Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരേയും കൂസാത്ത പ്രകൃതം, നടു നിവർത്തി, മൂക്ക് വിടർത്തിയുള്ള വേഗത്തിലുള്ള നടപ്പ്; കൊലുമ്പനെ കണ്ടാൽ കാട്ടാനയും കാട്ടുപോത്തും കടുവയും വരെ വിറച്ചിരുന്നെന്നും വാമൊഴി; ഇടുക്കി അണക്കെട്ട് നിർമ്മിക്കാൻ ഡബ്ല്യു.ജെ. ജോണിന് കൂട്ടാളിയായത് ആദിവാസി ഗോത്രതലവനായ ചെമ്പൻ കൊലുമ്പൻ; നായാട്ടിനായി സായിപ്പിന് ഒപ്പം കൂടിയ കൊലുമ്പൻ കുറവൻ കുറത്തി മലയിടുക്ക് കാട്ടി നൽകിയപ്പോൾ അണക്കെട്ടിനുള്ള സാധ്യത തെളിഞ്ഞു; കൊലുമ്പൻ ഓർമയായി 50 വർഷം തികയുമ്പോൾ കൊലുമ്പൻ സ്മാരകം നാടിനായി

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ: ഇടുക്കി ജലവൈജദ്യുത പദ്ധതിക്ക് വഴിതുറന്നത് കുറവൻ കുറത്തി മലയിടുക്കായിരുന്നു. തിരുവിതാംകൂർ ഗവൺമെന്റിന്റെ നിർദേശാനുസരണം അണക്കെട്ട് നിർമ്മിക്കാനായി എത്തിയ വെള്ളക്കാർക്ക് ിമലയിടുക്ക് കാട്ടി നൽകിയതും ഒപ്പം നടന്ന് കാട്ടിലെ വഴികാട്ടിയായി മാറിയതും ചെമ്പൻ കൊലുമ്പനായിരുന്നു. ചെമ്പൻ കൊലുമ്പൻ ഓർമയായിട്ട് 50 വർഷം പിന്നിടുമ്പോൾ തലയുയർത്തി നിൽക്കുന്ന ഇടുക്കി ഡാമിന്റെ പാതതുറന്നതുകൊലുമ്പന്റെ ഓർമകളും ദീപ്തസ്മരണ പോലെ നിൽക്കുകയാണ്. പദ്ധതി കമ്മിഷൻ ചെയ്യുന്നതു കാണാനാകാതെ 1970 ജൂൺ 21ൽ തന്റെ 112ാം വയസ്സിലാണ് ചെമ്പൻ കൊലുമ്പൻ വിടപറഞ്ഞത്.

ഇടുക്കി മലയിലെത്തിയ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ട് ഡബ്ല്യു. ജെ. ജോൺ കൊലുമ്പനെ കണ്ടുമുട്ടിയതോടെയാണ് ഇവിടെ അണക്കെട്ട് പണിയുന്നതിനെ കുറിച്ചും സ്ഥാനം കണ്ടെത്തുന്നതിനെ കുറിച്ചും ആലോചിക്കുന്നത്. കുറവൻ കുറത്തി മലയിടുക്കിൽ അണക്കെട്ടിന് സ്ഥാനം കണ്ടെത്താൻ കൊലുമ്പൻ ജോണിന് ഒപ്പം നടന്നു. പിന്നീട് വിവിധ ഘട്ടങ്ങളിൽ അണക്കെട്ടിന് സഹായത്തിനും ഒപ്പം നിന്നു. അന്നത്തെ സേവനങ്ങൾക്കു പ്രത്യുപകാരമായി അവസാനകാലത്ത് 60 രൂപ പെൻഷനായി കെഎസ്ഇബി നൽകി. കൊലുമ്പന്റെ കാലശേഷം മകന് 40 രൂപ പെൻഷൻ അനുവദിച്ചിരുന്നെങ്കിലും കാലക്രമേണ അതു നിർത്തലാക്കി. ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമിന്റെ നിർമ്മാണ ഓർമകളുമായി കൊലുമ്പന്റെ പുതിയ തലമുറ ഇന്നും ഇവിടെയുണ്ട്. കൊലുമ്പന്റെ ഓർമയ്ക്കായി 2016ൽ നിർമ്മാണം ആരംഭിച്ച ചെറുതോണി വെള്ളാപ്പാറയിലെ സ്മാരകം അടുത്ത മാസം തുറന്നുകൊടുക്കും.

ഇടുക്കി ഡാമിൽ കൊലുമ്പന്റെ അടയാളപ്പെടുത്തൽ

ഇടുക്കി ഡാം ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും 5 കിലോമീറ്റർ അകലെയുള്ള ചെമ്പച്ചേരി ( ചെമ്പകശ്ശേരി) നരിക്കാട് ആയിരുന്നു കൊലുമ്പന്റെ കുടി. 5 അടി പൊക്കം, കരിങ്കറുപ്പ് നിറം, മുട്ടോളം മാത്രമുള്ള ഒറ്റമുണ്ട്, ചെമ്പിച്ച് ജട പിടിച്ചു കാൽപാദം വരെ എത്തുന്ന നീണ്ട മുടി. കയ്യിൽ ആറടി നീളം ഉള്ള വടി. ആരേയും കൂസാത്ത പ്രകൃതം. നടു നിവർത്തി, മൂക്ക് വിടർത്തിയുള്ള വേഗത്തിലുള്ള നടപ്പ്.

ഇതിനിടയിൽ വനത്തിലെ നേരിയ ചലനങ്ങൾ പോലും പിടിച്ച് എടുക്കുന്ന കടുകിട തെറ്റാത്ത ശ്രദ്ധ.ഇതായിരുന്നു കൊലുമ്പൻ. ഊരാളിക്കുടിയിലെ മരച്ചുവട്ടിൽ ഈറ്റ കൊണ്ടു മറച്ച കുടിലിൽ ആണ് ആഹാരം പാകം ചെയ്തിരുന്നത്. രാത്രി ഉറക്കമാകട്ടെ മരത്തിനു മുകളിലുള്ള ഏറുമാടത്തിലും. കൊലുമ്പനെ കണ്ടാൽ കാട്ടാനയും കാട്ടുപോത്തും കടുവയും ഉൾപ്പെടെയുള്ള വന്യജീവികൾ വഴിമാറി കൊടുത്തിരുന്നു എന്നാണ് കാട്ടിലെ പഴമൊഴി. മന്ത്രവാദിയായിരുന്ന കൊലുമ്പൻ മന്ത്രമോതിയ കത്തി.

1932ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്യൂ.ജെ. ജോൺ നായാട്ടിനായി ഈ കൊടും കാട്ടിൽ എത്തിയതോടെയാണ് ഇടുക്കിയെ കണ്ടെത്തുന്നത്. അന്ന് ഈ ഭാഗത്തെ ഊരാളി ഗോത്ര തലവനായിരുന്ന കരുവെള്ളയാൻ ചെമ്പൻ കൊലുമ്പൻ എന്ന ആദിവാസിയുമായി പരിചയപ്പെട്ട ജോൺ ഇയാളെ നായാട്ടിന് സഹായിയായി വിളിച്ചു. കൊലുമ്പൻ അനുഗമിച്ചു. അയാൾ നാടൻ പാട്ടിലെ കുറവൻ കുറത്തി കഥ ജോണിനു പറഞ്ഞുകൊടുത്തു.

ഇടുക്കി കാണിച്ചുകൊടുത്തു.കുറവൻ കുറത്തി മലകൾക്കിടയിലൂടെ ഞെങ്ങി ഞെരുങ്ങി ഒഴുകുന്ന പെരിയാർ ജോണിന്റെ ശ്രദ്ധയെ ആകർഷിച്ചു. ആ മല ഇടുക്കിൽ അണക്കെട്ട് പണിതാൽ വൈദ്യുതോൽപാദനത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്താമെന്ന് ജോൺ എന്ന ധിക്ഷണശാലിക്ക് ഒറ്റനോട്ടത്തിൽ മനസ്സിലായി. ഇവിടെ നിന്നു മടങ്ങിയ ജോൺ എൻജിനീയറായ അനുജന്റെ സഹായത്തോടെ ഇടുക്കിയുടെ സാധ്യതകളെപ്പറ്റി തിരുവതാംകൂർ ഗവൺമെന്റിന് റിപ്പോർട്ട് സമർപ്പിച്ചു.

പിന്നീട് 1937ൽ ഇറ്റലിക്കാരായ ആഞ്ചലോ ഒമേദയോ, ക്ലാന്തയോ മാസലെ എന്നീ എൻജിനീയർമാർ ഇടുക്കിയിൽ അണക്കെട്ടു നിർമ്മിക്കുന്നതിന് അനുകൂലമായ ഒരു പഠന റിപ്പോർട്ട് സമർപ്പിച്ചു. 1947-ൽ തിരുവതാംകൂറിലെ ഇലക്ട്രിക്കൽ എൻജിനീയറായിരുന്ന പി.ജോസഫ് ജോണിന്റെ റിപ്പോർട്ടിൽ പെരിയാറിനെയും ചെറുതോണി പുഴയെയും ബന്ധിപ്പിച്ച് അണക്കെട്ട് നിർമ്മിക്കുവാനും അറക്കുളത്തു വൈദ്യുതി നിലയം സ്ഥാപിക്കുവാനും ശുപാർശ ചെയ്തു.1956ൽ കേരള സർക്കാരിനു വേണ്ടിയും അടുത്ത വർഷം കേന്ദ്ര ജലവൈദ്യുത കമ്മിഷനു വേണ്ടിയും സമഗ്രമായ പഠനങ്ങൾ നടന്നു. എങ്കിലും 1961ലാണ് ഇടുക്കി അണക്കെട്ടിന്റെ രൂപകൽപന ഉണ്ടാക്കിയത്. 1963ൽ പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം ലഭിച്ചു. തുടർന്ന് ഇടുക്കി പദ്ധതിയുടെ നിർമ്മാണ ചുമതല കേരള വൈദ്യുതി വകുപ്പ് ഏറ്റെടുത്തു.

1966ൽ കൊളംബോ പദ്ധതി പ്രകാരം കാനഡ സർക്കാർ സഹായഹസ്തം നീട്ടുകയും ഇന്ത്യയും കാനഡയും ഇതു സംബന്ധിച്ചുള്ള കരാർ ഉണ്ടാക്കുകയും ചെയ്തു. 1976ൽ ഇടുക്കി ഡാം കമ്മിഷൻ ചെയ്തു. കനേഡിയൻ സർക്കാർ ഡാം നിർമ്മാണ ജോലികൾ ഏറ്റെടുത്തപ്പോൾ കൊലുമ്പൻ വിശിഷ്ടാഥിതി ആയിരുന്നു. ആദ്യ ഘട്ടത്തിൽ എല്ലാ പ്രധാന ചടങ്ങുകളിലും ആദരിക്കപ്പെടുകയും ഹൈ കമ്മിഷണറോടൊപ്പം ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു ഇദ്ദേഹം.

പദ്ധതി കമ്മിഷൻ ചെയ്യുന്നതിനു മുൻപേ മരിച്ചു പോയ ചെമ്പൻ കൊലുമ്പനെ ഇടുക്കി ചെറുതോണി അണക്കെട്ടുകൾക്ക് അഭിമുഖമായി സംസ്‌കരിച്ചത് അന്നത്തെ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമായിരുന്നു. അങ്ങനെ ചെറുതോണി െവള്ളാപ്പാറയിൽ കൊലുമ്പനെ സംസ്‌കരിച്ചു. 210213 സംസ്ഥാന ബജറ്റിലാണു പദ്ധതിക്കു അംഗീകാരം ലഭിക്കുന്നത്. കൊലുമ്പന്റെ പൂർണകായ പ്രതിമയും മണ്ഡപവും ഉൾപ്പെടെയാണു സ്മാരകം. 2015ൽ പുരാവസ്തു വകുപ്പിന്റെ കീഴിൽ സമാധിയോട് അനുബന്ധിച്ചു നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.പ്രവർത്തനങ്ങൾ വർഷങ്ങളോളം ഇഴഞ്ഞുനീങ്ങി. ഇപ്പോൾ അവസാന ഘട്ടത്തിലുള്ള പ്രവൃത്തികൾ പൂർത്തീകരിച്ചു അടുത്ത മാസം ഉദ്ഘാടനം ചെയ്യാനാണു നീക്കം. റോഷി അഗസ്റ്റിൻ എംഎൽഎ ചെയർമാനും എഡിഎം സെക്രട്ടറിയുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിക്കുന്നത്. തുടർന്നു സ്മാരകം ടൂറിസം വകുപ്പിനു കൈമാറും.

കൊലുമ്പന്റെ രണ്ടു പ്രതികളും നിർമ്മിക്കാൻ ഭാഗ്യം ലഭിച്ചത് ഒരേ ശിൽപിക്കാണ്. തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളജ് പ്രൊഫസറായിന്ന കുന്നുവിള മുരളിയാണ് 1976ൽ ഇടുക്കി പദ്ധതി കമ്മിഷൻ ചെയ്യുന്നതിനോപ്പം ചെറുതോണി അണക്കെട്ടിലേക്കു നോക്കിനിൽക്കുന്ന രീതിയിൽ കൊലുമ്പന്റെ പ്രതിമ നിർമ്മിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP