Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

മേരെ പ്യാരി ദേശ് വാസിയോം..! ഇന്ന് രാജ്യം നടുങ്ങിയതിന്റെ മൂന്നാം വർഷികം; ഇന്ത്യയെ വാർത്തെടുത്തു സാമ്പത്തിക വളർച്ച 10 ശതമാനത്തിനും മേലെ കൊണ്ടുപോകും; ഒരു കൊല്ലം രണ്ട് കോടി പുതിയ ജോലികൾ സൃഷ്ടിക്കും; അങ്ങനെ നോട്ട് നിരോധനത്തിന് ഒപ്പം മോദി സർക്കാർ നൽകിയത് മനം നിറയ്ക്കുന്ന 'വാഗ്ദാനങ്ങൾ'; കിട്ടിയതോ സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും അസ്ഥിരതയും; സാമ്പത്തിക സർജിക്കൽ സ്‌ട്രൈക് 130 കോടി ജനങ്ങളെ ഒന്നിച്ചു ദുരിതത്തിലാക്കിയ നടപടി

മേരെ പ്യാരി ദേശ് വാസിയോം..! ഇന്ന് രാജ്യം നടുങ്ങിയതിന്റെ മൂന്നാം വർഷികം; ഇന്ത്യയെ വാർത്തെടുത്തു സാമ്പത്തിക വളർച്ച 10 ശതമാനത്തിനും മേലെ കൊണ്ടുപോകും; ഒരു കൊല്ലം രണ്ട് കോടി പുതിയ ജോലികൾ സൃഷ്ടിക്കും; അങ്ങനെ നോട്ട് നിരോധനത്തിന് ഒപ്പം മോദി സർക്കാർ നൽകിയത് മനം നിറയ്ക്കുന്ന 'വാഗ്ദാനങ്ങൾ'; കിട്ടിയതോ സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും അസ്ഥിരതയും; സാമ്പത്തിക സർജിക്കൽ സ്‌ട്രൈക് 130 കോടി ജനങ്ങളെ ഒന്നിച്ചു ദുരിതത്തിലാക്കിയ നടപടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; മേരെ പ്യാരി ദേശ് വാസിയോം എന്ന് മൂന്നു വർഷം മുൻപ് കേട്ടതോടൊയാണ് രാജ്യം ഒന്നാകെ നടുങ്ങിയത്. ഇന്നും ഈ വാക്കിനോട് ഏവർക്കും പ്രത്യേകമായ ഒരു ഭയം നിലനിൽക്കുന്നുണ്ട്. മൂന്ന് വർഷങ്ങൾക്ക് മുൻപ് നവംബർ 8 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ റദ്ദാക്കി കൊണ്ട് നോട്ട് നിരോധനം പ്രഖ്യാപിക്കുന്നത്. കള്ളപ്പണം പൂർണ്ണമായും ഇല്ലാതാക്കുക, ഭീകരവാദികൾക്കുള്ള സാമ്പത്തിക സ്രോതസ് അടക്കുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങളായിരുന്നു നോട്ട് നിരോധനത്തിന് പിന്നിൽ. എന്നാൽ ഇത് സാമ്പത്തിക മാന്ദ്യത്തിലേക്കും പണഞെരുക്കത്തിലേക്കും രാജ്യത്തേയും ജനങ്ങളേയും ചെന്നെത്തിച്ചുവെന്നല്ലാതെ പ്രത്യേകിച്ച് നേട്ടങ്ങളെന്തെങ്കിലും കൈവരിച്ചിട്ടുണ്ടെന്ന് പറയാൻ കഴിയില്ലെന്ന് മാത്രമല്ല ജനങ്ങൾക്ക് നൽകിയത് ദുരിതം മാത്രമായിരുന്നു.

്പുതിയ ഇന്ത്യയെ വാർത്തെടുത്തു സാമ്പത്തിക വളർച്ച 10 ശതമാനത്തിനും മേലെ കൊണ്ടുപോയി ഒരു കൊല്ലം രണ്ട് കോടി പുതിയ ജോലികൾ സ്ൃഷ്ടിക്കുമെന്നു വാഗ്ദാനം നൽകിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ആയിരുന്നു അത്. 500 1000 രൂപ നോട്ടുകൾ ഒറ്റയടിക്ക് ഇല്ലാതാക്കിയ നടപടി. ഒരു സാമ്പത്തിക സർജിക്കൽ സ്ട്രൈക് 130 കോടി ജനങ്ങളെ ഒന്നിച്ചു ലാക്കാക്കിയുള്ള നടപടി.

ഈ നടപടിയിലൂടെ രാജ്യത്തെ എല്ലാ ജനങ്ങളും കള്ളപ്പണക്കാരായി, അഴിമതിക്കാരായി, കള്ളനോട്ടടിക്കാരായി. കള്ളപ്പണക്കാരായവർ 50 ശതമാനം ഒരു സമൂഹത്തിൽ ഉണ്ടായാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ, ആർക്കും ആരെയും വിശ്വസിക്കാൻ പറ്റില്ല. എല്ലാവരും കക്കാനും മുടിക്കാനും മാത്രമുള്ളവരാവും. എന്നാൽ ഈ രാജ്യം എന്നല്ല ലോകത്തിലെ ഒരു സമൂഹവും മൊത്തം കള്ളന്മാരോ അഴിമതിക്കാരോ ആയിട്ടില്ല

130 കോടിയിലെ വെറും മൂന്ന് ശതമാനം നടത്തുന്ന അല്ലെങ്കിൽ ഭാഗഭാക്കായ സാമ്പത്തിക തിരിമറികളെ പിടിക്കാനാണ് അതിബുദ്ധിമാനായ ഒരു പ്രധാനമന്ത്രിയും അദ്ദേഹത്തെ ഉപദേശിച്ച ചെറിയ സംഘവും കൂടി വലിയ സംഖ്യകളിലുള്ള നോട്ടു നിരോധനത്തിലൂടെ ശ്രമിച്ചത്. സമ്പദ് ഘടനയിലെ 85 ശതമാനം തുക അതായതു 14 ലക്ഷം കോടി രൂപയാണ് ഒറ്റ രാത്രികൊണ്ട് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലെ ഒരു അജ്ഞാത സംഘം (ഹസ്മുഖ് ആദിയ IAS ഒഴികെ ഇതിന്റെ പുറകിലെ വേറെ ഒരു പേര് പോലും ഒരു വർഷം കഴിഞ്ഞിട്ടും പുറത്തു വന്നിട്ടില്ല) വെറും കടലാസ് മാത്രമാക്കിയത്. അനിൽ ബോകിലിനെ പോലത്തെ ചിലർ അതും ഞമ്മളാണെന്നു വിളിച്ചു കൂവുന്ന എട്ടുകാലി മമ്മൂഞ്ഞുകൾ മാത്രമേ പുറത്തു വന്നത്. കാറ്റ് കൊടുങ്കാറ്റായെന്നും സമ്പദ് വ്യവസ്ഥയുടെ തായ്വേരിനെയാണ് പിടിച്ചുലച്ചതെന്നും മനസിലാക്കിയപ്പോൾ അവരും കളം മാറി.

എലിയെ പിടിക്കാൻ ഇല്ലം ചുട്ട മോദിയും അനുയായികളും സാമ്പത്തിക വർഷത്തെ രണ്ടു പ്രധാന ക്വാർട്ടറിൽ വളർച്ചയെ തകർത്തു കളഞ്ഞു. തൊഴിൽ വളർച്ച മുരടിച്ചു, പല സ്ഥാപനങ്ങളും അടച്ചുപൂട്ടലിലേക്ക് നീങ്ങി, ഒപ്പം യാതൊരു ട്രയൽ റണ്ണും നടത്താതെ നേരെ നടപ്പിലാക്കിയ വളച്ചൊടിച്ച ചരക്ക് സേവന നികുതി (GST) ഇടിവെട്ടേറ്റവന്റെ മുകളിൽ പാമ്പുകടിച്ച മാതിരി പ്രയോഗമായി.

പണം, ഒരു ക്യാഷ് അടിസ്ഥാനമായ സമ്പദ് വ്യവസ്ഥയുടെ ജീവനാഡിയും ജീവരക്തവും ആണ്. രക്തത്തിൽ മാലിന്യത്തിന്റെ അളവ് പ്രധാന അവയവങ്ങളെ മാരകമായി ബാധിക്കുന്ന രീതിയിൽ കൂടുമ്പോൾ മാത്രമാണ് ഡയാലിസിനു ഡോക്ടർ ആവശ്യപ്പെടുന്നത്. അല്ലാത്ത ഘട്ടങ്ങളിൽ മരുന്ന് കൊണ്ട് മാറ്റാൻ ശ്രമിക്കും. ഡയാലിസിനു പോകുമ്പോൾ ആദ്യം ഉപകരണങ്ങൾ സജ്ജമാക്കും, പിന്നെ വേണ്ട അളവിൽ ആവശ്യമുള്ള ഗ്രൂപ്പ് രക്തം ഉണ്ടോ എന്ന് നോക്കും. ഇതൊക്കെ കഴിഞ്ഞിട്ടേ ഡോക്ടറും ഉത്തരവാദിത്തപ്പെട്ട ആളുകളും ഡയാലിസിസിന് തയ്യാറാവു.

ഇന്ത്യയിൽ കള്ളപ്പണവും അഴിമതിയും മാരക രോഗങ്ങളായി മാറി. പക്ഷെ അതിന്റെ പങ്കാളികൾ മൊത്തം ജനതയുടെ മൂന്ന് ശതമാനം വരുന്നവർ മാത്രമാണ്. കാരണം ഒരു ശതമാനം ആളുകൾ 60 ശതമാനം സ്വത്ത് കൈയാളുന്നു. 90 ശതമാനം ആളുകളുടെ കൈയിൽ പത്തുശതമാനം പോലും സ്വത്തില്ല. അപ്പോൾ ഊഹിക്കാം ദൃഢനിശ്ചയവും പ്രതിബദ്ധതയുമുള്ള ഒരു ഗവൺമെന്റിനു കള്ളപ്പണക്കാരെയും, അഴിമതിവീരന്മാരേയും പിടികൂടാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലെന്ന്. രോഗ ചികിത്സക്ക് ഡയാലിസിസ് ഒന്നും വേണ്ടെന്നും.

ക്യാഷ്ലെസ് ഇക്കണോമി നടപ്പിലാക്കുകയെന്ന മറ്റൊരു ലക്ഷ്യം കൂടി നോട്ട് നിരോധനത്തിന് പിന്നിൽ ഉണ്ടായിരുന്നു. അതായത് പണമിടമാടുകൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുക. ഈ തലത്തിൽ രാജ്യത്ത് ഡിജിറ്റലൈസേഷൻ വളരെ പെട്ടെന്ന് നടപ്പാക്കാൻ നോട്ട് നിരോധനം സഹായിച്ചിട്ടുണ്ടെങ്കിലും ഇതും പൂർണ്ണമാണെന്ന് പറയാൻ കഴിയില്ല.കാരണം, മൂന്ന് വർഷങ്ങൾക്കിടയിൽ യു.പി.ഐ, ഡെബിറ്റ് കാർഡ്സ്, മൊബൈൽ ബാങ്കിങ്, തുടങ്ങിയവക്ക് വൻ ജനപ്രീതിയാണുണ്ടായത്. പക്ഷെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്ക് പ്രകാരം 2016 നവംബറിനും 2019 സെപ്റ്റംബറിനും ഇടയിൽ കറൻസിയുടെ ഉപയോഗം 13.3 ശതമാനം വർധിച്ചുവെന്നും ഒപ്പം ബാങ്ക് നിക്ഷേപങ്ങളിൽ വലിയ ഇടിവുണ്ടായതായും കണക്കാക്കുന്നു.

രാജ്യത്ത് നോട്ട് നിരോധനത്തിലൂടെ കള്ളപണം തടയുന്നതിനായി ആയിരത്തിന്റെയും അഞ്ഞൂറിന്റെയും 15.4 ലക്ഷം കോടി രൂപ നോട്ടുകൾ അസാധുവാക്കപ്പെട്ടെങ്കിലും ഇതിൽ 99 ശതമാനം നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയതോടെ നോട്ട് നിരോധനം അവിടേയും പരാജയപ്പെട്ടു. ഒപ്പം ഭീകരവാദത്തെ നോട്ട് നിരോധനം തുടച്ചു നീക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും കഴിഞ്ഞ മൂന്നുവർഷം കൊണ്ട് ഭീകരവാദ പ്രവർത്തനങ്ങളിലും കാര്യമായ കുറവൊന്നുമുണ്ടായിട്ടില്ല.

ഇന്ത്യൻ വിപണിയിലെ ഉപഭോഗം കുറയാൻ തുടങ്ങിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തിന് ശേഷമാണെന്നും ആർ.ബി.ഐ റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. 2016 ലെ നോട്ട് നിരോധനത്തിന് ശേഷം ഉപഭോക്ത വായ്പകളുടെ മൊത്ത ബാങ്ക് റെക്കോർഡ് കുത്തനെ കുറഞ്ഞതായാണ് റിപ്പോർട്ട്.രാജ്യത്തെ വ്യാവസായിക മേഖല നേരിടുന്ന പ്രസിന്ധിക്കും കാരണം നോട്ട് നിരോധനമാണെന്ന് വ്യക്തമാക്കി നിരവധി കമ്പനികളും രംഗത്തെത്തിയിരുന്നു.

ഇത് കൂടാതെ 45 വർഷത്തെ ഏറ്റഴും വലിയ തൊഴിലില്ലായ്മ നിരക്കാണ് രാജ്യം അഭിമുഖീകരിക്കുന്നത്.ഇത്തരത്തിൽ നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ അത് വലിയ നേട്ടമായി കണക്കാക്കുന്ന കേന്ദ്രസർക്കാർ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലെത്തിച്ചെന്ന് വേണം കണക്കാക്കാൻ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP