Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202122Thursday

കേരള തീരത്തു ചട്ടങ്ങൾ അട്ടിമറിച്ചു മത്സ്യ ബന്ധനത്തിനുള്ള 5324.49 കോടിയുടെ പദ്ധതിക്ക് പിന്നിൽ അമേരിക്കൻ കമ്പനിയുടെ മറവിൽ കളിച്ചത് മലയാളികൾ; ഇഎംസിസി ഇന്റർനാഷനൽ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിലെ ഡയറക്ടർമാരെല്ലാം അങ്കമാലിയിലെ കുടുംബക്കാർ; മത്സ്യത്തൊഴിലാളികളെ പാപ്പരാക്കാനുള്ള തട്ടിപ്പെന്നും വിലയിരുത്തൽ; പ്രതിക്കൂട്ടിൽ വ്യവസായ-ഫിഷറീസ് വകുപ്പുകൾ

കേരള തീരത്തു ചട്ടങ്ങൾ അട്ടിമറിച്ചു മത്സ്യ ബന്ധനത്തിനുള്ള 5324.49 കോടിയുടെ പദ്ധതിക്ക് പിന്നിൽ അമേരിക്കൻ കമ്പനിയുടെ മറവിൽ കളിച്ചത് മലയാളികൾ; ഇഎംസിസി ഇന്റർനാഷനൽ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിലെ ഡയറക്ടർമാരെല്ലാം അങ്കമാലിയിലെ കുടുംബക്കാർ; മത്സ്യത്തൊഴിലാളികളെ പാപ്പരാക്കാനുള്ള തട്ടിപ്പെന്നും വിലയിരുത്തൽ; പ്രതിക്കൂട്ടിൽ വ്യവസായ-ഫിഷറീസ് വകുപ്പുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള തീരത്തു ചട്ടങ്ങൾ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള 5324.49 കോടി രൂപയുടെ പദ്ധതിക്ക് അമേരിക്കൻ കമ്പനിയുമായി സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പിട്ടതായുള്ള ആരോപണത്തിൽ നിറയുന്നത് ആശങ്കകൾ. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ന്യൂയോർക്കിൽ പോയി ചർച്ച നടത്തിയെന്നും ഇഎംസിസി ഗ്ലോബൽ കൺസോർഷ്യം എന്ന കമ്പനിയെ കേരളത്തിലേക്കു ക്ഷണിച്ചെന്നുമാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. 400 ട്രോളറുകൾക്കും 5 കപ്പലുകൾക്കുമാണ് അനുമതി നൽകുന്നത്. കമ്പനി അമേരിക്കൻ ആണെങ്കിലും ഡയറക്ടർമാർ മലയാളികളും. അങ്കമാലിയിലെ കുടുംബ കമ്പനിയാണ് വിവാദത്തിൽ ചർച്ചയാകുന്നത്.

ഇഎംസിസി ഗ്ലോബൽ കൺസോർഷ്യം പ്രസിഡന്റ് അങ്കമാലി സ്വദേശി ഷിജു വർഗീസാണ്. ഹോസ്പിറ്റാലിറ്റി, ടൂറിസം, റിയൽ എസ്റ്റേറ്റ് പദ്ധതികളിലാണു മുൻപരിചയം. കമ്പനി ഇന്ത്യയിൽ പ്രവർത്തിക്കാൻ 10 ലക്ഷം രൂപ മൂലധനത്തിൽ ഷിജു വർഗീസ് പ്രസിഡന്റായി ഇഎംസിസി ഇന്റർനാഷനൽ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്ന ഉപകമ്പനി 2 വർഷം മുൻപു രൂപീകരിച്ചു. സഹോദരൻ ഷിബുവും അമ്മയും സഹോദരിയുമാണു ഡയറക്ടർമാർ. ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന വിഷയത്തിൽ മന്ത്രിസഭ ചർച്ച ചെയ്യാതെയാണു ധാരണാപത്രമെന്നും ആഗോള ടെൻഡർ വിളിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ ന്യൂയോർക്കിൽ കണ്ടിരുന്നുവെന്ന് ഇഎംസിസി വൈസ് പ്രസിഡന്റ് ജോസ് ഏബ്രഹാം അറിയിച്ചു. പദ്ധതി പ്രയോജനമുള്ളതാണെങ്കിൽ നടപ്പാക്കാമെന്നും നാട്ടിൽ ചർച്ച നടത്താമെന്നുമാണു മന്ത്രി പറഞ്ഞതത്രെ. ഇവരുമായി ഒരു ചർച്ചയും നടത്തിയില്ലെന്ന് മന്ത്രി മേഴ്‌സികുട്ടി അമ്മ പ്രതികരിച്ചു. എന്നാൽ ഇത് ശരിയല്ലെന്ന് രേഖകളിൽ നിന്ന് തെളിഞ്ഞു. അതിനിടെ ഇഎംസിസി ഇന്റർനാഷനൽ (ഇന്ത്യ) പ്രസിഡന്റ് ഷിജു വർഗീസുമായി ധാരണാപത്രം ഒപ്പിട്ടതായി ഈ മാസം രണ്ടിനു കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ(കെഎസ്‌ഐഎൻസി) വാർത്തക്കുറിപ്പിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതും മന്ത്രിയുടെ വാദങ്ങൾക്ക് എതിരാണ്.

കെഎസ്‌ഐഎൻസിയുടെ സഹായത്തോടെ 400 ട്രോളറുകൾ കേരളത്തിൽ നിർമ്മിക്കും. ഇവയ്ക്ക് അടുക്കാൻ സൗകര്യമില്ലാത്തതിനാൽ പുതിയ ഹാർബറുകൾ വികസിപ്പിക്കും. സംസ്‌കരണ യൂണിറ്റുകളിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാകും മുൻഗണന. 200 ഔട്ലറ്റുകൾ വഴി കേരളത്തിൽ വിൽപനയും കയറ്റുമതിയും ലക്ഷ്യമിടുന്ന പദ്ധതി വഴി 25,000 തൊഴിലവസരങ്ങളുണ്ടാകുമെന്ന് എംഡി എൻ. പ്രശാന്ത് പറയുന്നു. മുൻ ചീഫ് സെക്രട്ടറി ടോം ജോസാണ് കെഎസ്‌ഐഎൻസി ചെയർമാൻ. 2950 കോടി രൂപയുടെ പദ്ധതിയെന്നാണു വാർത്തക്കുറിപ്പിലുള്ളത്. അതേസമയം, ഇഎംസിസി വ്യവസായമന്ത്രിക്ക് അയച്ച കത്തിൽ തൊഴിലാളികളുടെ ശമ്പളമുൾപ്പെടെ 5324.29 കോടി രൂപയുടെ കണക്കാണു പറയുന്നത്.

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുമായിട്ടായിരുന്നു പ്രാരംഭ ചർച്ചയെങ്കിലും തുടർനടപടികൾ പുരോഗമിച്ചത് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനിലും മന്ത്രി ഇ.പി. ജയരാജന്റെ നിയന്ത്രണത്തിലുള്ള വ്യവസായ വകുപ്പിലുമാണ്. കൊച്ചിയിൽ 2020 ഫെബ്രുവരി 28നു ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് മീറ്റ് 'അസെൻഡ് 2020' ൽ ധാരണാപത്രമായി. അനുബന്ധ ധാരണാപത്രത്തിൽ സർക്കാരും ഇഎംസിസി ഇന്റർനാഷനലും (ഇന്ത്യ) ഈ മാസം രണ്ടിന് ഒപ്പിട്ടു. മൂന്നിനു കമ്പനിക്കു പ്രവർത്തിക്കാൻ തിരുവനന്തപുരം പള്ളിപ്പുറത്ത് 4 ഏക്കറും വിട്ടുകൊടുത്തു.

'കടലിനെ കൊള്ളയടിക്കാനും മൽസ്യത്തൊഴിലാളികളുടെ ഉപജീവനം തകർക്കാനുമിടയാക്കുന്ന പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്നാണ് പ്രതിപക്ഷ ആരോപണം. പദ്ധതിയിലെ അഴിമതിയെക്കുറിച്ചു സമഗ്ര അന്വേഷണം വേണം. മുഖ്യമന്ത്രിയും മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും വിശദീകരണം നൽകണമെന്നും ചെന്നിത്തല പറയുന്നു. എന്നാൽ 'ആഴക്കടൽ മത്സ്യബന്ധനത്തിന് ഒരു കമ്പനിയുമായും ഫിഷറീസ് വകുപ്പ് കരാർ ഒപ്പിട്ടിട്ടില്ല. വ്യവസായ വകുപ്പ് ഒപ്പിട്ടെങ്കിൽ അവരോടു ചോദിക്കണം. ന്യൂയോർക്കിൽ ഇതുസംബന്ധിച്ചു ചർച്ച നടത്തിയിട്ടില്ല. യുഎൻ പരിപാടിയിൽ പങ്കെടുക്കാനാണ് 2018ൽ പോയത്.'-ഇതാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണം.

വിവാദം അനാവശ്യമാണ്. പദ്ധതിരേഖ മാത്രമാണു സമർപ്പിച്ചത്. ഇതു സർക്കാർ അംഗീകരിച്ചിട്ടുമില്ല. അമേരിക്കൻ വിദേശനിക്ഷേപത്തോടെയാണു പദ്ധതി. സർക്കാരിന്റെ ഒരു രൂപ പോലുമില്ല. ഒട്ടേറെപ്പേർക്കു തൊഴിൽ ലഭിക്കുന്ന നല്ല പദ്ധതിയാണിതെന്ന് കമ്പനി ഡയറക്ടർ ഷിബു വർഗ്ഗീസും പ്രതികരിക്കുന്നു.

പദ്ധതിയിൽ ദുരൂഹത ഏറെ; കേന്ദ്രാനുമതി കിട്ടാനും സാധ്യത കുറവ്

20 മീറ്റർ വരെ നീളമുള്ള യന്ത്രവത്കൃത യാനങ്ങൾക്കു 12 നോട്ടിക്കൽ മൈൽ വരെയും 20 മീറ്ററിൽ കൂടുതലുള്ളവയ്ക്ക് അതിനു പുറത്തും മത്സ്യബന്ധനത്തിനു പോകാം എന്നതാണ് പദ്ധതി രൂപ രേഖ എന്നതാണ് വസ്തുത. ഈ യാനങ്ങൾക്കു ലൈസൻസും റജിസ്‌ട്രേഷനും അനുവദിക്കേണ്ടതു ഫിഷറീസ് വകുപ്പാണ്. വകുപ്പിന്റെ അനുമതിയില്ലാതെ പദ്ധതി മുമ്പോട്ട് പോകുന്നുവെന്നതാണഅ വസ്തുത. കേരള തീരത്തുനിന്നു മത്സ്യബന്ധനത്തിനു പോകുന്ന ആയിരക്കണക്കിനു യന്ത്രവത്കൃത- പരമ്പരാഗത യാനങ്ങളെ ബാധിക്കുന്ന പദ്ധതി നടപ്പായാൽ കാൽ നൂറ്റാണ്ടു കാലത്തേക്കു വിദേശ കമ്പനിക്കു കടൽ അരിച്ചുപെറുക്കാം.

ബിഒഒടി (ബിൽഡ്, ഓൺ, ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ) പദ്ധതി 20-25 വർഷത്തേക്കാണ്. കമ്പനി പിടിക്കുന്ന മീൻ സംസ്‌കരിച്ച് ആഭ്യന്തര- വിദേശ വിപണികളിൽ വിറ്റഴിക്കുമെന്നും ഇതിനായി രാജ്യത്തിനകത്തും പുറത്തും റീട്ടെയ്ൽ യൂണിറ്റുകൾ സ്ഥാപിക്കുമെന്നും പദ്ധതിരേഖയിൽ പറയുന്നു. സംസ്ഥാനത്തെ പരമ്പരാഗത മത്സ്യവിപണന ശൃംഖലകളെ ഇതു ദോഷകരമായി ബാധിക്കും. മത്സ്യബന്ധന മേഖലയിൽ വൻ മാറ്റങ്ങൾക്കു വഴിയൊരുക്കുന്ന പദ്ധതി നടപ്പാക്കുകയാണു ലക്ഷ്യമെങ്കിൽ അതിനു പറ്റിയ കമ്പനികളെ കണ്ടെത്താൻ ആഗോള ടെൻഡർ വിളിക്കണം. ഇവിടെ അതുണ്ടായില്ല. ഇഎംസിസിക്കോ അതിന്റെ ഉപകമ്പനിക്കോ മത്സ്യമേഖലയിൽ മുൻപരിചയമില്ലെന്ന ആരോപണവും ഉയരുന്നു. പദ്ധതിയുടെ കൺസൽറ്റൻസി കരാറിന് ഈ മാസം ആറിനു ധാരണാപത്രം ഒപ്പിട്ടിരിക്കുന്നതു കൊച്ചി ആസ്ഥാനമായ വിർഗോ അക്വ എൻജിനീയറിങ് കൺസൽറ്റൻസിയുമായാണ്. മത്സ്യച്ചന്തകൾ ആധുനീകരിക്കാനുള്ള ഫിഷറീസ് വകുപ്പിന്റെ പദ്ധതിയുടെ വിശദ രേഖ തയാറാക്കിയതിന് ഈ കമ്പനിയുടെ സഹകരണമുണ്ടായിരുന്നു.

സംസ്ഥാന സർക്കാരും ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ടെങ്കിലും കേന്ദ്രാനുമതി ലഭിക്കാൻ സാധ്യത കുറവാണെന്നു മത്സ്യബന്ധന മേഖലയിലെ വിദഗ്ദ്ധർ പറയുന്നു. അറബിക്കടലിലെ മത്സ്യസമ്പത്ത് കുറഞ്ഞുവരുന്ന സാഹചര്യത്തിൽ മത്സ്യബന്ധനം വർധിപ്പിക്കരുതെന്നു കേന്ദ്രസർക്കാർ നിയോഗിച്ച മീനാകുമാരി കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. ധാരണാപത്രം ഒപ്പിട്ടതിനു പിന്നാലെത്തന്നെ മത്സ്യത്തൊഴിലാളി സംഘടനകൾ ആശങ്കയും അറിയിച്ചിരുന്നു. തീരത്തു നിന്നു 12 നോട്ടിക്കൽ മൈൽ അപ്പുറം മത്സ്യബന്ധനം നടത്തണമെങ്കിൽ കേന്ദ്ര അനുമതി ആവശ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP