Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ആരാണ് സ്വര ഭാസ്‌കർ?' നിങ്ങളുടെ വാടക കരാർ കാണാനാകുമോ? അർഫയോട് സംസാരിക്കാൻ കഴിയുമോ? പെഗസ്സസ് ഫോൺ ചോർത്തൽ ചാരപ്പണി പുറത്തുകൊണ്ടുവന്ന 'ദി വയറിന്റെ' ഓഫീസിൽ ഡൽഹി പൊലീസ് റെയ്ഡ്

'ആരാണ് സ്വര ഭാസ്‌കർ?' നിങ്ങളുടെ വാടക കരാർ കാണാനാകുമോ? അർഫയോട് സംസാരിക്കാൻ കഴിയുമോ? പെഗസ്സസ് ഫോൺ ചോർത്തൽ ചാരപ്പണി പുറത്തുകൊണ്ടുവന്ന 'ദി വയറിന്റെ' ഓഫീസിൽ ഡൽഹി പൊലീസ് റെയ്ഡ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇസ്രയേൽ ചാര സോഫ്റ്റ് വേറായ പെഗസ്സസ് ഫോൺ ചോർത്തൽ സ്ഥിരീകരിച്ച് ഫൊറൻസിക് പരിശോധന ഫലം വന്നതിന് പിന്നാലെ, 'ദ വയറിന്റെ' ഓഫീസിൽ ഡൽഹി പൊലീസിന്റെ റെയ്ഡ്.

ദ വയറിന്റെ രണ്ട് സ്ഥാപക ജേണസിസ്റ്റുകളുടെ ഫോൺവിവരങ്ങളും ഫോൺ ചോർത്തിയവരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. രാജ്യത്തെ പ്രതിപക്ഷ നേതാക്കളുടെയും നാൽപതിൽ അധികം മാധ്യമപ്രവർത്തകരുടെയും ഉൾപ്പെടെ 300 ലധികം പേരുടെ ഫോൺ വിവരങ്ങൾ ചോർത്തിയെന്നായിരുന്നു റിപ്പോർട്ട്. പെഗസ്സസ് ചാര സോഫ്റ്റ് വേർ ഉപയോഗിച്ച് ഫോൺ ചോർത്തിയെന്ന വാർത്ത ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തതും ദ വയറായിരുന്നു. ഇതിന് പിന്നാലെയാണ് വയറിന്റെ ഓഫീസിൽ റെയ്ഡ്.

ദ വയർ ന്യൂസ് വെബ്സൈറ്റിന്റെ ഗോൾ മാർക്കറ്റിലെ ഓഫീസാണ് റെയ്ഡിനായി ഡിസിപി എത്തിയത്. എന്നാൽ ഇത് സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി നടത്തുന്ന പതിവ് പരിശോധന മാത്രമാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഓഫീസിലെത്തിയ പൊലീസുകാർ തങ്ങളോട് ചോദിച്ചത് ആരാണ് സ്വര ഭാസ്‌കർ?, ആരാണ് വിനോദ് ദുവ? തുടങ്ങിയ വിവരങ്ങളാണെന്ന് ദ വയർ എഡിറ്റർ സിദ്ധാർത്ഥ് വരദരാജൻ ട്വിറ്റ് ചെയ്തു.

'പെഗസ്സസ് വെളിപ്പെടുത്തലിന് പിന്നാലെ പൊലീസ് ഇന്ന് ദ വയറിന്റെ ഓഫീസിലെത്തി, 'ആരാണ് വിനോദ് ദുവാ?' 'ആരാണ് സ്വര ഭാസ്‌കർ?' 'നിങ്ങളുടെ വാടക കരാർ കാണാനാകുമോ?' 'അർഫയോട് സംസാരിക്കാൻ കഴിയുമോ?' എന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോൾ 'ഓഗസ്റ്റ് 15 മായി ബന്ധപ്പെട്ട പതിവ് പരിശോധനയെന്ന് പറഞ്ഞു' സിദ്ധാർത്ഥ് വരദരാജൻ ട്വിറ്ററിൽ കുറിച്ചു.

ഫോൺ ചോർത്തൽ സ്ഥിരീകരിച്ച് ഫോറൻസിക് ഫലം

പെഗസ്സസ് ഫോൺ ചോർത്തൽ സ്ഥിരീകരിച്ച് ഫൊറൻസിക് പരിശോധന ഫലം. ഇന്ത്യയിൽ പരിശോധിച്ച പത്ത് പേരുടെ ഫോണിൽ ചോർച്ച നടന്നതായി സ്ഥിരീകരിച്ചു. പേരു വിവരങ്ങൾ ഇപ്പോൾ പുറത്ത് വിടാനാവില്ലെന്നും ദി വയർ റിപ്പോർട്ട് ചെയ്തു.

അതേസമയം, പെഗസ്സസ് വിവാദത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഭീകരർക്കെതിരെ ഉപയോഗിക്കേണ്ട ആയുധം രാജ്യത്തിനെതിരെ മോദി ഉപയോഗിച്ചുവെന്നാണ് കോൺഗ്രസ് നേതാവിന്റെ കുറ്റപ്പെടുത്തൽ. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി പെഗസ്സസ് ഉപയോഗിച്ചുവെന്ന് രാഹുൽ ആരോപിച്ചു. സുപ്രീം കോടതി ജഡ്ജിയുടെ ഫോൺ വരെ നിരീക്ഷിക്കപ്പെട്ടുവെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. തന്റെ ഫോൺ ചോർത്തിയത് മാത്രമല്ല വിഷയമെന്നും ചോർത്തലിനെ ഭയക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറയുന്നു. അഴിമതിക്കാരനല്ലെങ്കിൽ ഭയം വേണ്ടെന്നാണ് രാഹുലിന്റെ വിശദീകരണം.

വയർ മാസിക ഉൾപ്പെടെയുള്ളവ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളെ പാർലമെന്റിൽ കഴിഞ്ഞ ദിവസം കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് നിഷേധിച്ചിരുന്നു.

''ചില വ്യക്തികളുടെ ഫോണിലെ വിവരങ്ങൾ ചോർത്താൻ പെഗസ്സസ് സ്പൈവെയർ ഉപയോഗിച്ചതായി റിപ്പോർട്ടുചെയ്യുന്നു. വളരെ വികാരാധീനമായ ഒരു കഥ രാത്രി ഒരു വെബ് പോർട്ടൽ പ്രസിദ്ധീകരിച്ചു. ഈ കഥയെ ചുറ്റിപ്പറ്റിയുള്ള നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഒരു ദിവസം മുമ്പാണ് പത്ര റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടത് എന്നത് യാദൃശ്ചികമായി കാണാനാവില്ല,''

ദ വയർ' മാസിക ഉൾപ്പെടെ ആഗോള തലത്തിൽ 17 മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്‌പൈവെയർ നിരീക്ഷണം സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നത്. പെഗസ്സസ് പ്രൊജക്ട് എന്ന റിപ്പോർട്ട് വയർ ഉൾപ്പെടെ നിരവധി മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. വാഷിങ്ടൺ പോസ്റ്റ്, ഗാർഡിയൻ, ലെ മോണ്ടെ എന്നീ വിദേശമാധ്യമങ്ങളും ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. പത്രപ്രവർത്തകർ, ബിസിനസുകാർ, ജുഡീഷ്യറിയിലെ ഉന്നതർ തുടങ്ങി 300 മൊബൈൽ നമ്പറുകളിലെ വിവരങ്ങൾ പെഗസ്സസ് സ്പൈവെയർ ഉപയോഗിച്ച് ചോർത്തിയെന്നാണ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP