Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അവൻ എന്റെ ബോക്‌സ് പൊട്ടിച്ചു, അവന് ടി സി കൊടുക്കണം സാറെ'; പരാതി വൈറലായതോടെ ധ്യാൻശങ്കറിന് മനം മാറ്റം; 'ടി.സി കൊടുത്താൽ പിന്നെ കൂട്ടുകാരന് സ്‌കൂളിൽ വരാൻ കഴിയില്ലല്ലോ, അതുകൊണ്ടാണ് ഒരു അവസരം കൂടി കൊടുത്തത്' എന്ന് കൊവ്വൽ എ.യു.പി സ്‌കൂളിലെ ഒന്നാം ക്ലാസുകാരൻ

'അവൻ എന്റെ ബോക്‌സ് പൊട്ടിച്ചു, അവന് ടി സി കൊടുക്കണം സാറെ'; പരാതി വൈറലായതോടെ ധ്യാൻശങ്കറിന് മനം മാറ്റം; 'ടി.സി കൊടുത്താൽ പിന്നെ കൂട്ടുകാരന് സ്‌കൂളിൽ വരാൻ കഴിയില്ലല്ലോ, അതുകൊണ്ടാണ് ഒരു അവസരം കൂടി കൊടുത്തത്' എന്ന് കൊവ്വൽ എ.യു.പി സ്‌കൂളിലെ ഒന്നാം ക്ലാസുകാരൻ

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: തന്റെ ബോക്‌സ് പൊട്ടിച്ചതിനെ തുടർന്ന് പ്രധാന അദ്ധ്യാപകനെ കണ്ടു സങ്കടം ബോധിപ്പിക്കുന്ന ഒന്നാം ക്ലാസുകാരന്റെ വീഡിയോ സൈബറിടങ്ങളിൽ വൈറലാണ്. കാസർകോട് കൊവ്വൽ എ.യു.പി സ്‌കൂളിലെ ഒന്നാന്തരം വിദ്യാർത്ഥി ധ്യാൻ ശങ്കർ ആണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ കുട്ടി താരം. അവന്റെ നിഷ്‌കളങ്കമായ ഭാവത്തെ എല്ലാവരും നെഞ്ചിലേറ്റുകയും ചെയ്തു.

അവൻ എന്റെ ബോക്‌സ് പൊട്ടിച്ച്, അവന് ടിസി കൊടുക്കണം സാറെ.. എന്ന പരാതിയുമായാണ് ഒന്നാം ക്ലാസുകാരൻ പ്രധാന അദ്ധ്യാപകനായ പ്രമോദ് അടുത്തിലയെ സമീപിച്ചത്. കുട്ടിയുടെ സങ്കടം മനസ്സിലാക്കിയ അദ്ധ്യാപകൻ പരാതി വീഡിയോവിൽ ചിത്രീകരിക്കുകയായിരുന്നു. ടിസി കൊടുത്തില്ലെങ്കിൽ അവൻ ഇനിയും ബോക്‌സ് പൊട്ടിക്കുമെന്നാണ് കുട്ടിയുടെ ആശങ്ക. മുൻപ് ഇതുപോലെ ബോക്‌സ് പൊട്ടിച്ചപ്പോൾ ഇനി ആവർത്തിച്ചാൽ അവന് ടിസി കൊടുക്കാമെന്ന് അദ്ധ്യാപകൻ വാക്ക് നൽകിയിരുന്നു. കുട്ടിയുടെ പരാതി അറിഞ്ഞ അദ്ധ്യാപകൻ ടി.സി കൊടുക്കാമെന്നായി.

അതേസമയം ടിസി കൊടുത്താൽ അവന് വീട്ടിലിരിക്കേണ്ടി വരുമെന്നും ഇനി പഠിക്കാൻ ആവില്ലെന്നും പറഞ്ഞതോടെ കുട്ടിയുടെ മനസ്സ് അലിഞ്ഞു. എന്നാൽ ഒരുവട്ടം ആലോചിച്ചു പറയാം എന്നായി കുട്ടി. ഇനി ഒരു അവസരം കൂടി കൊടുക്കാം എന്ന് പറഞ്ഞു കുട്ടി മടങ്ങുന്നതോടെ വീഡിയോ അവസാനിക്കുന്നു. ഈ വീഡിയോ പുറത്തുവന്നതോടെ ധ്യാൻ ശങ്കർ സൈബറിടത്തിൽ താരമായി.

ധ്യാൻ ശങ്കർ ഇപ്പോൾ നാട്ടിലും സ്‌കൂളിലും താരമാണ്. ഇപ്പോൾ ധ്യാനിന് മനം മാറ്റമുണ്ട്. ടി.സി കൊടുത്താൽ പിന്നെ കൂട്ടുകാരന് സ്‌കൂളിൽ വരാൻ കഴിയില്ലെന്ന് അറിഞ്ഞതോടെയാണ് ഒരു അവസരം കൂടി നൽകണമെന്ന് തീരുമാനിച്ചതെന്ന് ധ്യാൻ ശങ്കർ പറയുന്നു .വീഡിയോ വൈറലായതോടെ നിരവധി പേരാണ് നേരിട്ടും സമൂഹ മാധ്യമങ്ങൾ വഴിയും അഭിനന്ദനങ്ങളുമായി എത്തുന്നത്. ചെറുവത്തൂർ വടക്കുമ്പാട് സ്വദേശിയും സിവിൽ പൊലീസ് ഓഫീസറുമായ പി ഗംഗാധരന്റെയും ഷീബയുടെയും മകനാണ് ധ്യാൻ ശങ്കർ.

സ്‌കൂളിലെ പ്രധാന അദ്ധ്യാപകനായ പ്രമോദ് അടുത്തിലയാണ് വീഡിയോ പകർത്തിയത്. 'കുട്ടികളെ തിരിച്ചറിഞ്ഞ് അവരുടെ നന്മകളെ വളർത്താനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി മനപ്പൂർവം വീഡിയോ പകർത്തുകയായിരുന്നു എന്ന് അദ്ധ്യാപകൻ പറഞ്ഞു. ആറു വയസ്സിനിടയിൽ അവൻ സ്വായത്തമാക്കിയ പഠനാനുഭവങ്ങളിൽ നിന്നും സ്വാംശീകരിച്ച ഒരു സന്ദേശംകൂടിയാണിതെന്നു പ്രധാന അദ്ധ്യാപകൻ പറഞ്ഞു. 'കുട്ടിയെ അറിയുക' എന്നത് പൊതുവിദ്യാലയങ്ങളിലെ പുതിയ പദ്ധതിയാണ്. വീഡിയോ പകർത്താനായതിലും അതിലൂടെ പ്രചരിപ്പിക്കാനായതിലും അഭിമാനം കൊള്ളുന്നതായി പ്രമോദ് അടുത്തില പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP