങളെന്ന് അവർ തുറന്നടിച്ചിരുന്നു.

എന്താണ് അവരെ മരണത്തിലേക്ക് നയിച്ചതെന്ന് നമുക്ക് അറിയില്ല. ഒരുപക്ഷേ ജീവിത സമ്മർദ്ദങ്ങൾ ആവാം.ആ സമ്മർദ്ദം അവരുടെ മുഖത്തും ശരീരഭാഷയിലും ഉണ്ടായിരുന്നു.അതോ... മുമ്പ് ചെയ്ത ഏതോ സർജറിയുടെ പരിണിത ഫലമോ? കണ്ടുപരിചയിച്ച ആ സൂപ്പർത്താരം സ്വാഭാവികമായി വയസായി കൂടുതൽ സൗന്ദര്യത്തോടെ കഴിയുന്നത് കാണാനാവും എല്ലാവരും ഇഷ്ടപ്പെട്ടിരിക്കുക. ദൗർഭാഗ്യവശാൽ ആ കാഴ്ച ഇനി നമുക്ക് ഒരിക്കലും കാണാനാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP