Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

സക്കീന മണ്ണിനടിയിലായത് കവളപ്പാറയിലെ വീട്ടിൽ നിന്നും സഹോദരന്റെയടുത്തേക്ക് പോകാൻ സാധനങ്ങൾ കെട്ടിവെക്കവേ; തൊഴുത്തിൽ കാലികളെ മാറ്റുകയായിരുന്ന ഭർത്താവ് കരീം രക്ഷപെട്ടത് തലനാരിഴയ്ക്ക്; പ്രിയതമയുടെ ചേതനയറ്റ ശരീരം ഒരു നോക്ക് കാണാൻ സാധിക്കാത്തെ നെഞ്ചുരുകി കരീം

സക്കീന മണ്ണിനടിയിലായത് കവളപ്പാറയിലെ വീട്ടിൽ നിന്നും സഹോദരന്റെയടുത്തേക്ക് പോകാൻ സാധനങ്ങൾ കെട്ടിവെക്കവേ; തൊഴുത്തിൽ കാലികളെ മാറ്റുകയായിരുന്ന ഭർത്താവ് കരീം രക്ഷപെട്ടത് തലനാരിഴയ്ക്ക്; പ്രിയതമയുടെ ചേതനയറ്റ ശരീരം ഒരു നോക്ക് കാണാൻ സാധിക്കാത്തെ നെഞ്ചുരുകി കരീം

ജംഷാദ് മലപ്പുറം

മലപ്പുറം: കവളപ്പാറയിൽ നിന്നും കഴിഞ്ഞ ദിവസം നഫീസയുടെ(48) മൃതദേഹം ലഭിച്ചതറിഞ്ഞ് വിങ്ങിപ്പൊട്ടുകയാണ് ഭർത്താവ് കരീം. നഫീസയോടൊപ്പം തൊട്ടടുത്തുതന്നെയുണ്ടായിരുന്ന കരീം രക്ഷപ്പെട്ടത് അത്ഭുതകരമായാണ്. അപകടം സംഭവിക്കുമ്പോൾ സക്കീനയോടൊപ്പമുണ്ടായിരുന്ന ഭർത്താവ് അബ്ദുൽ കരീം (54) തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അപകടത്തിൽ പരുക്കേറ്റ അബ്ദുൽ കരീം തന്റെ പ്രിയതമക്ക് എന്തുപറ്റിയെന്നറിയാതെ ആശുപത്രി കിടക്കയിൽ കണ്ണീർവാർക്കുന്നതിനിടയിലാണ് മൃതദേഹം ലഭിച്ചത്. ഒടിഞ്ഞൂതൂങ്ങിയകാലുമായി മഞ്ചേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കരീമിന് ഇന്നലെ തന്റെ പ്രിയതമയുടെ മൃതദേഹം പാലേമാട് ജുമാമസ്ജിദ് പള്ളിയിൽ കബറടക്കുമ്പോൾ പോലും അവസാനം ഒരുനോക്ക് കാണാൻ സാധിച്ചില്ല.

കവളപ്പാറയിലെ വീട്ടിൽ പ്രസവിച്ച് കിടക്കുകയായിരുന്ന മകൾ സറഫുന്നീസയെയും നവജാത ശിശുവിനെയും അയൽ വീട്ടിലാക്കിയ ശേഷം തൊഴുത്തിൽ കെട്ടിയിട്ട കാലികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനായി വീട്ടിലേക്ക് തിരിച്ചെത്തിയതായിരുന്നു കരീമും ഭാര്യയും. സമീപ തോട്ടിലെ ജലനിരപ്പ് ഉയരുകയാണെങ്കിൽ തൊട്ടടുത്ത് ഉയരത്തിലുള്ള സഹോദരന്റെ വീട്ടിലേക്ക് മാറാനായി വസ്ത്രങ്ങളും വീട്ടുപകരണങ്ങളും കെട്ടിവയ്ക്കാനായാണ് സക്കീന വീട്ടിൽ തങ്ങിയത്. ഇതിനിടെയാണ് പുറകിലെ മുത്തപ്പൻകുന്നിൽ ഉരുൾ പൊട്ടി ചളിയും വന്മരങ്ങളും താഴേക്ക് കുതിച്ചെത്തിയത്. വീടിന്റെ പുറകിലൂടെ വൻശബ്ദത്തോടെ മല അടർന്നുവരുന്നത് കണ്ട് ഓടിരക്ഷപ്പെടാൻ തുടങ്ങുംമുമ്പ് ഇരുവരും മണ്ണിനടിയിൽ പുതഞ്ഞ് കഴിഞ്ഞിരുന്നു.

മീറ്ററുകളോളം തെറിച്ചുപോയ കരീം ശക്തമായ ജലപ്രവാഹത്തിനിടെ മുകളിലേക്ക് ഉയർന്നു.ഇതിനിടെ വീണ്കിടക്കുന്ന കമുകിൽ പിടികിട്ടിയതുകൊണ്ട് ജീവൻ ബാക്കിയായി. വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന കാലുകൾ വലിച്ചെടുത്തപ്പോൾ വലതു കാൽ ഒടിഞ്ഞ് തൂങ്ങിയിരുന്നു. നിലവിളകേട്ട് മുകളിലെ വീട്ടിലുള്ളവർ എത്തിയാണ് കരീമിനെ എടുത്തു കൊണ്ടുപോയത്. ദുരന്തത്തിൽ കാണാതായിരുന്ന കരീമിന്റെ സഹേദരൻ മുഹമ്മദലിയുടെ മകൾ ആബിദയുടെ മൃതദേഹം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. നാലുപെൺമക്കളാണ് കരീമിനും സക്കീനക്കമുള്ളത്. അതേ സമയം കവളപ്പാറയിലെ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ട് കാണാതായ സഹോദരിയെ കാത്ത് അഞ്ചുദിവസം ദുരന്തഭൂമിയിൽ കണ്ണുംനട്ടു കാത്തിരുന്ന സഹോദരൻ റഷീദിന് കാണാനായത് സഹോദരി വാൽതൊടിക സക്കീനയുടെ ചിതറിയ ശരീരമാണ്.

കാണാതായി അഞ്ചാംദിവസവും ദുരന്തഭൂമിയിൽ ഒഴിഞ്ഞിരുന്ന രക്ഷാപ്രവർത്തനം നടത്തുന്നത് നിറകണ്ണുകളോടെ നോക്കി നിന്ന റഷീദിന് തന്റെ സഹോദരി ജീവനോടെ തിരിച്ചുവരുമെന്ന പ്രതീക്ഷതന്നെയായിരുന്നു. ഇതിനിയിൽ പല മൃതദേഹങ്ങളും ദുരന്തഭൂമിയിൽ നിന്നും പുറത്തെടുക്കുമ്പോഴും റഷീദ് ഓടിയെത്തിവരും. ഓരോ മൃതദേഹം കാണുമ്പോഴും ശരീരം തളർന്നു വീണ്ടും പഴയ പടി അതേ സ്ഥലത്തുവന്നു കണ്ണുംനട്ടിരിക്കും. എന്തെങ്കിലും അത്ഭുതം സംഭവിച്ച് തന്റെ സഹോദരി തിരിച്ചുവരുമെന്ന പ്രതീക്ഷയും അവസാനം റഷീദ് നഷ്ടമായി. ഉച്ചയോടെയാണു സക്കീനയുടെ പകുതിയോളംവരുന്ന മൃതദേഹത്തിന്റെ അവശിഷ്ടം ആദ്യംകണ്ടെത്തിയത്. തുടർന്നു വൈകിട്ടോടെയാണു ബാക്കിയുള്ള ഭാഗം കണ്ടെത്താനായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP