Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുവർണമയൂരം സ്വന്തമാക്കി ഡെന്മാർക്കിൽ നിന്നുള്ള ഇൻ റ്റു ദി ഡാർക്ക്നെസ്; രജതമയൂരം ദി സൈലന്റ് ഫോറസ്റ്റ് എന്ന തായ്‌വാനീസ് ചിത്രത്തിന്റെ സംവിധായകൻ ആൻഡേൻ റഫേനും; കോവിഡ് പ്രതിസന്ധിയിലും ആവേശം ചോരാതെ 51-ാമത് ദേശീയ ചലച്ചിത്രമേളക്ക് കൊടിയിറങ്ങി

സുവർണമയൂരം സ്വന്തമാക്കി ഡെന്മാർക്കിൽ നിന്നുള്ള ഇൻ റ്റു ദി ഡാർക്ക്നെസ്; രജതമയൂരം ദി സൈലന്റ് ഫോറസ്റ്റ് എന്ന തായ്‌വാനീസ് ചിത്രത്തിന്റെ സംവിധായകൻ ആൻഡേൻ റഫേനും; കോവിഡ് പ്രതിസന്ധിയിലും ആവേശം ചോരാതെ 51-ാമത് ദേശീയ ചലച്ചിത്രമേളക്ക് കൊടിയിറങ്ങി

മറുനാടൻ ഡെസ്‌ക്‌

പനജി: 51-ാമത് ദേശീയ ചലച്ചിത്രമേളക്ക് കൊടിയിറങ്ങി. കിയോഷി കുറസോവയുടെ വൈഫ് ഓഫ് എ സ്പൈ ആയിരുന്നു സമാപന ചിത്രം. ഇൻ റ്റു ദി ഡാർക്ക്നെസ് മികച്ച ചിത്രത്തിനുള്ള സുവർണമയൂരം നേടി. ഡെന്മാർക്കിൽ നിന്നുള്ള ചിത്രമാണ് ഇൻ റ്റു ദി ഡാർക്ക്നെസ്. ആൻഡേൻ റഫേനാണ് ചിത്രത്തിന്റെ സംവിധായകൻ. മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്‌കാരം ദി സൈലന്റ് ഫോറസ്റ്റ് എന്ന ചിത്രത്തിലൂടെ കോ ചെൻ നിയെൻ സ്വന്തമാക്കി. അതേ ചിത്രത്തിലെ അഭിനയത്തിന് ഷൂവോൺ ലിയോ മികച്ച നടനുള്ള പുരസ്‌കാരം നേടി. തായ്‌വാനീസ് ചിത്രമാണ് ദി സൈലന്റ് ഫോറസ്റ്റ്.

ഐ നെവർ ക്രൈ എന്ന ചിത്രത്തിലെ അഭിനയത്തിന് സോഫിയ സ്റ്റവേയാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച നവാഗത സംവിധായകൻ വാലന്റീനേ എന്ന ബ്രസീലിയൻ ചിത്രത്തിലൂടെ കാസിനോ പെരേര സ്വന്തമാക്കി. ക്രിപാൽ കലിത സംവിധാനം ചെയ്ത ബ്രിഡ്ജ്, കാമൻ കാലെ സംവിധാനം ചെയ്ത ബൾഡേറിയൻ ചിത്രം ഫെബ്രുവരി എന്നീ ചിത്രങ്ങൾ പ്രത്യേക ജൂറി പരാമർശം നേടി. എസിഎഫ്ടി യുനെസ്‌കോ ഗാന്ധിപുരസ്‌കാരം ഫലസ്തീൻ സംവിധായകൻ അമീൻ നയേഫ ഒരുക്കിയ 200 മീറ്റേഴ്‌സ് എന്ന ചിത്രത്തിന് ലഭിച്ചു.

മികച്ച ചിത്രത്തിന് സുവർണമയൂര പുരസ്‌കാരത്തിനൊപ്പം 40 ലക്ഷവും പ്രശസ്തി പത്രവും നൽകും. മികച്ച സംവിധായകന് രജത മയൂര പുരസ്‌കാരം ലഭിക്കും. 15 ലക്ഷം രൂപയാണ് സമ്മാനതുക. 15 ചിത്രങ്ങളാണ് ഇത്തവണ മത്സരവിഭാഗത്തിലുണ്ടായിരുന്നത്. കൃപാൽ കലിതയുടെ ബ്രിഡ്ജ്, സിദ്ധാർത്ഥ് ത്രിപാഠിയുടെ എ ഡോഗ് ആൻഡ് ഹിസ് മാൻ, ഗണേശ് വിനായകൻ സംവിധാനം ചെയ്ത തേൻ എന്നിവയാണ് മത്സര വിഭാഗത്തിലുണ്ടായിരുന്ന ഇന്ത്യൻ ചിത്രങ്ങൾ. പോർച്ചുഗൽ, ഇറാൻ, ഡെന്മാർക്ക്, ഫ്രാൻസ്, തയ്വാൻ, സ്പെയിൻ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായിരുന്നു മറ്റ് എൻട്രികൾ. മത്സരവിഭാഗത്തിൽ ഇത്തവണ മലയാള ചിത്രങ്ങളുണ്ടായിരുന്നില്ല.

കോവിഡ് പശ്ചാത്തലത്തിൽ ഹൈബ്രിഡ് രീയിലാണ് മേള സംഘടിപ്പിച്ചത്. ഇക്കുറി 2,500 പേർക്ക് മാത്രമാണ് തിയറ്ററുകളിൽ സിനിമ കാണാനുള്ള അവസരം ഒരുക്കിയത്. വെർച്വൽ പ്ലാറ്റ്‌ഫോമിലും ഏതാനും ചിത്രങ്ങൾ പ്രദർശിപ്പിച്ചു. മാസ്റ്റർ ക്ലാസ്, ഇൻകോൺവർസേഷൻ വിഭാഗങ്ങൾ ഓൺലൈനിൽ കാണാനും അവസരമൊരുക്കിയിരുന്നു. ആകെ 224 സിനിമകളാണ് മേളയിൽ പ്രദർശിപ്പിച്ചത്. അർജന്റീനയിൽ നിന്നുള്ള സംവിധായകൻ പാബ്ലോ സെസാറാണ് അന്താരാഷ്ട്ര ചിത്രങ്ങളുടെ ജൂറി അധ്യക്ഷൻ. പ്രിയദർശൻ, പ്രസന്ന വിതനഗെ (ശ്രീലങ്ക), അബൂബക്കർ ഷോകി (ഓസ്ട്രിയ), റുബയ്യാത്ത് ഹൊസൈൻ (ബംഗ്ലാദേശ്) എന്നിവരാണ് മറ്റു ജൂറി അംഗങ്ങൾ.

വിശ്വവിഖ്യാത സംവിധായകൻ സത്യജിത്ത് റേയുടെ ജന്മശദാബ്ദിയോടനുബന്ധിച്ച് ഇത്തവണത്തെ മേളയിൽ അദ്ദേഹത്തിന്റെ ചാരുലത, സോണാർ കെല്ല, ഗരേ ബെയ് രേ, ശത് രഞ്ജ് കേ ഖിലാരി എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. അടുത്തിടെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ എസ്‌പി ബാലസുബ്രഹ്മണ്യം, സൗമിത്ര ചാറ്റർജി, ഇർഫാൻ ഖാൻ, ഋഷി കപൂർ, ചാഡ്​വിക് ബോസ്മാൻ തുടങ്ങി ഇന്ത്യൻ സിനിമയിലെയും ലോക സിനിമയിലെയും ചലച്ചിത്ര പ്രതിഭകൾക്ക് മേളയിൽ ആദരം അർപ്പിച്ചു.

ഇന്ത്യൻ സിനിമയുടെ പിതാവ് ദാദാസാഹേബ് ഫാൽക്കെയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ മൂന്ന് ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചു. കാളിയ മർദ്ദൻ, ലങ്ക ദഹൻ, രാജാ ഹരിശ്ചന്ദ്ര തുടങ്ങിയ ചിത്രങ്ങളാണ് പ്രദർശനത്തിനെത്തിയത്. ഇതോടൊപ്പം ദാദാസാഹേബ് ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരദാന ചടങ്ങിന്റെ ക്ഷണപത്രിക നടി സുസ്മിത സെൻ പ്രകാശനം ചെയ്തു. ഫെബ്രുവരി 20 ന് മുംബൈ താജ് ലാൻഡ്‌സ് എൻഡിൽ വച്ചാണ് ചടങ്ങ്.

23 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് പനോരമ വിഭാഗത്തിൽ പ്രദർശിപ്പിച്ചത്. മലയാളത്തിൽ നിന്ന് അഞ്ച് ഫീച്ചർ ചിത്രങ്ങളും ഒരു നോൺ ഫീച്ചർ ചിത്രവും ഈ പട്ടികയിൽ ഇടം നേടി. പ്രദീപ് കാളിപുറം സംവിധാനം ചെയ്ത 'സേഫ്', ഫഹദ് ഫാസിലിന്റെ അൻവർ റഷീദ് ചിത്രം 'ട്രാൻസ്', ആസിഫ് അലി നായകനായെത്തിയ നിസാം ബഷീർ സംവിധാനം ചെയ്ത 'കെട്ട്യോളാണ് എന്റെ മാലാഖ', സിദ്ദിഖ് പരവൂരിന്റെ 'താഹിറ', മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത 'കപ്പേള' എന്നിവയാണ് ഫീച്ചർ വിഭാഗം പനോരമയിലേക്ക് മലയാളത്തിൽനിന്ന് ഇടം പിടിച്ച സിനിമകൾ. ശരൺ വേണുഗോപാലിന്റെ 'ഒരു പാതിരാസ്വപ്നം പോലെ' നോൺ ഫീച്ചർ വിഭാഗത്തിൽ പ്രദർശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP