Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202103Tuesday

ബോറിസ് ദീപാവലി ആഘോഷിച്ചത് വിളക്ക് കത്തിച്ച്; ആശംസക്കിടെ ഗുലാബ് ജാമിൽ നാക്ക് പിഴച്ചത് ചിരിപ്പടക്കമായി; ചാൾസും കാമിലയും ബോറീസുമൊക്കെ ആഘോഷം ഏറ്റെടുക്കുമ്പോൾ ആവേശത്തോടെ ഇന്ത്യൻ സമൂഹവും; നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പുലിവാലിലും

ബോറിസ് ദീപാവലി ആഘോഷിച്ചത് വിളക്ക് കത്തിച്ച്; ആശംസക്കിടെ ഗുലാബ് ജാമിൽ നാക്ക് പിഴച്ചത് ചിരിപ്പടക്കമായി; ചാൾസും കാമിലയും ബോറീസുമൊക്കെ ആഘോഷം ഏറ്റെടുക്കുമ്പോൾ ആവേശത്തോടെ ഇന്ത്യൻ സമൂഹവും; നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പുലിവാലിലും

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ : ഡേവിഡ് കാമറോണും തെരേസ മേയും ആഘോഷിച്ചു തുടങ്ങിയ ദീപാവലി ബോറിസ് ജോൺസണിലേക്കു എത്തിയപ്പോൾ കൂടുതൽ ഇന്ത്യൻ തനിമയിൽ എത്തിയിരിക്കുന്നു . ഇന്ത്യക്കു പുറത്തു ഏറ്റവും വലിയ ദീപാവലി ആഘോഷം നടക്കുന്ന ലെസ്റ്റർ തെരുവ് ഇത്തവണ കോവിഡ് വ്യാപന ഭീതിയിൽ ആഘോഷമില്ലാതെ നിശബ്ദമായിരുന്നപ്പോഴും നമ്പർ പത്തിൽ പാരമ്പര്യ രീതിയിൽ നിലവിളക്കു തെളിച്ചാണ് ബോറിസ് ജോൺസൺ ദീപാവലി ആഘോഷിച്ചത് .

ഇരുട്ടിനെ അകറ്റുന്ന ആഘോഷമായ ദീപാവലിക്ക് കോവിഡ് എന്ന ഇരുട്ടും അകറ്റാൻ കഴിയട്ടെ എന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആശംസയിൽ കൂട്ടിച്ചേർത്തു . ഹിന്ദു പുരാണ ഇതിഹാസ കഥാപത്രങ്ങളായ രാമന്റെയും സീതയുടെയും രാവണന്റെയും ഒക്കെ പേരെടുത്തു പറഞ്ഞാണ് ബോറിസ് ആശംസകൾ നേർന്നത് . തീർന്നില്ല ദീപാവലിക്ക് മധുര പലഹാരങ്ങൾ നിർബന്ധം ആയതിനാൽ ഉത്തരേന്ത്യൻ മധുര പലഹാരമായ ഗുലാബ് ജാമിന്റെ കാര്യവും ബോറിസ് എടുത്തു പറയാൻ തയാറായി . പക്ഷെ ഇക്കാര്യം പറയുന്നതിനിടയിൽ നാക്കുപിഴ വന്നതോടെ സോഷ്യൽ മീഡിയ ചിരിപ്പടക്കം സൃഷ്ടിച്ചാണ് അതാഘോഷിച്ചത് .

അതേസമയം കൂട്ടിനു ഇന്ത്യൻ പൈതൃകമുള്ള കമല ഹാരിസിനെ കിട്ടിയിട്ടും നിയുക്ത അമേരിക്കൻ പ്രെസിഡന്റ്‌റ് ജോ ബൈഡൻ ദീപാവലി ആശംസ നേർന്നു പുലിവാല് പിടിച്ചു . ദീപാവലി ആഘോഷത്തിനൊപ്പം സാൽ മുബാറക് എന്ന് പറഞ്ഞതാണ് അദ്ദേഹത്തിന് വിനയായത് . ഇതോടെ ദീപാവലി പടക്കം പൊട്ടുന്ന പോലെ പ്രതിഷേധവുമായി ഇന്ത്യക്കാർ ജോ ബൈഡന്റെ ട്വിറ്റർ പേജിലെത്തി തെറിവിളി തുടങ്ങി . സൽ മുബാറക് എന്നത് ഇസ്ലാം പദം ആണെന്നും ഇത് ദീപാവലിയെ അവഹേളിച്ചതിനു തുല്യം ആണെന്നും വിമർശകർ ചൂണ്ടിക്കാട്ടി . യഥാർത്ഥത്തിൽ ഗുജറാത്തിലെ പുതുവത്സര ആഘോഷമാണ് സൽ മുബാറക് . ഇത് ഇസ്ലാമിക ആഘോഷവുമല്ല . ദീപാവലിക്ക് തൊട്ടു പിറ്റേന്നാണ് സൽ മുബാറക് ആഘോഷങ്ങൾ . ഹിന്ദുക്കൾ , സിഖുകാർ , പാഴ്‌സികൾ , ജൈനർ എന്നിവരൊക്കെ ഇതാഘോഷിക്കാറുണ്ട് .

അതിനിടെ ബ്രിട്ടനിലെ ഇന്ത്യക്കാരുടെ സ്വാധീനം ശരിക്കറിയാവുന്ന ബോറിസ് ആഘോഷത്തിനൊപ്പം ട്വിറ്റര് , ഫേസ്‌ബുക് പേജുകളിൽ താൻ നിലവിളക്കു കൊളുത്തുന്ന വിഡിയോ ദൃശ്യങ്ങളും പോസ്റ്റ് ചെയ്യാൻ തയാറായി . രാമായണം കഥയൊക്കെ വേണ്ടവിധം മനസിലാക്കി ദീപാവലി ആഘോഷ ആശംസ അറിയിക്കാൻ ബോറിസ് തയ്യാറായത് ശ്രെധേയമാണ് . കോവിഡ് ലോക്ഡോൺ മാനിച്ചു ദീപാവലി ആഘോഷം വീടുകളിൽ ഒതുക്കിയ ബ്രിട്ടനിലെ ഇന്ത്യൻ സമൂഹം ആദരവ് അർഹിക്കുന്നു എന്ന് പറഞ്ഞു കയ്യടി നേടാനും ബോറിസ് ശ്രമം നടത്തിയത് മാധ്യമ വാർത്തകളിൽ നിറയുകയും ചെയ്തു . യുകെയിൽ ബോറിസ് ദീപാവലി ആഘോഷം നടത്തിയതോടെ മൂന്നു ദിവസത്തെ പരിപാടികൾക്കും തുടക്കമായി . വിവിധ മേഖലകളിൽ നേട്ടം ഉണ്ടാക്കിയ ബ്രിട്ടീഷ് ഇന്ത്യൻ വംശജരെ ആദരിക്കുന്ന ചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട് .

ബോറിസിനൊപ്പം ചാൾസ് രാജകുമാരനും പത്‌നി കാമിലയും ഇത്തവണയും ദീപാവലി ആഘോഷത്തിൽ പങ്കാളികൾ ആയിരുന്നു . രാജ്യമൊട്ടാകെ ഓരോ വർഷവും ദീപാവലി ആഘോഷ ചടങ്ങുകൾ വിപുലമായി വരുന്നതിൽ ഇന്ത്യൻ സമൂഹത്തിന്റെ ആഹ്ലാദം ദൃശ്യമായത് മാനത്തുയർന്ന ചെറു അമിട്ടുകളും നിലത്തു വിരിഞ്ഞ മത്താപ്പൂക്കളിലുമാണ് . നവംബർ ആദ്യവാരം നടക്കുന്ന ബ്രിട്ടനിലെ ബോൺഫയർ രാത്രിയോട് കിടപിടിക്കുന്ന തരത്തിലാണ് പല യുകെ നഗരങ്ങളിലും ദീപാവലി പടക്കങ്ങൾ രാത്രിയെ ശബ്ദമുഖരിതം ആക്കുന്നത് . ഇന്ത്യൻ സമൂഹത്തിനു ശക്തിയുള്ള നഗര കേന്ദ്രങ്ങളിൽ രാവേറെ പടക്കം പൊട്ടുന്നതും ആഘോഷത്തിലെ പ്രധാന ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

ബോറിസ് ജോൺസൺ ലണ്ടൻ മേയറായിരിക്കെ തുടങ്ങിയ ദീപാവലി ആഘോഷങ്ങൾ ഏറെ പ്രശസ്തമാണ് . ലക്ഷക്കണക്കിന് ആളുകളാണ് ഈ ആഘോഷത്തിൽ പങ്കാളികൾ ആയിരുന്നത് . ഇന്ത്യൻ സർക്കാർ വകുപ്പുകളും കേരള സർക്കാർ ടൂറിസം വകുപ്പും ഒക്കെ മുൻകാലങ്ങളിൽ സ്‌പോണ്‌സര്മാരായി എത്തിയതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP