Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

അക്ഷര മുറ്റത്ത് ഇനി ദേവനന്ദ തുളസി ചെടിയായി വളരും; ദേവനന്ദയെ ഓർമ്മകൾ സരസ്വതി വിദ്യാനികേതനിലെ അക്ഷരമുറ്റത്ത് എന്നും നിറഞ്ഞുനിൽക്കും; ഏറ്റവും മുൻനിരയിൽ ബെഞ്ചിൽ പ്രിയകൂട്ടുകാരായ ആർദ്രയ്ക്കും ആഷിതിനും മധ്യത്തിൽ ഇരിക്കാൻ ദേവനനന്ദ ഇല്ലെങ്കിലും മുക്കിലും മൂലയിലും അവളുടെ ഓർമ്മകളാകും; അവളുടെ ഓർമ്മകൾ മായാതിരിക്കാൻ ഒന്നാം ക്ലാസിന് ഇനി പേര് 'ദേവനന്ദ' എന്നു പേരിട്ടു വിദ്യാലയം; പിഞ്ചോമനയുടെ വിയോഗത്തിന്റെ നടുക്കം മാറാതെ വിദ്യാലയം

അക്ഷര മുറ്റത്ത് ഇനി ദേവനന്ദ തുളസി ചെടിയായി വളരും; ദേവനന്ദയെ ഓർമ്മകൾ സരസ്വതി വിദ്യാനികേതനിലെ അക്ഷരമുറ്റത്ത് എന്നും നിറഞ്ഞുനിൽക്കും; ഏറ്റവും മുൻനിരയിൽ ബെഞ്ചിൽ പ്രിയകൂട്ടുകാരായ ആർദ്രയ്ക്കും ആഷിതിനും മധ്യത്തിൽ ഇരിക്കാൻ ദേവനനന്ദ ഇല്ലെങ്കിലും മുക്കിലും മൂലയിലും അവളുടെ ഓർമ്മകളാകും; അവളുടെ ഓർമ്മകൾ മായാതിരിക്കാൻ ഒന്നാം ക്ലാസിന് ഇനി പേര് 'ദേവനന്ദ' എന്നു പേരിട്ടു വിദ്യാലയം; പിഞ്ചോമനയുടെ വിയോഗത്തിന്റെ നടുക്കം മാറാതെ വിദ്യാലയം

വിനോദ് വി നായർ

കൊല്ലം: അക്ഷര മുറ്റത്ത് ഇനി ദേവനന്ദ തുളസി ചെടിയായി വളരും. അവളുടെ ഓർമ്മകളുമായി മാത്രമാവും ഇനി വാക്കനാട് സരസ്വതി വിദ്യാനികേതനിലെ ഒന്നാം ക്ലാസ് മുറിയിൽ ഓരോ കുഞ്ഞുങ്ങളും വിജ്ഞാനം നേടുക. കഴിഞ്ഞ 27ന് ഇത്തിക്കരയാറിൽ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞ ഏഴുവയസുകാരി ദേവനന്ദ പഠിച്ചിരുന്ന വാക്കനാട് സരസ്വതി വിദ്യാനികേതനിലെ അദ്ധ്യാപകരും സഹപാഠികളും ഇപ്പോഴും ദേവനന്ദയുടെ വേർപാട് തീർത്ത വേദനയിൽ നിന്നും മുക്തരായിട്ടില്ല. സ്‌കൂളിന്റെ പ്രധാന പ്രവേശന കവാടം മുതൽ തന്നെ ദേവനന്ദയ്ക്ക് ആദരാജ്ഞലിയർപ്പിച്ചുകൊണ്ടുള്ള ബാനറുകളാണ്.

ക്ലാസിലെ ഏറ്റവും മുൻനിരയിൽ പ്രിയകൂട്ടുകാരായ ആർദ്രയ്ക്കും ആഷിതിനും മധ്യത്തിലായി ദേവനന്ദ ഇരുന്നിരുന്ന ഇരിപ്പിടം ഇന്നില്ല. വിദ്യാനികേതനിലെ ഒരു മുറിയിൽ അധികൃതർ ഇപ്പോഴും തങ്ങളുടെ പ്രിയപ്പെട്ട വിദ്യാർത്ഥിനിയുടെ ചിത്രം മാലചാർത്തി സൂക്ഷിച്ചിട്ടുണ്ട്. അവളുടെ ഓർമ്മകൾ ഒരിക്കലും ഈ സ്‌കൂളിൽ നിന്നും വിസ്മൃതിയിലേക്ക് മായരുതെന്ന് കരുതിത്തന്നെയാണ് അവർ ദേവനന്ദ പഠിച്ചിരുന്ന ഒന്നാം ക്ലാസ് മുറിക്ക് അവളുടെ പേര് നൽകിയത്. വരും കാലങ്ങളിൽ ഈ ക്ലാസ്മുറിയിൽ പഠിക്കാനെത്തുന്ന ഓരോ കുഞ്ഞുങ്ങൾക്കും ദേവനന്ദയെക്കുറിച്ച് പറഞ്ഞുകൊടുക്കുകയും അതുവഴി കുഞ്ഞുങ്ങൾക്ക് ബോധവൽക്കരണം നടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഒന്നാം ക്ലാസ് മുറിക്ക് ദേവനന്ദയുടെ പേര് നൽകാൻ തീരുമാനിച്ചതെന്ന് പ്രധാനാധ്യാപിക പറഞ്ഞു.

സരസ്വതി വിദ്യനികേതനിലെ ഓരോ ക്ലാസ് മുറികൾക്കും പുണ്യനദികളെയും സപ്തനഗരങ്ങളെയും ആസ്പദമാക്കി ഓരോ പേരുകൾ നൽകിയിരുന്നു. ഒന്നാം ക്ലാസിനു 'കാശി' എന്ന പേരായിരുന്നു മുൻപ് ഉണ്ടായിരുന്നത്. അതെടുത്തു മാറ്റി ഇന്നലെ രാവിലെയാണ് 'ദേവനന്ദ'യെന്ന പേര് നൽകിയത്. പേര് ലാമിനേറ്റ് ചെയ്തു ലഭിക്കുന്നതു വരെ താൽക്കാലികമായി പേപ്പറിൽ പേരെഴുതിയാണ് സ്ഥാപിച്ചിരുന്നത്.

പാട്ടിലും നൃത്തത്തിലുമൊക്കെ മിടുക്കിയായിരുന്ന പൊന്നു മോളുടെ വിയോഗം തങ്ങൾക്ക് തീരാനഷ്ടം തന്നെയാണെന്ന് അദ്ധ്യാപിക പറഞ്ഞു. ഇന്ന് രാവിലെയും അവൾക്കായി കുട്ടികളും അദ്ധ്യാപകരും പ്രാർത്ഥനയിൽ ഒത്തുചേർന്നു. കഴിഞ്ഞ ദിവസം നടന്ന അനുസ്മരണ ചടങ്ങിനു ശേഷം സ്‌കൂൾ മുറ്റത്ത് നട്ട തുളസിത്തൈ തറ കെട്ടി സംരക്ഷിക്കുമെന്നും പുതിയതായി നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിന് കുഞ്ഞു ദേവനന്ദയുടെ പേര് നൽകുമെന്നും രക്ഷാധികാരി സി. വിജയകുമാർ പറഞ്ഞു. ഒരാഴ്ച മുൻപുവരെ വരെ ഓടിച്ചാടി നടന്ന ഈ അക്ഷരമുറ്റത്ത് ദേവനന്ദ സ്മരണകൾ നിലനിർത്താൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി.

കുടവട്ടൂർ നന്ദനത്തിൽ പ്രദീപ് കുമാറിന്റെയും ധന്യയുടെയും മകൾ ദേവനന്ദയെ കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് കാണാതായത്. വ്യാഴാഴ്ച പകലും രാത്രിയും മലയാളികൾ കുഞ്ഞിനുവേണ്ടി പ്രാർത്ഥനയോടെ കഴിഞ്ഞു. വെള്ളിയാഴ്ച രാവിലെ വീട്ടിൽനിന്ന് 300 മീറ്റർ അകലെ പള്ളിമൺ ആറിൽ മൃതദേഹം കണ്ടെത്തിയതോടെ ദേവനന്ദ കേരളത്തിന്റെ നൊമ്പരമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP