Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാർട്ടി പത്രത്തിലും ചാനലിലും ജോലി ചെയ്യുന്നവരേക്കാൾ ആത്മാർഥതയും കൂറും സഖാവ് പിണറായി വിജയനോട്! വ്യാജ വിദ്യാഭ്യാസ യോഗ്യതയിൽ പാസ്പോർട്ട് എടുത്തിട്ടും, പ്രതിരോധ രഹസ്യം ചോർത്താൻ പോയിട്ടും അന്വേഷണമില്ല; മീഡിയാ അക്രഡിറ്റേഷൻ കമ്മിറ്റിയിൽ അമൃതാ ടിവിയുടെ ദീപക് ധർമ്മടം എത്തിയത് വിവാദത്തിൽ

പാർട്ടി പത്രത്തിലും ചാനലിലും ജോലി ചെയ്യുന്നവരേക്കാൾ ആത്മാർഥതയും കൂറും സഖാവ് പിണറായി വിജയനോട്! വ്യാജ വിദ്യാഭ്യാസ യോഗ്യതയിൽ പാസ്പോർട്ട് എടുത്തിട്ടും, പ്രതിരോധ രഹസ്യം ചോർത്താൻ പോയിട്ടും അന്വേഷണമില്ല; മീഡിയാ അക്രഡിറ്റേഷൻ കമ്മിറ്റിയിൽ അമൃതാ ടിവിയുടെ ദീപക് ധർമ്മടം എത്തിയത് വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി പ്രസ് ക്ലബ്ബിന്റെ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്ത് ആയതിന്റെ വേദനമാറ്റാനുള്ള ഒറ്റ മൂലിയാണോ മീഡിയാ അക്രഡിറ്റേഷൻ കമ്മറ്റിയിലെ സ്ഥാനം? അതെയെന്നാണ് കൊച്ചിയിലെ പത്രക്കാർ പറയുന്നത്. പിണറായിയുടെ പേരിൽ വോട്ട് ചോദിച്ചിട്ടും ദീപക് ധർമ്മടം കൊച്ചിയിലെ തെരഞ്ഞെടുപ്പിൽ ജയിച്ചു കയറിയിരുന്നില്ല. സിപിഎമ്മിലെ ഉന്നതരുടെ സ്വാധീനത്തിലൂടെ ദേശാഭീമാനി പാനലിൽ കയറാനുള്ള ശ്രമവും പാളി. ഇതോടെ മുൻ കണ്ണൂർ എസ്‌പിയെ ഇറക്കി വോട്ട് പിടിച്ചു. കൊച്ചിയിലെ വമ്പന്മാരിൽ നിന്ന് കാശ് പിരിച്ച് പ്രചരണവും നടത്തി. എന്നിട്ടും വ്യാജ സർട്ടിഫിക്കറ്റുമായി പ്രതിരോധ വകുപ്പിന്റെ കോഴ്സിന് പോയി പുലിവാല് പിടിച്ച മാധ്യമ പ്രവർത്തൻ കടന്നു കൂടിയില്ല. പാസ്പോർട്ട് എടുക്കാനും വ്യാജ രേഖയാണ് ഉപയോഗിച്ചതെന്ന് സർക്കാരിന് വ്യക്തമായി അറിയാവുന്ന ഈ വ്യക്തിയെയാണ് പിണറായി സർക്കാർ അക്രഡിറ്റേഷൻ കമ്മറ്റിയിലേക്ക് എടുത്തത്.

മാധ്യമ പ്രവർത്തകർ എന്ത് തെറ്റ് ചെയ്താലും ഒരു പത്രമോ ചാനലോ വാർത്ത എഴുതില്ല. ഇതിനെതിരെ സംസാരിച്ചാൽ പ്രശ്നമാകുമെന്ന് കരുതി ആരും പ്രതികരിക്കുകയും ഇല്ല. അതുകൊണ്ടാണ് ദീപക്കിനെ ഈ സ്ഥാനം ലഭിക്കുന്നത്. ആരും ചോദ്യം ചെയ്യില്ലെന്ന് സർക്കാരിനും അറിയാം. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ കുറ്റസമ്മതം നടത്തിയ ദീപക്കിനെ അക്രഡിറ്റേഷൻ കമ്മറ്റിയിൽ എടുത്തത് ശുദ്ധ തോന്ന്യവാസമാണ്-പത്ര പ്രവർത്തക യൂണിയനിലെ മുതിർന്ന നേതാവ് മറുനാടനോട് പറഞ്ഞു. യുഡിഎഫ് സർക്കാരിന്റ കാലത്താണ് മിഡീയാ അക്കാദമിയിൽ ദീപക്കിനെ ഉൾപ്പെടുത്തിയത്. അതിനെതിരെ മന്ത്രിക്കും മീഡിയാ അക്കാദമിക്കും പരാതിയും കൊടുത്തു. എന്നാൽ ആരും അന്വേഷിച്ചില്ല. ദീപക്കിന്റെ യോഗ്യതകളിൽ വ്യക്തത വരുത്തേണ്ട സാഹചര്യമുണ്ടെന്നാണ് ഇവർ പറയുന്നത്.

വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ പൊലീസ് അന്വേഷണം നടത്തുന്നില്ല. എല്ലാവർക്കും ദീപക്കിന്റെ കഥ അറിയാം. ഈ സാഹചര്യത്തിൽ സർക്കാർ ഉന്നത സ്ഥാനങ്ങൾ നൽകുമ്പോൾ അതുപയോഗിച്ച് വിലപേശലുകൾക്കും സ്ഥാനമാനങ്ങൾ നേടാനും ദീപക്കിന് കഴിയും. ഹൈക്കോടതിയെ തെറ്റിധരിപ്പിച്ച് തന്ത്രപരമായി രക്ഷപ്പെട്ട വ്യക്തിയാണ് ദിപീക്. പൊലീസിന്റെ സഹായവും ആവോളം കിട്ടി. തലശ്ശേരി ഡിവൈഎസ്‌പിക്ക് ഇതു സംബന്ധച്ച പരാതി പലരും നൽകിയിട്ടുണ്ട്. ഇതിൽ അന്വേഷണം നടന്നാൽ തെളിവ് കൊടുക്കാൻ നിരവധി പേരുണ്ട്. അതുകൊണ്ട് തന്നെ ആ ഫയൽ അനങ്ങുന്നില്ല. ഇതിനൊപ്പം സർക്കാർ ക്ലീൻ സർട്ടിഫിക്കറ്റും നൽകുന്നു. പ്രതികൾക്ക് ഉന്നത സ്വാധീനമുണ്ടെങ്കിൽ രക്ഷപ്പെടാനാകുമെന്നതിന് തെളിവാണ് ഇത്.

തെറ്റ് ചെയ്യുന്നവർ എത്ര ഉന്നതരായാലും പിടിക്കപ്പെടുമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ദീപക്കിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പൊലീസ് അന്വേഷണം അട്ടിമറിച്ചു. പാസ്പോർട്ട് ഓഫീസിൽ പഴിയടച്ച് കുറ്റം സമ്മതിച്ച ദീപക്കിന്റെ വ്യാജ സർട്ടിഫിക്കറ്റിൽ പൊലീസ് അന്വേഷണം നടത്താതെ എഴുതി തള്ളി. ഇത് പുനപരിശോധിക്കണമെന്ന് തെളിവ് സഹിതം പരാതി നൽകിയിട്ടും പൊലീസ് പരിഗണിച്ചു പോലുമില്ല. പത്താം ക്ലാസിന് അപ്പുറം വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത ദീപക്കിനെ അക്രഡിറ്റേഷൻ കമ്മറ്റിയിലും എടുത്തു. സംസ്ഥാന സർക്കാരിന്റെ അക്രഡിറ്റേഷൻ കിട്ടാൻ മാധ്യമ പ്രവർത്തകർക്കുള്ള മിനിമം വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് ദീപക്കിന്റെ നിയമനം വിവാദത്തിലാകുന്നത്. ഇത്തരമൊരു നിയമനത്തിന് അമൃതാ ടിവി ദീപക്കിനെ ശുപാർശ ചെയ്തിട്ടില്ലെന്ന് ചാനലിലെ പ്രമുഖൻ മറുനാടനോട് പ്രതികിരിച്ചു. സർക്കാർ എടുത്ത തീരുമാനമാണ് ഇതെന്നും പറഞ്ഞു.

അതിനിടെ ഹൈക്കോടതിയെ തെറ്റിധരിച്ചാണ് ദീപക് വ്യാജ സർട്ടിഫിക്കറ്റ് കേസിൽ രക്ഷപ്പെട്ടതെന്നതിന്റെ തെളിവും മറുനാടന് ലഭിച്ചു. 2013ലാണ് ദീപക്കിന്റെ പാസ്പോർട്ടിൽ ഇസിഎൻആർ പതിക്കാൻ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സമർപ്പിച്ചതെന്ന് ആരോപണം ഉയർന്നത്. ഇതോടെ പാസ്പോർട്ട് റദ്ദാക്കി. ഇതിൽ സാമന്യനീതി നിഷേധമുണ്ടെന്ന് പറഞ്ഞ് ദീപക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബിജെപി നേതാവ് പിഎസ് ശ്രീധരൻപിള്ളയായിരുന്നു അഭിഭാഷകൻ. ഈ കേസിൽ ഹൈക്കോടതി ദീപക്കിനോട് ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഹൈക്കോടി ആവശ്യപ്പെട്ടു. ഇതോടെ അവകാശ വാദങ്ങളെല്ലാം പിൻവലിച്ച് ചീഫ് പാസ്പോർട്ട് കമ്മീഷണർക്ക് മുന്നിൽ അപ്പീൽ നൽകാനെന്ന വ്യാജേന ഹൈക്കോടതിയിൽ നിന്ന് ഹർജി പിൻവലിച്ചു.

  • ഹൈക്കോടയിൽ ദീപക് നൽകിയ സത്യവാങ്മൂലത്തിൽ നിന്ന്‌

ഈ വിവാദം ഉയർന്നപ്പോൾ കേസ് അന്വേഷണത്തിന് ഉത്തരവിട്ടത് കണ്ണൂർ എസ് പിയായിരുന്ന രാഹുൽ ആർ നായരായിരുന്നു. സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ അന്വേഷണവുമായി പൊലീസ് ഈ സമയത്ത് മുന്നോട്ട് പോയി. പി്ന്നാലെ എസ് പിയായി ഉണ്ണിരാജ എത്തി. ഈ സമയത്തായിരുന്നു കള്ളക്കളി നടന്നത്. ചീഫ് പാസ്പോർട്ട് ഓഫീസർക്ക് മുമ്പിൽ അപ്പീൽ നൽകാനെന്ന് പറഞ്ഞ് ഹൈക്കോടതിയിലെ ഹർജി പിൻവലിച്ച ദീപക് അത് ചെയ്തില്ല. പകരം പാസ്പോർട്ട ഓഫീസറുടെ മുന്നിലെത്തി 5000 രൂപ പിഴയടച്ച് പാസ്പോർട്ട് ആക്ട് പ്രകാരമുള്ള കേസിൽ കുറ്റസമ്മതം നടത്തി. ഇതിന് ശേഷം ഹൈക്കോടതിയുടെ വിധിയെ തെറ്റായി വ്യാഖ്യാനിച്ച് കേസിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇത്.

പ്രതിരോധ വകുപ്പിന്റെ കോഴ്സിന് ദീപക്കിനെ വിട്ടത് അമൃതാ ടിവിയാണ്. ദീപക്കിന് ഡിഗ്രിയില്ലെന്നും ഈ കോഴ്സിന് വിടരുതെന്നും അമൃതായിലെ ജീവനക്കാർ തന്നെ പറഞ്ഞിരുന്നു. ഇതിനെ എതിർത്ത ഉയർന്ന ഉദ്യോഗസ്ഥനെ അന്നത്തെ അമൃതാ ടിവി മാനേജ്മെന്റ് പിരിച്ചുവിട്ടു. വമ്പൻ സാമ്പത്തിക ഇടപാടിന്റെ ഫലമായി പ്രതിരോധ രഹസ്യങ്ങൾ ചോർത്താനായിരുന്നു ശ്രമമെന്നും ആരോപണം ഉയർന്നു. പാസ്പോർട്ടിലെ ഇസിഎൻആർ പതിക്കാൻ ഉപയോഗിച്ച അതേ സർട്ടിഫിക്കറ്റാണ് ദീപക് ഡിഫൻസ് ഡിപ്പാർട്ട്മെന്റിനും നൽകിയത്. എന്നാൽ ഉന്നര രാഷ്ട്രീയ ഇടപെടൽ കാരണം പ്രതിരോധ വകുപ്പ് ഈ വിഷയത്തിൽ ഇനിയും അന്വേഷണം പൂർത്തിയാക്കിയില്ല. ഇതിന്റെ തെളിവുകളും മറുനാടന് ലഭിച്ചു.

  • ദിപക്കിന്റെ ആരോപണങ്ങൾ തള്ളിക്കളയുന്ന കോഴിക്കോട് പാസ്‌പോർട്ട് ഓഫീസറുടെ വിശദീകരണത്തിലെ പ്രധാന ഭാഗം

ഇതിനിടെയാണ് പിണറായിയുടെ സമ്മാനമാണ് ഈ സ്ഥാനമെന്ന തരത്തിൽ ഫെയ്സ് ബുക്കിൽ ദീപക് അനുകൂലികൾ പ്രചരണം തുടങ്ങിയതും ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം നടന്ന കേരള പത്രപ്രവർത്തക യൂണിയൻ തെരഞ്ഞെടുപ്പിൽ ദീപക്കിന് വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും ശക്തമായ ത്രികോണ മത്സരത്തിൽ 119 വോട്ടുകൾ നേടാനായത് ദീപക്കിന്റെ വ്യക്തിപരമായ നേട്ടം കൂടിയാണ്. നിലപാടുകൾ എടുക്കാനും അതിൽ ഉറച്ചു നിൽക്കാനും ദീപക് കാണിച്ച ധൈര്യത്തേയും ആത്മാർഥതയെയും അംഗീകരിക്കാതിരിക്കാനാവില്ല. ഒരു സ്ഥാനാർത്ഥി എങ്ങാൻ പണിയെടുക്കണം എന്നും ദീപക് കാണിച്ചു തന്നു. അർഹതയുള്ളവർ അംഗീകാരം തേടിയെത്തുമെന്ന് ഞാൻ തെരഞ്ഞെടുപ്പിന് തലേ ദിവസം തന്നെ ഇവിടെ കുറിപ്പിട്ടിരുന്നു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് 24 മണിക്കൂറിനകം സംസ്ഥാന സർക്കാരിന്റെ അംഗീകാരം മുഖ്യമന്ത്രിയുടെ നാട്ടുകാരൻ കൂടിയായ ദീപക് ധർമ്മടത്തെ തേടിയെത്തി.

  • ഹൈക്കോടതി ദീപക്കിനെ വെറുതെ വിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിധി ഇങ്ങനെ

പാർട്ടി പത്രത്തിലും ചാനലിലും ജോലി ചെയ്യുന്നവരേക്കാൾ കൂടുതൽ ആത്മാർഥതയും കൂറും സഖാവ് പിണറായി വിജയനോട് അമൃത ടി വി റീജ്യണൽ മേധാവി കൂടിയായ ദീപക്കിന് ഉണ്ടെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. സന്തോഷവും അഭിനന്ദനവും അറിയിക്കുന്നു-കൊച്ചിയിലെ ഒരു മാധ്യമ പ്രവർത്തകന്റെ ഫെയ്സ് ബുക്ക് പോസ്റ്റാണ് ഇത്. ഇതിൽ നിന്ന് തന്നെ പിണറായിയാണ് ദീപക്കിനെ അക്രഡിറ്റേഷൻ കമ്മറ്റിയിൽ എടുത്തതെന്ന് വ്യക്തമാവുകയാണ്. ഇത് മാധ്യമ പ്രവർത്തകരെ കളിയാക്കുകയാണെന്ന പ്രചരണം ശക്തമാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി സംസ്ഥാന മീഡിയ അക്രഡിറ്റേഷൻ കമ്മിറ്റി കഴിഞ്ഞ ദിവസമാണ് പുനഃസംഘടിപ്പിച്ചത്. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മനോജ് ജോഷി വൈസ് ചെയർമാനും ഡയറക്ടർ ഡോ. കെ. അമ്പാടി കൺവീനറുമാണ്. കെ.യു.ഡബ്ളിയു.ജെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, പി.എം. മനോജ് (ദേശാഭിമാനി),ജോസ് പനച്ചിപ്പുറം (മലയാള മനോരമ), ദീപു രവി (കേരള കൗമുദി), ഡോ. മാണി പുതിയിടം (ദീപിക), കെ.പി. മോഹനൻ (ജയ്ഹിന്ദ് ടി.വി), എം വി ശ്രേയാംസ്‌കുമാർ (മാതൃഭൂമി), എം. വെങ്കിട്ടരാമൻ (കൈരളി ടി.വി), ജോണി ലൂക്കോസ് (എം.എം ടി.വി), സി.പി.സെയ്ദലവി (ചന്ദ്രിക), സി. ഗൗരീദാസൻ നായർ (ദി ഹിന്ദു), പ്രദീപ് പിള്ള (ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്), എം. രാജീവ് (കൈരളി ടി.വി), പി.ജെ. ആന്റണി (ജീവൻ ടി.വി), അബ്ദുൽ ഗഫൂർ (ജനയുഗം), എം. സരിതാ വർമ (ദി ഫിനാൻഷ്യൽ എക്സ്പ്രസ്), ശ്രീകല എം.എസ് (മാതൃഭൂമി ന്യൂസ്), ബി. രമേഷ്‌കുമാർ (മാതൃഭൂമി), മനോജ് കെ. ദാസ് (ടൈംസ് ഓഫ് ഇന്ത്യ), വി.ബി പരമേശ്വരൻ (ദേശാഭിമാനി), വി എസ്. രാജേഷ് (കേരളകൗമുദി), കെ. ബാബുരാജ് (മാധ്യമം), സോമി സേവ്യർ (വീക്ഷണം) എന്നിവരും ദീപക്കിന് പുറമേ അംഗങ്ങളാണ്.

ദീപക്കിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസിനെ കുറിച്ച് ഇവർക്കെല്ലാം അറിവുള്ളതുമാണ്. എന്നാൽ മാധ്യമ പ്രവർത്തകനെ രക്ഷിക്കാനായി ആരും ഒന്നും പറയുന്നില്ല. അതുകൊണ്ട് തന്നെ മാധ്യമ മുതലാളിമാർക്കും മുതിർന്ന ജേർണലിസ്റ്റുകൾക്കൊപ്പം ദീപക് ധർമ്മടവും കമ്മറ്റി യോഗത്തിനെത്തും.

  • തലശ്ശേരി കോടതിയെ തെറ്റിധരിപ്പിക്കായി സർക്കാർ അഭിഭാഷക തയ്യാറാക്കിയ നിയമോപദേശത്തിന്റെ പ്രസക്ത ഭാഗം
  • പാസ്‌പോർട്ട് കേസിൽ ദീപക് കുറ്റം സമ്മതിച്ചെന്നും പിഴ അടച്ചെന്നും വ്യക്തമാക്കുന്ന വിവരാവകാശ രേഖയിലെ പ്രധാന ഭാഗം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP