Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

ശാന്തിയും സമാധാനവുമാണ് നമ്മുടെ മുഖമുദ്രയെന്ന് നരേന്ദ്ര മോദി; പ്രധാനമന്ത്രി സമാധാനത്തിന് ആഹ്വാനം ചെയ്തത് ട്വിറ്ററിലൂടെ; പട്ടാളത്തെ വിളിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ; അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതിയും പൊലീസിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതിയും; കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് കോൺഗ്രസും; കലാപത്തിൽ ഡൽഹി കത്തുമ്പോൾ മരണം 22 ആയി

ശാന്തിയും സമാധാനവുമാണ് നമ്മുടെ മുഖമുദ്രയെന്ന് നരേന്ദ്ര മോദി; പ്രധാനമന്ത്രി സമാധാനത്തിന് ആഹ്വാനം ചെയ്തത് ട്വിറ്ററിലൂടെ; പട്ടാളത്തെ വിളിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ; അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതിയും പൊലീസിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതിയും; കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് കോൺഗ്രസും; കലാപത്തിൽ ഡൽഹി കത്തുമ്പോൾ മരണം 22 ആയി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കലാപം പടർന്ന് പിടിക്കുന്ന ഡൽഹിയിൽ സമാധാന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ സഹോദരീസഹോദരന്മാർ സമാധാനം പാലിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെ ആയിരുന്നു മോദി സമാധാനത്തിന് ആഹ്വാനം നൽകിയത്. ശാന്തിയും സമാധാനവുമാണ് നമ്മുടെ മുഖമുദ്ര എന്ന് അദ്ദേഹം ജനതയെ ഓർമ്മിപ്പിച്ചു. ശാന്തിയും സാഹോദര്യവുമാണ് ആവശ്യം. രാജ്യതലസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തിയെന്നും സുരക്ഷാ ഉദ്യോഗസ്ഥരുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിനിടെ കലാപത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി.

അഡ്വ. സുബൈദ ബീഗത്തെ ഡൽഹി കലാപ കേസിൽ അന്വേഷണത്തിന് അമിക്കസ് ക്യൂറിയായി ഡൽഹി ഹൈക്കോടതി നിയോഗിച്ചു. കലാപ ബാധിത പ്രദേശങ്ങളിൽ ഡൽഹി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സന്ദർശനം നടത്തണം. ജനവിശ്വാസം വീണ്ടെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. 1984 ആവർത്തിക്കാൻ അനുവദിക്കരുതെന്നും കോടതി പറഞ്ഞു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

ഡൽഹി കലാപത്തിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ പൊലീസിന് സുപ്രീംകോടതിയുടെ വിമർശനം. കൺമുന്നിൽ നടക്കുന്നത് തടയാത്ത പൊലീസ് ഇംഗ്ലണ്ടിലെ പൊലീസിനെ കണ്ട് പഠിക്കണമെന്ന് സുപ്രീംകോടതി പരാമർശിച്ചു. തെരുവുകൾ അനിശ്ചിതകാലത്തേക്ക് സമരങ്ങൾ നടത്താനുള്ളതല്ലെന്നും കോടതി വിലയിരുത്തി. അതേസമയം, കലാപം തടയുന്നതിന്റെ ചുമതലയുള്ള ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ കേന്ദ്രമന്ത്രിസഭയ്ക്ക് വിശദീകരണം നൽകി.

ഷഹീൻ ബാഗ് കേസിനൊപ്പമാണ് ഇന്ന് ഡൽഹി കലാപത്തിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയും സുപ്രീംകോടതിയിൽ എത്തിയത്. ഹൈക്കോടതി വിഷയം കേൾക്കട്ടെ എന്ന് പറഞ്ഞ കോടതി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ഹർജി തള്ളി. ഡൽഹിയിൽ നടന്നത് നിർഭാഗ്യകരമെന്ന് ജസ്റ്റിസുമാരായ എസ് കെ കൗൾ, കെഎം ജോസഫ് എന്നിവർ പരാമർശിച്ചു.

കലാപം പടരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. ബിജെപിയുടെ ഗൂഢാലോചനയാണ് ഡൽഹി കലാപമെന്ന് സോണിയാഗന്ധി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ബിജെപി ഗൂഢാലോചന പ്രകടമായിരുന്നു. ഡൽഹിയിൽ നിലവിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. കലാപം നിയന്ത്രിക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞായിരുന്നു സോണിയാ ഗാന്ധിയുടെ വാർത്താ സമ്മേളനം.

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മുതിർന്ന നേതാക്കൾ അണിനിരക്കുന്ന പ്രതിഷേധ മാർച്ചാണ് സംഘടിപ്പിക്കുന്നത്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മന്മോഹൻസിംങ് എകെ ആന്റണി അടക്കുമുള്ള മുതിർന്ന നേതാക്കളുടെ വലിയ നിര മാർച്ചിൽ അണിനിരക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.

ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗമാണ് കലാപത്തിന് ഇടയാക്കിയത്. സ്ഥിതി നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരോ ഡൽഹി സർക്കാരോ ഇടപെടുന്നില്ലെന്ന് പ്രവർത്തക സമിതി യോഗത്തിന് ശേഷം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആരോപിച്ചു. അക്രമങ്ങളുടെ ഉത്തരവാദിത്തം ആഭ്യന്തര മന്ത്രി അമിത്ഷാക്കാണ്. കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അമിത് ഷാ രാജിവക്കണം എന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി എവിടേയാണ്? കലാപം തുടങ്ങിയപ്പോൾ ഡൽഹി മുഖ്യമന്ത്രി എന്ത് ചെയ്യുകയായിരുന്നു? രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന് എന്ത് വിവരമാണ് കിട്ടിയത്. അതിൽ എന്ത് നടപടിയാണ് എടുത്തത് ? കലാപ ബാധിതമേഖലകളിൽ എത്ര പൊലീസിനെ വിന്യസിച്ചു? തുടങ്ങിയ ചോദ്യങ്ങളാണ് പ്രവർത്തക സമിതിയോഗത്തിന് ശേഷം സോണിയാ ഗാന്ധി ഉന്നയിച്ചത്.

ഡൽഹിയിലെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസിന് കഴിയുന്നില്ലെന്നും പട്ടാളം രംഗത്തിറങ്ങണം എന്നുമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെടുന്നത്. എന്നാൽ സ്ഥിതി നിയന്ത്രണവിധേയമെന്നാണ് വടക്കുകിഴക്കൻ ഡൽഹി ഡിസിപി പറയുന്നത്. ആവശ്യത്തിന് പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അക്രമത്തിനെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്നും ഡിസിപി പറഞ്ഞു.

സ്ഥിതി നിയന്ത്രണ വിധേയമെന്ന് ഉദ്യോഗസ്ഥർ പറയുമ്പോഴും വർഗീയകലാപം പലയിടത്തും ഇനിയും കെട്ടടങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ. രണ്ട് ദിവസം മുമ്പ് രണ്ട് തവണ തീ വച്ച ഗോകുൽപുരിയിലെ ടയർമാർക്കറ്റ് ഇന്ന് വീണ്ടും അക്രമികൾ അഗ്‌നിക്ക് ഇരയാക്കി. തുടർച്ചയായ അക്രമങ്ങൾ നടന്ന ഇടമായിട്ടും, തീവെപ്പ് തുടങ്ങിയപ്പോൾ ഇവിടെ ഒരു പൊലീസുകാരൻ പോലുമുണ്ടായിരുന്നില്ല. പിന്നീട് തീ ആളിപ്പടർന്നപ്പോൾ മാത്രമാണ് ഇവിടേക്ക് പൊലീസുദ്യോഗസ്ഥരും ഫയർഫോഴ്‌സും എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP