Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജെപി നേതാവ് കപിൽ മിശ്രക്കെതിരെ നൽകിയ പരാതികൾ ഡൽഹി പൊലീസ് മുക്കി; കുറ്റപത്രത്തിൽ പകരം ഇടം പിടിച്ചത് യോഗേന്ദ്ര യാദവ്; യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിർത്തെന്ന് നാട്ടുകാർ മൊഴി നൽകിയ പൊലീസുകാർക്കെതിരെ നടപടിയില്ല; കൊല്ലപ്പെട്ട ആങ്കിത് ശർമ്മയുടെ കുറ്റപത്രത്തിലും വൈരുധ്യങ്ങൾ; ഡൽഹി കലാപത്തിലെ കുറ്റപത്രത്തിൽ അടിമുടി അട്ടിമറി

ബിജെപി നേതാവ് കപിൽ മിശ്രക്കെതിരെ നൽകിയ പരാതികൾ ഡൽഹി പൊലീസ് മുക്കി; കുറ്റപത്രത്തിൽ പകരം ഇടം പിടിച്ചത് യോഗേന്ദ്ര യാദവ്; യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിർത്തെന്ന് നാട്ടുകാർ മൊഴി നൽകിയ പൊലീസുകാർക്കെതിരെ നടപടിയില്ല; കൊല്ലപ്പെട്ട ആങ്കിത് ശർമ്മയുടെ കുറ്റപത്രത്തിലും വൈരുധ്യങ്ങൾ; ഡൽഹി കലാപത്തിലെ കുറ്റപത്രത്തിൽ അടിമുടി അട്ടിമറി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 50ൽ അധികംപേർ കൊല്ലപ്പെട്ട ഡൽഹി കലാപത്തിലെ പൊലീസ് കുറ്റപത്രത്തിൽ അടിമുടി അട്ടിമറിയെന്ന് ആരോപണം. കലാപത്തിന് കാരണക്കാരനെന്ന് മാധ്യമങ്ങളും ദൃക്സാക്ഷികളും ഒരുപോലെ വിലയിരുത്തിയ ബിജെപി നേതാവ് കുറ്റപത്രത്തിൽ ഇടംപിടിച്ചിട്ടില്ല. എന്നാൽ ആം ആദ്മി നേതാവായിരുന്നു സാമൂഹിക പ്രവർത്തകൻ യോഗേന്ദ്രയാദവിന്റെ പേര് കുറ്റപത്രത്തിലുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിർത്തെന്ന് നാട്ടുകാർ മൊഴി നൽകിയ പൊലീസുകാർക്കെതിരെ നടപടിയിയുണ്ടായിട്ടില്ല.

പക്ഷേ കപിൽ മിശ്ര സിഎഎ വിരുദ്ധ സമരവേദിയിലെ പോഡിയത്തിന് തീയിട്ടു എന്ന വ്യാജ പ്രചാരണം കലാപത്തിന് തിരികൊളുത്തിയിരിക്കാൻ ഇടയുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. രത്തൻലാൽ എന്ന പൊലീസുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇത്തരമൊരു നിഗമനത്തിലേയ്ക്ക് നയിച്ചത് എന്ന് ഡൽഹി പൊലീസ് പറയുന്നു. ജാഫറാബാദിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ ദയാൽപൂർ സ്റ്റേഷന് സമീപമാണ് ആൾക്കൂട്ടം ഹെഡ്‌കോൺസ്റ്റബിൾ രത്തൻ ലാലിനെ ആക്രമിച്ചത്. ഫെബ്രുവരി 23ന് സിഎഎയ്ക്ക് അനുകൂലമായി മോജ്പൂരിൽ കപിൽ മിശ്ര റാലി സംഘടിപ്പിക്കുകയും പ്രകോപനപരമായി സംസാരിക്കുകയും ചെയ്തിരുന്നു.

കപിൽ മിശ്രയുടേയോ അനുയായികളുടേയോ ഭാഗത്ത് നിന്ന് അക്രമമോ പ്രേരണയോ ഉണ്ടായിട്ടില്ല എന്നാണ് പൊലീസിന്റെ വാദം. അതേസമയം ചാന്ദ്ബാഗിൽ യോഗേന്ദ്ര യാദവ് നടത്തിയ സിഎഎ വിരുദ്ധ പ്രസംഗം കലാപത്തിന് കാരണമായെന്ന് കുറ്റപത്രം ആരോപിക്കുന്നു. നേരത്തെ പൗരത്വ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ജാമിയ മില്ലിയ സർവകലാശാല വിദ്യാർത്ഥിനി സഫൂറ സർഗാറിനെ ഡൽഹി കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് വലിയ പ്രതിഷേധമുയർത്തിയിരുന്നു. സഫൂറയ്ക്ക് ഡൽഹി ഹൈക്കോടതി ജാമ്യം നൽകിയത് ഇന്നലെയാണ്. സഫൂറ സർഗാർ, ഡൽഹി യൂണിവേഴ്‌സിറ്റിയിലെ ഐസ നേതാവ് കവൽപ്രീത് കൗർ, എഐഎംഐഎം നേതാവ് ഡി എസ് ബിന്ദ്ര, പിഞ്ച്ര തോഡ് എന്ന സംഘടനയിലെ ദേവാംഗന കലിത എന്നിവർക്ക് കലാപത്തിൽ പങ്കുണ്ടെന്ന് പൊലീസ് ആരോപിക്കുന്നു.യോഗേന്ദ്ര യാദവിനെ പ്രതിയാക്കിയിട്ടില്ല. തന്റെ പ്രസംഗങ്ങളെല്ലാം പൊതുസമക്ഷമുണ്ടെന്നും ഇതിൽ യാതൊരു രഹസ്യവുമില്ലെന്നും യോഗേന്ദ്ര യാദവ് പ്രതികരിച്ചു.

ആങ്കിത് ശർമ്മയുടെ കുറ്റപത്രത്തിലും വൈരുധ്യങ്ങൾ

ഡൽഹി കലാപസമയത്ത് നടന്ന ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആംആദ്മി നേതാവ് താഹിർ ഹുസൈനെതിരെ ഡൽഹി പൊലീസ് സമർപ്പിച്ച ചാർജ് ഷീറ്റിലെ വൈരുദ്ധ്യങ്ങൾ ചർച്ചയാവുകയാണ്. ഈ ചാർജ്ഷീറ്റിൽ പറഞ്ഞ കാര്യങ്ങളിലെ വസ്തുതാവിരുദ്ധതയും കലാപം സംബന്ധിച്ചുള്ള രണ്ടാമത്തെ ചാർജ്ഷീറ്റിൽ പറയുന്ന വിവരങ്ങളുമായി ഇത് ഒത്തുപോകാത്തതുമാണ് ഇപ്പോൾ ചർച്ചകൾക്ക് വഴി വെച്ചിരിക്കുന്നത്.

അങ്കിത് ശർമയുടെ മൃതദേഹം അഴുക്കുചാലിൽ വലിച്ചെറിയുന്നതിന്റെ വീഡിയോകൾ പുറത്തുവരികയും ഇതിനെ ആസ്പദമാക്കി പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹസീൻ എന്നയാളാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഹസീൻ പിന്നീട് കുറ്റം സമ്മതിക്കുകയും ചെയ്തു. ഈ അന്വേഷണം സംബന്ധിച്ച് പൊലീസിനെതിരെ വലിയ ആരോപണങ്ങളൊന്നും ഉയർന്നിട്ടില്ല. പക്ഷെ പൊലീസ് റിപ്പോർട്ടിൽ ഈ കൊലപാതകത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധവുമായും ആംആദ്മി നേതാവായ താഹിർ ഹുസൈനുമായും ബന്ധിപ്പിക്കുന്ന ഭാഗങ്ങളാണ് ഇപ്പോൾ ആരോപണവിധേയമായിരിക്കുന്നത്

ഈ വിഷയത്തിൽ ഡൽഹിയിലെ പ്രമുഖ അഭിഭാഷകനായ സരീം നവേദ് ദി വയറിൽ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്ന ചില വസ്തുതകൾ ഇങ്ങനെയാണ്.ചാർജ്ഷീറ്റ് എന്നാൽ ഒരു കേസിൽ എല്ലാ അന്വേഷണത്തിനും ശേഷം പൊലീസ് തയ്യാറാക്കുന്ന റിപ്പോർട്ടാണ്. കേസിന്റെ അവസാനത്തെ റിപ്പോർട്ട്. ഇതിൽ അന്വേഷണത്തിൽ കണ്ടെത്തിയ എല്ലാ വിവരങ്ങളും കൃത്യമായി ഉൾപ്പെടുത്തിയിരിക്കണം. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ് ഉണ്ടായിരിക്കേണ്ടതും.എന്നാൽ ആംആദ്മി നേതാവ് താഹിർ ഹുസൈൻ പ്രതി ചേർക്കപ്പെട്ടിട്ടുള്ള അങ്കിത് ശർമ കൊലക്കേസിന്റെ ചാർജ്ഷീറ്റിന്റെ ആദ്യ പേജുകളിലെല്ലാം കടന്നുവരുന്നത് കഴിഞ്ഞ വർഷം ഡിസംബറിൽ ജാമിഅ മില്ലിയ സർവകലാശാലയിൽ നടന്ന ആക്രമണത്തെക്കുറിച്ചുള്ള വിവരണങ്ങളും ഷർജീൽ ഇമാം, ചന്ദ്രശേഖർ ആസാദ്, ഹർഷ് മന്ദർ എന്നിവരുടെ പ്രസംഗത്തിലെ ഭാഗങ്ങളും മറ്റുമാണ്. കേസിലെ പ്രതികളുടെയും സാക്ഷികളുടെയും പേരുകൾക്ക് തൊട്ടുപിന്നാലെ ഇത്തരം വിവരണങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതിന് യാതൊരു സാംഗത്യവുമില്ലെന്നാണ് നിയമവിദഗ്ധരെല്ലാം ചൂണ്ടിക്കാണിക്കുന്നത്.

പ്രമുഖ എഴുത്തുകാരനായ ഹർഷ് മന്ദർ ജാമിഅയിൽ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങളും ചാർജ്ഷീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഈ ഭാഗങ്ങൾ കേസിന്റെ വിചാരണ സമയത്ത് കോടതി തന്നെ തള്ളിക്കളഞ്ഞിരുന്നു. അത്തരത്തിൽ കോടതി പോലും തെളിവായി അംഗീകരിക്കാത്ത ഒരു വിഷയം എങ്ങിനെയാണ് ചാർജ്ഷീറ്റിൽ ഉൾപ്പെടുത്താനാകുക എന്നാണ് ഇപ്പോൾ ചോദ്യമുയരുന്നത്.

പൗരത്വ പ്രതിഷേധം സംബന്ധിച്ച് ഈ ചാർജ്ഷീറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളെക്കുറിച്ച് ഇതേ സംശയം തന്നെയാണ് പലരും ഉന്നയിക്കുന്നത്. ചാർജ്ഷീറ്റ് അന്വേഷണ ഉദ്യോഗസ്ഥന്റെ അഭിപ്രായങ്ങൾ എഴുതിവെക്കാനുള്ള സ്ഥലമല്ലെന്നും തെളിവുകളെ മാത്രം അടിസ്ഥാനമാക്കിയായിരിക്കണം ഇത് തയ്യാറാക്കേണ്ടതെന്നും സരീം നവേദ് ചൂണ്ടിക്കാണിക്കുന്നു.അങ്കിത് ശർമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണം ഒരു ഘട്ടം വരെ ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നത് എന്ന് തോന്നുമെങ്കിലും അങ്കിതിന്റെ അച്ഛനും ഇന്റലിജൻസ് ബ്യൂറോയിലെ ഉദ്യോഗസ്ഥനുമായ രവീന്ദർ കുമാർ മകനെ കാണാനില്ലെന്ന് പറഞ്ഞ് നൽകിയ പരാതിയിലെ വസ്തുതകളുമായി ഈ റിപ്പോർട്ട് ഒത്തുപോകുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

ഫെബ്രുവരി 25ന് വൈകീട്ട് 5 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിയ അങ്കിത് ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ ആശുപത്രികളിലടക്കം അന്വേഷിച്ച ശേഷം പിറ്റേ ദിവസം രാവിലെ പൊലീസിൽ പരാതി നൽകുകയായിരുന്നു.എന്നാൽ 26ന് രാവിലെ പ്രദേശത്തെ ചിലർ കാലു എന്നയാൾക്കൊപ്പവും മറ്റൊരാൾക്കൊപ്പവും അങ്കിത് പോകുന്നത് കണ്ടുവെന്ന് രവീന്ദറിനെ അറിയിച്ചിരുന്നു. പിന്നീട് പ്രദേശത്തെ പള്ളിക്കടുത്ത് വെച്ച് ഒരാൾ കൊല്ലപ്പെട്ടുവെന്നും രവീന്ദറിന് വിവരം ലഭിച്ചു. പക്ഷെ ഇതല്ലാതെ മകന് എന്താണ് സംഭവിച്ചതെന്നതുമായി ബന്ധപ്പെട്ട് കൃത്യമായി ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് രവീന്ദറിന്റെ മൊഴിയിൽ പറയുന്നത്.

പക്ഷെ ഈ മൊഴിയിൽ പറയുന്നതിൽ നിന്നും തികച്ചും വിരുദ്ധമായാണ് പൊലീസ് അന്വേഷണ റിപ്പോർട്ട്. താഹിർ ഹുസൈന്റെ പ്രേരണ പ്രകാരം അക്രമാസക്തരായ ജനക്കൂട്ടം അങ്കിതിനെ വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മാത്രമല്ല റിപ്പോർട്ട് പ്രകാരം അങ്കിതിനെ കൊലപ്പെടുത്തിയിരിക്കുന്നത് പള്ളി പരിസരത്തേ അല്ല, മറ്റൊരു സ്ഥലത്താണ്.

ചാർജ്ഷീറ്റിൽ പറയുന്ന പ്രകാരമാണ് കൊലപാതകം നടന്നതെങ്കിൽ വീടിനടുത്ത് വെച്ച് അങ്കിതിനെതിരെ ഇത്തരത്തിലൊരു ജനക്കൂട്ടത്തിന്റെ ആക്രമണം നടന്നിട്ടും ആരും എന്തുകൊണ്ട് വീട്ടുകാരെ വിവരമറിയിച്ചില്ല എന്ന ചോദ്യം ബാക്കിയാകുകയാണ്. പ്രദേശവാസികളായ നിരവധി പേരാണ് കേസിലെ ദൃക്‌സാക്ഷികളുടെ പട്ടികയിലുള്ളത്. എന്നിട്ടും ഇവരാരും ആക്രമണവുമായി ബന്ധപ്പെട്ട് ഒരു വിവരവും എന്തുകൊണ്ടാണ് അങ്കിതിന്റെ കുടുംബത്തെ അറിയിക്കാതിരുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്.

ഇനി ആംആദ്മി നേതാവ് താഹിർ ഹുസൈനെതിരെയുള്ള പൊലീസ് റിപ്പോർട്ട് പരിശോധിക്കുകയാണെങ്കിലും ഒട്ടേറെ പാകപ്പിഴകളാണ് കണ്ടെത്താനാകുക. മകന്റെ മൃതദേഹം കണ്ടെത്തിയ ശേഷം രവീന്ദർ കുമാർ നൽകിയ മൊഴിയിൽ താഹിർ ഹുസൈനും കൂട്ടാളികളുമായിരിക്കാം മകനെ കൊലപ്പെടുത്തിയതെന്ന സംശയമുന്നയിക്കുന്നുണ്ടെങ്കിലും ഈ വാദം സാധൂകരിക്കുന്ന തെളിവുകളൊന്നും റിപ്പോർട്ടിലില്ലെന്നാണ് 'ദി വയർ' ഉൾപ്പെടുയുള്ള മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ദൃക്‌സാക്ഷികൾ

അതിനിടെ കലാപത്തിൽ ചില പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി ദൃക്സാക്ഷികൾ രംഗത്തെത്തി. ഇവരുടെ പേര് കുറ്റപത്രത്തിൽ വരാത്തതിനെ തുടർന്ന് നാട്ടുകാർ വീണ്ടും പരാതി നൽകിയിരിക്കയാണ്. ഒരു ഡെപ്യൂട്ടി കമ്മീഷണർ, രണ്ട് അഡീഷണൽ കമ്മീഷണർമാർ, രണ്ട് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ തുടങ്ങിയവർക്കെതിരെയാണ് ദൃക്‌സാക്ഷികൾ വ്യാപകമായി പരാതി നൽകിയിരിക്കുന്നത്.ഡൽഹിയിലെ മുസ്ലിം കുടുംബങ്ങളെ ഭീഷണിപ്പെടുത്തി, യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിർത്തു, തീവെപ്പ് നടത്തി, കലാപത്തിനിടെ കൊള്ളയടിച്ചു തുടങ്ങിയ ഗുരുതരാരോപണങ്ങൾ ദൃക്‌സാക്ഷികൾ ഉന്നയിച്ചതായി 'ദ കാരവൻ' റിപ്പോർട്ട് ചെയ്യുന്നു.

പരാതി നൽകിയ ഒരു സ്ത്രീ പറഞ്ഞത്, ചാന്ദ് ബാഗിൽ നിന്നുള്ള മൂന്ന് പൊലീസുദ്യോഗസ്ഥർ പ്രതിഷേധക്കാർക്കു നേരെ വെടിയുതിർത്ത് അവരെ കൊല്ലുന്നത് കണ്ടുവെന്നാണ്. ഗോകുൽപുരി പൊലീസ് സ്റ്റേഷനിലെ എ.സി.പി അനൂജ് ശർമ, ദയൽപുർ പൊലീസ് സ്റ്റേഷനിലെ ഓഫീസർ തർകേഷ് വാർസിങ്, ഭജൻപുര പൊലീസ് സ്റ്റേഷനിലെ ഓഫീസർ ആർ.എസ് മീന എന്നിവർക്കെതിരെയാണ് ആരോപണം.

'ഞാൻ യഥാർത്ഥത്തിൽ ഇതെല്ലാം കണ്ട് ഭയന്നുപോയി. ആരു വന്ന് ഞങ്ങളെ അന്ന് രക്ഷിക്കുമെന്നും ഞാൻ ചിന്തിച്ച് പോയി,'പരാതി നൽകിയ സ്ത്രീ പറഞ്ഞു.അക്ഷരാർത്ഥത്തിൽ പൊലീസുദ്യോഗസ്ഥർ തങ്ങളെ കൊല്ലുകയായിരുന്നുവെന്നും അവർ പറഞ്ഞു.മാർച്ചിലും ഫെബ്രുവരി മാസത്തിലുമാണ് പൊലീസുദ്യോഗസ്ഥർക്കെതിരെ പരിസരവാസികൾ പരാതികൾ നൽകിയത്. എന്നാൽ ഈ കേസുകളിൽ ഇതുവരെയും എഫ്.ഐ.ആർ പോലും തയ്യാറാക്കിയിട്ടില്ല.

ഡൽഹി കലാപത്തിന് കാരണമായെന്ന് വിശ്വസിക്കുന്ന കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നിരവധിപേർ പരാതി നൽകിയിരുന്നു. ഈ പരാതികളൊന്നും തന്നെ രജിസ്റ്റർ ചെയ്തിട്ടുപോലുമില്ലെന്ന് കാരവൻ നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു.ഈദ് ഗാഹ് ഗ്രൗണ്ടിലെ താത്കാലിക അഭയത്തിൽ വീടുകൾ നഷ്ടപ്പെട്ട് കഴിയുന്ന ആളുകളാണ് പൊലീസ് ഹെൽപ് ഡെസ്‌കിൽ പരാതി നൽകിയവരിൽ ഭൂരിഭാഗം പേരും. പൊലീസ് സ്റ്റേഷനിൽ നേരിട്ട് പരാതിപ്പെടാൻ പോയവരിൽ നിന്നും പൊലീസ് പരാതി സ്വീകരിക്കാത്ത നടപടിയുണ്ടായി. നിരവധി പരാതികളാണ് പ്രധാനമന്ത്രിയുടെയും ആഭ്യന്തര വകുപ്പിന്റെയും ലഫ്. ഗവർണറുടെയും ഓഫീസുകളിലേക്കും വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കും അയച്ചത്.

നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ഡി.സി.പി വേദ്പ്രകാശ് സൂര്യക്കെതിരെയും പരാതികൾ വന്നിട്ടുണ്ട്. ഡൽഹിയിൽ കപിൽ മിശ്ര വിദ്വേഷ പ്രസംഗം നടത്തുമ്പോൾ വേദ് പ്രകാശ് സൂര്യ അതിനെ എതിർക്കാതെ അദ്ദേഹത്തിനരികെ നിൽക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

മുഹമ്മദ് ജാമി റിസ്വി എന്ന ഡൽഹി നിവാസി നൽകിയ പരാതിയിൽ ഡി.സി.പി ഫെബ്രുവരി 23ന് പ്രതിഷേധക്കാരുള്ള തെരുവിലൂടെ പട്രോളിങ് നടത്തുകയും ദളിതുകളെയും മുസ്ലിങ്ങളെയും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.'രണ്ട് ദിവസത്തിന് ശേഷം ഇവിടെ പ്രതിഷേധ സമരം ഉണ്ടാവരുതെന്ന് ഞങ്ങൾക്ക് മുകളിൽ നിന്നും ഓർഡർ കിട്ടിയിട്ടുണ്ട്. അതിൽ കൂടുതൽ നിങ്ങൾ പ്രതിഷേധിച്ചാൽ നിങ്ങളുടെ പ്രതിഷേധവും നിങ്ങളും കൊല്ലപ്പെടും. നിങ്ങൾ കൊല്ലപ്പെട്ടിരിക്കും,'' പരാതിയിൽ ദേവ് പ്രകാശ് ഭീഷണിപ്പെടുത്തിയതായി പറയുന്നു.

മുഹമ്മദ് ഇല്യാസ് എന്ന പരാതിക്കാരനും ഇതേ കാര്യം തന്നെ പരാതിയായി നൽകിയിട്ടുണ്ട്.റെഹ്മത് എന്ന സ്ത്രീ നൽകിയ പരാതിയിൽ കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗത്തെക്കുറിച്ചാണ് വിശദീകരിക്കുന്നത്.'ഫെബ്രുവരി 23ന് വൈകുന്നേരം ഒരു നാലു മണിയോടു കൂടി കപിൽ മിശ്രയും ഗുണ്ടകളും ഡി.സി.പി വേദ് പ്രകാശ് സൂര്യക്കൊപ്പം പ്രതിഷേധക്കാരുടെ അടുത്തേക്കെത്തി. കപിൽ മിശ്രക്കൊപ്പമുണ്ടായിരുന്ന ഗുണ്ടകളുടെ പക്കൽ തോക്കുകളും വാളുകളും കല്ലുകളും നീളത്തിലുള്ള വടികളും ഉണ്ടായിരുന്നു,' റെഹ്മത് പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP