Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആദ്യ ആഴ്ച ശമ്പളം ക്യത്യം; അടുത്ത ആഴ്ച തലേ ആഴ്ചയിലെ ശമ്പളത്തുകയുടെ കുറച്ചുപിടിക്കുമെന്ന് സന്ദേശം; ആഹാരസാധനങ്ങൾ ഡെലിവറി ചെയ്യുന്ന ദൂരത്തിനനുസരിച്ച് തുകയും നൽകുന്നില്ല; പണിമുടക്കി പ്രതിഷേധവുമായി ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗിയുടെ തലസ്ഥാനത്തെ ഡെലിവറി ബോയ്‌സ്; ജോലിക്ക് കയറുമ്പോൾ പറയുന്ന ശമ്പളം കിട്ടുന്നില്ലെന്ന പരാതിക്കും പരിഹാരമില്ല

ആദ്യ ആഴ്ച ശമ്പളം ക്യത്യം; അടുത്ത ആഴ്ച തലേ ആഴ്ചയിലെ ശമ്പളത്തുകയുടെ കുറച്ചുപിടിക്കുമെന്ന് സന്ദേശം; ആഹാരസാധനങ്ങൾ ഡെലിവറി ചെയ്യുന്ന ദൂരത്തിനനുസരിച്ച് തുകയും നൽകുന്നില്ല; പണിമുടക്കി പ്രതിഷേധവുമായി ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗിയുടെ തലസ്ഥാനത്തെ ഡെലിവറി ബോയ്‌സ്; ജോലിക്ക് കയറുമ്പോൾ പറയുന്ന ശമ്പളം കിട്ടുന്നില്ലെന്ന പരാതിക്കും പരിഹാരമില്ല

ആർ പീയൂഷ്

തിരുവനന്തപുരം:രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗിയുടെ തലസ്ഥാനത്തെ ഡെലിവറി ബോയ്സ് പണിമുടക്കി പ്രതിഷേധം. ശമ്പളം കൃത്യമായി നൽകുന്നില്ലെന്ന് ആരോപിച്ചാണ് തലസ്ഥാനത്തെ ജീവനക്കാർ പണിമുടക്ക് നടത്തിയത്. സ്വിഗ്ഗി മേധാവികളുമായി ചർച്ച നടത്തി വരികയാണ്. തീരുമാനം ആയില്ലെങ്കിൽ പണിമുടക്ക് നീളും. ജോലിക്ക് കയറുമ്പോൾ പറഞ്ഞ ശമ്പളമല്ല നൽകുന്നതെന്നാണ് ജീവനക്കാരുടെ ആരോപണം. ആഴ്ചയിലാണ് ഡെലിവറി നടത്തുന്നതിനുള്ള ശമ്പളം ജീവനക്കാർക്ക് ലഭിക്കുക. ആദ്യആഴ്ചയിൽ ശമ്പളം കൃത്യമായി കിട്ടി എന്നാൽ തൊട്ടടുത്ത ആഴ്ച ശമ്പളത്തിൽ നിന്നും കഴിഞ്ഞ ആഴ്ച നൽകിയ ശമ്പളത്തുകയുടെ കുറച്ച് പിടിക്കും എന്ന് സന്ദേശം എത്തി. ഇതിനെ പറ്റി അന്വേഷിച്ചപ്പോൾ കഴിഞ്ഞ ആഴ്ച അധികമായി തുക ഇട്ടിരുന്നു അതിനാലാണ് ഇങ്ങനെ നീക്കം എന്നാണ് അറിഞ്ഞത്. എന്നാൽ ജീവനക്കാർ പറയുന്നത് തങ്ങൾക്ക് പറഞ്ഞ ശമ്പളവും ആനുകൂല്യവുമാണ് ലഭിച്ചത് എന്നാണ്.

ഇതൊന്നും കൂടാതെ ആപ്ലിക്കേഷൻ വഴി ഓർഡർ ചെയ്യുന്ന ആഹാര സാധനങ്ങൾ എത്തിക്കാൻ പോകുന്ന ദൂരത്തിനനുസരിച്ച് തുക നൽകും എന്ന് പറഞ്ഞിരുന്നുവെങ്കിലും അത് നൽകുന്നില്ല എന്നും പരാതിയുണ്ട്. മിക്ക സ്ഥലങ്ങളിലേയും ലൊക്കേഷൻ തെറ്റായാണ് കാണിക്കുന്നത്. അതിനാൽ ആഹാര സാധനങ്ങളുമായി ഏറെ ദൂരം അധികം യാത്ര ചെയ്യേണ്ടി വരും. എന്നാൽ ഈ അധിക ദൂരം പോയതിന്റെ പണം ഡെലിവറി ജീവനക്കാർക്ക് നൽകുന്നില്ല. അതിന് കാരണം പറയുന്നത് ആപ്ലിക്കേഷനിൽ കാണിക്കുന്ന മാപ്പ് വഴിയാണ് ദൂരം നോക്കുന്നത്. അതിനാലാണ് തുക കുറഞ്ഞു പോകുന്നത് എന്നാണ്. ഇത് സംബന്ധിച്ച് പരാതി പറഞ്ഞെങ്കിലും ഇതുവരെയും പരിഹരിച്ചില്ല. അതിനാലാണ് ഇന്ന് രാവിലെ മുതൽ സ്വിഗ്ഗി ജീവനക്കാർ ഓർഡറുകളോന്നും എടുക്കാതെ പ്രതിഷേധിച്ചത്.

ഒരു ഇരുചക്രവാഹനവും സ്മാർട്ട് ഫോണും. ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളിൽ ഡെലിവറി ബോയുടെ തസ്തികയ്ക്ക് വേണ്ട യോഗ്യത ഇതുമാത്രമാണ്. ഫുൾടൈം ജോലി ചെയ്യണമെന്ന് ഒരു നിർബന്ധവുമില്ല. താത്പര്യം പോലെ സ്വന്തം ഇഷ്ടത്തിന് ചെയ്യാനും സാധിക്കും. ഒപ്പം ആകർഷകമായ ശമ്പളവും. കോളേജിന് ശേഷമോ, ഒരു ഷിഫ്റ്റ് മാത്രം ജോലി ഉള്ളവർക്കോ, ഓഫീസ് ജോലി കഴിഞ്ഞതിനു ശേഷമോ, എപ്പോൾ വേണമെങ്കിലും 'ഡെലിവറി ബോയ്' ആയി ജോലി ചെയ്യാം. രാവിലെയെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെയാണ് യുവാക്കൾ ഈ മേഖലയിൽ ഭക്ഷണം എത്തിക്കാൻ ജോലിചെയ്യുന്നത്. ഡെലിവറി ജോലിക്കായി എത്തുന്ന കോളേജ് വിദ്യാർത്ഥികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നുണ്ടെന്നാണ് ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനി അധികൃതർ വ്യക്തമാക്കുന്നത്. സ്വിഗ്ഗി ഓഫീസിൽച്ചെന്ന് ബൈക്കിന്റെ രേഖകളും മറ്റു രേഖകളും സമർപ്പിച്ചാണ് യുവാക്കൾ ഇതിന്റെ ഭാഗമാകുന്നത്. ആകർഷകമായ ശമ്പളമാണ് വാഗ്ദാനം ചെയ്ത്.

2017-18 സാമ്പത്തികവർഷം 468 കോടി രൂപയുടെ വരുമാനം സ്വിഗ്ഗി നേടിയിട്ടുണ്ട്. തലേ വർഷം ഇത് 146 കോടി രൂപയായിരുന്നു. വരുമാനം ഇരട്ടിക്കു മുകളിലുണ്ടെങ്കിലും കമ്പനിയുടെ നഷ്ടവും ഇരട്ടിച്ച് 205 കോടി രൂപയിൽനിന്ന് 397 കോടി രൂപയായി. സൊമാറ്റോ, ഊബർ ഈറ്റ്സ് എന്നിവയാണ് മേഖലയിൽ സ്വിഗ്ഗിയുടെ പ്രധാന എതിരാളികൾ. അടുത്തിടെ കമ്പനി കമ്പനികാര്യ വകുപ്പിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചെലവ് കുറയ്ക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. എന്നാൽ തിരുവനന്തപുരത്ത് ടെക്ക്നിക്കൽ പ്രശ്നങ്ങളാണെന്നാണ് കമ്പനി അധികൃതർ പറയുന്നത്. അൻപതോളം ജീവനക്കാർ ഇന്ന് വൈകിട്ട് പട്ടത്തെ സ്വിഗ്ഗിയുടെ ഓഫീസിൽ പ്രതിഷേധവുമായെത്തിയപ്പോഴാണ് അധികൃതർ ചർച്ചയ്ക്ക് തയ്യാറായത്.

തലസ്ഥാന നഗരിയിലെ 130 റെസ്റ്റൊറന്റുകളിൽ നിന്നുള്ള ഭക്ഷണമാണ് സ്വിഗ്ഗി ഡെലിവറി ചെയ്യും എന്നറിയിച്ചിരുന്നത്. കൊച്ചി, തൃശൂർ എന്നിവിടങ്ങൾക്ക് പുറമെ സ്വിഗ്ഗി തങ്ങളുടെ സേവനം സജീവമാക്കുന്ന കേരളത്തിലെ മൂന്നാമത്തെ നഗരമാണ് തിരുവനന്തപുരം. കഴിഞ്ഞ എട്ട് മാസങ്ങൾക്കുള്ളിൽ രാജ്യത്തെ 34 നഗരങ്ങളിൽ സ്വിഗ്ഗി സേവനം വ്യാപിപ്പിച്ചിരുന്നു. ആദ്യത്തെ അഞ്ച് ഓർഡറുകൾക്ക് സ്വിഗ്ഗി 50 ശതമാനം കിഴിവും നൽകുന്നുണ്ട്. ടെക്നോപാർക്ക്, മെഡിക്കൽ കോളേജ്, വഴുതക്കാട്, തമ്പാനൂർ, കുളത്തൂർ, ശ്രീകാര്യം, പേരൂർക്കട, നന്ദാവനം, കഴക്കൂട്ടം, ഉള്ളൂർ, അമ്പലമുക്ക്, പാളയം, കുമാരപുരം, ശാസ്തമംഗലം, കേശവദാസപുരം, തൈക്കാട് തുടങ്ങിയയിടങ്ങളിൽ സ്വിഗ്ഗി സേവനം നൽകുന്നുണ്ട് എന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP