Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

99 ലെ വെള്ളപ്പൊക്കം ഓർത്തെടുക്കുന്ന പഴമക്കാർ പോലും പറയുന്നു വളപട്ടണം പുഴ അന്നിത്ര കലി കൊണ്ടിട്ടില്ലെന്ന്; ഇത്തവണ വെള്ളം കുത്തിയൊലിച്ചത് പുഴയും നാടും തിരിച്ചറിയാനാവാത്ത വിധം; വീടും കൃഷിയിടങ്ങളും നഷ്ടമായത് ആയിരങ്ങൾക്ക്; ജീവൻ രക്ഷിക്കാൻ എല്ലാം വിട്ടോടിയവർ ഇനി തുടങ്ങേണ്ടത് പൂജ്യത്തിൽ നിന്ന്

99 ലെ വെള്ളപ്പൊക്കം ഓർത്തെടുക്കുന്ന പഴമക്കാർ പോലും പറയുന്നു വളപട്ടണം പുഴ അന്നിത്ര കലി കൊണ്ടിട്ടില്ലെന്ന്; ഇത്തവണ വെള്ളം കുത്തിയൊലിച്ചത് പുഴയും നാടും തിരിച്ചറിയാനാവാത്ത വിധം; വീടും കൃഷിയിടങ്ങളും നഷ്ടമായത് ആയിരങ്ങൾക്ക്; ജീവൻ രക്ഷിക്കാൻ എല്ലാം വിട്ടോടിയവർ ഇനി തുടങ്ങേണ്ടത് പൂജ്യത്തിൽ നിന്ന്

രഞ്ജിത്ത് ബാബു

കണ്ണൂർ: ഉത്തര കേരളത്തിലെ പ്രധാന നദിയാണ് വളപട്ടണം പുഴ. ഒട്ടേറെ ഗ്രാമങ്ങളുടെ ജീവിത താളമായിരുന്ന വളപട്ടണം പുഴ സമീപകാലത്തൊന്നുമില്ലാത്ത പ്രളയത്തിനാണ് ഇത്തവണ സാക്ഷ്യം വഹിച്ചത്. 1924 ലിലും 1974 ലിലും വലിയ വെള്ളപ്പൊക്കം ഈ പുഴയോരത്തുണ്ടായിരുന്നു. 1999 ൽ സമാനമായ വെള്ളക്കയറ്റം ഉണ്ടായിരുന്നു. നിരവധി പേരുടെ ജീവൻ എടുക്കുകയും ഒട്ടേറെ വീടുകൾക്ക് നാശം വരുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇന്നത്തെ പോലെ കെട്ടുറപ്പുള്ള വീടുകളായിരുന്നില്ല അന്ന്. പുഴയുമായി കാര്യമായ അകലം പാലിച്ചിരുന്നുമില്ല അക്കാലത്ത് വീടുകൾ പണിതത്.

99 ലെ പ്രളയത്തിനേക്കാൾ നാശനഷ്ടങ്ങളാണ് ഇത്തവണ വളപട്ടണം പുഴ വരുത്തി വെച്ചത്. കഴിഞ്ഞ ഏഴാം തീയ്യതി വൈകീട്ടോടെ പൊങ്ങിയ പുഴ 11 ന് രാത്രിയോടെയാണ് അല്പമൊന്നിറങ്ങിയത്. എന്നാൽ അന്നൊന്നുമില്ലാത്ത ഉയരത്തിലാണ് ഇത്തവണ വെള്ളം കയറിയത്. വീടുകളുടേയും കെട്ടിടങ്ങളുടേയും തറക്കൊപ്പം നിന്നിരുന്ന വെള്ളം മാത്രമേ അക്കാലത്ത് പോലും ഉണ്ടായിരുന്നുള്ളൂവെന്ന് പഴമക്കാർ പറയുന്നു. ഇത്തവണ വെള്ളം കയറി ഇറങ്ങിയ ശേഷം വീണ്ടും കയറുന്ന പ്രവണതയുമുണ്ടായി. ഇത്തരമൊരു വ്യതിയാനം എന്ത്കൊണ്ടുണ്ടായി എന്നതും ആശങ്ക വളർത്തുന്നു. ഇത്തവണത്തെ വെള്ളപ്പൊക്കത്തിൽ ആയിരക്കണക്കിന് വീടുകൾക്കും കൃഷിയിടങ്ങൾക്കുമാണ് നാശനഷ്ടങ്ങളുണ്ടായത്.

പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി മലനിരകളിൽ നിന്നും ഉത്ഭവിച്ച് വിവിധ ഗ്രാമങ്ങൾ താണ്ടിയാണ് വളപട്ടണം പുഴ അറബിക്കടലിൽ പതിക്കുന്നത്. മലബാറിലെ ഏറ്റവും വെള്ളമൊഴുകുന്ന പുഴയെന്ന ബഹുമതിയും വളപട്ടണത്തിനാണ്. മലനിരകളിലെ ഉരുൾ പൊട്ടലിൽ നിന്ന് ഒഴുകിയെത്തിയ വെള്ളവും അതിശക്തമായ മഴയുമാണ് പുഴയുടെ ഒഴുക്കിന്റെ താളം തെറ്റിച്ചത്. പുഴയും നാടും തിരിച്ചറിയാനാവാത്ത വിധം വെള്ളം കുത്തിയൊഴുകി. ജനങ്ങൾ അധിവസിക്കുന്ന ഗ്രാമങ്ങളിലേക്ക് ഒഴുക്കെത്തിയതോടെ ജീവൻ രക്ഷിക്കാൻ വീട് വിട്ട് ഓടേണ്ടി വന്നു. എല്ലാ സമ്പാദ്യങ്ങളും വീട്ടിലുപേക്ഷിച്ച് രക്ഷപ്പെട്ടവരാണ് ഏറേയും. വളപട്ടണത്തിന് സമാനമായി ബാവലി, ആറളം, ചീങ്കണ്ണി എന്നീ പുഴകളും അതിര് ഭേദിച്ചൊഴുകി. ജനവാസ ദ്വീപുകൾ എല്ലാം ഒറ്റപ്പെട്ടു. ദേവാലയങ്ങളേയും പുഴ വെറുതേ വീട്ടില്ല. പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര, മാലിക്ക് ദീനാർ പള്ളി, ഇരിക്കൂറിലെ നിലാമുറ്റം പള്ളി എന്നിവയിലെല്ലാം വെള്ളം കയറി. ഇരിക്കൂർ, ഇരിട്ടി, കണിച്ചിയാർ, ശ്രീകണ്ഠാപുരം. പോലുള്ള നഗര പ്രദേശങ്ങളിലും വെള്ളം ഇരച്ചു കയറി. നെൽ വയലുകളും വാഴത്തോട്ടങ്ങളും കപ്പ കൃഷിയിടങ്ങളും എല്ലാം ഇപ്പോൾ ഓർമ്മ മാത്രം. കാർഷിക നഷ്ടം ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടം വിലയിരുത്തിയാൽ പ്രളയ നഷ്ടം ഞെട്ടിക്കുന്നതായിരിക്കും.

ജീവിതോപാധി പോലും നഷ്ടപ്പെട്ട ജനങ്ങളുടെ രോദനമാണ് എവിടേയും കേൾക്കാൻ കഴിയുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ സ്വതവേ പാടുപെടുന്ന കർഷകന് ഈ പ്രളയം വരുത്തി വെച്ചത് മഹാ ദുരന്തമാണ്. ഉത്തര കേരളത്തിന്റെ നെല്ലറകൾ എന്ന് വിശേഷിപ്പിക്കുന്ന ചെങ്ങളായി, മലപ്പട്ടം, നണിയൂർ, പാവന്നൂർ, കയറളം, പറശ്ശിനി, നാറാത്ത്, എന്നിവിടങ്ങളിലെ അവസ്ഥ ദയനീയമാണ്. നെൽകൃഷിയാകെ വെള്ളത്തിനടിയിലായിട്ട് ഒരാഴ്ച കഴിഞ്ഞു. അതിൽ ഇനി ഒരു പ്രതീക്ഷയും പുലർത്താനാവില്ല. ചെറുകിട കച്ചവടക്കാർക്കും തട്ടുകടക്കാർക്കുമെല്ലാം ജീവിതോപാധി നഷ്ടപ്പെട്ട അവസ്ഥയാണ്. ബലിപ്പെരുന്നാൾ ദുഃഖം കടിച്ചമർത്തിയാണ് ആഘോഷിക്കപ്പെട്ടത്. ഓണത്തിന് ഇനി ഒരു മാസമേയുള്ളൂ. അതിലും കച്ചവടക്കാർക്ക് വലിയ പ്രതീക്ഷയൊന്നുമില്ല. 'ആകെ മുങ്ങിയാൽ ശീതമില്ല ' എന്ന അവസ്ഥയിലാണ് കച്ചവടക്കാരും കർഷകരും പ്രളയ ദുരന്തത്തിന് ഇരയായവരും. ഇനി ജീവിതം കരുപ്പിടിപ്പിക്കണമെങ്കിൽ പൂജ്യത്തിൽ നിന്നും തുടങ്ങണം. സർക്കാറിന്റെ സഹായത്തിന് പ്രതീക്ഷിച്ചിരിക്കയാണ് ദുരിതത്തിനിരയായവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP