Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202118Monday

ഭീകരർ ലക്ഷ്യമിട്ടത് 1993 ലെ മുംബൈ സ്‌ഫോടനത്തിന് സമാനമായ ആക്രമണം; മുഖ്യ ആസൂത്രകൻ മുഹമ്മദ് ഉസൈദുർ റഹ്‌മാനായി ലുക്ക് ഔട്ട് നോട്ടിസ്; ഖലിസ്ഥാൻ ഭീകരരുമായും പിടിയിലായവർക്ക് ബന്ധം

ഭീകരർ ലക്ഷ്യമിട്ടത് 1993 ലെ മുംബൈ സ്‌ഫോടനത്തിന് സമാനമായ ആക്രമണം; മുഖ്യ ആസൂത്രകൻ മുഹമ്മദ് ഉസൈദുർ റഹ്‌മാനായി ലുക്ക് ഔട്ട് നോട്ടിസ്; ഖലിസ്ഥാൻ ഭീകരരുമായും പിടിയിലായവർക്ക് ബന്ധം

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹി പൊലീസ് പിടികൂടിയ ഭീകരർ പദ്ധതിയിട്ടത് രാജ്യത്തെ വിവിധ നഗരങ്ങളിൽ 1993 മുംബൈ സ്‌ഫോടന പരമ്പരയ്ക്ക് സമാനമായ ആക്രമണം നടത്താൻ. ഒരേ സമയം വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി.

നഗരങ്ങളിലെ പ്രധാന റോഡുകൾ, പാലങ്ങൾ, റെയിൽവേ ട്രാക്കുകൾ എന്നിവിടങ്ങളിൽ ഭീകരർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായാണ് ഡൽഹി പൊലീസ് പറയുന്നത്. അറസ്റ്റിലായവരിൽ പാക്കിസ്ഥാനിൽ നിന്നും പരിശീലനം ലഭിച്ച ഭീകരരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.

വിദേശത്തുള്ള മുഹമ്മദ് ഉസൈദുർ റഹ്‌മാൻ എന്ന വ്യക്തിയാണ് മുഖ്യ ആസൂത്രകൻ. ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഡൽഹി പൊലീസ് ചൊവ്വാഴ്‌ച്ച അറസ്റ്റുചെയ്ത മുഹമ്മദ് ഒസാമയുടെ പിതാവാണ് മുഹമ്മദ് ഉസൈദുർ റഹ്‌മാൻ. ഖലിസ്ഥാൻ ഭീകരരുമായി ഇവർക്ക് ബന്ധമുണ്ടെന്നും സ്‌പെഷൽ സെല്ലിന് വിവരം ലഭിച്ചിട്ടുണ്ട്.

ഏറ്റവും വിനാശകരമായ ആക്രമണം നടത്തുന്നതിനുവേണ്ടിയുള്ള പ്രത്യേക പരിശീലനവും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഇവർക്ക് പാക്കിസ്ഥാൻ നൽകിയിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

2008ൽ മുംബയിലെ പ്രധാന സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. എന്നാൽ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്താനാണ് പിടിയിലായ ഭീകരർക്ക് നിർദ്ദേശം നൽകിയിരുന്നത്. മഹാരാഷ്ട്ര സ്വദേശി ജാൻ മുഹമ്മദ് അലി ഷെയ്ക്ക് (മുംബയ് - 47), ഡൽഹി ജാമിയ സ്വദേശി ഒസാമ (22) , ഉത്തർപ്രദേശ് സ്വദേശികളായ സീഷാൻ ഖ്വാമർ (പ്രയാഗ്രാജ് - 28 ), മുഹമ്മദ് അബൂബക്കർ (ബഹ്‌റൈച്ച് - 23 ), മൂൽചന്ദ് എന്ന ലാല ( റായ്ബറേലി - 47 ), മുഹമ്മദ് ആമിർ ജാവേദ് (ലക്നൗ - 31 ) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 1.5 കിലോ ആർഡിഎക്‌സ് പിടിച്ചെടുത്തു. ഭീകരരെ 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു.

കഴിഞ്ഞ ദിവസം ആറ് ഭീകരരെയാണ് ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ഇതിൽ സീഷാൻ, ഒസാമ എന്നിവരാണ് പാക്കിസ്ഥാനിൽ നിന്നും പരിശീലനം നേടിയത്. മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിലുള്ള ആക്രമണം നടത്താനായിരുന്നു ഭീകരർ ലക്ഷ്യമിട്ടിരുന്നത്. വിവിധയിടങ്ങളിൽ നിന്നും എത്തുന്ന ആളുകൾ ഒത്തുകൂടുന്ന മേഖലകളായിരുന്നു ഭീകരാക്രമണത്തിനായി ഇവർ തെരഞ്ഞെടുക്കാനിരുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

മുംബയ് ഭീകരാക്രമണത്തിൽ ഇന്ത്യയുടെ പിടിയിലായ ഭീകരൻ അജ്മൽ കസബിന് പരീശീലനം നൽകിയ അതേ കേന്ദ്രത്തിൽ നിന്നാണ് ഇവർക്കും പരിശീലനം ലഭിച്ചത്. അവസാന ശ്വാസം നഷ്ടമാകുന്നതുവരെ ഇന്ത്യക്കാരെ കൊല്ലാൻ തനിക്ക് പാക്കിസ്ഥാൻ നിർദ്ദേശം നൽകിയിരുന്നു എന്നാണ് പിടിയിലാകുമ്പോൾ അജ്മൽ കസബ് പറഞ്ഞത്. അതേ രീതിയിലാണ് സിഷാനും ഒസാമയ്ക്കും പരീശീലനം നൽകിയിരുന്നത്.

ഒസാമയുടെയും സീഷാന്റെയും പാസ്പോർട്ടിൽ സീൽ ചെയ്തിട്ടില്ല. അതിനാൽ ഇവർ വിമാനമാർഗ്ഗമല്ല പാക്കിസ്ഥാനിലേക്ക് കടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. കടൽമാർഗ്ഗമാകാം ഇവർ പാക്കിസ്ഥാനിലേക്ക് എത്തിയത് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.ഇവർക്കൊപ്പം അറസ്റ്റിലായ മറ്റ് നാല് പേർ സ്ലീപ്പർ സെല്ലുകളായാണ് പ്രവർത്തിച്ചിരുന്നത്. ഇവരുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്.

അത്യന്താധുനിക ആയുധങ്ങൾ ഉപയോഗിക്കാനും മാരകമായ സ്‌ഫോടക വസ്തുക്കൾ ഉണ്ടാക്കാനും ഇവർക്ക് പ്രത്യേക പരിശീലനം ലഭിച്ചിരുന്നു. ആയിരക്കണക്കിന് പേരെ കൊന്നൊടുക്കാൻ കഴിയുന്ന തരത്തിലുള്ള ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനാണ് ഇവർക്ക് പാക് ചാര സംഘടന നൽകിയിരുന്ന നിർദ്ദേശം. അതുകൊണ്ടാണ് ഉത്സവ ആഘോഷങ്ങൾക്കിടെ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടതും.

കഴിഞ്ഞ ഏപ്രിലിൽ മസ്‌കറ്റിൽ എത്തിയ ഇവർ അവിടെ നിന്ന് ബോട്ടിൽ പാക്കിസ്ഥാനിലേക്ക് പരിശീലനത്തിനായി പോവുകയായിരുന്നു. പാക് സൈനികരാണ് പരിശീലനം നൽകിയത്.ആക്രമണ കേന്ദ്രങ്ങൾ നിരീക്ഷിച്ച് ബോംബുകൾ സ്ഥാപിക്കുകയായിരുന്നു ഇവരുടെ ദൗത്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP