Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇത് ഹിന്ദു-മുസ്ലിം കലാപം തന്നെ... പക്ഷേ ആരുതുടങ്ങിയെന്ന് പറയാൻ കഴിയില്ലെന്ന് രാജ്ദീപ് സർദേശായി; ശർമ, ശുക്ല എന്നീ സർനെയിമുകളും ധരിച്ചിരുന്ന രുദ്രാക്ഷവും കൊണ്ട് ജീവൻ രക്ഷിച്ചെടുത്തവെന്ന് എൻഡിടിവി റിപ്പോർട്ടർ സൗരഭ് ശുക്ല; പാന്റ്‌സ് അഴിച്ചു പിരിശോധിച്ച് മതം മനസ്സിലാക്കിനുള്ള ശ്രമത്തിൽ നടുങ്ങി അനിന്ദ ചതോപാധ്യായ; ഡൽഹിയിൽ എല്ലാം മതമയമെന്ന് പി ആർ സുനിൽ; ഡൽഹി ഒരു ദേശീയനാണക്കേടായി മാറിയിയെന്ന് മാധ്യമ പ്രവർത്തകർ

ഇത് ഹിന്ദു-മുസ്ലിം കലാപം തന്നെ... പക്ഷേ ആരുതുടങ്ങിയെന്ന് പറയാൻ കഴിയില്ലെന്ന് രാജ്ദീപ് സർദേശായി; ശർമ, ശുക്ല എന്നീ സർനെയിമുകളും ധരിച്ചിരുന്ന രുദ്രാക്ഷവും കൊണ്ട് ജീവൻ രക്ഷിച്ചെടുത്തവെന്ന് എൻഡിടിവി റിപ്പോർട്ടർ സൗരഭ് ശുക്ല; പാന്റ്‌സ് അഴിച്ചു പിരിശോധിച്ച് മതം മനസ്സിലാക്കിനുള്ള ശ്രമത്തിൽ നടുങ്ങി അനിന്ദ ചതോപാധ്യായ; ഡൽഹിയിൽ എല്ലാം മതമയമെന്ന് പി ആർ സുനിൽ; ഡൽഹി ഒരു ദേശീയനാണക്കേടായി മാറിയിയെന്ന് മാധ്യമ പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 'ന്യൂഡൽലിയിലെ തെരുവുകളിൽ ഒരു ദിവസം ചെലവഴിച്ചതിന് ശേഷം എനിക്ക് മനസ്സിലായി. ഇത് ഹിന്ദു മുസ്ലിം കലാപമാണ്. അതിൽ രണ്ട് ക്ൂട്ടരും ഭീകരമായ അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.

തെരുവ് പ്രതിഷേധം, പ്രകോപനം, ആക്രമണം, പ്രതികാരം, ...അക്രമത്തിന്റെ ഒരു പരമ്പര. ആരാണ് ഇത് ആരംഭിച്ചതെന്ന് പറയാൻ പ്രയാസമാണ്.'- ഡൽഹി കലാപത്തെക്കുറിച്ച് പ്രമുഖ മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിയുടെ ട്വീറ്റ് ഇങ്ങനെയാണ്. സമാനതകളില്ലാത്ത അക്രമത്തിൽ നടുങ്ങിനിൽക്കയാണ് ഡൽഹിയിലെ മാധ്യമ പ്രവർത്തകരും. തങ്ങളുടെ ജീവിതകാലത്ത് ഈ രീതിയിലുള്ള ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് അവർ പറയുന്നു.

രക്ഷിച്ച് രുദ്രാക്ഷം അടക്കമുള്ള മതചിഹ്നങ്ങൾ

വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം റിപ്പോർട്ട് ചെയ്യാനെത്തിയ എൻ.ഡി.ടി.വി സീനിയർ റിപ്പോർട്ടർ സൗരഭ് ശുക്ലയുടെ അനുഭവക്കുറിപ്പും ഞെട്ടിക്കുന്നതാണഎ്. സഹപ്രവർത്തകൻ അരവിന്ദ് ഗുണശേഖറിനൊപ്പം സി.എൻ.എൻ ന്യൂസ് 18ലെ രുൺജുൻ ശർമയും ശുക്ലക്കൊപ്പമുണ്ടായിരുന്നു. ശർമ, ശുക്ല എന്നീ സർനെയിമുകളും ധരിച്ചിരുന്ന രുദ്രാക്ഷവുംകൊണ്ട് ജീവൻ രക്ഷിച്ചെടുത്ത സംഭവം, ജീവിതത്തിലെ ഏറ്റവും ലജ്ജാകരമായ നിമിഷമായി രേഖപ്പെടുത്തുകയാണ് സൗരഭ് ശുക്ല.

'ആ ദിവസത്തിന്റെ തുടക്കം സാധാരണ വാർത്താദിനമായിട്ടായിരുന്നു, അവസാനിച്ചതോ, എന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ഒന്നായി. ഞായറാഴ്ച രാത്രി മുതൽ വടക്കുകിഴക്കൻ ഡൽഹിയിൽ അക്രമം റിപ്പോർട്ടുചെയ്യുന്നുണ്ട് ഞങ്ങൾ. തിങ്കളാഴ്ച രാവിലെ ഏഴിന് തത്സമയ റിപ്പോർട്ടിങ്ങിന് അരവിന്ദ് ഗുണശേഖർ, രൺജുൻ ശർമ എന്നിവർക്കൊപ്പം മൗജ്പുരിലെത്തി. ചുറ്റും ഭീകര അക്രമം. ലക്കുകെട്ട ആൾക്കൂട്ടം ആളുകളെയും കടകളും കൊള്ളയടിക്കുന്നു, കല്ലെറിയുന്നു, വെടിവെക്കുന്നു. ഡൽഹി ഏറെ മാറിപ്പോയതായി തോന്നി.

ഉച്ചക്ക് 12ന് മൗജ്പുരിൽനിന്ന് ഗോകുൽപുരിയിലെത്തി. എൻ.ഡി.ടി.വിയുടെ മൈക്കിനുപകരം മൊബൈൽ ഫോണിലായിരുന്നു റെക്കോഡിങ്. അക്രമം അതിവേഗം പടരുകയായിരുന്നു. മരവിപ്പിക്കുന്ന അന്തരീക്ഷം. വീടുകൾക്ക് തീയിടുന്നത് കണ്ടു. ഒരു സിനിമയിലേതുപോലെ, ഞങ്ങൾക്കു മുന്നിൽ ആളുകൾ വാളും ഇരുമ്പുവടികളും ഹോക്കിസ്റ്റിക്കുകളുമായി അഴിഞ്ഞാടുന്നു, ആസിഡ് ഒഴിക്കുന്നു. പലർക്കും ഹെൽമറ്റുണ്ട്, എല്ലാവരും 'ജയ് ശ്രീരാം' വിളിക്കുന്നു. അവർ വീടുകളിലേക്ക് കയറുന്നു, അവിടെനിന്ന് അസ്വസ്ഥമായ ശബ്ദങ്ങളുയരുന്നു, നിമിഷങ്ങൾക്കകം ആ വീട് കത്തിയമരുന്നു. ഖജൂരി കാസിൽ വീടുകൾക്ക് തീയിടുമ്പോൾ ഒരു പൊലീസുകാരൻപോലുമുണ്ടായിരുന്നില്ല. റെക്കോഡ് ചെയ്യരുത്, കാഴ്ചക്കാരായി ആസ്വദിക്കുക -അക്രമികൾ കൽപിച്ചു. സംഘത്തിലെ യുവാക്കൾ മദ്യപിച്ച് ലക്കുകെട്ടനിലയിലായിരുന്നു.

പലയിടത്തും ആരാധനാലയങ്ങൾ ആക്രമിക്കപ്പെട്ടു. പഴയ മൗജ്പുരിനടുത്ത് മീറ്റ്നഗറിൽ ആരാധനാലയത്തിന്റെ കെട്ടിടം ആക്രമിച്ച് 200-300 പേരടങ്ങുന്ന സംഘം കല്ലുകൾ ഒന്നൊന്നായി എടുത്തെറിയുന്നു. പൊലീസ് എവിടെയുമുണ്ടായിരുന്നില്ല. ഉച്ചക്ക് ഒരു മണി. സീലാംപുരിനടുത്ത് ഒരു ആരാധനാലയം ആക്രമിക്കപ്പെടുന്നുവെന്ന് അറിഞ്ഞു. അവിടെ 200 പേരടങ്ങുന്ന അക്രമിസംഘം എന്തിനും തയാറായി നിൽക്കുന്നു. കാഴ്ചക്കാരായി ഏതാനും പൊലീസുകാർ. ഞങ്ങൾ ഒരു മേൽപാലത്തിൽനിന്ന് റെക്കോഡ് ചെയ്യാൻ തുടങ്ങി. പെട്ടെന്ന് അരവിന്ദിനെ ഒരു അക്രമി പിടിച്ചുവലിച്ചു. 50-60 പേരടങ്ങുന്ന സംഘം പാഞ്ഞെത്തി അടി തുടങ്ങി. മൊബൈലിലെ ദൃശ്യങ്ങൾ മായ്ച്ചുകളയണമെന്നായിരുന്നു ആവശ്യം. അടിയേറ്റ് അരവിന്ദിന്റെ മൂന്ന് പല്ല് പൊട്ടി, വായിൽനിന്ന് രക്തമൊഴുകുന്നു. ഞാനും രൺജുൻ ശർമയും കൈകൾ ചേർത്തുപിടിച്ച് യാചിച്ചു; ഞങ്ങൾക്ക് തെറ്റുപറ്റിയതാണ്, ക്ഷമിക്കൂ, ഞങ്ങൾ മാധ്യമപ്രവർത്തകരാണ്. പക്ഷേ, ആരും കേട്ടില്ല.

എന്നെ തള്ളിയിട്ട് വയറ്റിലും പുറത്തും അടിച്ചു. കൈവശമുള്ള വിദേശ റിപ്പോർട്ടർമാർക്കുള്ള പ്രസ് ക്ലബ് കാർഡ് കാണിക്കാൻ ശ്രമിച്ചു. ഞങ്ങൾ ഇന്ത്യൻ ടെലിവിഷൻ ചാനലുകാരല്ലെന്നും വിദേശ ഏജൻസിക്കുവേണ്ടി റിപ്പോർട്ടുചെയ്യുകയാണെന്നും പറഞ്ഞു. അവർ എന്റെ 'ശുക്ല' എന്ന സർനെയിം ശ്രദ്ധിച്ചു. ഇയാൾ ഒരു ബ്രാഹ്മണനാണ് എന്ന് ആരോ വിളിച്ചുപറഞ്ഞു. മതം തെളിയിക്കാൻ എന്റെ രുദ്രാക്ഷം അവർക്ക് കാണിച്ചുകൊടുത്തു- എന്നെ സംബന്ധിച്ച് ഏറ്റവും ദുഃഖകരമായ കാര്യമായിരുന്നു ഇത്; ജീവൻ രക്ഷിക്കാൻ മതം തെളിയിക്കേണ്ട അവസ്ഥ. ഏതാണ് മതം എന്നവർ രൺജുൻ ശർമയോടും ചോദിച്ചു. അവർ പ്രസ് കാർഡ് കാണിച്ചുകൊടുത്തു, ശർമ എന്നുകണ്ട് സംഘം തൃപ്തരായി.

നിങ്ങൾ ഞങ്ങളുടെ സമുദായക്കാരനായിട്ടും എന്തിനാണ് ദൃശ്യം പകർത്തിയത് എന്നായി ചോദ്യം, തുടർന്ന് വീണ്ടും അടി. ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് പോകാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചു. അവർ ഞങ്ങളുടെ മൊബൈൽ ഫോണുകളിലെ ഫോട്ടോകളും വിഡിയോകളും മായ്ച്ചുകളഞ്ഞു. ഐഫോൺ ഉപയോഗിക്കാൻ അവർക്ക് അറിയാമായിരുന്നു. ഞങ്ങളെക്കൊണ്ട് മതപരമായ മുദ്രാവാക്യം വിളിപ്പിച്ച്, ഇനി വന്നാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വിട്ടു.ആശുപത്രിയിൽ പോയി മടങ്ങുമ്പോൾ ഓർത്തു, ഡൽഹി ഒരു ദേശീയനാണക്കേടായി മാറിയിരിക്കുന്നു.'- സൗരഭ് ശുക്്ള എഴുതി.

പാൻസ് അഴിച്ച് മതം പരിശോധിക്കാൻ ഒരുങ്ങുന്നു

പാന്റ്‌സ് അഴിച്ചു പിരിശോധിച്ച് മതം മനസ്സിലാക്കിനുള്ള ശ്രമം ആയിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ ഫോട്ടോ എഡിറ്റർ അനിന്ദ ചതോപാധ്യായ പങ്കുവെച്ചത്. ജീവിതത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിൽ തന്റെ മതം ചോദ്യം ചെയ്യപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

''ഇന്നലെ ഉച്ചയ്ക്ക് 15.15ന് മൗജ്പൂർ മെട്രോ സ്റ്റേഷനിൽ എത്തിയപ്പോൾ മുതലാണ് ഭയാനകമായ അനുഭവങ്ങൾ ഉണ്ടാകാൻ തുടങ്ങിയത്. ഞാൻ അവിടെ എത്തിയ ഉടനെ തന്നെ ഒരു ഹിന്ദു സേന പ്രവർത്തകൻ എന്നെ സമീപിച്ചു. നെറ്റിയിൽ തിലകം ചാർത്താൻ ആവശ്യപ്പെട്ടു. അതുണ്ടെങ്കിൽ നിങ്ങളുടെ ജോലി എളുപ്പമാക്കുമെന്ന് അയാൾ പറഞ്ഞു. എന്റെ കയ്യിലുള്ള ക്യാമറ അയാൾക്കു കാണാമായിരുന്നു. ഞാനൊരു മാധ്യമപ്രവർത്തകനാണെന്ന് അയാൾക്കു മനസ്സിലാകുകയും ചെയ്തു. എന്നിട്ടും അയാൾ എന്നെ നെറ്റിയിൽ തിലകം ചാർത്താൻ നിർബന്ധിച്ചു. നിങ്ങളും ഒരു ഹിന്ദുവാണ്, ബയ്യാ. എന്താണ് കുഴപ്പമെന്നു ചോദിച്ചു''- മാധ്യമപ്രവർത്തകൻ പറഞ്ഞു.

പിന്നീട് ഒരു 15 മിനുട്ടിനു ശേഷം പ്രദേശത്ത് കല്ലേറുണ്ടായി. മോദി, മോദി മുദ്രാവാക്യങ്ങൾ മുഴങ്ങി. തൊട്ടടുത്ത ബിൽഡിങ് കത്തുന്നത് തന്റെ ശ്രദ്ധയിൽപെട്ടു. ചിത്രങ്ങളെടുക്കാൻ ബിൽഡിങ്ങിനടുത്തേക്ക് ഓടിയ തന്നെ ശിവമന്ദിറിനു സമീപം ചിലർ തടഞ്ഞു. ചിത്രങ്ങൾ എടുക്കാൻ പോകുകയാണെന്നു താൻ പറഞ്ഞെങ്കിലും അവർ തന്നോട് പോകരുതെന്നു വിലക്കി. നിങ്ങളും ഒരു ഹിന്ദുവാണ്. എന്തിനാണ് അവിടേക്കു പോകുന്നത്. ഹിന്ദുക്കൾ ഇന്ന് ഉണർന്നിരിക്കുകയാണ് എന്നെല്ലാം അവർ പറഞ്ഞുവെന്നും അദ്ദേഹം പറയുന്നു.എന്നാൽ, ബാരിക്കേഡുകൾക്കു സമീപത്തുകൂടി സ്ഥലത്തെത്തി താൻ ചിത്രങ്ങൾ എടുക്കാൻ തുടങ്ങിയതും മുളവടികളുമായി ഒരു സംഘം തന്നെ വളഞ്ഞു. തന്റെ കൈവശമുള്ള ക്യാമറ നശിപ്പിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. എന്നാൽ ഈ സമയത്ത് തന്റെ കൂടെ വന്ന റിപ്പോർട്ടർ സാക്ഷി ചന്ദ് തനിക്കു മുന്നിൽ കയറി നിൽക്കുകയും ധൈര്യമുണ്ടെങ്കിൽ തന്നെ ആക്രമിക്കൂവെന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഇതോടെ അക്രമികൾ തിരിച്ചുപോകുകയായിരുന്നു.

ഇതു കഴിഞ്ഞ് കുറച്ചു യുവാക്കൾ സമീപത്തെത്തി. നിങ്ങൾ വളരെ സമർത്ഥനാണെന്ന 'പ്രശംസ' തന്നു. തൊട്ടടുത്ത ചോദ്യം നിങ്ങൾ ഹിന്ദുവാണോ മുസ്ലിം ആണോ എന്നായിരുന്നു. മതം വെളിപ്പെടുത്താൻ അവർ തന്നോട് പാന്റ്സ് അഴിക്കാൻ ആവശ്യപ്പെട്ടു. താൻ ഒരു ഫോട്ടോഗ്രാഫർ മാത്രമാണെന്ന് അവരോട് പറഞ്ഞു. ഇതുകേട്ട അവർ തന്നെ കുറച്ച് ഭീഷണിപ്പെടുത്തിയശേഷം വിട്ടയച്ചുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് സംഭവസ്ഥലത്തുനിന്ന് ഓഫീസിലേക്ക് പോകാൻ ഓട്ടോറിക്ഷയിൽ കയറിയപ്പോഴും ഭീഷണിയുണ്ടായി. ജീവിതത്തിൽ ഒരിക്കൽ പോലും ഇത്തരത്തിൽ തന്റെ മതം ചോദ്യം ചെയ്യപ്പെട്ട അനുഭവമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹിയിൽ എല്ലാം മതമയമാകുന്നു

ഹിന്ദുവാണോ മുസ്ലീമാണോയെന്ന് അക്രമികൾ വെട്ടിത്തുറന്ന് ചോദിച്ചതിന്റെ ഏഷ്യാനെറ്റ് ന്യൂസിലെ ഡൽഹി റിപ്പോർട്ടറായ പി ആർ സുനിൽ ചൂണ്ടിക്കാട്ടുന്നത്. 'പലയിടങ്ങളിലും ഞങ്ങളുടെ കൺമുന്നിലാണ് അക്രമങ്ങൾ നടക്കുന്നത്. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചാൽ ക്യാമറ തകർക്കുമെന്ന് പറയുന്നു. കമ്പിവടി പോലുള്ള ആയുധങ്ങൾ കയ്യിലേന്തിയാണ് ഭീഷണി. ജാഫറാബാദിൽ പള്ളി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളെടുക്കവേ മാധ്യമപ്രവർത്തകൻ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ആസൂത്രിതമായ അക്രമമമാണ് നടക്കുന്നതെന്ന് പറയേണ്ടിവരും. അതിനാൽത്തന്നെ അക്രമികളുടെ മുഖങ്ങളോ അടയാളങ്ങളോ പുറത്തുപോകരുതെന്ന് നിർബന്ധമുള്ളത് പോലെയാണ്. ഞാൻ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചു. അപ്പോൾ അക്രമികൾ എന്റെ അടുത്തുവന്ന് ഞാൻ മുസ്ലീമാണോ ഹിന്ദുവാണോ എന്ന് ചോദിക്കുകയാണുണ്ടായത്. ഇത്തരത്തിൽ മതം ചോദിച്ച് ആക്രമിക്കുന്ന തരത്തിലേക്ക് അവസ്ഥകൾ മാറിയിട്ടുണ്ട്. ഡൽഹിയിൽ എല്ലാം വളരെ പെട്ടെന്ന് മതമയമായി മാറുന്നു.- സുനിൽ പറയുന്നു.

സംഘർഷങ്ങൾ നടക്കുമ്പോൾ പൊലീസോ കേന്ദ്രസേനയോ അവിടെ എത്തുന്നില്ലെന്നത് ശ്രദ്ധേയമാണ്. പള്ളികൾ ഖബറിസ്ഥാനുകളൊക്കെ ആക്രമിക്കപ്പെടുന്നുണ്ട്. അപ്പോഴൊന്നും പൊലീസ്- അല്ലെങ്കിൽ കേന്ദ്രസേനയൊന്നും പ്രതികരിക്കുകയോ സംഭവസ്ഥലത്തേക്ക് എത്തുന്നതോ പോലുമില്ല. ഭരണസിരാകേന്ദ്രമായ ഡൽഹിയിൽ സർക്കാർ വിചാരിച്ചാൽ ഇതെല്ലാം നിയന്ത്രിക്കാവുന്നതേയുള്ളൂ. എന്നാൽ അത്തരമൊരു ഇടപെടൽ നടക്കുന്നില്ലെന്ന് വേണം കരുതാൻ. സിഖ് കലാപത്തിന് ശേഷം ഇതാദ്യമായിട്ടായിരിക്കും ഡൽഹി ഇങ്ങനെയൊരു കലാപഭൂമിയായി മാറുന്നത്...'- പി ആർ സുനിൽ ചൂണ്ടിക്കാട്ടി.16 വർഷമായി താൻ ഡൽഹിയിൽ മാധ്യമപ്രവർത്തകനായി ജോലി ചെയ്യുന്നുവെന്നും ഇതുവരെ ഇത്തരമൊരു അവസ്ഥ കണ്ടിട്ടില്ലെന്നും സുനിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP