Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വഴി ഇല്ലാത്തതിനാൽ കായലിൽ താഴ്‌ത്തിയ മരക്കൊമ്പുകളിലും തടികളിലും ചവിട്ടി നടപ്പ്; അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് 18 വർഷം; സർക്കസ് അഭ്യാസികളെ പോലെ അപകടം പിടിച്ച പാലം വഴി നടക്കുന്ന കുടുംബത്തെ കണ്ടില്ലെന്ന് നടിച്ച് അധികൃതർ; ദുരിതം നേരിട്ട് ബോധിപ്പിച്ചിട്ടും അനങ്ങാതെ കലക്ടറും

വഴി ഇല്ലാത്തതിനാൽ കായലിൽ താഴ്‌ത്തിയ മരക്കൊമ്പുകളിലും തടികളിലും ചവിട്ടി നടപ്പ്; അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് 18 വർഷം; സർക്കസ് അഭ്യാസികളെ പോലെ അപകടം പിടിച്ച പാലം വഴി നടക്കുന്ന കുടുംബത്തെ കണ്ടില്ലെന്ന് നടിച്ച് അധികൃതർ; ദുരിതം നേരിട്ട് ബോധിപ്പിച്ചിട്ടും അനങ്ങാതെ കലക്ടറും

പീയൂഷ് ആർ

കൊച്ചി : എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള, താങ്കൾ കുമ്പളം പൊറോണേഴത്ത് കടവിൽ ചിറ്റേഴത്ത് വീട് വരെ ഒന്നു വരണം. ആ വീട്ടിലേക്ക് വരുമ്പോൾ താങ്കൾക്ക് മനസ്സിലാവും വഴിയില്ലാതെ ദുരിതമനുഭവിക്കുന്ന ശശിയുടെ കുടുംബത്തിന്റെ നിസഹായാവസ്ഥ. കായലിൽ നാട്ടിയ ചുള്ളിക്കമ്പിന്റെയും അതിൽ ഉറപ്പിച്ച തടിക്കഷ്ണങ്ങളിലും ചവിട്ടി ഈ കുടുംബം നടക്കാൻ തുടങ്ങിയിട്ട് 18 വർഷം. അത്രത്തോളം തന്നെ പഴക്കമുണ്ട് താങ്കളുടെ ഓഫീസിൽ അപേക്ഷയുമായി ഇവർ കയറി ഇറങ്ങാൻ തുടങ്ങിയിട്ട്. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും പുറത്തിറങ്ങാൻ ഏറെ അപകടം പിടിച്ച ഈ കായൽ വഴിയിൽ തന്നെ വീണു മരിക്കുമോ എന്ന പേടിയിലാണിവർ.

ഇനി കഥയിലേക്ക് വരാം. ധീവര സമുദായത്തിലുള്ള ശശി മത്സ്യത്തൊഴിലാളിയായിരുന്നു. ഭാര്യ മണിമേഖലയും നാലു വയസ്സുകാരനായിരുന്ന മകൻ യദുകൃഷ്ണനും കുമ്പളത്തെ ഈ കായൽ തീരത്ത് സ്ഥലം വാങ്ങി താമസം തുടങ്ങിയത് 24 വർഷം മുൻപായിരുന്നു. സുഹൃത്തിന്റെ അമ്മയുടെ പേരിലുള്ള വസ്തു വിറ്റതിന് ശേഷമുണ്ടായിരുന്ന നാലു സെന്റ് സ്ഥലം അന്ന് 8000 രൂപ സെന്റിന് നൽകി വാങ്ങുകയായിരുന്നു. വാങ്ങുന്ന കാലഘട്ടത്തിൽ തൊട്ടടുത്ത പറമ്പിൽ കൂടെയായിരുന്നു നടവഴി. മത്സ്യബന്ധനത്തിനുള്ള സൗകര്യാർത്ഥമായിരുന്നു കായലിനോട് ചേർന്നുള്ള സ്ഥലം വാങ്ങിയത്.

തൊട്ടടുത്തെ വീട്ടുകാർ വേലി കെട്ടി തിരിച്ചതോടെയാണ് ഇവർക്ക് സഞ്ചാര സ്വാതന്ത്രം ഇല്ലാതായത്. തീരെ നിർദ്ധനരായ ഇവർ സ്വന്തം സ്ഥലത്ത് നിന്നും കുറച്ച് സ്ഥലം നൽകാമെന്നും വഴിക്കായി സ്ഥലം വിട്ടുനൽകാനും അയൽ വീട്ടുകാരനോട് അഭ്യർത്ഥിച്ചു. എന്നാൽ അവർ സ്ഥലം വിട്ടുനൽകാൻ തയ്യാറായില്ല. വീട്ടിൽ നിന്നും പുറത്തേക്കിറങ്ങാൻ കഴിയാതായതോടെ ശശി കണ്ടെത്തിയ ഉപായമായിരുന്നു കായലിൽ കമ്പുകൾ നാട്ടി താൽക്കാലിക നടപ്പാത നിർമ്മിക്കുക എന്നത്. പിന്നീട് അധികാരികളെ കണ്ട് തന്റെ വിഷമ സ്ഥിതി ബോധിപ്പിക്കുമ്പോൾ വഴി കിട്ടും എന്നാണ് ആ സാധു മനുഷ്യൻ കരുതിയത്. എന്നാൽ മറിച്ചാണ് സംഭവിച്ചത്. അധികാര വൃന്ദങ്ങൾ ഇവർക്ക് മുന്നിൽ മുഖം തിരിച്ചു നിന്നു. താൽക്കാലികമായി കെട്ടിയ പാലം ഇതോടെ സ്ഥിരം ഉപയോഗിക്കേണ്ടതായി തീർന്നു.

കുഞ്ഞ് യദു കൃഷ്ണൻ സ്‌ക്കൂളിൽ പോകാനായി ഈ പാലത്തിൽ കൂടി പോയി കായലിൽ വീണ് അപകടം പറ്റിയിരുന്നു. അതറിഞ്ഞ് സ്‌ക്കൂളിലെ പ്രിൻസിപ്പാൾ അച്ഛൻ കാണാനെത്തി ഈ പാലത്തിൽ നിന്നും വീണു പരിക്കേൽക്കുകയുമുണ്ടായി. അന്നൊക്കെ ഈ സംഭവങ്ങൾ പത്രങ്ങ പത്ര വാർത്തകളിൽ ഒതുങ്ങി എന്നല്ലാതെ യാതൊരു നടപടിയുമുണ്ടായില്ല.

'പതിനെട്ട് വർഷമായി വിവിധ സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങുന്നു. യാതൊരു നടപടിയുമുണ്ടായില്ല. മഴ പെയ്താലും ഇല്ലെങ്കിലും വേലിയേറ്റ സമയത്ത് വീടിന്റെ ഫൗണ്ടേഷൻ വരെ വെള്ളം പൊങ്ങും. ഞങ്ങൾ വെള്ളത്തിൽ ജീവിക്കുന്ന ജീവികളെ പോലെയാണ് ജീവിക്കുന്നത്. കാലുകൾ അഴുകി എപ്പോഴും വ്രണങ്ങളാണ്. നീതി തേടി നിരവധി തവണ കളക്ടർ ഓഫീസിൽ കയറി ഇറങ്ങി. കോടതിയിൽ പോകാനാണ് അവർ നിർദ്ധേശിച്ചത്. അതിനുള്ള വരുമാനം എനിക്കില്ല. ഇത്രനാളും എല്ലാം സഹിച്ചു ജീവിച്ചു. മകന് 18 വയസ്സ് കഴിഞ്ഞു. ഇനിയും നീതി ലഭിച്ചില്ലെങ്കിൽ....... ഒന്നും അറിയില്ല...' ശശി പറഞ്ഞ് വന്നത് പൂർത്തിയാക്കാതെ വിതുമ്പി. മത്സ്യ തൊഴിലാളിയായിരുന്ന ശശി മത്സ്യത്തിന്റെ ലഭ്യത കുറവായതിനാൽ ഇപ്പോൾ പെയിന്റിങ്ങ് ജോലിക്ക് പോകുകയാണ്. ഭാര്യ മണിമേഖല തയ്യൽ ജോലിക്കും പോകുന്നുണ്ട്. മകൻ യദുകൃഷ്ണൻ പ്ലസ് ടു പഠിക്കുന്നതിനിടയിലും ചെറിയ ജോലിക്ക് പോകുന്നുണ്ടായിരുന്നു. എന്നാൽ അടുത്തിടെ ഉദര സംബന്ധമായ രോഗം മൂലം വീട്ടിൽ തന്നെയാണ്.

ഇനിയെങ്കിലും അധികാരികൾ കണ്ണു തുറന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുകയേ വഴിയുള്ളൂ എന്നാണ് മണിമേഖല പറയുന്നത്. വഴി കിട്ടാനായി റവന്യൂ ഓഫീസിൽ പോയിരുന്നത് മണിമേഖലയായിരുന്നു. അപേക്ഷ നോക്കിയിട്ട് നിങ്ങളായിട്ടല്ലേ അവിടെ പോയി സ്ഥലം വാങ്ങിയത് എന്ന് പറഞ്ഞ് കളിയാക്കി തിരിച്ചു വിടുകയായിരുന്നു. കുടിവെള്ള പൈപ്പിൽ നിന്നും കുടങ്ങളിൽ വെള്ളവും നിറച്ച് അപകടം പിടിച്ച ഈ പാലത്തിൽ കൂടിയാണ് മണിമേഖല വീട്ടിലേക്ക് വരുന്നത്.

പാലമൊടിഞ്ഞു വീഴുമോ എന്ന പേടിയിൽ ഇവരുടെ വീട്ടിലേക്ക് പോസ്റ്റുമാനും ഇലക്ട്രിസിറ്റി ബില്ലുമായി ജീവനക്കാരും എത്താറില്ല. വെള്ളം കയറി വീടിന്റെ ഭിത്തിയും കാറ്റടിച്ച് മേൽക്കൂരയും തകർന്നിരിക്കുകയാണ്. മഴ പെയ്താൽ അന്ന് പിന്നെ ഇവർക്ക് ഉറക്കമില്ല. ചോർന്നൊലിക്കുന്ന വീടിനുള്ളിൽ വീഴുന്ന വെള്ളം പാത്രങ്ങളിൽ പിടിച്ച് പുറത്ത് കളയണം. വീട് എത് നിമിഷവും നിലം പൊത്തും. ലൈഫ് മിഷൻ പദ്ധതി പ്രകാരം വീടിനായുള്ള ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. പക്ഷേ വീട് വയ്ക്കാനുള്ള സാധന സാമഗ്രികൾ എങ്ങനെ എത്തിക്കും എന്നതും ഇവരെ ഏറെ വിഷമിപ്പിക്കുന്നുണ്ട്.

ദുരവസ്ഥ നേരിട്ട് കണ്ട് ഉദ്യോഗസ്ഥർ മനസ്സിലാക്കിയിട്ടും ഒന്നും ചെയ്യുന്നില്ല. കുമ്പളം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലെ താമസക്കാരാണിവർ. സമീപ വാസികൾ കായൽ കയ്യേറി സ്ഥലം നികത്തി എടുത്ത് മതിൽ കെട്ടിയതിന്റെ വശത്ത് കൂടെയാണ് ഇവർ കായലിലെ ഈ താൽക്കാലിക പാലം കെട്ടിയിരിക്കുന്നത്. കളക്ടർ ഈ സ്ഥലം ഏറ്റെടുത്ത് ഇവർക്ക് വഴിയൊരുക്കി നൽകാൻ കഴിയും. എന്നാൽ എല്ലാവരും അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുകയാണ്. അപകടം പിടിച്ച ഈ നടപ്പാലത്തിൽക്കൂടി പോകുന്നതിനിടയിൽ ആർക്കെങ്കിലും ഒരത്യാഹിതം സംഭവിച്ചാൽ ജില്ലാ കളക്ടർ താങ്കൾ മാത്രമാവും ഉത്തരവാദി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP