Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീരാം വെങ്കിട്ടരാമനെ ദേവികുളം സബ് കലക്ടർ സ്ഥാനത്തു നിന്നും മാറ്റി; സ്ഥലം മാറ്റിയത് എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് ഡയറക്ടറായി പദവി നൽകി; മൂന്നാറിലെ കയ്യേറ്റക്കാർക്ക് സന്തോഷം പകരുന്ന തീരുമാനം കൈക്കൊണ്ടത് മന്ത്രിസഭാ യോഗത്തിൽ; സിപിഐയുമായി തർക്കം മുറുകുമ്പോൾ 'അധികാരം' പ്രയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; മൂന്നാറിലെ പുലിമുരുകൻ പടിയിറങ്ങുന്നത് തല ഉയർത്തി തന്നെ

ശ്രീരാം വെങ്കിട്ടരാമനെ ദേവികുളം സബ് കലക്ടർ സ്ഥാനത്തു നിന്നും മാറ്റി; സ്ഥലം മാറ്റിയത് എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് ഡയറക്ടറായി പദവി നൽകി; മൂന്നാറിലെ കയ്യേറ്റക്കാർക്ക് സന്തോഷം പകരുന്ന തീരുമാനം കൈക്കൊണ്ടത് മന്ത്രിസഭാ യോഗത്തിൽ; സിപിഐയുമായി തർക്കം മുറുകുമ്പോൾ 'അധികാരം' പ്രയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; മൂന്നാറിലെ പുലിമുരുകൻ പടിയിറങ്ങുന്നത് തല ഉയർത്തി തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ വിട്ടുവീഴ്‌ച്ചയില്ലാതെ നടപടി സ്വീകരിച്ച ദേവികുളം സബ് കലക്ടർ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി സർക്കാറിന്റെ പ്രതികാരം. കയ്യേറ്റക്കാർക്ക് സന്തോഷം പകരുന്ന ഈ തീരുമാനം കൈക്കൊണ്ടത് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്. സിപിഐയുടെ കടുത്ത എതിർപ്പിനെ മറികടന്നാണ് ശ്രീരാം വെങ്കിട്ടരാമനെ ദേവികുളം സബ് കലക്ടറെ മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് ഈ വിഷയത്തിൽ ഇടപെട്ടതെന്നാണ് അറിയുന്നത്. എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് ഡയറക്ടറായാണ് അദ്ദേഹത്തിന്റെ പുതിയ നിയമനം. ശ്രീരാമിനെ പകരം മാനന്തവാടി സബ് കലക്ടർ ദേവികുളം സബ്് കലക്ടറാകുമെന്നാണ് പുറത്തുവരുന്ന വിവരം. മന്ത്രിസഭാ യോഗത്തിൽ റവന്യൂ മന്ത്രി ഈ തീരുമാനത്തോടെ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് അറിയുന്നത്.

അടുത്തിടെ മൂന്നാറിലെ ലവ് ഡെയ്ൽ ഹോംസ്റ്റേ ഏറ്റെടുക്കുന്നതിനെതിരെ ഉടമ വി.വി. ജോർജ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയത് സബ് കളക്ടർക്കുള്ള അംഗീകാരായിരുന്നു. സർക്കാറിന്റെ നീക്കത്തിന് എതിരയിരുന്നു ഈ വിധി. ഇതോടെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ ദേവികുളം താലൂക്കിലെ കയ്യേറ്റക്കാർക്കെതിരെ കർശന നിലപാട് സ്വീകരിക്കാൻ ഒരുങ്ങുകയായിരുന്നു ശ്രീരാം. സബ് കലക്ടറുടെ ഈ നീക്കം തിരിച്ചറിഞ്ഞു കൊണ്ടാണ് സർക്കാർ അദ്ദേഹത്ത സ്ഥലം മാറ്റിയിരിക്കുന്നത്. ഇക്കാര്യത്തിൽ സിപിഐയുടെ എതിർപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ തള്ളുകയായിരുന്നു. കാനം രാജേന്ദ്രനുമായി മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിന്റെ പേരിൽ സി.പി.എം നേതാക്കൾ കൊമ്പു കോർത്തിരുന്നു. മുഖ്യമന്ത്രി വിളിച്ച സർവ കക്ഷി യോഗത്തിൽ റവന്യൂ മന്ത്രി പങ്കെടുക്കാത്ത അവസ്ഥ പോലും സംജാതമായിരുന്നു.

സബ് കളക്ടർ എന്ന നിലയിൽ ഭൂമാഫിയയ്ക്കെതിരെ ശ്രീരാം സ്വീകരിച്ച നടപടികൾ ഏറെ എതിർപ്പുകൾക്ക് ഇടയാക്കിയിരുന്നു. ശ്രീരാമിനെ മാറ്റുന്നതിന് വിവിധ ഭാഗങ്ങളിൽനിന്ന് സർക്കാരിനു മേൽ സമ്മർദ്ദമുണ്ടായിരുന്നു. മൂന്നാറിലെ ലവ് ഡെയ്ൽ ഹോംസ്റ്റേ ഏറ്റെടുക്കുന്നതിനെതിരെ മൂന്നാറിൽ നിന്നുള്ള രാഷ്ട്രീയക്കാരുടെ സർവകക്ഷി യോഗം മുഖ്യമന്ത്രിയെ കണ്ട് ശ്രീരാമിനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഈ ആവശ്യം അംഗീകരിക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ശ്രീരാമിനെ മാറ്റിയതിനെതിരെ ശക്തമായ എതിർപ്പ് ഉയർന്നിട്ടുണ്ട്.

നേരത്തെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ മൂന്നാർ വില്ലേജോഫീസ് തുടങ്ങാൻ റവന്യൂമന്ത്രിയുടെ ഓഫീസിൽനിന്ന് ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമന് നിർദ്ദേശം നൽകിയിരുന്നു. കോടതിവിധിയുടെ പകർപ്പ് കിട്ടിയാലുടൻ ഒഴിപ്പിക്കൽനടപടി ഉണ്ടാകാനിരിക്കയുമായിരുന്നു. അതായത് മുഖ്യമന്ത്രി പിണറായി വിജയന്റെ ആഗ്രഹത്തിന് വിരുദ്ധമായി സർക്കാരിൽ ഫയലുകൾ നീങ്ങുകയാണ്. ഇത് തിരിച്ചറിഞ്ഞാണ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടത്.

ലവ് ഡെയ്ൽ സ്ഥിതിചെയ്യുന്ന 22 സെന്റ് സ്ഥലവും കെട്ടിടവും സർക്കാർ വകയാണെന്ന് നേരത്തെ ഹൈക്കോടതി കണ്ടെത്തിയിരുന്നു. തുടർന്ന്, 48 മണിക്കൂറിനുള്ളിൽ കെട്ടിടവും സ്ഥലവും ഒഴിയണമെന്നാവശ്യപ്പെട്ട് ജൂൺ ഒമ്പതിന് സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ നോട്ടീസ് നൽകി. സമയപരിധി കഴിഞ്ഞിട്ടും ഒഴിയാത്തതിനെത്തുടർന്ന് ബലമായി ഒഴിപ്പിക്കാൻ റവന്യൂവകുപ്പ് 12-ന് നടപടി തുടങ്ങി. തുടർന്നാണ് ഉടമ ജോർജ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിലാണ് ശ്രീറാം വെങ്കിട്ടരാമന് ആവേശം നൽകുന്ന വിധിയെത്തിയത്. മണർകാട് പാപ്പന് പാട്ടത്തിന് കൊടുത്തതാണ് ഈ ഭൂമി. പാപ്പന്റെ മകനാണ് അബ്കാരിക്ക് കൈമാറിയത്.

ലവ് ഡെയ്ൽ ഹോം സ്റ്റേ സ്ഥിതിചെയ്യുന്ന സ്ഥലം സ്വന്തമാക്കാൻ ഉടമകൾ വ്യാജരേഖ ചമച്ചെന്ന് റവന്യൂവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. റവന്യൂ രേഖപ്രകാരം പുറമ്പോക്കു ഭൂമിയാണിത്. ഇതിലുള്ള കെട്ടിടങ്ങൾ പൊതുമരാമത്തുവകുപ്പിന്റെതും. മൂന്നാർ പഞ്ചായത്തിലെ വസ്തുനികുതിനിർണയ രജിസ്റ്ററിൽ ഇക്കാര്യം വ്യക്തമാണ്. ഈ ഭൂമി പാട്ട ഉടമ്പടിപ്രകാരം ദേവികുളം തഹസിൽദാർ തോമസ് മൈക്കിൾ എന്ന അബ്കാരിക്ക് നൽകി. ഇതിനോട് ചേർന്നുകിടക്കുന്ന മൂന്നരസെന്റ് സ്ഥലം തോമസ് മൈക്കിളിന് ടാറ്റാ ടീ വാടകയ്ക്കും നൽകി. കാലാവധി കഴിഞ്ഞിട്ടും സ്ഥലം തിരിച്ച് സർക്കാരിന് ലഭിച്ചില്ല. പകരം വി.വി. ജോർജ് എന്നയാളിന് അനധികൃതമായി കൈമാറി.

ജോർജ് ഈ സ്ഥലത്ത് ലൗ ഡെയ്ൽ എന്ന പേരിൽ ഹോം സ്റ്റേ തുടങ്ങി. ഇതിന് മൂന്നാർ ഗ്രാമപ്പഞ്ചായത്തിൽനിന്ന് നിയമവിരുദ്ധമായി ലൈസൻസും നേടി. റവന്യൂവകുപ്പ് സ്ഥലം ഒഴിപ്പിക്കുന്നതിന് നോട്ടീസ് നൽകിയപ്പോൾ സ്ഥലത്തിന്റെ കൈവശക്കാരൻ താനാണെന്നു പറഞ്ഞ് ജോർജ് ഹൈക്കോടതിയെ സമീപിച്ചു. റവന്യൂ വകുപ്പിൽനിന്നുള്ള കത്തിടപാടുകളെല്ലാം തോമസ് മൈക്കിളിന്റെ പേരിലാണ് അയച്ചിരുന്നതെങ്കിലും അതെല്ലാം ജോർജിനാണ് വില്ലേജ് ഓഫീസ് ജീവനക്കാർ നൽകിയത്. യഥാർഥ കൈവശക്കാരനിൽനിന്നും മറുപാട്ടത്തിന് സ്ഥലം ലഭിച്ച വ്യക്തിയെ കൈവശക്കാരനായി പരിഗണിക്കാൻ കഴിയില്ല.

നിശ്ചിത ആവശ്യത്തിന് പാട്ടത്തിനും മറ്റും നൽകുന്ന ഭൂമി അതിനായി ഉപയോഗിക്കുമ്പോഴേ സാധുതയുള്ളൂ. വിവാദത്തിലായ ഭൂമി മണർക്കാട് പാപ്പിന് പാട്ടത്തിന് നൽകിയതായിരുന്നു. അത് റിസോർട്ട് ഉടമയ്ക്ക് കൈമാറി. ഇതോടെ പാട്ടത്തിന്റെ പ്രസക്തിയും ഇല്ലാതായി. ഈ ഭൂമിയെയാണ് വില്ലേജ് ഓഫീസ് നിർമ്മാണത്തിന് ശ്രീറാം വെങ്കിട്ടരാമൻ കണ്ടെത്തിയത്. എന്നാൽ മൂന്നാറിലെ രാഷ്ട്രീയക്കാരെല്ലാം സബ് കളക്ടർക്കെതിരെ വാളെടുത്തു. ഈ ആയുധത്തിന്റെ മൂർച്ഛ ഇല്ലാതാക്കുന്നതായിരുന്നു ഹൈക്കോടതി ഉത്തരവുണ്ടായത്. എന്നാൽ, ഹൈക്കോടതി തീരുമാനത്തെയും മറികടക്കുന്ന തന്ത്രമാണ് ഇപ്പോൾ മന്ത്രിസഭാ യോഗത്തിൽ ഉണ്ടായത്.

വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ നടപ്പാക്കിയ മൂന്നാർ ഓപ്പറേഷന് ശേഷം വീണ്ടും മൂന്നാർ പ്രശ്നം വലിയ ജനശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നിരിക്കുന്നത് ദേവികുളം സബ് കളക്ടറുടെ നടപടികളും ഇതിനെതിരെ സിപിഎമ്മിന്റേത് അടക്കമുള്ള നേതാക്കളുടെ കടുത്ത എതിർപ്പുമായിരുന്നു. സബ് കളക്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ സംഘടനയായ കർഷകസംഘം നേരത്തെ സമരം നടത്തിയിരുന്നു. എസ് രാജേന്ദ്രൻ എംഎൽഎയും മന്ത്രി എംഎം മണിയുമെല്ലാം സബ് കളക്ടർക്കെതിരെ രംഗത്ത് വന്നു.

അതേ സമയം വ്യക്തമായ കാഴ്ചപ്പാടോടുകൂടി തന്നെയാണ് ശ്രീരാം വെങ്കിട്ടരാമൻ മുന്നോട്ട് പോകുന്നത്. ''ഞാനൊരു തീവ്ര പരിസ്ഥിതിവാദിയോ വികസന വിരുദ്ധനോ ഒന്നുമല്ല. മൂന്നാറിലെത്തുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. എന്നാൽ പരിസ്ഥിതിനാശം ഉണ്ടാക്കിക്കൊണ്ടുള്ള നിയമവിരുദ്ധ നിർമ്മാണ പ്രവർത്തനങ്ങളും കയ്യേറ്റങ്ങളും ഒരുതരത്തിലും വച്ച് പൊറുപ്പിക്കാനാവില്ല. മൂന്നാറിന്റെ ഇപ്പോഴത്തെ നില വളരെ മോശമാണ്. ഇച്ഛാശക്തിയോടെ ശ്രമിച്ചാൽ നേരെയാക്കാം.'' സബ് കളക്ടർ പറയുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിർമ്മാണപ്രവർത്തനങ്ങൾക്കുള്ള എൻഒസി നടപ്പാക്കിയതെന്നും ശ്രീരാം വെങ്കിട്ടരാമൻ വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയമേതെന്ന് നോക്കാതെ മുഖം നോക്കാതെ നടപടികൾ സ്വീകരിച്ചാണ് ശ്രീരാം വെങ്കിട്ടരാമൻ മൂന്നാറിലെ കയ്യേറ്റക്കാരുടെ കണ്ണിലെ കരടായാത്. മൂന്നാറിൽ കയ്യേറ്റക്കാർ സ്ഥാപിച്ച ഭീമൻ കുരിശ് കലക്ടർ പൊളിച്ചപ്പോൾ മുഖ്യമന്ത്രി നേരിട്ടാണ് ഇടപെട്ടത്. ഉദ്യോഗസ്ഥനെ ശക്തമായ ഭാഷയിൽ ശാസിക്കുകയും ചെയ്തു അദ്ദേഹം. എന്നാൽ രാഷ്ട്രീയമല്ല, താൻ നിയമപരവും നീതിയുക്തവുമായ കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന ഉറച്ച ബോധ്യത്തിലായരുന്നു ശ്രീരാം വെങ്കിട്ടരാമൻ. ഇപ്പോൾ ദേവികുളം സബ് കലക്്ടർ സ്ഥാനത്തു നിന്നും തല ഉയർത്തി തന്നെയാണ് ശ്രീരാം പടിയിറങ്ങുന്നത്.

എറണാകുളം പനമ്പിള്ളിനഗർ സ്വദേശിയായ ശ്രീരാം വെങ്കിട്ടരാമൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് എംബിബിഎസ് നേടിയത്. തുടർന്ന് ഒഡീഷയിലെ കട്ടക്കിലുള്ള ശ്രീരാമചന്ദ്ര ഭഞ്ജ് മെഡിക്കൽ കോളേജിലും പഠിച്ചു. എന്നാൽ മെഡിക്കൽ പ്രൊഫഷണന് പകരം സിവിൽ സർവീസ് തിരഞ്ഞെടുക്കുകയായിരുന്നൂ. സുവോളജി പ്രൊഫസറായ ഡോ. പി ആർ വെങ്കിട്ടരാമനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥയായ രാജം രാമമൂർത്തിയുമാണ് മാതാപിതാക്കൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP