Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മാർച്ചിലെ ശമ്പളവും മുടങ്ങി; നാല് വിദേശ നിക്ഷേപകരെ പഴിച്ച് ബൈജൂസിന്റെ കത്ത് ജീവനക്കാർക്ക്; ഫണ്ട് വിനിയോഗത്തിൽ കോടതി നിയന്ത്രണം ഏർപ്പെടുത്തിയതോടെ നിത്യ ചെലവുകൾക്കും പണമില്ലാതെ എഡ് ടെക് കമ്പനി; സഹകരിക്കണമെന്ന് നിക്ഷേപകരോട് കെഞ്ചി ബൈജു രവീന്ദ്രൻ

മാർച്ചിലെ ശമ്പളവും മുടങ്ങി; നാല് വിദേശ നിക്ഷേപകരെ പഴിച്ച് ബൈജൂസിന്റെ കത്ത് ജീവനക്കാർക്ക്; ഫണ്ട് വിനിയോഗത്തിൽ കോടതി നിയന്ത്രണം ഏർപ്പെടുത്തിയതോടെ നിത്യ ചെലവുകൾക്കും പണമില്ലാതെ എഡ് ടെക് കമ്പനി; സഹകരിക്കണമെന്ന് നിക്ഷേപകരോട് കെഞ്ചി ബൈജു രവീന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മലയാളിയായ ബൈജു രവീന്ദ്രൻ നയിക്കുന്ന ബൈജൂസ് എഡ് ടെക് കമ്പനിയിൽ വീണ്ടും ജീവനക്കാരുടെ ശമ്പളം മുടങ്ങി. തെറ്റായ തീരുമാനമെടുത്ത ഏതാനും വിദേശ നിക്ഷേപകരെ പഴിച്ചുകൊണ്ട് ബൈജൂസ് ജീവനക്കാർക്ക് ഇ മെയിൽ അയച്ചു. പരിമിതമായ ഫണ്ട് വിനിയോഗം നിഷ്‌കർഷിക്കുന്ന ഇടക്കാല ഉത്തരവ് സമ്പാദിച്ച വിദേശ നിക്ഷേപകരാണ് ശമ്പളം മുടക്കുന്നതെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. അവകാശ ഓഹരി പുറത്തിറക്കിയതിലൂടെ സമാഹരിച്ച തുക ചെലവഴിക്കുന്നതിനെതിരെയാണ് ഏതാനും വിദേശ നിക്ഷേപകർ ഫെബ്രുവരിയിൽ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയത്.

ഏപ്രിൽ 8 ഓടെ ശമ്പളം നൽകാൻ സമാന്തര വഴി നോക്കുന്നുവെന്ന ആശ്വാസവാക്കും മെയിലിൽ ഉണ്ട്. നിയന്ത്രണം പിൻവലിക്കും വരെ ശമ്പളം തടഞ്ഞുവയ്ക്കാൻ നിർബന്ധിതരായത് നാല് വിദേശ നിക്ഷേപകരുടെ നിിരുത്തരവാദപരമായ നടപടിയാണെന്നും കുറിപ്പിൽ പറയുന്നു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ പൂർണ വിശ്വാസം തങ്ങൾക്കുണ്ടെന്നും, അനുകൂല ഉത്തരവിനായി കാത്തിരിക്കുകയാണെന്നും ബൈജൂസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

കെടുകാര്യസ്ഥത ആരോപിച്ച് സമർപ്പിച്ച ഹർജിയിൽ ബൈജൂസും നാല് നിക്ഷേപകരായ പ്രോസസ്, ജനറൽ അറ്റ്‌ലാന്റിക്, സോഫിന, പീക്ക് XV (മുമ്പ് സെക്വോയ)എന്നിവ നിയമപോരാട്ടം തുടരുകയാണ്. കമ്പനി സ്ഥാപകനായ ബൈജു രവീന്ദ്രൻ പുറന്തിരിഞ്ഞുനിൽക്കുന്ന നിക്ഷേപകരോട് സഹകരിക്കണമെന്ന അഭ്യർത്ഥന ഒരിക്കൽ കൂടി മുന്നോട്ടുവച്ചിട്ടുണ്ടെന്നും മെയിലിൽ വ്യക്തമാക്കി. ജീവനക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അറിയാമെന്നും അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കമ്പനി പറഞ്ഞു.

സമീപകാല വെല്ലുവിളികൾ ബൈജൂസ് തരണം ചെയ്‌തെന്നും ഈ അവസാന കടമ്പയും കടക്കുമെന്നും ജീവനക്കാർ പ്രതീക്ഷ കൈവിടാതിരിക്കണമെന്നും മെയിലിൽ അഭ്യർത്ഥിക്കുന്നു. ബൈജൂസ് ബെംഗളൂരുവിലെ ആസ്ഥാനം ഒഴിച്ചുള്ള ഓഫീസുകൾക്ക് താഴിട്ടിരിക്കുകയാണ്. 14,000 ജീവനക്കാരോട് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു.

ബൈജൂസിന്റെ ആസ്ഥാനമായ ബെംഗളൂരുവിലെ ഐബിസി നോളജ് പാർക്കിലെ ഓഫീസ് മാത്രമാണ് തുറന്നിരിക്കുന്നത്. ഇവിടെ 1000 ലേറെ ജീവനക്കാർ ജോലി ചെയ്യുന്നു. രാജ്യത്തെ മറ്റുഓഫീസുകൾ എല്ലാം ഒഴിഞ്ഞു. വിവിധ നഗരങ്ങളിലെ ഓഫീസുകളുടെ വാടക കരാറുകൾ പുതുക്കാതായിട്ട് മാസങ്ങളായി.

അതേസമയം, ബൈജൂസിന്റെ മുന്നൂറോളം ട്യൂഷൻ സെന്ററുകൾ തുറന്നുപ്രവർത്തിക്കുന്നുണ്ട്. ഈ ഓഫീസുകളിലാണ് 6-10 വരെയുള്ള ക്ലാസുകളിലെ കുട്ടികൾ പഠിക്കുന്നത്. ഇവ തുടർന്നും തുറന്നുപ്രവർത്തിക്കും.

12 ബില്യൻ ഡോളറിന്റെ വായ്പയെ ചൊല്ലി കടത്തിലും തർക്കത്തിലും പെട്ടുഴലുകയാണ് ബൈജൂസ്. ഒരിക്കൽ 20 ബില്യൻ ഡോളറിൽ ഏറെ മൂല്യമുണ്ടായിരുന്ന കമ്പനിയുടെ മൂല്യം കഴിഞ്ഞ വർഷം 90 ശതമാനത്തോളം ഇടിഞ്ഞു.

ഇതിനു പുറമേ സിഇഒ ബൈജു രവീന്ദ്രനിൽ പ്രധാന നിക്ഷേപകർക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ഫേബ്രുവരിയിൽ സിഇഒ സ്ഥാനത്ത് നിന്ന് ബൈജുവിനെ പുറത്താക്കാൻ മുഖ്യ നിക്ഷേപകർ വോട്ടുചെയ്തിരുന്നു. എന്നാൽ, ചെറിയ വിഭാഗം ഓഹരിയുടമകൾ മാത്രമാണ് പുറത്താക്കൽ പ്രമേയം പാസാക്കിയത് എന്ന വാദം ഉന്നയിച്ച് ബൈജുവും കുടുംബവും അത് തള്ളിക്കളഞ്ഞു. അസാധാരണ പൊതുയോഗത്തിലെ തീരുമാനങ്ങൾ അസാധുവാണെന്നും കമ്പനി അറിയിച്ചിരുന്നു.

പ്രതിസന്ധികൾ ആവർത്തിച്ചതോടെ, ബൈജു രവീന്ദ്രന് മുഖ്യ നിക്ഷേപകരുടെ പിന്തുണ നഷ്ടപ്പെട്ടിരിക്കുകയാണ്. യുഎസ് വായ്പാ സ്ഥാപനവുമായുള്ള നിയമപോരാട്ടത്തിന്റെയും, കോർപറേറ്റ് ഭരണ പ്രശ്നങ്ങളുടെയും പേരിൽ കമ്പനിയുടെ ഓഡിറ്ററായ ഡിലോയിറ്റ് വിട്ടുപോയി. ഫെബ്രുവരിയിലെ ശമ്പളം തനിക്ക് നൽകാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ബൈജു രവീന്ദ്രൻ ജീവനക്കാർക്ക് കത്തയച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP