Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202116Wednesday

'നിങ്ങൾ മരിക്കും മുമ്പ് വായിച്ചിരിക്കേണ്ട 200 നോവലുകൾ' എന്ന് ഡിസി ബുക്‌സിന്റെ 'മലയാള നോവൽ സാഹിത്യ മാല' പരസ്യം; പ്രീ പബ്ലിക്കേഷനിൽ വാങ്ങിയപ്പോൾ രമാ മേനോൻ കരഞ്ഞുപോയി; രണ്ടു പേജ് ഉള്ള ഒരുദേശത്തിന്റെ കഥ... അഞ്ച് മാത്രം പേജ് ഉള്ള അവകാശികൾ; പരസ്യത്തിൽ എല്ലാമുണ്ടെന്ന് കൈകഴുകി പ്രസാധകരും

'നിങ്ങൾ മരിക്കും മുമ്പ് വായിച്ചിരിക്കേണ്ട 200 നോവലുകൾ' എന്ന് ഡിസി ബുക്‌സിന്റെ 'മലയാള നോവൽ സാഹിത്യ മാല' പരസ്യം; പ്രീ പബ്ലിക്കേഷനിൽ വാങ്ങിയപ്പോൾ രമാ മേനോൻ കരഞ്ഞുപോയി; രണ്ടു പേജ് ഉള്ള ഒരുദേശത്തിന്റെ കഥ... അഞ്ച് മാത്രം പേജ് ഉള്ള അവകാശികൾ; പരസ്യത്തിൽ എല്ലാമുണ്ടെന്ന് കൈകഴുകി പ്രസാധകരും

എം മനോജ് കുമാർ

 തിരുവനന്തപുരം: ഡിസി ബുക്‌സിന്റെ മലയാള നോവൽ സാഹിത്യമാല നോവലല്ല. വെറും പഠനങ്ങൾ മാത്രം. നോവൽ ആണെന്ന് കരുതി നോവൽ സാഹിത്യമാല വാങ്ങിയവർക്ക് ഡിസി ഇരുട്ടടിയാണ് നൽകിയത്. മലയാള നോവൽ സാഹിത്യത്തിലെ മികച്ച 200 നോവൽ വായിക്കാൻ വേണ്ടിയാണ് പലരും മലയാള നോവൽ സാഹിത്യമാല വാങ്ങിയത്. 3500 രൂപ മുഖവിലയുള്ള മൂന്നു വോള്യങ്ങൾ ഉള്ള പുസ്തകം 1999 രൂപ കൊടുത്ത് ആണ് വായനക്കാർ വാങ്ങിയത്. പ്രീ ബുക്ക് ഓഫറിലാണ് 1999 രൂപയ്ക്ക് മൂന്നു വോള്യങ്ങൾ ലഭിച്ചത്. ഇത് നോവൽ അല്ല നോവൽ പഠനങ്ങൾ ആണെന്ന് പലരും തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. നോവൽ ആണെന്ന് കരുതി സാഹിത്യമാല വാങ്ങിയ വായനക്കാർ പലരും കബളിപ്പിക്കപ്പെട്ട അവസ്ഥയായി.

പ്രണയവും ജീവിതവും ചരിത്രവുമെല്ലാം ഇതൾവിരിയുന്ന നോവൽ സാഹിത്യം വായിക്കാൻ പ്രി ബുക്ക് ചെയ്തു വാങ്ങിയവർക്കാണ് ഈ ദുരനുഭവം വന്നത്. കയ്യിൽ കിട്ടിയ മൂന്നു വോളിയങ്ങളിൽ നോവലുകളുടെ ക്യാപ്‌സ്യൂൾ പഠനങ്ങൾ നിറഞ്ഞിരിക്കുന്നത് കണ്ടതോടെ പലരുടെയും കരച്ചിൽ എഫ്ബി കുറിപ്പുകളിൽ പ്രത്യക്ഷപ്പെട്ടു. ഈ രീതിയിൽ വന്ന ഒരു എഫ്ബി കുറിപ്പിന്റെ സ്‌ക്രീൻ ഷോട്‌സ് സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. രമ മേനോൻ എന്ന യുവതിയുടെ എഫ്ബി കുറിപ്പിന്റെ സ്‌ക്രീൻ ഷോട്‌സ് ആണ് വൈറൽ ആയി മാറിയത്. ഒരു തരം കരച്ചിൽ ആണ് രമ മേനോന്റെ കുറിപ്പിൽ പ്രത്യക്ഷപ്പെട്ടത്.

''അയ്യോ പറ്റിക്കപ്പെട്ടു.. ഗെവ് ദ പ്രീ പബ്‌ളിക്കെഷൻ മണി തിങ്കിങ്.. കാൻ റീഡ് 200 നോവൽസ്...എല്ലാം വെറും റിവ്യൂസ് മാത്രം....രണ്ടു പേജ് ഉള്ള ദേശത്തിന്റെ കഥ... അഞ്ച് മാത്രം പേജസ് ഉള്ള അവകാശികൾ....ഐ വാണ്ട് ടു ക്രൈ....നോട്ടു ബികോസ് ഐ ലോസ്റ്റ് 1999 റുപീസ്... ബട്ട് വാസ് ഫൂൾഡ് ബൈ എ പബ്‌ളിക്കെഷൻ കമ്പനി....എന്തിന്റെ പേരിലും പറ്റിച്ചാൽ ക്ഷമിക്കാം....പുസ്തകളുടെ പേരിൽമൈ മൈൻഡ് ഇൻ കർസിങ് മൂഡ്..എ കോഷൻ ഫോർ ദ റീഡേഴ്‌സ്...എഫ്ബി കുറിപ്പിലെ ഈ കരച്ചിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പറന്നു നടക്കുകയാണ്. ഡിസി ബുക്‌സിൽ അന്വേഷിച്ചപ്പോൾ ഈ കുറിപ്പിന്റെ ഉടമയെ അവർ അന്വേഷിക്കുന്നു എന്നാണ് അറിഞ്ഞത്. ഡിസി നൽകിയ പരസ്യമാണ് വായനക്കാരിൽ പലരെയും വാരിക്കുഴിയിൽ എന്ന രീതിയിൽ വീഴ്‌ത്തിയത്. മലയാളനോവൽ സാഹിത്യം 3000 പേജുകളിൽ അടുത്തറിയാം എന്നാണ് ഡിസി പരസ്യം ചെയ്തത്. 3000 പേജ് മൂന്നു വോള്യങ്ങൾ... 3500 രൂപ മുഖവിലയുള്ള പുസ്തകം 1999 രൂപയ്ക്ക്.... ഈ പരസ്യത്തിന്റെ ഏറ്റവും മുകളിൽ ഡിസി ഇങ്ങനെ നൽകിയിരുന്നു. . 200 നോവൽസ്...യു മസ്റ്റ് റീഡ് ബിഫോർ യു ഡൈ എന്നാണു പരസ്യത്തിലെ ഒരു തലവാചകത്തിൽ പറയുന്നത്. (മരിക്കുന്നതിനുമുമ്പ് നിങ്ങൾ ഇത് നിർബന്ധമായും വായിച്ചിരിക്കണം) തെറ്റിദ്ധരിപ്പിക്കുന്ന ഈ തലവാചകം കണ്ടാണ് പലരും പുസ്തകങ്ങൾക്ക് പണം നൽകിയത്. പ്രശസ്ത നിരൂപകനും അദ്ധ്യാപകനുമായ ഡോ.എം.എം. ബഷീർ ആണ് ഇത് എഡിറ്റ് ചെയ്തത്. ബഷീറിന്റെ പേര് കൂടി കണ്ടപ്പോൾ മിക്കവരും പണം മുടക്കുകയും ചെയ്തു.

പ്രസിദ്ധ നോവലുകളുടെ കോപ്പി റൈറ്റ് ഡിസിക്ക് ഉണ്ടോ എന്നും ഇരുനൂറു നോവൽ 3000 പേജിൽ ഉൾക്കൊള്ളുമോ എന്നുമൊക്കെ മിക്കവരും ആലോചിച്ചതുമില്ല. ഒന്നും അറിയാത്ത കോളേജ് വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് തൊട്ടു തലേന്ന് വായിച്ച് നാലോ അഞ്ചോ മാർക്ക് വാങ്ങാൻ വേണ്ടി തയ്യാർ ചെയ്ത് നൽകും പോലെയുള്ള ക്യാപ്‌സ്യൂൾ പഠനങ്ങൾ ആണ് നോവൽ സാഹിത്യമാലയിൽ ഉള്ളത്. ഞെട്ടലോടെയാണ് പലരും ഇത് തിരിച്ചറിഞ്ഞത്. അതുകൊണ്ട് തന്നെയാണ് രമാ മേനോനെ പോലെയുള്ളവർ എഫ്ബി കുറിപ്പിൽ വന്നു ..രണ്ടു പേജ് ഉള്ള ദേശത്തിന്റെ കഥ... അഞ്ച് മാത്രം പേജസ് ഉള്ള അവകാശികൾ....ഐ വാണ്ട് ടു ക്രൈ എന്ന് വിലപിക്കാൻ ഇട വന്നത്. രമ മേനോൻ ഇങ്ങനെ വിലപിച്ചപ്പോൾ ചിലർ വിലാപം മറന്നു ഇരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. നോവൽ വായിക്കാൻ പണം മുടക്കിയപ്പോൾ നോവൽ റിവ്യൂ ആണ് കിട്ടിയത് എന്ന് പറയാൻ പലർക്കും മടി. അതുകൊണ്ട് തന്നെ ചിലർ നോവൽ സാഹിത്യമാല ഷെൽഫിലേക്ക് ഭദ്രമായി തള്ളിക്കയറ്റി. നോവലും അല്ല നിരൂപണവും അല്ല കോളേജ് നോട്ടുകൾ ആണ് ഇതെന്നാണ് പലരും അടക്കം പറയുന്നത്. മലയാള സാഹിത്യത്തിനു ഒരു നേട്ടവും ഇല്ലാത്ത കൃതിയാണിത് എന്ന വിമർശനവും ഇപ്പോൾ വന്നിട്ടുണ്ട്. സാഹിത്യവിമർശനത്തിനെ കൊല്ലുന്ന ഉദ്യമം ആണിത്. പഠനങ്ങളും നിരൂപണങ്ങളും വേണ്ട എന്ന് തീരുമാനിക്കുന്നു. എന്നിട്ട് ക്ലാസ് നോട്ടുകൾ പുസ്തകമാക്കുന്ന രീതിയിലേക്ക് നീങ്ങുന്നു. ഇതിന്റെ ഉദാഹരണമാണ് നോവൽ സാഹിത്യമാല . പരീക്ഷയ്ക്ക് ഒന്നും പഠിക്കാതെ എഴുതാൻ പോകുന്ന കുട്ടികൾക്ക് മാർക്ക് കിട്ടിയേക്കും. നോവൽ വായിക്കാനുള്ള പ്രേരണയൊന്നും നൽകാത്ത ക്ലാസ് നോട്ടുകൾ ആണിത് എന്നുള്ള വിമർശനവും ഇപ്പോൾ ഉയർന്നു വന്നിട്ടുണ്ട്.

  ഡിസി ബുക്‌സ്, വിശദീകരണം

ഇത് നോവൽ അല്ല നോവൽ സാഹിത്യമാലയാണ്. പഠനങ്ങൾ ആണ്. നോവൽ സാഹിത്യമാല നോവൽ ആണെന്ന് ഞങ്ങൾ ഒരിടത്തും അവകാശപ്പെട്ടിട്ടില്ല. മൂന്നു വോളിയങ്ങൾ ആണിത്. പ്രീ ബുക്ക് ഓഫറിൽ നൽകിയത് 1999 രൂപ ഓഫർ ആണ്. ഇത് പഠനങ്ങൾ ആവശ്യമുള്ളവർക്ക് ഉപകരിക്കാൻ വേണ്ടിയുള്ളതാണ്. 200 നോവൽ മൂവായിരം പേജിൽ ഉൾക്കൊള്ളില്ലെന്ന് വായനക്കാർക്ക് ആലോചിക്കാൻ കഴിയുന്ന കാര്യമെയുള്ളൂ. ബ്രോഷ്‌റിൽ ഇത് സൂചിപ്പിച്ചിട്ടുമുണ്ട്-ഡിസി ബുക്‌സ് പ്രതികരിക്കുന്നു.

നോവൽ സാഹിത്യമാലയ്ക്ക് ഡിസി ബുക്‌സ് നൽകിയ പരസ്യം ഇങ്ങനെ:

1887 ൽ പുറത്തിറങ്ങിയ അപ്പുനെടുങ്ങാടിയുടെ കുന്ദലത മുതൽ ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉണ്ടായ മികച്ച നോവലുകൾ തിരഞ്ഞെടുത്ത് വായിക്കാൻ ആഗ്രഹിക്കുന്നവർക്കായുള്ള, ഭൂതകാലത്തേയ്ക്കുള്ള ഒരു മടക്കയാത്രയാണ് ഡിസി ബുക്സ് അവതരിപ്പിക്കുന്ന 'മലയാള നോവൽ സാഹിത്യമാല' പ്രശസ്ത നിരൂപകനും അദ്ധ്യാപകനും ഗവേഷകനുമായ ഡോ.എം.എം. ബഷീർ എഡിറ്റ് ചെയ്തത്. മലയാള നോവലുകൾ വായിച്ചവർക്കും, ഇനിയും വായിച്ചിട്ടില്ലാത്തവർക്കും ഒരുപോലെ ഈ ബൃഹദ്‌ഗ്രന്ഥം ഉപകരിക്കും. മൂന്ന് വാല്യങ്ങളിലായി 3000 പേജിൽ തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചു . 3500 രൂപ മുഖവിലയുള്ള പുസ്തകം 1999 രൂപയ്ക്ക് വായനക്കാർക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്. ഓർക്കുക ഈ അവസരം ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേർക്ക് മാത്രം .

കുന്ദലത, ഇന്ദുലേഖ, മാർത്താണ്ഡവർമ്മ, ധർമ്മരാജ, രാമരാജ ബഹദൂർ, ഭൂതരായർ, കേരളേശ്വരൻ, വിരുതൻ ശങ്കു, അപ്ഫന്റെ മകൾ, കേരളസിംഹം, ഓടയിൽനിന്ന്, കളിത്തോഴി, തോട്ടിയുടെ മകൻ, രണ്ടിടങ്ങഴി, വിഷകന്യക, ഭ്രാന്താലയം, ന്റപ്പുപ്പാക്കോരാനേണ്ടാർന്ന്, കാട്ടുകുരങ്ങ് ആരാച്ചാർ, ഫ്രാൻസിസ് ഇട്ടിക്കോര, ആടുജീവിതം, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, നിരീശ്വരൻ, ഐസ് -196 ഡിഗ്രി സെൽഷ്യസ്, ഇരുട്ടിൽ ഒരു പുണ്യാളൻ, ഒൻപത്, അശരണരുടെ സുവിശേഷം, ഹെർബേറിയം, ആളകമ്പടി, വ്യസനസമുച്ചയം, എരി, മൂന്നാമിടങ്ങൾ, കരിക്കോട്ടക്കരി, കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും, ഉഷ്ണരാശി, അന്ധകാരനഴി, ജീവിതത്തിന്റെ പുസ്തകം, മനുഷ്യന് ഒരു ആമുഖം, കാമമോഹിതം, എന്തുണ്ട് വിശേഷം പീലാത്തോസേ...തുടങ്ങി 200 മികച്ച നോവലുകൾ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഈ മഹാഗ്രന്ഥം.

ഓരോ നോവലിന്റെയും കഥയും പ്രമേയവും പശ്ചാത്തലവും എന്തെല്ലാമെന്നും പ്രധാനകഥാപാത്രങ്ങൾ ആരെല്ലാമെന്നും പുസ്തകം നിങ്ങൾക്ക് പറഞ്ഞുതരും. ഓരോ നോവലിന്റെയും പ്രത്യേകതകളും അവയ്ക്ക് മലയാളനോവൽ സാഹിത്യചരിത്രത്തിലുള്ള സ്ഥാനവും വിലയിരുത്തുകയും ആസ്വാദനം രേഖപ്പെടുത്തുകയും ചെയ്യുന്നു. ഓരോ നോവലുകളിലെയും കഥാപാത്രങ്ങളെ വിശദമായി പരിചയപ്പെടുത്തുന്നതോടൊപ്പം ഇതിവൃത്തവുമായി കഥാപാത്രങ്ങൾക്കുള്ള ബന്ധവും സൂചിപ്പിക്കുന്നു. പ്രമേയം (തീം ), ഇതിവൃത്തം (പ്ലോട്ട് ) , സംഭവങ്ങൾ (ഇവന്റ്‌സ് ), പശ്ചാത്തലം, സാമൂഹികപരിതോവസ്ഥകൾ, ആഖ്യാനത്തിന്റെ സ്വഭാവം, കാഴ്ചക്കോണുകൾ എന്നിവയെക്കുറിച്ച് വായനക്കാർക്ക് വ്യക്തമായ ധാരണ ഈ പുസ്തകം നൽകുന്നു. വായിച്ച നോവലുകളെക്കുറിച്ച് പിൽക്കാലേത്തക്കുവേണ്ടി കുറിപ്പുകളെഴുതി സൂക്ഷിക്കാത്തവർക്ക് ഓർമ്മപുതുക്കാനും വായിക്കാത്തവയെ പരിചയപ്പെടാനും എക്കാലേത്തക്കുമുള്ള നോവൽസഞ്ചയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP