Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിചാരണ കോടതിയിൽ രാമൻപിള്ള ജൂനിയേഴ്‌സ് നടത്തിയത് വ്യക്തിഹത്യ; കോടതി ഞാൻ പറയുന്ന കാര്യങ്ങൾ പലതും എഴുതി എടുത്തില്ല; സാക്ഷികളെ കൂറുമാറ്റാൻ ശ്രമിച്ച അഭിഭാഷകർക്ക് എതിരെ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് അതിജീവിത നൽകിയ അപേക്ഷയുടെ വിശദാംശങ്ങൾ

വിചാരണ കോടതിയിൽ രാമൻപിള്ള ജൂനിയേഴ്‌സ് നടത്തിയത് വ്യക്തിഹത്യ; കോടതി ഞാൻ പറയുന്ന കാര്യങ്ങൾ പലതും എഴുതി എടുത്തില്ല; സാക്ഷികളെ കൂറുമാറ്റാൻ ശ്രമിച്ച അഭിഭാഷകർക്ക് എതിരെ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് അതിജീവിത നൽകിയ അപേക്ഷയുടെ വിശദാംശങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, കൂടുതൽ ആത്മവിശ്വാസത്തോടെ അതിജീവിത. ആക്രമിക്കപ്പെട്ട വിവരം തുറന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ താൻ ജീവിതകാലം മുഴുവൻ ഭയന്ന് ജീവിക്കേണ്ടി വന്നേനെയെന്ന് അതിജീവിത ടെലിവിഷൻ ചാനലിനോട് പറഞ്ഞു. തനിക്കുണ്ടായ ദുരനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നെന്നും അതിജീവിത പറഞ്ഞു.

'കാര്യങ്ങൾ പുറത്തു പറഞ്ഞില്ലായിരുന്നെങ്കിൽ എന്റെ ജീവിതം എന്താകുമായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്ത് വരുമെന്ന് ഭയന്ന് ജീവിക്കേണ്ടി വരുമായിരുന്നു. അതിക്രമങ്ങൾക്ക് ഇരയാകുന്ന എല്ലാവരോടും തുറന്നു പറയണം എന്ന് പറയുന്നതിൽ അർത്ഥമില്ല. എന്നാൽ അവരുടെ മാനസികാവസ്ഥ പരിഗണിക്കണം. എനിക്കുണ്ടായ ദുരനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.''

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ നല്ല പ്രതീക്ഷയുണ്ട്. കേസ് അന്വേഷണം സംബന്ധിച്ച ആശങ്കകൾ എല്ലാം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് വില കൽപ്പിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ വാക്കുകൾ ആത്മവിശ്വാസം നൽകുന്നതാണെന്നും അതിജീവിത പറഞ്ഞു.

'പ്രതിസന്ധികൾ എങ്ങനെ അതിജീവിച്ചു എന്ന് അറിയില്ല. ഒരുപാട് ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഒരോ ദിവസവും ഓരോ പ്രശ്നങ്ങളാണ് അഭിമുഖീകരിച്ചത്. സമൂഹം നൽകിയ പിന്തുണയിൽ എന്നും എനിക്ക് കടപ്പാടുണ്ട്. ഒറ്റയ്ക്കല്ല എന്ന തോന്നൽ ഉണ്ടായി. ഇപ്പോഴും പോരാടുകയാണെന്ന വിവരം പുറത്ത് അറിയുന്നത് നല്ല കാര്യമാണ്.''

മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നതിൽ സന്തോഷമുണ്ടെന്നും ഏത് ഭാഷയിൽ അഭിനയിച്ചാലും മലയാളമാണ് തന്റെ കുടുംബ ഭാഷയെന്നും അതിജീവിത പറഞ്ഞു.

'നീതി ലഭിക്കണമെന്നാണ് പ്രാർത്ഥനയുള്ളത്. നീതി ലഭിക്കാൻ വേണ്ടിയാണ് പോരാട്ടം നടത്തുന്നത്. ആരും ഒന്നും പ്രതീക്ഷിച്ചല്ല കൂടെ നിൽക്കുന്നത്. എല്ലാവരോടും ഹൃദയം തുറന്ന് നന്ദി പറയുന്നു. സമൂഹത്തോട് ജീവിതകാലം മുഴുവൻ നന്ദി ഉണ്ടാകും.'' സാമൂഹ്യ മാധ്യമങ്ങളിലെ വിമർശനങ്ങളോട് പ്രതികരിക്കാനില്ലെന്നും അതിജീവിത പറഞ്ഞു. തന്നെ അറിയാത്തവർ എവിടെയോ ഇരുന്ന് പറയുമ്പോൾ അത് അവഗണിക്കുകയാണ് നല്ലതെന്നും അതിജീവിത കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിക്ക് അതിജീവിത നൽകിയ അപേക്ഷ ഇങ്ങനെ

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി മുമ്പാകെ അതിജീവിത ബോധിപ്പിക്കുന്ന അപേക്ഷ.

സർ,

അങ്ങയെ കാണുന്നതിനും ഈ നിവേദനം സമർപ്പിക്കുന്നതിനും അവസരം നൽകിയതിനുള്ള നന്ദി ഞാൻ ആദ്യം അറിയിക്കട്ടെ. ഈ കേസിന്റെ എല്ലാ ഘട്ടത്തിലും എന്നോടൊപ്പം അങ്ങ് ഉണ്ടായിട്ടുണ്ട്. അങ്ങ് പകർന്നു നൽകിയ ധൈര്യവും കരുതലും തന്നെയാണ് ഈ കേസിൽ മുന്നോട്ടു പോകുവാനുള്ള എന്റെ കരുത്തും പ്രചോദനവും. കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലല്ല, ഒരച്ഛൻ തന്റെ മകൾക്ക് നൽകുന്ന സ്നേഹവും സംരക്ഷണവുമാണ് ഞാൻ അങ്ങയിൽ നിന്നും അനുഭവിക്കുന്നതും.

ഈ കേസ് തുടങ്ങിയത് മുതൽ സമൂഹത്തിന്റെ പല മണ്ഡലങ്ങളിൽ നിന്നും വ്യക്തിപരമായും അല്ലാതെയും എന്നെ ആക്ഷേപിക്കുന്നതിനും അപമാനിക്കുന്നതിനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ഏറ്റവും നല്ല അന്വേഷണ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി കേസിനെ നല്ല രീതിയിൽ കൊണ്ടുപോകാൻ അങ്ങയുടെ ഇടപെടൽ സഹായിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയപ്പോൾ എനിക്കും കൂടി കംഫർട്ടബിൾ ആയിട്ടുള്ള ആളുകളെ തന്നെ അങ്ങ് ചുമതലപ്പെടുത്തിയതിലുള്ള നന്ദി എനിക്ക് പ്രകടിപ്പിക്കാവുന്നതിനും അപ്പുറത്താണ്. കഴിഞ്ഞ ഒന്നര മാസത്തിനു മുൻപ് മുമ്പ് ഈ അന്വേഷണത്തിന് മേൽനോട്ടച്ചുമതല ഉണ്ടായിരുന്ന ശ്രീ. ശ്രീജിത്ത് ഐപിഎസിനെ അന്വേഷണ ചുമതലയിൽ നിന്നും പെട്ടെന്ന് മാറ്റിയത് കേസിന്റെ അന്വേഷണത്തിനെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.

2020 ജനുവരി മാസത്തിൽ മുപ്പതാം തീയതി മുതൽ ഈ കേസിൽ വിചാരണ ആരംഭിച്ചത് ബന്ധപ്പെട്ട 15 ദിവസത്തെ വിചാരണ കോടതിയിൽ എനിക്ക് നേരിടേണ്ടിവന്നത് അക്ഷരാർത്ഥത്തിൽ സ്ത്രീത്വത്തെ അപമാനിക്കൽ തന്നെ ആയിരുന്നു. വ്യക്തിഹത്യയായിരുന്നു അന്ന് കോടതിയിൽ എതിർഭാഗം വക്കീൽ രാമൻപിള്ള ജൂനിയേഴ്സ് നടത്തിയത്. സുപ്രീംകോടതിയുടെ നിർദ്ദേശങ്ങളൊന്നും തന്നെ ഈ കേസിൽ ആ സമയത്ത് പാലിക്കപ്പെട്ടിരുന്നില്ല. കോടതി പൂർണമായും ഞാൻ പറയുന്ന കാര്യങ്ങൾ പലതും എഴുതി എടുക്കാതിരിക്കുകയും അത് ചോദ്യം ചെയ്തപ്പോൾ പ്രോസിക്യൂഷന് കോടതിയിൽ വലിയ രീതിയിൽ അപമാനം നേരിടേണ്ടി വരികയും ചെയ്തു.

തുടർന്ന് കേസിൽ പ്രതിയായിട്ടുള്ള ദിലീപിന്റെ സ്വാധീനം മൂലം സാക്ഷികളിൽ പലരും കൂറുമാറി. അതുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ പറയുന്ന കാര്യങ്ങളിലും കൊടുക്കുന്ന പരാതികളിലും അപേക്ഷകളിലും ഒന്നും തന്നെ കോടതി നടപടി എടുക്കാതിരിക്കുകയും, കോടതിയും പ്രോസിക്യൂഷനും ശത്രുക്കളായി മാറുകയും പ്രോസിക്യൂഷൻ ഈ കോടതിയെ മാറ്റണമെന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ ഹർജി നൽകുകയും ആ ഹർജി അനുവദിക്കാതെ പോവുകയും വീണ്ടും അതേ ജഡ്ജി തന്നെ വിസ്താരത്തിലേക്ക് വരികയും ചെയ്തു. ഈ സമയത്ത് ആദ്യത്തെ സ്പെഷൽ പ്രോസിക്യൂട്ടർ രാജിവെച്ചു പോകുകയും പിന്നീട് അടുത്ത പ്രോസിക്യൂട്ടർ വരാൻ ഒരുപാട് സമയം എടുക്കുകയും ചെയ്തു.

എന്നാൽ തുടർന്ന് വന്ന പ്രോസിക്യൂട്ടറും കോടതിയിൽ എനിക്കുവേണ്ടി കേസ് വാദിക്കാൻ തെളിവുകൾ ഹാജരാക്കാൻ കോടതി അനുവദിക്കാത്തതുമായി ബന്ധപ്പെട്ട അപമാനഭാരത്താൽ രാജിവെക്കേണ്ടി വന്നു. ഒരു പബ്ലിക് പ്രോസിക്യൂട്ടർ ഇല്ലാതെയാണ് കഴിഞ്ഞ ഒന്നരവർഷമായി കേസ് മുന്നോട്ടു പോയിരുന്നത്. ഇതെല്ലാം കണ്ടിട്ട് എന്തുചെയ്യണമെന്നറിയാതെ ഞാൻ വിഷമിക്കുമ്പോഴും അങ്ങയുടെ പിന്തുണ മാത്രമായിരുന്നു ഞാൻ ധീരയായി മുന്നോട്ടു പോകാൻ കാരണം.

കേസിലെ വിചാരണ നടക്കുന്ന സമയത്ത് നിരവധി സാക്ഷികളെ അവർ മൊഴിമാറ്റി. സാക്ഷികളെ അഭിഭാഷകർ എങ്ങനെ മൊഴിമാറ്റി എന്ന് വ്യക്തമാക്കുന്ന ശബ്ദരേഖകൾ ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്നും കണ്ടുകിട്ടുകയും ചെയ്തു. ഇതിനിടയിൽ ദിലീപിന്റെയും കൂട്ടരുടെയും ഫോണുകളിൽ നിന്നും ലഭിച്ച മുഴുവൻ രേഖകളും നശിപ്പിക്കുന്നതിന് ബോംബെയിലേക്ക് ദിലീപിന്റെ നാല് അഭിഭാഷകർ പോവുകയും അതിനുള്ള തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെത്തന്നെ 2020 ൽ പ്രധാനപ്പെട്ട രേഖയായ മെമ്മറി കാർഡ് കോടതിയിൽ ഇരിക്കുമ്പോൾ അനുവാദമില്ലാതെ ടാമ്പർ ചെയ്യപ്പെട്ടതും, ഇതിനെ സംബന്ധിച്ചുള്ള റിപ്പോർട്ട് 10-1-2020 കോടതിയിൽ കിട്ടിയിട്ടുണ്ട്. അക്കാര്യം ഇതുവരെ കോടതി പ്രോസിക്യൂഷനെ അറിയിക്കുകയോ അതിന് വേണ്ടി ഒരു നടപടിയെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. കോടതിയിൽ നിന്നും ദൃശ്യങ്ങൾ ചോർന്നത് സ്വകാര്യതയുടെ ലംഘനമാണ്. കോടതിയുടെ അനുമതിയോടെ ചോർന്ന ദൃശ്യങ്ങൾ പലരുടേയും ഫോണുകളിൽ കണ്ടിട്ടുണ്ട് എന്ന് പിന്നീട് വന്ന പല വാർത്തകളിലൂടെയും ഞാൻ അറിഞ്ഞു.

അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ 4-4-22ൽ ഇതിനേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള പരാതി ആ കോടതിയിൽ നൽകി. അതിന്റെ മേൽ കോടതി യാതൊരുവിധത്തിലുള്ള നടപടികളും എടുത്തില്ല. ഇതിനിടയിൽ ഈ കേസ് പെട്ടെന്ന് തീർക്കണമെന്ന് കോടതിയിൽ നിന്ന് ഉത്തരവ് ഉണ്ടായി. കേസിന്റെ കാലാവധി നീട്ടി കിട്ടുന്നതിനുവേണ്ടി പ്രോസിക്യൂഷൻ കോടതിയിൽ കേസ് കൊടുത്തപ്പോഴും കോടതി ഈ മെമ്മറി കാർഡ് ടെമ്പർ ചെയ്ത കാര്യത്തെ സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടില്ല. ഇപ്പോൾ കോടതി അനുവദിച്ചിരുന്ന സമയം 30-5-22 കഴിയുകയാണെന്നും 30-5-22 ചാർജ് ഷീറ്റ് കൊടുക്കണമെന്ന് മുകളിൽ നിന്നും ഒന്നും ഉത്തരവ് ഉണ്ടായിട്ടുണ്ട് എന്ന് അറിയാൻ കഴിഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥർക്ക് തുടർ അന്വേഷണത്തിനായി സമയം അനുവദിക്കില്ല എന്ന് ഇന്ന് ഹൈക്കോടതിയിൽ നിന്നും ചാനലുകളിൽ വന്ന വാർത്തകളിലൂടെ അറിയാൻ സാധിച്ചു. ഇങ്ങനെ വന്നപ്പോൾ പലപ്രാവശ്യം ഇതിനുള്ള അപ്പീൽ കൊടുക്കുന്നത് സംബന്ധിച്ച് കൃത്യമായ ഒരു ഉത്തരം കിട്ടാത്ത സാഹചര്യത്തിൽ കോടതി പറഞ്ഞ ഈ സമയത്തിൽ ഈ കേസിന്റെ ചാർജ് കൊടുത്താൽ പിന്നെ ഈ കേസിൽ നീതി കിട്ടില്ല എന്ന് ഉറപ്പായതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിൽ ഞാനായിട്ട് ഒരു ഹർജി നൽകിയത്.

സർക്കാരിനോട് ഒരു ഘട്ടത്തിലും എനിക്ക് അഭിപ്രായവ്യത്യാസം ഉണ്ടായിട്ടില്ല എന്ന് ഞാൻ അറിയിക്കട്ടെ. ഈ കേസിന്റെ ചല ഘട്ടങ്ങളിലും പല പ്രാവശ്യം ഞാൻ അങ്ങയെ കാണാൻ ശ്രമിച്ചെങ്കിലും അങ്ങയെ കാണാൻ സാധിച്ചില്ല. തൃക്കാക്കര തെരഞ്ഞെടുപ്പ് എന്നെ സംബന്ധിച്ചിടത്തോളം പ്രശ്നമല്ല. അതിനു വേണ്ടി ആരുടെയും പക്ഷം ഞാൻ പിടിച്ചിട്ടുമില്ല. എന്റെ കൂടെ അങ്ങ് എപ്പോഴും ഉണ്ടാകും എനിക്കുറപ്പുണ്ട്. പല വാർത്താ മാധ്യമങ്ങളിലും ഈ കേസ് അവസാനിപ്പിക്കുകയാണെന്നും, ചാർജ് ഷീറ്റ് കൊടുക്കുകയാണെന്നും വാർത്തകൾ വന്നിരുന്നു. അന്നേരവും എനിക്ക് നീതി കിട്ടും എന്ന് അങ്ങ് പറഞ്ഞ വാക്കുകൾ എനിക്ക് നൽകിയത് അത്രയേറെ ആശ്വാസവും സന്തോഷവുമാണെന്ന് ഞാൻ മറച്ചു വെയ്ക്കുന്നില്ല. ആയതിനാൽ താഴെപ്പറയുന്ന കാര്യങ്ങൾ അങ്ങ് എനിക്ക് വേണ്ടി ചെയ്തു തരണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത് എനിക്ക് വേണ്ടി മാത്രമായില്ല ഞാൻ പറയുന്നത്. കേരളത്തിലെ എല്ലാ സ്ത്രീകളുടെയും പ്രതിനിധിയാണ് ഞാൻ നിവേദനം അങ്ങേയ്ക്ക് സമർപ്പിക്കുന്നത്.

1, നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ച് എനിക്ക് പരാതിയില്ല. അവർക്ക് അന്വേഷണം സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണം.

2, ഈ കേസിലെ സാക്ഷികളെ കൂറുമാറ്റിക്കുന്നതിന് ശ്രമിച്ച അഭിഭാഷകർക്കെതിരെ അന്വേഷണം നടത്തുന്നതിന് ഉത്തരവ് ഉണ്ടാകണം.

3, കോടതിയിൽ ഇരുന്ന മെമ്മറി കാർഡ് എങ്ങനെ ടാമ്പർ ചെയ്യപ്പെട്ടു എന്ന് അന്വേഷിക്കുന്നതിന് ഉത്തരവാകണം.

4, അടിയന്തരമായി സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണം.

5, കേസിന്റെ അന്വേഷണത്തിൽ രാഷ്ട്രീയമായി ആരും ഇടപെടാതിരിക്കുന്നതിനുള്ള നിലപാട് എടുക്കണം.

കാരണം പ്രതികൾ പ്രബലരാണ് പണവും സ്വാധീനവും ഉള്ളവരാണ്. പല തരത്തിൽ അവർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്.

എന്ന്

അതിജീവിത

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP