Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

അക്രമം നടത്തിയത് ഇടത് വിദ്യാർത്ഥി സംഘടനാ നേതാക്കളെന്ന് ഡൽഹി പൊലീസ്; നേതൃത്വം നൽകിയത് ജെഎൻയു എസ് യു പ്രസിഡന്റ് ഐഷി ഘോഷും; പൊലീസിന്റെ പ്രതിപ്പട്ടികയിലുള്ളത് രണ്ട് എബിവിപി പ്രവർത്തകർ; ഇരകളെ അക്രമികളായി ചിത്രീകരിച്ച് പൊലീസിന്റെ എഫ്‌ഐആർ

അക്രമം നടത്തിയത് ഇടത് വിദ്യാർത്ഥി സംഘടനാ നേതാക്കളെന്ന് ഡൽഹി പൊലീസ്; നേതൃത്വം നൽകിയത് ജെഎൻയു എസ് യു പ്രസിഡന്റ് ഐഷി ഘോഷും; പൊലീസിന്റെ പ്രതിപ്പട്ടികയിലുള്ളത് രണ്ട് എബിവിപി പ്രവർത്തകർ; ഇരകളെ അക്രമികളായി ചിത്രീകരിച്ച് പൊലീസിന്റെ എഫ്‌ഐആർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജെ.എൻ.യുവിൽ അക്രമം നടത്തിയത് ഇടത് വിദ്യാർത്ഥി സംഘടനകളും വിദ്യാർത്ഥി യൂണിയനുമെന്ന് ഡൽഹി പൊലീസ്. അക്രമത്തിൽ പങ്കെടുത്തവർ എന്ന പേരിൽ ജെഎൻയു എസ്.യു പ്രസിഡന്റ് ഐഷി ഘോഷിന്റെ ഉൾപ്പെടെയുള്ള ഇടത് വിദ്യാർത്ഥി നേതാക്കളുടെ ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു. അതേസമയം, അക്രമ സംഭവങ്ങളിൽ പ്രതിപ്പട്ടികയിൽ രണ്ട് എബിവിപി പ്രവർത്തകർ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്.

ആക്രമണത്തിൽ പങ്കുള്ള ഒമ്പതുപേരുടെ സിസിടിവി ദൃശ്യങ്ങൾ സഹിതമുള്ള വിവരങ്ങൾ ഡൽഹി പൊലീസ് പുറത്തുവിട്ടു. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ്, എം.എ കൊറിയൻ വിദ്യാർത്ഥി വികാസ് പട്ടേൽ, സ്‌കൂൾ ഓഫ് സോഷ്യൽ സയൻസ് വിദ്യാർത്ഥി പങ്കജ് മിശ്ര, മുൻ വിദ്യാർത്ഥി ചുൻചുൻ കുമാർ, ഗവേഷക വിദ്യാർത്ഥി യോഗേന്ദ്ര ഭരദ്വാജ്, സ്‌കൂൾ ഓഫ് സോഷ്യൽ സയൻസ് വിദ്യാർത്ഥി ഡോലൻ സാമന്ത, സുചേത തലൂദ്കർ, ലാംഗ്വേജ് ആൻഡ് കൾച്ചറൽ സ്റ്റഡീസിലെ പ്രിയ രഞ്ജൻ, വാസ്‌കർ വിജയ് എന്നിവരെയാണ് പൊലീസ് അക്രമസംഭവങ്ങളിൽ പ്രതി ചേർത്തത്. ഇവരിൽ യോഗേന്ദ്ര ഭരദ്വാജ്, വികാസ് പട്ടേൽ എന്നിവർ മാത്രമാണ് എ.ബി.വി.പി ബന്ധമുള്ളവർ.

Stories you may Like

എസ്എഫ്ഐ, എഐഎസ്എഫ്, എസ്ഐഡിഎ, ഡിഎസ്എഫ്, എബിവിപി എന്നീ സംഘടനകളിലെ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് ഭാഷ്യം. ഇതിൽ അഞ്ചുപേർ ഇടതുസംഘടന പ്രവർത്തകരും രണ്ടുപേർ എബിവിപി പ്രവർത്തകരുമാണ്. മറ്റുള്ളവർ കാമ്പസിന് പുറത്തുനിന്നുള്ളവരാണെന്നും പൊലീസ് പറയുന്നു.

ജനുവരി അഞ്ചിന് വൈകീട്ടാണ് ജെ.എൻ.യു കാമ്പസിൽ എ.ബി.വി.പി അക്രമികളുടെ നേതൃത്വത്തിൽ അഴിഞ്ഞാടിയത്. 30ലേറെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അക്രമങ്ങളിൽ ഗുരുതര പരിക്കേറ്റിരുന്നു. ജനുവരി അഞ്ചിന് രാത്രി പെരിയാർ ഹോസ്റ്റിൽ ഒരുകൂട്ടം ആളുകൾ നടത്തിയ ആക്രമണത്തിന് നേതൃത്വം നൽകിയത് ഐഷി ഘോഷാണെന്ന് ഡൽഹി ഡെപ്യൂട്ടി കമ്മീഷ്ണർ പറഞ്ഞു. അക്രമത്തിൽ ഇതുവരെ മൂന്നുകേസുകൾ രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിസിപി വ്യക്തമാക്കി.

മൂന്ന് എഫ്.ഐ.ആർ ആണ് അക്രമങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. അക്രമസംഭവങ്ങളിൽ ഉൾപ്പെട്ട ഒമ്പത് പേരെയാണ് തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറയുന്നു. കമ്പ്യൂട്ടർ സെർവർ റൂം നശിപ്പിച്ചതിനാൽ സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമല്ല. അതിനാൽ മറ്റ് വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ചും അന്വേഷണം നടത്തിയുമാണ് പ്രതികളെ കണ്ടെത്തിയതെന്ന് ഡൽഹി ഡി.സി.പി ജോയ് ട്രിക്കി പറഞ്ഞു. ഇടത് വിദ്യാർത്ഥി സംഘടനകളാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നും ഡി.സി.പി സൂചിപ്പിച്ചു.

താൻ എന്ത് അക്രമമാണ് നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കണമെന്ന് ഐഷി ഘോഷ് ആവശ്യപ്പെട്ടു. അക്രമികൾ കാമ്പസിൽ അഴിഞ്ഞാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താൻ നൽകിയ പരാതിയിൽ കേസെടുക്കാൻ പോലും പൊലീസ് തയാറായിട്ടില്ലെന്ന് ഐഷി ഘോഷ് പറഞ്ഞു. നിയമവ്യവസ്ഥയിൽ തനിക്ക് വിശ്വാസമുണ്ട്. പക്ഷേ, ഡൽഹി പൊലീസ് തീർത്തും പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും ഐഷി ഘോഷ് പറഞ്ഞു.

അതേസമയം മാനവ വിഭവശേഷി വകുപ്പുമായി വിദ്യാർത്ഥി നേതാക്കൾ ഇന്ന് നടത്തിയ ചർച്ചയിൽ ഫീസ് വർധനവിൽ ഇളവുവരുത്താനും തീരുമാനമായി. മന്ത്രാലയം സെക്രട്ടറി ഇക്കാര്യം രേഖാമൂലം ഉറപ്പുനൽകണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. വൈസ് ചാൻസലർ രാജിവെച്ച ശേഷം മാത്രമേ പ്രതിഷേധം അവസാനിപ്പിക്കുയുള്ളുവെന്നായിരുന്നു നേരത്തെ വിദ്യാർത്ഥികളുടെ തീരുമാനം. തിങ്കളാഴ്ച മുതൽ ജെഎൻയുവിൽ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് വൈസ് ചാൻസലറും അറിയിച്ചിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP