Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202205Tuesday

കേരളത്തിൽ ബ്രാഹ്മണർ മാത്രം താമസിക്കുന്ന ഫ്ളാറ്റുകൾ എവിടെയെങ്കിലും ഉണ്ടോ? ദുരഭിമാനക്കൊല നടത്തിയ എത്ര ബ്രാഹ്മണർ കേരളത്തിലുണ്ടെന്ന് സി ആർ പരമേശ്വരൻ; എതിർത്ത് ഇടത് ബുദ്ധിജീവികൾ; മമ്മൂട്ടിയുടെ 'പുഴു' സിനിമയെ ചൊല്ലി സോഷ്യൽ മീഡിയയിൽ ബുദ്ധിജീവികളുടെ പോരാട്ടം

കേരളത്തിൽ ബ്രാഹ്മണർ മാത്രം താമസിക്കുന്ന ഫ്ളാറ്റുകൾ എവിടെയെങ്കിലും ഉണ്ടോ? ദുരഭിമാനക്കൊല നടത്തിയ എത്ര ബ്രാഹ്മണർ കേരളത്തിലുണ്ടെന്ന് സി ആർ പരമേശ്വരൻ; എതിർത്ത് ഇടത് ബുദ്ധിജീവികൾ; മമ്മൂട്ടിയുടെ 'പുഴു' സിനിമയെ ചൊല്ലി സോഷ്യൽ മീഡിയയിൽ ബുദ്ധിജീവികളുടെ പോരാട്ടം

എം റിജു

കോഴിക്കോട്: നവാഗതയായ രത്തിന സംവിധാനം ചെയ്ത ഒടിടി റീലീസായ 'പുഴു' എന്ന സിനിമയെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ ഇപ്പോഴും അവസാനിച്ചിട്ടില്ല. കേരളത്തിൽ ഒളിഞ്ഞ് കിടക്കുന്ന ജാതി വ്യവസ്ഥയെക്കുറിച്ചുള്ള കൃത്യമായ ആഖ്യാനമാണ് പുഴുവെന്ന് ഇടത്-ഇസ്്ലാമോ ബദ്ധിജീവികൾ പുകഴുത്തുമ്പോൾ, സ്വതന്ത്ര ചിന്തകരും വലതുപക്ഷ ബുദ്ധിജീവികളും സമൂഹത്തെ പിന്നാക്കം വലിക്കുന്ന മോശമായ ജാതി രാഷ്ട്രീയം ഉന്നയിക്കുന്ന സിനിമയായാണ് ചിത്രത്തെ കാണുന്നത്. എഴുത്തുകാരി ശാരദക്കുട്ടിയെയും മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബിനെയും പോലുള്ളവർ ചിത്രത്തെ അനുകൂലിച്ച് പോസ്റ്റ് ഇടുമ്പോൾ, കേരളത്തിൽ ഇല്ലാത്ത ബ്രാഹ്മണിക്കൽ ഹെജിമണിയെക്കുറിച്ചാണ് ചിത്രം പ്രശ്നവത്ക്കരിക്കുന്നത് എന്നാണ്, സി ആർ പരമേശ്വരൻ അടക്കമുള്ള നിഷ്പക്ഷരായ എഴുത്തുകാരുടെ നിലപാട്.

ഇതോടൊപ്പം സ്വതന്ത്രചിന്തകരായ സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകളും പുഴു സിനിമക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിൽ ബ്രാഹ്മണർ മാത്രം താമസിക്കുന്ന ഫ്ളാറ്റുകൾ ഉണ്ട് എന്ന രീതിയിൽ ചിത്രം പ്രചരിപ്പിക്കുന്നത് ഒക്കെ വ്യാജമാണ്. കഴിഞ്ഞ അറുപതുവർഷത്തെ കണക്ക് എടുത്താൽ കേരളത്തിൽ ദുരഭിമാനക്കൊലയിലും ആൾക്കൂട്ട ആക്രമണങ്ങളിലുമൊന്നും ഒറ്റ ബ്രാഹ്മണൻ പോലും ഉണ്ടായിട്ടില്ല. ഇനി ജാതിബോധം ഉള്ളവർ കേരളത്തിൽ ഉണ്ടാവും. പക്ഷേ ഈ ചിത്രം ജാതി തേച്ചാലും മാച്ചാലും പോവില്ലെന്നും അത് എന്നും നിങ്ങളെ വേട്ടായാടുമെന്ന തെറ്റായ സന്ദേശമാണ് ഈ ചിത്രം കൊടുക്കുന്നത് എന്നാണ് ഫ്രീ തിങ്കേഴ്സ് ചൂണ്ടിക്കാട്ടുന്നത്. ഹർഷദ് അടക്കമുള്ള ജമാഅത്തെ ഇസ്ലാമി സ്‌കൂളുകളിൽ പഠിച്ചിറങ്ങിയവരുടെ ടോക്സിക്കായ ജീവിത വീക്ഷണത്തിൽ മമ്മൂട്ടിയും പെട്ടുപോയി എന്നും വിമർശനമുണ്ട്. ഇതേകെണി തിരിച്ചറിഞ്ഞാണ് പൃഥ്വീരാജ് വാരിയൻകുന്നൻ സിനിമയിൽ നിന്ന് പിന്മാറിയത് എന്നും പലരും ചൂണ്ടിക്കാട്ടുന്നു.

ദുരഭിമാനക്കൊല നടത്തിയ എത്ര ബ്രാഹ്മണരുണ്ട്?

കഴിഞ്ഞ അറുപതുവർഷത്തിലെ കേരളത്തിലെ ജീവിതത്തിനിടയിൽ ബ്രാഹ്മണർ നടത്തിയ എത്ര കൊലപാതകങ്ങൾ ഉണ്ടെന്നാണ് എഴുത്തുകാരൻ സി ആർ പരമേശ്വരൻ ചോദിക്കുന്നത്. അദ്ദേഹത്തിന്റെ പോസ്്റ്റ് ഇങ്ങനെയാണ്.-''1960 മുതലെങ്കിലും 'പുഴു'വിലെ വില്ലന്റെ അളവിൽ അസഹിഷ്ണുവും കൊലയാളിയും ആയ ഒരു ബ്രാഹ്മണ വ്യക്തിത്വം കേരളത്തിൽ എന്റെ പരിചയസീമയിൽ ഇല്ല. അതിന് മുൻപുള്ള ദശകങ്ങളിൽ ഉണ്ടായിരുന്നിരിക്കണം.ബ്രാഹ്മണൻ മഹാനായതു കൊണ്ടല്ല പത്തെഴുപതുകൊല്ലമായുള്ള ഈ മാറ്റം.സാമ്പത്തികവും അധികാരപരവും ആയ ബലതന്ത്രത്തിൽ വന്ന മാറ്റത്തിന്റെ പ്രതിഫലനമാണ് അത്.

സിനിമയിൽ പ്രതിപാദിക്കുന്നതു പോലുള്ള ഒരു പാട് വിജാതീയ ബന്ധങ്ങൾ ചുറ്റുപാടും കണ്ടിട്ടുണ്ട്. ചില വിവാഹങ്ങൾ നടത്താൻ മുൻകൈ എടുത്തിട്ടുമുണ്ട്. എന്റെ വീട്ടിൽ തന്നെ ഉദാഹരണങ്ങൾ ഉണ്ട്. മിക്കവയും സംഘർഷങ്ങൾ ഇല്ലാതെ നടന്നവയോ പിണക്കങ്ങൾ ഒന്നോ രണ്ടോ കൊല്ലം കൊണ്ട് മാറിയവയോ ആണ്. ലേബലിങ് ഭയന്ന് ഒരു സത്യം പറയാതിരിക്കുക വയ്യ:ബ്രാഹ്മണനെക്കാൾ പത്തിരട്ടി അസഹിഷ്ണുത ന്യൂനപക്ഷ സമുദായാംഗങ്ങളും ഒബിസി വിഭാഗങ്ങളും സമകാലീന കേരളത്തിൽ ഇക്കാര്യങ്ങളിൽ പുലർത്തുന്നുണ്ട്. അതിനാൽ,ഈ സിനിമാക്കഥയിൽ അനുപാതബോധമില്ല, സത്യസന്ധതയില്ല എന്ന് പറയേണ്ടി വരും.
അനുപാതബോധം ദീക്ഷിക്കാത്തിടത്ത് John Rawls പറയുന്ന Justice As Fairness (നീതിയുക്തത )നഷ്ടപ്പെടുന്നു.ശബരിമലയിലും ഇതേ നീതിയുക്തതയുടെയും അനുപാതബോധത്തിന്റെയും അഭാവം ആയിരുന്നു പ്രശ്നം.അവിടെ യുവതികളെ കേറ്റാത്തത് അനാചാരവും അന്ധവിശ്വാസവും തന്നെയാണ് . പക്ഷെ ന്യൂനപക്ഷമതങ്ങളിൽ പുലരുന്ന പത്തിരട്ടി കൊടിയ അനാചാരങ്ങളെ താലോലിക്കുന്ന അതേ കുടില ഭരണാധികാരിയും ഇസ്ലാമോ ലെഫ്റ്റിസ്റ്റുകളും സമസ്ത പുരോഗമനവാദികളും കോടതിവിധി വന്ന് ഒരു വിളംബം പോലും കൊടുക്കാതെ ലിംഗനീതി നടപ്പാക്കാൻ തുനിഞ്ഞതായിരുന്നു അവിടത്തെ പ്രധാന പ്രശ്നം. ഇപ്പോൾ എന്തായി?ഇസ്ലാമോ ലെഫ്റ്റിസ്റ്റ് കാപട്യം ആഗോളാടിസ്ഥാനത്തിൽ 3g ആവുന്നത് പോലെ അവിടെയും 3g ആയി!

കലയിൽ ഒരളവിൽ നുണയൊക്കെയാവാം. പക്ഷെ പ്രചാരണകാംക്ഷ മാത്രമായ കുടിലതയും കാപട്യവും പാടില്ല. സിനിമ കണ്ടിട്ടില്ല. കണ്ടിട്ട് എഴുതാനിടയായാൽ ഇസ്ലാമോ -ലെഫ്റ്റിസ്റ്റുകളുടെ കരളിന്റെ കരളിലെ കൂടുതൽ ആഴത്തിലുള്ള കാപട്യങ്ങളെ കുറിച്ച് പറയാനാവും.''- ഇങ്ങനെയാണ് സി ആർ പരമേശ്വരൻ തന്റെ പോസ്ററ് അവസാനിപ്പിക്കുന്നത്.

'കുട്ടനെപ്പോലെ ഒരു ബ്രാഹ്മണൻ ഇവിടെയുണ്ട്'

എന്നാൽ സി ആർ പരമേശ്വരൻ ഉന്നയിച്ചതിന് കടക വിരുദ്ധമായ കാര്യങ്ങളാണ്, ഇടതുപക്ഷ സഹയാത്രികയും എഴുത്തുകാരിയുമായ കെ ശാരദക്കുട്ടി ചൂണ്ടിക്കാട്ടുന്നത്. അവരുടെ പോസ്റ്റ് ഇങ്ങനെയാണ്. ''പുഴു കണ്ടിട്ട്, മമ്മൂട്ടി അവതരിപ്പിച്ച കുട്ടനെ പോലെ ഒരു ബ്രാഹ്മണൻ ഇന്ന് എവിടെയുണ്ട് എന്ന് അമ്പരക്കുന്നവരോടാണ്. അയാൾ എന്റെയും നിങ്ങളുടെയും ഉള്ളിലുണ്ട്. അയാൾ ഉള്ളിലേക്കു വിരൽ ചൂണ്ടി എന്നെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. എന്റെ കൂടെ എന്റെ ചുറ്റും ജീവിക്കുന്നവരിലെല്ലാം അയാളെ ഞാൻ കാണുന്നുണ്ട.

സിനിമക്കു പിന്നിലെ ഹിഡൻ അജണ്ടയെ കുറിച്ചോർമ്മിപ്പിച്ച് മെസഞ്ചറിലും വാട്സ് ആപ്പിലും വരുന്നവരിലും കുട്ടനുണ്ട് .അവരിലും അയാളുടെ ഭീതിയുണ്ട്. എല്ലാത്തിനെയും നശിപ്പിക്കാൻ മാത്രം ശക്തമാണ് അവരുടെ ഉള്ളിലെ ആ ഭയം, ആ ഭീരുത്വം, ആ ആത്മവിശ്വാസമില്ലായ്മ , ആ സംശയ രോഗങ്ങൾ . . .ഞാൻ മാത്രം മതി എന്റെ ജാതിയും കുലമഹിമയും മാത്രം മതി എന്നാണയാൾ ഓരോ നോക്കിലും ഓരോ ചുവടുവെയ്പിലും അർഥമാക്കുന്നത്.

മമ്മൂട്ടിയുടെ നിസ്സംഗമെന്നും നിർവ്വികാരമെന്നും നിർമ്മമമെന്നും തോന്നിപ്പിക്കുന്ന ആ ചലനങ്ങൾ എത്രമാത്രം ഭയപ്പെടുത്തുന്നതാണ് ്.ജാത്യധികാരഭീകരതയുടെയും, സാമ്പത്തികാധികാര ധാർഷ്ട്യത്തിന്റെയും പാട്രിയാർക്കൽ അധികാരഘടനയുടെയും ക്രൂരവും കഠിനവുമായ ദുർവ്വാശികൾ കുട്ടന്റെയുള്ളിൽ എത്രയുണ്ടോ അത്ര തന്നെ നമ്മുടെയുള്ളിലുമുണ്ട് എന്നത് ഓർമ്മിപ്പിക്കുക മാത്രമാണ് ആ നിർവ്വികാരതയിലൂടെ സിനിമ ചെയ്യുന്നത്.

പൊതുവേ നിശ്ശബ്ദനായ അയാൾ എത്ര തിടുക്കത്തിലാണ് കരുക്കൾ നീക്കുന്നത്. ചെസ്സ് കളിക്കാരന്റെതു പോലെ സൂക്ഷ്മതയുള്ള ആ മുഖം ബീഭത്സമായ ജാതിവൈകൃതവും ലിംഗപരമായ ആൺകോയ്മാആഭാസങ്ങളും കുടുംബ സംബന്ധിയായ നഗ്നമായ ദുരഭിമാനങ്ങളും എത്ര കൃത്യമായിട്ടാണ് വെളിവാക്കുന്നത് ഇത്തരമൊരു ബ്രാഹ്മണൻ പുറത്തെവിടെയുമല്ല, നമ്മുടെ ഉള്ളിലാണ്.

തെരഞ്ഞെടുപ്പുകളും സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്ന ചെറുപ്പക്കാരുടെ കൂടെയാണ് എന്നഭിനയിക്കുന്ന പലരുടെയും ഉള്ളിലുള്ള ജാതീയവിഷം പുളിച്ചു തേട്ടി വരുന്നത് എത്രയോ തവണ ഞാനും കേൾക്കുന്നുണ്ടായിരുന്നു. മുൻപ് കെവിനെ ശാരീരികമായി ആക്രമിക്കുകയും ഇല്ലാതാക്കുകയും ചെയ്തവരേക്കാൾ, ഞാൻ കേട്ടത് ചുറ്റും നിന്ന് , 'അവനതു കിട്ടണം, അവൾക്കങ്ങനെ തന്നെ വരണം, പെണ്ണിനെ കയറൂരി വിട്ട വീട്ടുകാരെ തല്ലണം, ഒന്നേയുള്ളെങ്കിലും ഉലക്കക്കടിച്ചു വളർത്തണം ' എന്നൊക്കെയുള്ള ആക്രോശങ്ങളെയാണ്. അതെല്ലാം കൂടി ഒന്നിച്ചൊരാളിൽ കണ്ടതാണ് പുഴുവിലെ കുട്ടനിൽ. എന്തൊരടിയാണ് അപ്രതീക്ഷിതമായ ആ മുഹൂർത്തത്തിൽ അയാളടിക്കുന്നത് ഒറ്റയടിയിൽ തീരണമെങ്കിൽ അത്രക്കു ജാഗ്രത വേണം. അത്രക്കു ചതി ഉള്ളിൽ വേണം.

എന്നിട്ടാണ് നമ്മൾ ചോദിക്കുന്നത് ഇങ്ങനെയൊരു ബ്രാഹ്മണൻ ഇന്നെവിടെയുണ്ട് എന്ന് . ആ ബ്രാഹ്മണൻ ഒറ്റയൊരാളല്ല, ഒരുപാടുപേരെ ഞെക്കിപ്പിഴിഞ്ഞെടുത്ത വിഷസത്താണ് . ഒരു സമൂഹമെന്ന നിലയിൽ നമ്മുടെയുള്ളിൽ അടിഞ്ഞു കിടക്കുന്ന ജാതി - അധികാര - ലിംഗ വെറികളെ ഒറ്റയുടലിൽ സന്നിവേശിപ്പിച്ചതാണ്.

ഇതൊരു കുട്ടപ്പന്റെയും ഭാരതിയുടെയും കുട്ടന്റെയും കിച്ചന്റെയും അമീറിന്റെയും പോളിന്റെയും സ്വകാര്യ പ്രശ്നമല്ല. ജാത്യധികാര - പുരുഷാധികാര ശാസനകളെ ചോദ്യം ചെയ്തതിന്റെ പേരിൽ രക്തസാക്ഷികളാകേണ്ടി വന്ന നിരവധി പേർ നമ്മുടെ ചരിത്രത്തിലുണ്ട്. മാനസികമായും ശാരീരികമായും ജാതീയമായും സാമ്പത്തികമായും സാമൂഹ്യമായും അവർ നേരിട്ട സംഘർഷങ്ങൾ വലിയ മാറ്റമൊന്നുമില്ലാതെ ഇന്നും നിലനിൽക്കുന്നു എന്ന് ഉറപ്പിക്കേണ്ടി വരുന്നത് എത്ര ലജ്ജാകരമായ അവസ്ഥയെന്ന് ചലച്ചിത്രം ഓർമ്മിപ്പിക്കുമ്പോൾ ഞാൻ പലവട്ടം തലകുനിച്ചു.. കുട്ടൻ എന്റെയുള്ളിലുമുണ്ട്. ഉറപ്പായും ഉണ്ട് എന്ന് ഞാൻ തിരിച്ചറിയുന്നു.''- ഇങ്ങനെയാണ് ശരാദക്കുട്ടിയുടെ പോസ്ററ് അവസാനിക്കുന്നത്.

സിനിമ മുഴവൻ ചീപ്പായ ജാതിവാദം

എന്നാൽ പുഴു ചിത്രം ചീപ്പായ ജാതിവാദമാണ് മുന്നോട്ട്വെക്കുന്നത് എന്നാണ് ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പുകൾ ചൂണ്ടിക്കാട്ടുന്നത്. മുബൈയിലൊക്കെ മുസ്ലീങ്ങൾക്ക് വാടകക്ക് വീടുകിട്ടാനില്ലാത്തതുപോലെയുള്ള ഒരു പൊളിറ്റിക്സ് കേരളത്തിലേക്ക് കൊണ്ടുവരികയാണ് ചിത്രം ചെയ്തത്. നായകനായ കുട്ടൻ, ദലിതനെ വിവാഹം കഴിച്ച തന്റെ സഹോദരി, താൻ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിൽ താമസിക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ ഏറെ അസ്വസ്ഥനാവുന്നു. അയാൾ ഉടനെ ഫ്ളാറ്റ് സെക്രട്ടറിയായ നെടുമുടി വേണു അവതിരിപ്പിച്ച കഥാപാത്രത്തെക്കണ്ട് ചോദിക്കയാണ്, '' ഈ ഫ്ളാറ്റ് നമ്മുടെ അൾക്കാർക്ക് മാത്രമേ കൊടുക്കു എന്നാണെല്ലോ പറഞ്ഞത്''- കേരളത്തിലെ സാമൂഹിക സാഹചര്യങ്ങൾ നോക്കുമ്പോൾ എത്ര അയഥാർഥ്യമായ കാര്യമാണിത്. കേരളത്തിൽ എവിടെയെങ്കിലും ബ്രാഹ്മണർക്ക് മാത്രമായി ഫ്ളാറ്റുകൾ ഉണ്ടോ. ജനസംഖ്യയിൽ ന്യൂനപക്ഷമായ ഈ സമുഹം പൊതുവെ ഫ്ളാറ്റുകളിൽ താമസിക്കാൻ താൽപ്പര്യപ്പെടുന്നവർ പോലുമല്ല. കൽപ്പാത്തി അഗ്രഹാരത്തിൽ ഒക്കെ പോയാൽ അറിയാം, യുവാക്കൾ എല്ലാം വിദേശത്ത് ജോലിതേടി പോയതോടെ വൃദ്ധ സദനങ്ങൾക്ക് സമാനമാണ് അവിടം.

ഒരു അപ്പാർട്ട്മെന്റ് സമുച്ചയം ആകെ സ്വജാതീയമായി നിയന്ത്രിക്കാൻ സാധിക്കുന്ന ഒരു ബ്രാമൺ കമ്മ്യുണിറ്റി പവർ കേരളത്തിൽ എവിടെയാണുള്ളത്. ജനസംഖ്യ കുത്തനെ ഇടിയുന്ന ഒരു സമൂഹമാണത്. മറക്കുടയെടുത്തുള്ള ഫോട്ടോഷൂട്ട് തൊട്ട്, വിവാഹ രജിസ്ട്രേഷന് പോയ മിശ്ര വിവാഹിതരോട് 'കാക്ക തേങ്ങപ്പൂൾ കൊത്തിയത് പോലെ' എന്നു മുഖത്തു നോക്കി പറയുന്ന സർക്കാർ ഉദ്യോഗസ്ഥർവരെയുള്ള പല സീനുകളും ജാതീയമായ ഇങ്ങനെ പ്രോപ്പാഗാണ്ടക്ക് വേണ്ടി കഷ്ടപ്പട്ട് ഉണ്ടാക്കിയപോലെ തോനുന്നുണ്ട്. ഏറ്റവും രസം ബ്രാഹ്മണ സമുദായത്തിൽനിന്ന് യാതൊരു ജാതിബോധുമില്ലാതെ, ദലിതനായ കലാകാരനെ പ്രേമിച്ച് വിവാഹം കഴിച്ച ഭാര്യക്കൊപ്പം ഇരുന്നുകൊണ്ടാണ്, സമൂഹം മാറില്ല എന്ന ഡയലോഗൊക്കെ നാടകക്കാരൻ പറയുന്നത്!

സത്യത്തിൽ കേരളീയ പൊതു സമുഹത്തിൽ മറഞ്ഞു കിടക്കുന്ന ഒന്നാണ് ജാതി. അത് പ്രകടമായി പറയാൻ പഴയതുപോലെ ആളുകൾക്ക് മടിയാണ്. പക്ഷേ ഈ സിനിമ പറയുന്നത് കറുത്തതിന്റെ പേരിലും ജാതിയുടെപേരിലും സർക്കാർ ഉദ്യോസ്ഥർ തൊട്ട്, വീട്ടുടമവരെ വിവേചനം കാട്ടുമെന്നാണ്. ദുരഭിമാനക്കൊലപോലുമുണ്ട്. ആ അർഥത്തിൽ തീർത്തും റിഗ്രസ്സീവായ, അമാനവികമായ, സമൂഹത്തെ പിന്നോട്ട് വലിക്കുന്ന ഒരു പൊളിറ്റിക്സാണ് ചിത്രം മുന്നോട്ടുവെക്കുന്നത്. അവസാനം പ്രതീക്ഷിച്ചപോലെ അത് ഒരു ഇസ്ലാമോഫോബിയ ചാപ്പയിൽ അവസാനിക്കുകയും ചെയ്യുന്നുണ്ട്.

നായകനായ കുട്ടൻ അയാളുടെ മസ്തിഷ്‌ക്കത്തിലേക്ക് ചെറുപ്പം മുതലേ അടിച്ചേൽപ്പിക്കപ്പെട്ട ജാതിയുടെയും മതത്തിന്റെയും ഇരയാണ് സത്യത്തിൽ. അത് കൃത്യമായി ചിത്രീകരിക്കാൻ സിനിമക്കാവുന്നില്ല. അതാണ് ഈ പടത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തിൽവന്ന പരാജയം. ഒരു സിനിമ എന്ന രീതിയിൽ പുഴുവിനെ അഭിനന്ദിക്കുമ്പോഴും അത് ഉയർത്തുന്ന ടോക്സിക്കായ രാഷ്ട്രീയം കാണാതിരിക്കാൻ ആവില്ല.ബ്രാഹ്മണിക്കൽ ഹെജിമണി, ബ്രാഹ്മണിക്കൽ പാട്രിയാർക്കി എന്നൊക്കെ പറഞ്ഞ് വലിയ ബഹളങ്ങൾ ഉണ്ടാക്കുന്ന സ്യൂഡോ ബുജികൾക്ക്, അതി ഗംഭീരമായ ഊർജം പകരുന്ന ഒരു സിനിമയാണ് ഇത്. പെടോൾ ഒഴിച്ചുകൊണ്ട് തീ കൊടുത്താനാവില്ല എന്ന് പറഞ്ഞതുപോലെ, എവിടെയും ജാതിയുണ്ടെന്ന് ആരോപിച്ചുകൊണ്ട് ജാതി നിർമ്മാർജനം നടപ്പാവില്ല. പുരോഗമനം എന്ന പേരിൽ എടുത്ത ചിത്രം പക്ഷേ ഈ ആംഗിളിൽ പിന്തിരിപ്പനായിപ്പോവുകയാണ്. - ഇങ്ങനെയാണ് സ്വതന്ത്ര ചിന്തകർ പഴു സിനിമക്കുനേരെ വിമർശനം ഉയത്തുന്നത്. എന്നാൽ ഇസ്ലാമോ- ഇടതു സർക്കിളുകൾ ഇപ്പോഴും ചിത്രത്തെ ആഘോഷിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP