Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാണക്കാട് തങ്ങൾ, ദയവായി ആ 54 കുടുംബങ്ങളെ പട്ടിണിയാക്കരുത്; ഇന്നലെ വരെ പണിയെടുത്തവരെ ഒരു സുപ്രഭാതത്തിൽ തെരുവിലേക്കു പുറന്തള്ളാൻ മടി കാണിക്കാത്ത കഥ സാദിഖലി തങ്ങളെക്കുറിച്ചു പറഞ്ഞു കേൾക്കേണ്ട അവസ്ഥ പാണക്കാട് തറവാടിന് ഉണ്ടാവരുത്? പ്രവാചക വചനം തങ്ങൾ മറക്കില്ലെന്ന് കരുതട്ടെ; ആളുകളുടെ സങ്കടഹർജി കേൾക്കുന്ന പാണക്കാട് മുറ്റത്തേക്കു പോലും ഒരുപക്ഷേ പ്രതിഷേധ ജ്വാലയുമായി വരേണ്ടി വന്നേക്കും; ദർശന ടിവിയിലെ പിരിച്ചുവിടലിനെതിരെ കേരളാ പത്രപ്രവർത്തക യൂണിയൻ

പാണക്കാട് തങ്ങൾ, ദയവായി ആ 54 കുടുംബങ്ങളെ പട്ടിണിയാക്കരുത്; ഇന്നലെ വരെ പണിയെടുത്തവരെ ഒരു സുപ്രഭാതത്തിൽ തെരുവിലേക്കു പുറന്തള്ളാൻ മടി കാണിക്കാത്ത കഥ സാദിഖലി തങ്ങളെക്കുറിച്ചു പറഞ്ഞു കേൾക്കേണ്ട അവസ്ഥ പാണക്കാട് തറവാടിന് ഉണ്ടാവരുത്? പ്രവാചക വചനം തങ്ങൾ മറക്കില്ലെന്ന് കരുതട്ടെ; ആളുകളുടെ സങ്കടഹർജി കേൾക്കുന്ന പാണക്കാട് മുറ്റത്തേക്കു പോലും ഒരുപക്ഷേ പ്രതിഷേധ ജ്വാലയുമായി വരേണ്ടി വന്നേക്കും; ദർശന ടിവിയിലെ പിരിച്ചുവിടലിനെതിരെ കേരളാ പത്രപ്രവർത്തക യൂണിയൻ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കോവിഡ് 19 കാലത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ അവഗണിച്ച് 54 ജീവനക്കാരെ പിരിച്ചുവിട്ട ദർശന ടിവി മാനേജ്‌മെന്റിനെതിരെ പ്രതിഷേധവുമായി കേരളാ പത്രപ്രവർത്തക യൂണിയൻ. ചാനലിലെ 54 ജീവനക്കാർക്ക് ഒറ്റയടിക്ക് പിരിച്ചു വിടൽ നോട്ടീസ് നൽകിയിരിക്കുകയാണ് സമസ്ത മുസ്ലിം ലീഗ് നേതാക്കളുടെ നേതൃത്വത്തിലുള്ള സത്യധാര കമ്മുണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. സാദിഖലി ശിഹാബ് തങ്ങൾ ചെയർമാനായ സ്ഥാപനമാണ് ജീവനക്കാർക്ക് ഇ മെയിൽ വഴി പിരിച്ചു വിടൽ നോട്ടീസ് നൽകിയത്. ശമ്പളം പോലും കൃത്യമായി ലഭിക്കാതെ പ്രയാസത്തിൽ കഴിയുന്ന ജീവനക്കാരിപ്പോൾ വലിയ ആശങ്കയിലാണ്.

പിരിച്ചുവിടൽ നോട്ടീസിന്റെ ഒറിജിനലും മറ്റ് ആനുകൂല്യവും കൈപ്പറ്റുന്നതിന് വേണ്ടി ഏപ്രിൽ 20 ന് രാവിലെ 11 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയിൽ സ്ഥാപനത്തിൽ എത്തിച്ചേരാനാണ് ജീവനക്കാർക്കുള്ള നിർദ്ദേശം. അന്നുതന്നെ ജീവനക്കാരന്റെ കൈവശമുള്ള കമ്പനിയുമായി ബന്ധപ്പെട്ടതുമായ മുഴുവൻ രേഖകളും വസ്തുക്കളും ഐഡി കാർഡും തിരിച്ചേൽപ്പിക്കണമെന്നും സത്യധാര കമ്മ്യുണിക്കേഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അഡ്വ. മുഹമ്മദ്ത്വയ്യിബ്ഹുദവി അറിയിച്ചിരുന്നു.

പിരിച്ചുവിടൻ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടേ കേരളാ പത്രപ്രവർത്തക യൂണിയൻ രംഗത്തെത്തി. പാണക്കാട് തങ്ങൾ, ദയവായി ഈ മനുഷ്യരെ ആട്ടിയകറ്റരുത്... എന്നു പറഞ്ഞു കൊണ്ട് കേരളാ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റെ കെ പി റെജി രംഗത്തെത്തി. കേരളത്തിലെമ്പാടുംനിന്ന് മനുഷ്യർ ആവലാതികളും സങ്കടങ്ങളുമായി കയറിച്ചെല്ലുന്ന തറവാടാണ് പാണക്കാട് തങ്ങൾമാരുടേതെന്നും കക്ഷി രാഷ്ട്രീയാതീതമായി കേരളത്തിൽ ആദരവ് കിട്ടുന്ന നേതാക്കളാണ് ആ കുടുംബത്തിൽ എന്നും ഉണ്ടായിരുന്നത്. ബഹുമാന്യനായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ചെയർമാനായ സ്ഥാപനം 54 പാവം തൊഴിലാളികളെ ഒറ്റയടിക്ക് പടിയടച്ചു പുറത്താക്കിയെന്ന വാർത്ത അതുകൊണ്ടുതന്നെ അവിശ്വസനീയതയോടെയാണ് കേട്ടതെന്നം റെജി ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. നാളിതുവരെ പണിയെടുത്തുകൊണ്ടിരുന്നവരെ ഒരു സുപ്രഭാതത്തിൽ തെരുവിലേക്കു പുറന്തള്ളാൻ മടി കാണിക്കാത്ത കഥ സാദിഖലി തങ്ങളെക്കുറിച്ചു പറഞ്ഞുകേൾക്കേണ്ട അവസ്ഥ പാണക്കാട് തറവാടിന് ഉണ്ടാവരുതെന്നം അദ്ദേഹം പറഞ്ഞു.

കെ പി റെജിയുടെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

പാണക്കാട് തങ്ങൾ, ദയവായി ഈ മനുഷ്യരെ ആട്ടിയകറ്റരുത്...

കേരളത്തിലെമ്പാടുംനിന്ന് മനുഷ്യർ ആവലാതികളും സങ്കടങ്ങളുമായി കയറിച്ചെല്ലുന്ന തറവാടാണ് പാണക്കാട് തങ്ങൾമാരുടേത്. കക്ഷി രാഷ്ട്രീയാതീതമായി കേരളത്തിൽ ആദരവ് കിട്ടുന്ന നേതാക്കളാണ് ആ കുടുംബത്തിൽ എന്നും ഉണ്ടായിരുന്നത്. ബഹുമാന്യനായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ചെയർമാനായ സ്ഥാപനം 54 പാവം തൊഴിലാളികളെ ഒറ്റയടിക്ക് പടിയടച്ചു പുറത്താക്കിയെന്ന വാർത്ത അതുകൊണ്ടുതന്നെ അവിശ്വസനീയതയോടെയാണ് കേട്ടത്.

എന്നാൽ, വാർത്ത നൂറു ശതമാനം ശരിയാണ്. കോഴിക്കോട് ആസ്ഥാനമായ ദർശന ടി.വിയിലെ 54 പേരെ ജോലിയിൽനിന്നു പിരിച്ചുവിട്ട് മാനേജ്‌മെന്റ് നോട്ടീസ് നൽകിയിരിക്കുന്നു. ഏപ്രിൽ 20ന് ഓഫിസിൽ ഹാജരായി പിരിച്ചുവിടൽ നോട്ടീസ് കൈപ്പറ്റണമെന്നും തിരിച്ചറിയൽ കാർഡ് അടക്കം കമ്പനി വക സാധന സാമഗ്രികൾ തിരിച്ചേൽപ്പിക്കണമെന്നും കാണിച്ച് ഏപ്രിൽ 17നാണ് ആ പാവങ്ങൾക്ക് നോട്ടീസ് കിട്ടിയത്. ശമ്പള കുടിശ്ശികയെക്കുറിച്ചോ പി.എഫ് ആനുകൂല്യങ്ങളെക്കുറിച്ചോ ഒരക്ഷരം മിണ്ടിയിട്ടില്ല ചാനൽ ചെയർമാനായ ആത്മീയ നേതാവ് സാദിഖലി തങ്ങൾ. പിരിച്ചുവിടപ്പെട്ടവരിൽ ഒരാൾ എന്നോട് അത് ഫോണിൽ പറയുമ്പോൾ വിങ്ങിപ്പൊട്ടിപ്പോയി.

സത്യധാര കമ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ദർശന ടി.വി 2010 ജൂൺ 21 മുതൽ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തി?െന്റ ലൈസൻസോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. 'മലബാർ ആസ്ഥാനമായ ആദ്യ ചാനൽ' എന്നതായിരുന്നു പരസ്യവാചകം. സാദിഖലി തങ്ങളുടെയും ഇസ്മയിൽ കുഞ്ഞു ഹാജിയുടെയും സിദ്ദീഖ് ഫൈസി വാളക്കുളത്തിന്റെയും നേതൃത്വത്തിൽ തുടങ്ങിയ സ്ഥാപനം ഇപ്പോൾ ചെയ്തിരിക്കുന്നത് നമ്മുടെ രാജ്യത്തെ എല്ലാ മര്യാദകളുടെയും നിയമങ്ങളുടെയും പച്ചയായ ലംഘനമാണ്.

തളർന്നു നിൽക്കുേമ്പാൾ ചാടിവീണ് ആക്രമിക്കുക എന്ന കാട്ടുനീതിയാണ് ഈ സ്ഥാപന ഉടമകൾ പാവപ്പെട്ട മാധ്യമപ്രവർത്തകർക്കു നേരെ പ്രയോഗിച്ചിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ആവർത്തിച്ചു നൽകിയ നിർദേശങ്ങളും ഉത്തരവുകളും കാറ്റിൽപറത്തിയാണ് കൂട്ടപിരിച്ചുവിടൽ. ഈ സാഹചര്യത്തിൽ ഒരാളെയും പിരിച്ചുവിടരുതെന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സ്ഥാപന ഉടമകളോട് ആവർത്തിക്കുന്നതിനിടെയാണ് ഈ കൊടും ക്രൂരത. കോവിഡ് നിയന്ത്രണങ്ങളുടെ കാലയളവിൽ ഒരു വിധത്തിലുമുള്ള ലേ ഓഫ്, ലോക്ക് ഔട്ട്, റിട്രഞ്ച്‌മെന്റ്, ടെർമിനേഷൻ നടപടികളും പാടില്ലെന്നു നിഷ്?കർഷിച്ച് മാർച്ച് 24ന് ലേബർ കമീഷണർ പുറപ്പെടുവിച്ച ഉത്തരവിന് കടലാസിന്റെ വില പോലും നൽകാതെയാണ് നടപടി.

ഭരണസംവിധാനങ്ങൾ മുഴുവൻ മഹാമാരിയെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങളിൽ വ്യാപൃതരായി നിൽക്കുമ്പോൾ നിയമവിരുദ്ധവും മനുഷ്യത്വ രഹിതവുമായ നടപടികളുമായി മുന്നോട്ടുപോകാൻ പാണക്കാട് സാദിഖലി തങ്ങളെപ്പോലെ ഒരാളുടെ നേതൃത്വത്തിലുള്ള സ്ഥാപനം തീരുമാനിച്ചുവെന്നത് ഞെട്ടിക്കുന്നു. ഈ രാജ്യത്തെ നിയമ വ്യവസ്ഥയെ എങ്കിലും അവർ മാനിക്കണമായിരുന്നു.

'ഫേസ്‌ബുക്കിലെ കടുത്ത മനുഷ്യവകാശവാദികൾ' നടത്തുന്ന സ്ഥാപനമായ കൊച്ചി വോക് ജേണൽ ആറു മാധ്യമപ്രവർത്തകരെയാണ് കോവിഡിന്റെ പേരു പറഞ്ഞുതന്നെ അടുത്തിടെ പിരിച്ചുവിട്ടത്. അന്യായമായ പിരിച്ചുവിടലിനെതിരെ തൊഴിൽ വകുപ്പ് അധികൃതരെ സമീപിച്ച വോക് ജേണലിലെ പാവം ജീവനക്കാരോട് 'കോവിഡ് പ്രശ്‌നങ്ങൾ ഒതുങ്ങട്ടെ' എന്ന അലസൻ മറുപടിയാണു കിട്ടിയത്. ദർശന ടി വി ആയാലും വോക് ജേണൽ ആയാലും ശരി. പാവപ്പെട്ട മാധ്യമപ്രവർത്തകരെ ഒരുവിധ ആനുകൂല്യവും നൽകാതെ തെരുവിലേക്കു പിടിച്ചിറക്കിവിട്ടപ്പോൾ ഉടമകളുടെ കൊട്ടിഘോഷിക്കുന്ന നീതിബോധമോ ആദർശമോ എവിടെപ്പോയൊളിച്ചു? ഈ സാധു മാധ്യമ പ്രവർത്തകരുടെ പ്രതിഷേധങ്ങൾ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ മുങ്ങിപ്പോകുമെന്നാവാം അവരുടെ കണക്കുകൂട്ടൽ.

മരണം ഒഴിവാക്കാനാണ് സർക്കാർ ലോക്ഡൗണും സമ്പർക്ക വിലക്കും പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ പട്ടിണി കിടന്നു മരിക്കും എന്ന അവസ്ഥ വന്നാൽ, ഒറ്റ ദിവസം പെട്ടെന്ന് തെരുവിലാകുന്ന അവസ്ഥ വന്നാൽ പിന്നെന്തു ലോക്ഡൗൺ? ആളുകൾ പതിവായി സങ്കട ഹർജികളുമായി എത്തുന്ന പാണക്കാട് മുറ്റത്തേക്കു പോലും ഒരുപക്ഷേ പ്രതിഷേധ ജ്വാലയുമായി വരേണ്ടി വന്നേക്കും. സാഹചര്യം നോക്കാതെ തന്നെ. കൊച്ചിയിലെ വോക് ജേണൽ ഉടമകളും അത് ഓർക്കണം.

ദയവായി ആ അവസ്ഥ ഉണ്ടാക്കരുത്. ആ സാധുക്കളെ പിരിച്ചുവിടരുത്. കോവിഡ് ഭീതിയുടെ നടുക്കടലിൽ ലോകം നിൽക്കുമ്പോൾ, മറ്റൊരു ജോലി തേടൽപോലും അസാധ്യമായിരിക്കുമ്പോൾ ആ 54 കുടുംബങ്ങളെ പട്ടിണിയാക്കരുത്. നാളിതുവരെ പണിയെടുത്തുകൊണ്ടിരുന്നവരെ ഒരു സുപ്രഭാതത്തിൽ തെരുവിലേക്കു പുറന്തള്ളാൻ മടി കാണിക്കാത്ത കഥ സാദിഖലി തങ്ങളെക്കുറിച്ചു പറഞ്ഞുകേൾക്കേണ്ട അവസ്ഥ പാണക്കാട് തറവാടിന് ഉണ്ടാവരുത്? പ്രവാസികൾ അടക്കം ലോകമലയാളികൾക്കായി ഇടപെടുന്ന മുസ്ലിം ലീഗ് നേതൃത്വവും ഈ അനീതിക്ക് ചൂട്ടുപിടിക്കരുത്. 'ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും' എന്ന പ്രവാചക വചനം ലോകമാകെ വേദനയിൽ നിൽക്കുന്ന ഈ ഘട്ടത്തിൽ പാണക്കാട് തങ്ങൾ എങ്കിലും മറക്കില്ലെന്ന് കരുതട്ടെ!

ലോകത്തെ സകല മനുഷ്യാവകാശ പ്രശ്‌നങ്ങളിലും ഘോരഘോരം പ്രസംഗിക്കുന്ന വോക് ജേണൽ ഉടമകളും പിരിച്ചുവിടൽ എന്ന വലിയ തെറ്റ് തിരുത്തണം. ഇതുവരെ നിങ്ങൾ പ്രസംഗിച്ച എല്ലാ ധാർമികതയും പാഴായിപ്പോകുന്ന തെറ്റാണ് ഈ സാധുക്കളെ പിരിച്ചുവിടുന്നത്.

K P Reji,
President, Kerala Union of Working Journalists

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP