Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202201Saturday

ആകാശ് തില്ലങ്കേരിയുടെ നേതൃത്വത്തിൽ സിപിഎം ക്വട്ടേഷൻ സംഘം, തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഷുഹൈബിനെ വെട്ടിക്കൊന്നത് മൂന്നുവർഷം മുമ്പ്; മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിൽ പ്രതിഷേധിച്ചതോടെ ഷുഹൈബിന്റെ ഉറ്റസുഹൃത്തും വധഭീഷണിയുടെ നിഴലിൽ

ആകാശ് തില്ലങ്കേരിയുടെ നേതൃത്വത്തിൽ സിപിഎം ക്വട്ടേഷൻ സംഘം, തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഷുഹൈബിനെ വെട്ടിക്കൊന്നത് മൂന്നുവർഷം മുമ്പ്; മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിൽ പ്രതിഷേധിച്ചതോടെ ഷുഹൈബിന്റെ ഉറ്റസുഹൃത്തും വധഭീഷണിയുടെ നിഴലിൽ

അനീഷ് കുമാർ

കണ്ണൂർ: സി പി എം വധഭീഷണിയുള്ള യൂത്ത് കോൺഗ്രസ് നേതാവിനെ നാടുകടത്താനുള്ള നീക്കം വിവാദമാകുന്നു. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ളോക്ക് ഭാരവാഹിയായ ഫർസീൻ മജീദിനെ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചതിനെ തുടർന്നാണ് വധശ്രമക്കേസിൽ പ്രതിയാക്കിയത്. കോടതി ജാമ്യം അനുവദിച്ചതിനെ നാട്ടിലെത്തിയ ഫർസീൻ ഇപ്പോൾ പൊലിസ് സുരക്ഷയോടെയാണ് ജീവിക്കുന്നത്. ഇയാൾക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണുള്ളത്. ഇതിനിടെയാണ് വകവരുത്താൻ ശ്രമിക്കുന്നവർക്ക് സൗകര്യമൊരുക്കി കൊടുക്കാനായി കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ സി.പി. എമ്മിനായി ഫർസീനെ കാപ്പ ചുമത്തി നാടുകടത്താൻ ഒരുങ്ങുന്നത്. ഇതോടെ ഫർസീന്റെ ജീവനുതന്നെ ഭീഷണി നേരിടുമോയെന്ന ആശങ്കയിലാണ് പാർട്ടി പ്രവർത്തകരും ബന്ധുക്കളും.

കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറാണ് കാപ്പ ചുമത്താതിരിക്കാൻ കാരണം കാണിക്കുന്നതിനായി 15 ദിവസത്തിനുള്ളിൽ ഉത്തരമേഖല റെയ്ഞ്ച് ഡി. ഐ.ജി രാഹുൽ ആർ.നായരുടെ ഓഫീസിൽ ഹാജരാകുന്നതിനായി ഫർസീന് നോട്ടീസ് നൽകിയിരിക്കുന്നത്. നിരവധി കേസുകളിൽ പ്രതിയായ ഫർസീൻ നാട്ടിൽ നിന്നാൽ ക്രമസമാധാനഭംഗമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്.

എന്നാൽ, തനിക്കെതിരെ ഒരു വധശ്രമക്കേസ് മാത്രമേയുള്ളുവെന്ന് ഫർസീൻ മജീദ് പറഞ്ഞു. ബാക്കിയൊക്കെ പെറ്റികേസുകളാണ്. എടയന്നൂർ സ്‌കൂൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്നെ ഷുഹൈബിനൊപ്പം കള്ളക്കേസിൽ കുടുക്കുകയായിരുന്നു. സംഭവം നടന്നുവെന്ന് പറയുന്ന ദിവസം താൻ സ്ഥലത്തില്ല. തങ്ങളെ അക്രമിച്ചുവെന്ന് ഇ.പി ജയരാജനെതിരെ പരാതി കൊടുത്തതിനാണ് ഇപ്പോൾ കാപ്പ ചുമത്തിയത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഫർസീൻ വ്യക്തമാക്കി.

രാഷ്ട്രീയ പകയാണ് മുഖ്യമന്ത്രി തങ്ങൾക്കെതിരെ കാണിക്കുന്നത്. മുഖ്യമന്ത്രി നിയമസഭയിൽ 19 കേസുണ്ടെന്നാണ് പറഞ്ഞത്. എന്നാൽ പൊലീസ് പറയുന്നത് 13 കേസുകൾ മാത്രമേയുള്ളുവെന്നാണ്. ഇതിൽ ഏഴെണ്ണം പെറ്റികേസുകളാണ്. പിഴയടച്ചു ഒഴിവാകാൻ കഴിയുന്ന കേസുകൾ ഉൾപ്പെടെയാണ് തനിക്കെതിരെ ഒരുപാട് കേസുകളുണ്ടെന്ന് പറയുന്നതെന്നും ഫർസീൻപറഞ്ഞു. ഇ.പി.ജയരാജന്റെ പേരിൽ നാലുവധശ്രമക്കേസും മുപ്പതോളം കേസുകളുമുണ്ട്. എസ്. എഫ്. ഐ സംസ്ഥാന നേതാവിന്റെ പേരിലും ഇതിലേറെ കേസുകളുണ്ട്. സി.പി. എം നേതാക്കളിൽപ്പോലും പലരും പ്രതികളാണ്. ഈ സാഹചര്യത്തിൽ അവർക്കെതിരെയും കാപ്പചുമത്താൻ പൊലിസ് തയ്യാറാകണമെന്നും ഫർസീൻ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് തനിക്കെതിരെ സി.പി. എം വധഭീഷണിയുണ്ട്. പുറത്തിറങ്ങിയാൽ കൊന്നുകളയുമെന്നാണ് ഭീഷണി. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം കണ്ണൂർ സിറ്റിപൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്. രണ്ടു പൊലിസുകാർ വീടിന് കാവൽ നിൽക്കുന്നതിന്റെ ധൈര്യത്തിലാണ് താൻ ജീവിക്കുന്നത്. ഇത്തരം സാഹചര്യത്തിലാണ് കാപ്പ ചുമത്തി തന്നെ നാടുകടത്താൻ പൊലീസിനെ ഉപയോഗിച്ചു സി.പി. എം നീക്കം നടത്തുന്നത്. നോട്ടീസ് ലഭിച്ച പ്രകാരം പൊലിസിന് മുൻപിൽ ഹാജരാകും. എന്നാൽ നാടുകടത്താനാണ് തീരുമാനമെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഫർസീൻ പറഞ്ഞു.

ഫർസീന്റെ അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായിരുന്നു എടയന്നൂർ ഷുഹൈബ്. എടയന്നൂർ സ്‌കൂൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിൽ ഇടപെട്ട സി. ഐ.ടി.യുക്കാരെ മർദ്ദിച്ചുവെന്നാരോപിച്ചാണ് സി.പി. എം ക്വട്ടേഷൻ അംഗമായ ആകാശ് തില്ലങ്കേരിയുടെ നേതൃത്വത്തിൽ മൂന്ന് വർഷം മുൻപ് ഷുഹൈബിനെ അതിക്രൂരമായി എടയന്നൂർ തെരൂരിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വെട്ടിക്കൊല്ലുന്നത്. വെട്ടേറ്റ ഷുഹൈബിന്റെ കാൽചിന്നിച്ചിതറി. കേരളം കണ്ട അതിക്രൂരമായ കൊലപാതകങ്ങളിലൊന്നായിരുന്നു അത്. ഇതിനു ശേഷം ഇപ്പോൾ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഷുക്കൂറിന്റെ അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ ഫർസീൻ മജീദിനെതിരെ വധഭീഷണിയുയരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇൻഡിഗോ വിമാനത്തിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിന് വധശ്രമക്കേസിൽ അറസ്റ്റിലായ ഫർസീൻ മജീദിനെതിരെ കാപ്പ അതിവേഗം ചുമത്താനാണ് പൊലിസ് തീരുമാനമെടുത്തിട്ടുള്ളത്. ഫർസീൻ മജീദ് സ്ഥിരം കുറ്റവാളിയാണെന്നും കാപ്പ ചുമത്തണമെന്നും പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ കലക്ടർക്കു ശുപാർശ നൽകി. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസുകളിൽ അടക്കമാണു നിർദ്ദേശം.

ഫർസീൻ മജീദിനെതിരായ കേസുകളുടെ എണ്ണവും സ്വഭാവവും പരിഗണിക്കുമ്പോൾ കണ്ണൂർ ജില്ലയിൽ നിന്നും നാടുകടത്തണമെന്നു പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഫർസീൻ കണ്ണൂരിൽ തുടരുന്നതു ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും പൊലീസ് റിപ്പോർട്ടിൽ പരാമർശമുണ്ട്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ കണ്ണൂർ റെയ്ഞ്ച് ഐ.ജിയുടെ ഓഫീസിൽ ഹാജരാകാനാണ് ഫർസീന് നോട്ടീസ് നൽകിയിരിക്കുന്നത്. അല്ലെങ്കിൽ സഞ്ചാരസ്വാതന്ത്ര്യമുൾപ്പെടെ തടസപ്പെടുമെന്നാണ് പൊലിസ് നൽകുന്ന മുന്നറിയിപ്പ്.

കഴിഞ്ഞ ജൂൺ 13ന് കണ്ണൂർ തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിലാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർബ്ളോക്ക് ഭാരവാഹികളായ ഫർസീൻ മജീദും നവീൻ കുമാറും മുഖ്യമന്ത്രിക്കെതിരായി പ്രതിഷേധിച്ചത്. 'മുഖ്യമന്ത്രി രാജിവയ്ക്കുക' എന്ന മുദ്രാവാക്യമുയർത്തിയതിനു പിന്നാലെ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ ഇവരെ സീറ്റുകൾക്കിടയിലേക്കു തള്ളിയിടുകയും ചെയ്തു. വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിനു ഹാനികരമായ രീതിയിൽ അക്രമം കാട്ടൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് എടുത്തുവെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP