Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിനിമ കണ്ടു മടങ്ങിയ ഫിസിയോ തെറാപ്പി വിദ്യാർത്ഥിയെ പിച്ചി ചീന്തിയതിൽ കുട്ടിക്കുറ്റവാളിയടക്കം പിശാചിന്റെ രൂപം പൂണ്ട ആറു പേർ; പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കുട്ടിക്കുറ്റവാളി മോചിതനായത് അഞ്ച് വർഷം മുമ്പ്; ഏഴ് വർഷത്തെ വിചാരണയ്ക്ക് ശേഷം സുപ്രീംകോടതി വിധിച്ചത് പ്രതികൾക്ക് തൂക്കുകയർ; ശിക്ഷ ലഘുകരിക്കണമെന്ന അമിക്കസ് ക്യുറി ഉപദേശം മറികടന്നും പരമോന്നത കോടതിയുടെ ചരിത്ര വിധി; ജനുവരി 22 രാവിലെ ഏഴിന് തൂക്കിലേറ്റേണ്ട സമയം വിധിച്ചു; നിർഭയ കേസിലെ നാൾ വഴികൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: കോളിളക്കം സൃഷ്ടിച്ച നിർഭയ കേസിലെ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാൻ സുപ്രീം കോടതി കാട്ടിയ ആർജവം ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു. ജനുവരി 22 നാണ് പ്രതികളെ തൂക്കിലേറ്റുന്നത്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കേസിൽ പ്രതികളുടെ ശിക്ഷ ലഘൂകരിക്കണമെന്ന അമിക്കസ് ക്യൂറിയുടെ ഉപദേശം മറികടന്നാണ് സുപ്രീം കോടതി വിധിപ്രസ്താവം നടത്തിയത്. മെയിൽ വധശിക്ഷ ഉത്തരവിട്ടെങ്കിലും ഇന്നാണ് ദിവസം പ്രഖ്യാപിച്ചത്.

പ്രതികൾക്ക് നിയമനടപടികൾ 14 ദിവസത്തിനകം പൂർത്തിയാക്കാമെന്ന് കോടതി പറഞ്ഞു. വധശിക്ഷക്കെതിരെ തിരുത്തൽ ഹർജി നൽകുമെന്ന് രണ്ട് പ്രതികൾ അറിയിച്ചതായി അമിക്കസ്‌ക്യൂറി ഇന്ന് കോടതിയെ അറിയിച്ചിരുന്നു. തിരുത്തൽ ഹർജി നൽകുന്നത് വാറന്റ് പുറപ്പെടുവിക്കുന്നതിന് തടസ്സമല്ലെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.

മൂന്നുമണിക്കൂറോളം നീണ്ട കോടതി നടപടികൾക്കൊടുവിലാണ് വിധി പുറപ്പെടുവിച്ചത്. പ്രതികൾക്ക് തിരുത്തൽ ഹർജിയും ദയാഹർജിയും നൽകാൻ സമയം അനുവദിക്കണമെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, ജഡ്ജി വീഡിയോ കോൺഫറൻസിംഗിലൂടെ പ്രതികളുമായി സംസാരിച്ചു. ആ സമയത്ത് നിർഭയയുടെ മാതാപിതാക്കളും അഭിഭാഷകരും പൊലീസും മാത്രമാണ് കോടതിമുറിയിലുണ്ടായിരുന്നത്.

2012 ഡിസംബർ 16നാണ് കേസിനാസ്പദമായ കൃത്യം നടന്നത്. രാത്രിയിൽ ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ വച്ച് വിദ്യാർത്ഥിനിയെ ആറംഗ സംഘം ബലാത്സംഗം ചെയ്യുകയായിരുന്നു. കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തിനെ സംഘം ആക്രമിച്ചു. മൃതപ്രായയായ വിദ്യാർത്ഥിനിയെയും സുഹൃത്തിനെയും തുടർന്ന് വഴിയിലുപേക്ഷിച്ചു. ഡിസംബർ 29ന് പെൺകുട്ടി മരണത്തിന് കീഴടങ്ങി.

നിർഭയ കേസിന്റെ നാൾവഴികൾ

2012 ഡിസംബർ 16, രാത്രി 9.00 മണി, ഡൽഹി വസന്ത് വിഹാർ

സിനിമ കണ്ടു താമസ സ്ഥലത്തേക്കു മടങ്ങാൻ ബസ് കാത്തിരിക്കുകയായിരുന്നു ആ ഫിസിയോതെറപ്പി വിദ്യാർത്ഥിനി. പതിവു സർവീസ് നടത്തുന്ന ബസാണെന്നു കരുതി അവളും സുഹൃത്തും കയറിയത് 'നരകവാഹന'ത്തിൽ. ബസിലുണ്ടായിരുന്ന ആറു പേർ അവളെ പിച്ചിച്ചീന്തി.

40 മിനിറ്റ് നീണ്ട പൈശാചികതയ്‌ക്കൊടുവിൽ ജീവച്ഛവമായ പെൺകുട്ടിയെ ബസിൽ നിന്നു പുറത്തേക്കെറിഞ്ഞു. രാജ്യം പിന്നീട് അവളെ 'നിർഭയ' എന്നു വിളിച്ചു. പിശാചിന്റെ രൂപം പൂണ്ട ആ ആറു പേർ ഇവരായിരുന്നു ബസ് ഡ്രൈവർ രാം സിങ്, സഹോദരൻ മുകേഷ്, വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് ഠാക്കൂർ, 18 വയസ്സ് തികഞ്ഞിട്ടില്ലാത്ത ഒരാൾ.

പ്രാർത്ഥന, പ്രതിഷേധം

ശരീരം കീറി നുറുങ്ങി, ആന്തരാവയവങ്ങൾക്കും ഗുരുതര പരുക്കേറ്റ നിർഭയ സഫ്ദർജങ് ആശുപത്രിയിൽ ജീവനുവേണ്ടി മല്ലിടുമ്പോൾ പുറത്ത് രാജ്യം അന്നുവരെ കാണാത്ത പ്രതിഷേധം അണപൊട്ടി. അവളുടെ ജീവനു വേണ്ടിയുള്ള പ്രാർത്ഥനകളുമായി തെരുവിലിറങ്ങി, പ്രതിഷേധജ്വാലയുയർത്തിയ ഇന്ത്യൻ യുവത്വം അധികാരകേന്ദ്രങ്ങളെ പ്രകമ്പനം കൊള്ളിച്ചു.

മുഖ്യമന്ത്രിയുടെ വസതിക്കുമുന്നിലും പൊലീസ് ആസ്ഥാനത്തും പ്രതിഷേധങ്ങൾക്കു ശേഷം ആയിരക്കണക്കിനു യുവാക്കൾ നിരോധനാജ്ഞ ലംഘിച്ച് രാഷ്ട്രപതി ഭവൻ ലക്ഷ്യമാക്കി മാർച്ച് ചെയ്തു. ഇന്ത്യാ ഗേറ്റിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഇതിനിടയിൽ നിർഭയയെ വിദഗ്ധ ചികിൽസയ്ക്കായി സിംഗപ്പൂരിലേക്കു കൊണ്ടുപോയി.

തലകുനിച്ച് രാജ്യം

ഡിസംബർ 29, പുലർച്ചെ 2.15

രാജ്യം തലകുനിച്ച് ആ വാർത്ത കേട്ടു സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ നിർഭയ മരിച്ചു. ഒരു പെൺകുട്ടിയോട് ഇങ്ങനെ ചെയ്തല്ലോ എന്നോർത്ത് രാജ്യം ഒന്നടങ്കം സങ്കടപ്പെട്ടു.

130 ദിവസം വിചാരണ

2013 ജനുവരി 17 ബസ് ഡ്രൈവർ രാം സിങ്, സഹോദരൻ മുകേഷ്, വിനയ് ശർമ, പവൻ ഗുപ്ത എന്നിവർ ഡിസംബർ 17നും മറ്റുള്ളവർ നാലു ദിവസത്തിനകവും അറസ്റ്റിലായിരുന്നു. അതിവേഗ കോടതി നടപടികൾ ജനുവരി 17ന് തുടങ്ങി. പ്രായപൂർത്തിയാകാത്ത പ്രതിയുടെ കേസ് ജുവനൈൽ കോടതിയിലേക്ക് മാറ്റി.

സ്വയം സ്വീകരിച്ച തൂക്കുകയർ

2013 മാർച്ച് 11

മുഖ്യപ്രതി ഡ്രൈവർ രാം സിങ് 2013 മാർച്ച് 11ന് തിഹാർ ജയിലിൽ ജീവനൊടുക്കി. നാലു പ്രതികളെ തൂക്കിക്കൊല്ലാൻ അതിവേഗ കോടതി 2013 സെപ്റ്റംബർ 13ന് വിധിച്ചു. വധശിക്ഷ 2014 മാർച്ച് 13ന് ഹൈക്കോടതി ശരിവച്ചു.

കുട്ടി, ക്രൂരൻ

കൂട്ടമാനഭംഗം നടത്തിയ ആറു പേരിൽ ഏറ്റവും ക്രൂരമായി പെരുമാറിയെന്ന് പൊലീസ് പറയുന്നയാൾ നിയമത്തിന്റെ മുന്നിൽ കുട്ടിക്കുറ്റവാളി. ഇയാൾ കുറ്റക്കാരനെന്നും പ്രത്യേക തിരുത്തൽ കേന്ദ്രത്തിൽ മൂന്നുവർഷം താമസിക്കണമെന്നും 2013 ഓഗസ്റ്റ് 31ന് വിധിച്ചു. 2015ൽ കാലാവധി പൂർത്തിയാക്കിയ ഇയാളെ പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി.

ഹീനകൃത്യം ചെയ്ത വ്യക്തി പ്രായത്തിന്റെ പേരിൽ നിയമത്തിന്റെ പിടിയിൽ നിന്നു വഴുതിമാറിയത് രാജ്യമെങ്ങും വിവാദമായി. പ്രായപൂർത്തിയാകാത്തയാൾ എന്നർഥം വരുന്ന 'ജുവനൈൽ' എന്ന പദത്തിന്റെ നിർവചനത്തിൽ മാറ്റങ്ങൾ വേണമെന്ന ചർച്ച ഉയർന്നു.

കൊടുംകുറ്റകൃത്യങ്ങൾ പരിഗണിക്കുമ്പോൾ 18 എന്ന പ്രായപരിധി 16 ആയി കുറയ്ക്കണമെന്നും കുറ്റകൃത്യങ്ങളുടെ തീവ്രത വിലയിരുത്തി പ്രായപരിധി നിർണയിക്കണമെന്നും ആവശ്യം. ഭേദഗതി ചെയ്ത ജുവനൈൽ ജസ്റ്റിസ് നിയമം 2015 ഡിസംബറിൽ പാർലമെന്റ് പാസാക്കി.

പതിനാറു മുതൽ 18വരെ പ്രായമുള്ളവർ ഹീനമായ കുറ്റം ചെയ്താൽ പ്രായപൂർത്തിയായവരെന്ന നിലയിൽ വിചാരണ ചെയ്യുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി. ജുവനൈൽ എന്ന വാക്കിനു പകരം ചൈൽഡ് (കുട്ടി) അല്ലെങ്കിൽ 'നിയമവിരുദ്ധപ്രവർത്തനം നടത്തിയ കുട്ടി' എന്നു ഭേദഗതി വരുത്തി.

തൂക്കുകയർ

2017 മെയ്‌ 5

നാലു പ്രതികളുടെയും വധശിക്ഷ സുപ്രീം കോടതിയും ശരിവച്ചു.

2020 ജനുവരി 7

നാലു പ്രതികൾക്കും വധശിക്ഷ ജനുവരി 22ന് ഏഴ് മണിക്ക് വിധിച്ചു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP