Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമിക്കസ് ക്യൂറിയുടെ കണ്ടെത്തലുകൾ എല്ലാം സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നു; സർവ്വ മുന്നറിയിപ്പുകളേയും അവഗണിച്ച് ജനത്തെ വധശിക്ഷയ്ക്ക് വിട്ടു കൊടുത്ത ഭരണാധികാരിയുടെ അവസ്ഥയിലേക്ക് പിണറായിയെ ചിത്രീകരിച്ച് മനോരമ അടങ്ങിയ മാധ്യമങ്ങൾ; തെരഞ്ഞെടുപ്പ് സമയത്തുണ്ടായ തിരിച്ചടിയിൽ ഡാമില്ലാത്തെ മലപ്പുറം എങ്ങനെ മുങ്ങി എന്ന ചോദ്യം ഉയർത്തി സർക്കാർ വൃത്തങ്ങൾ; അമിക്കസ് ക്യൂറി റിപ്പോർട്ട് പരമാവധി മുതലെടുക്കാൻ ഉറച്ച് യുഡിഎഫും

അമിക്കസ് ക്യൂറിയുടെ കണ്ടെത്തലുകൾ എല്ലാം സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നു; സർവ്വ മുന്നറിയിപ്പുകളേയും അവഗണിച്ച് ജനത്തെ വധശിക്ഷയ്ക്ക് വിട്ടു കൊടുത്ത ഭരണാധികാരിയുടെ അവസ്ഥയിലേക്ക് പിണറായിയെ ചിത്രീകരിച്ച് മനോരമ അടങ്ങിയ മാധ്യമങ്ങൾ; തെരഞ്ഞെടുപ്പ് സമയത്തുണ്ടായ തിരിച്ചടിയിൽ ഡാമില്ലാത്തെ മലപ്പുറം എങ്ങനെ മുങ്ങി എന്ന ചോദ്യം ഉയർത്തി സർക്കാർ വൃത്തങ്ങൾ; അമിക്കസ് ക്യൂറി റിപ്പോർട്ട് പരമാവധി മുതലെടുക്കാൻ ഉറച്ച് യുഡിഎഫും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : പ്രളയത്തിൽ കേരള സർക്കാർ പ്രതിക്കൂട്ടിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിൽ തംരഗമുണ്ടാക്കി പിടിച്ചെടുക്കാൻ രാഹുൽ ഗാന്ധി നേരിട്ടവതരിപ്പിച്ചപ്പോൾ അപ്രതീക്ഷിതമായി പ്രളയത്തിലെ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ കുറ്റപ്പെടുത്തലും. സംഭവത്തിൽ ജ്യുഡീഷ്യൽ അന്വേഷണം വേണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകുമ്പോൾ പ്രതിക്കൂട്ടിലാകുന്നത് സർക്കാർ തന്നെയാണ്. പ്രളയാനന്തര കേരളത്തിലെ ജനനായകനായി മുഖ്യമന്ത്രി പിണറായി വിജയനെ ഉർത്തിക്കാട്ടാനായിരുന്നു സർക്കാർ ശ്രമം. ഇത് ആകെ പൊളിയുന്നതാണ് ഇപ്പോഴത്തെ കാഴ്ച. അമിക്കസ് ക്യൂറി റിപ്പോർട്ട് പരിശോധിച്ചാൽ പ്രളയകാലത്തെ മരണത്തിന് ഉത്തരവാദി സർക്കാർ സംവിധാനമാണ്. അതുകൊണ്ട് തന്നെ സർവ്വ മുന്നറിയിപ്പുകളേയും അവഗണിച്ച് ജനത്തെ വധശിക്ഷയ്ക്ക് വിട്ടു കൊടുത്ത ഭരണാധികാരിയുടെ അവസ്ഥയിലേക്ക് പിണറായിയെ ചിത്രീകരിച്ച് മനോരമ അടങ്ങിയ മാധ്യമങ്ങൾ സജീവമാകുന്നു. പിടിച്ചു നിൽക്കാൻ സർക്കാരിന് കഴിയുന്നുമില്ല. പ്രതിപക്ഷം ഇത് തെരഞ്ഞെടുപ്പ് പ്രചരണത്തിലും സജീവമാക്കുന്നു.

സർക്കാരും കേന്ദ്ര ജലകമ്മിഷൻ, ദേശീയ ദുരന്തനിവാരണ സമിതി തുടങ്ങിയ അധികാരികളും പുറപ്പെടുവിച്ച ഡാം സുരക്ഷ, പ്രളയ കൈകാര്യ മാർഗരേഖകൾ കേരളത്തിലെ അണക്കെട്ടുകളിൽ നടപ്പാക്കിയില്ലെന്ന് അമിക്കസ് ക്യൂറി കുറ്റപ്പെടുത്തുന്നു. കേരളത്തിലെ ഡാമുകൾ പ്രവർത്തിപ്പിച്ചതു മാർഗരേഖയനുസരിച്ചല്ലെന്നും 'അമിക്കസ് ക്യൂറി' റിപ്പോർട്ടിൽ പറയുന്നു. അതായത് ആലുവ അടക്കമുള്ള സ്ഥലങ്ങൾ മുങ്ങി താഴാനുള്ള കാരണം സർക്കാർ വീഴ്ചയാണെന്ന് സമ്മതിക്കുന്നു. ഈ കണ്ടെത്തലെല്ലാം പ്രതിപക്ഷത്തിന്റെ പ്രചരണായുധങ്ങളാണ്. ഇതിന് ഡാമില്ലാത്ത മലപ്പുറത്ത് എങ്ങനെ വെള്ളം പൊങ്ങിയെന്ന ചോദ്യവുമായി പ്രതിരോധത്തിന് എത്തുകയാണ് സർക്കാർ. പേമാരി അതിശക്തമായിരുന്നുവെന്നതാണ് വസ്തുത. മുമ്പില്ലാത്ത വിധം വെള്ളം പൊങ്ങി. അത് മലപ്പുറത്തും പ്രശ്‌നമുണ്ടാക്കി. അത് സാധാരണ മഴയിലുണ്ടാകുന്ന പ്രശ്‌നങ്ങൾ മാത്രമായിരുന്നു. ഉരുൾപൊട്ടലും മറ്റുമുണ്ടാക്കിയ സ്വാഭാവിക പ്രശ്‌നങ്ങൾ. എന്നാൽ ചെങ്ങന്നൂരും ആലുവയിലും ഉണ്ടായത് മനുഷ്യ നിർമ്മിത ദുരന്തമെന്നാണ് അമിക്കസ് ക്യൂറി പറയാതെ പറയുന്നത്. പെരിയാറിന്റേയും പമ്പയിലേയും തീരത്തെ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടാൻ കാരണം സർക്കാരിന്റെ കെടുകാര്യസ്ഥതയെന്നതാണ് തെളിയുന്നത്.

അപകടസാധ്യതയെക്കുറിച്ച് ജൂലൈ അവസാനം തന്നെ കൃത്യമായ വിവരം ലഭിച്ചിട്ടും ഘട്ടംഘട്ടമായി വെള്ളം തുറന്നുവിട്ട് ജലനിരപ്പ് നിയന്ത്രിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് കെഎസ്ഇബി ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്ന് കൂടി മനോരമ റിപ്പോർട്ട് ചെയ്യുന്നു. വിശദമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് അമിക്കസ് ക്യൂറിയായ ജേക്കബ് പി. അലക്‌സിന്റെ റിപ്പോർട്ട്. പ്രളയശേഷം പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് റിപ്പോർട്ട്. എന്നാൽ, അണക്കെട്ടുകൾ തുറക്കുന്നതിൽ വീഴ്ച വന്നിട്ടില്ലെന്നു സർക്കാരും കെഎസ്ഇബിയും ആവർത്തിക്കുന്നു. പ്രളയം ബാധിച്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വിഷയം ഉയർത്തിക്കാട്ടാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷവും ബിജെപിയുമെന്നാണ് മനോരമ വിശദീകരിക്കുന്നത്. പ്രളയമുണ്ടായത് സർക്കാരിന്റെ ഭാഗത്തെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി 16 ഹർജികൾ ഹൈക്കോടതിയിലെത്തിയതിനെത്തുടർന്നാണ് കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. അപ്രതീക്ഷിതമായി ഉണ്ടായ മഴയാണ് പ്രളയകാരണമെന്ന വാദത്തിൽ കഴമ്പില്ലെന്നാണ് റിപ്പോർട്ട്. സർക്കാരിന്റെ പ്രതിരോധത്തെ ദുർബലപ്പെടുത്തുന്നതാണിത്.

പ്രളയദുരന്തത്തിനു മുൻപ് പ്രധാന ഡാമുകളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയരുന്നുവെന്ന് വൈദ്യുതി ബോർഡ് വിലയിരുത്തിയതിന്റെ തെളിവുകൾ പുറത്ത് വന്നുകഴിഞ്ഞു. ജൂലൈ 25 ന് ഇതു സംബന്ധിച്ചു സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ ചെയർമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തിയിരുന്നു. ഓഗസ്റ്റ് ഒന്നിന് അടിയന്തര നടപടിക്രമം സംബന്ധിച്ച ഉത്തരവും ഇറക്കി. എന്നിട്ടും ഡാം തുറന്നുവിടുന്നതുമായി ബന്ധപ്പെട്ട നടപടികൾ 9 വരെ വൈകിയത് ദുരന്തത്തിന്റെ ആഴം കൂട്ടി. കഴിയുന്നത്ര വെള്ളം സംഭരിച്ച് കെ എസ് ഇ ബിക്ക് ലാഭമുണ്ടാക്കാനുള്ള ശ്രമമായിരുന്നു ഇത്. ഇത്തരം കണ്ടെത്തലുകളെല്ലാം പ്രതിപക്ഷത്തിന് തെരഞ്ഞെടുപ്പ് കാലത്ത് ആവനാഴിയിലെ അമ്പാണ്. മനോരമ അടക്കമുള്ള മാധ്യമങ്ങൾ അതിനുള്ള സാധ്യത കണ്ടെത്താനായി അമിക്കസ് ക്യൂറിയുടെ സർക്കാർ വിരുദ്ധ കണ്ടെത്തലുകളെ വലിയ തോതിൽ ചർച്ചയാക്കുനനുമുണ്ട്. എല്ലാത്തിനും ഉത്തരവാദി പിണറായി ആണെന്ന് വരുത്താനാണ് ശ്രമം. എൽഡിഎഫ് വരും... എല്ലാം ശരിയാവും.. എന്ന മുദ്രാവാക്യത്തെ പരിഹസിക്കുന്ന തരത്തിൽ പ്രളയമുണ്ടാക്കി ജനത്തെ ശരിയാക്കിയ സർക്കാരാണ് പിണറായി എന്ന ചർച്ച സജീവമാക്കുകയാണ് മാധ്യമങ്ങളും. ഇത് ഇടത് സർക്കാരിന് വലിയ തിരിച്ചടിയാണ്.

ഡാമുകൾ കവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് വിശദമായി ഓഗസ്റ്റ് ഒന്നിലെ ഉത്തരവിൽ പ്രതിപാദിച്ചിട്ടുണ്ട്. ജൂലൈ മാസത്തിൽ കേരളത്തിലുണ്ടായ അസാധാരണ മഴയെ തുടർന്ന് ഡാമുകളിലെ ജലനിരപ്പ് ആശങ്കയുണ്ടാക്കുന്നവിധം ഉയർന്നതാണെന്ന് ഉത്തരവിൽ പറയുന്നു. ചില സംഭരണികൾ കവിഞ്ഞൊഴുകിത്തുടങ്ങി, മറ്റുള്ളവ പൂർണമായി നിറയുന്നതിന്റെ വക്കിലാണ്. 26 വർഷത്തിലാദ്യമായി ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2395 അടിയിലേക്ക് എത്തുകയാണ്. നീരൊഴുക്ക് ശക്തമായി തുടരുന്നതിനാൽ ചെറുതോണി ഡാം എപ്പോൾ വേണമെങ്കിലും തുറക്കേണ്ടിവരും. ഈസാഹചര്യത്തിൽ ജൂലൈ 25 ന് ചെയർമാന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന് കൈക്കൊള്ളേണ്ട അടിയന്തര നടപടിക്രമങ്ങൾ ചർച്ച ചെയ്തതായി ഉത്തരവ് പറയുന്നു. ജൂലൈ 30ലെ പ്രധാന സംഭരണികളിലെ ജലനിരപ്പ് ഉത്തരവിൽ എടുത്തുപറയുന്നുണ്ട്. ഇടുക്കി, ഇടമലയാർ, പമ്പ അണക്കെട്ടുകളിൽ നീല, ഓറഞ്ച്, ചുവപ്പ് മുന്നറിയിപ്പുകൾ എപ്പോൾ പ്രഖ്യാപിക്കണമെന്നും ഇതേ നടപടിക്രമം കക്കി ഡാമിലും പിന്തുടരണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.

ജൂലൈ പകുതി കഴിഞ്ഞപ്പോൾ തന്നെ അണക്കെട്ടുകൾ നിറഞ്ഞെന്നും മഴ വീണ്ടും ശക്തിപ്രാപിക്കുമെന്ന സംസ്ഥാന - കേന്ദ്ര കാലാവസ്ഥാ നീരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ് കേരള സർക്കാർ അവഗണിച്ചെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. 2018 ജൂലൈ 31ന് ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2395.68 അടിയായി ഉയർന്നു. പരമാവധി സംഭരണശേഷി 2403 അടിയാണ്. മുല്ലപെരിയാർ നിറഞ്ഞ് അവിടെനിന്നുള്ള വെള്ളം ഇടുക്കിയിലെത്താൻ സാധ്യത ഉണ്ടായിട്ടും ജലനിരപ്പ് പിടിച്ചു നിർത്താൻ ഒന്നും ചെയ്തില്ലെന്നു പ്രതിപക്ഷനേതാവ് അടക്കമുള്ളവർ ആരോപിക്കുന്നു. ഓഗസ്റ്റ് 9ന് ജലനിരപ്പ് 2398.98 അടിയായപ്പോഴാണ് ഒരു ഷട്ടർ 50 സെന്റീമീറ്റർ ഉയർത്താൻ അനുവദിച്ചതെന്നും അപ്പോഴേക്കും സമയം വൈകിയതായും പ്രതിപക്ഷം ആരോപിക്കുന്നു. ചാലക്കുടി പുഴയിലെ 6 അണക്കെട്ടുകളാണ് ഒരുമിച്ച് തുറന്നത്. പെരിങ്ങൽകുത്ത് അണക്കെട്ട് ജൂൺ 10ന് തന്നെ പൂർണശേഷിയെത്തിയെങ്കിലും അധികൃതർ തുറന്നില്ലെന്നും പ്രതിപക്ഷം പറയുന്നു. പമ്പയിൽ 9 അണക്കെട്ടുകൾ ക്രമമായി തുറന്നു വിട്ടിരുന്നെങ്കിൽ പത്തനംതിട്ട ജില്ലയിൽ പ്രളയക്കെടുതികൾ ഉണ്ടാകുമായിരുന്നില്ലെന്നും വാദമുണ്ടെന്നും മനോരമ പറഞ്ഞു വയ്ക്കുന്നു.

മധ്യകേരളത്തിൽ സിപിഎമ്മിന്റെ സാധ്യതകൾ ഇല്ലാതാക്കുന്നതാണ് അമിക്കസ് ക്യൂറി റിപ്പോർട്ടും മാധ്യമ വാർത്തകളുമെന്ന വിലയിരുത്തൽ സിപിഎമ്മിനും ഉണ്ട്. പ്രളയാനന്തര കേരളത്തിനായി ചെയ്തതൊന്നും ഫലം കണ്ടില്ലെന്ന വിമർശനം സർക്കാരിനെതിരെ സജീവമാണ്. ഇതിനിടെയാണ് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിലെ പരമാർശങ്ങൾ ചർച്ചയാകുന്നത്. ഇത് സിപിഎമ്മിനും സർക്കാരിനും തിരിച്ചടിയാണ്.

മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെടുന്ന അന്വേഷണ സമിതി പഠനവിധേയമാക്കണമെന്ന് അമിക്കസ് ക്യൂറി നിർദ്ദേശിക്കുന്ന കാര്യങ്ങൾ:

1. പ്രളയ കാരണങ്ങളും നാശനഷ്ടത്തിന്റെ ആക്കം കൂട്ടിയ ഘടകങ്ങളും.
2. ജലസംഭരണികളിൽ കൂടുതൽ വെള്ളം സംഭരിച്ചുവച്ചതും കനത്തമഴയിൽ ഒന്നിച്ചു തുറന്നുവിട്ടതും സ്ഥിതി രൂക്ഷമാക്കിയോ ?
3. ജലംസഭരണികൾ നിറയുന്നതുവരെ കാത്തിരുന്നതും അപ്രതീക്ഷിതമായി തുറന്നുവിട്ടതും പ്രളയം ഗുരുതരമാക്കിയോ?
4. ദേശീയ ജലനയത്തിനും മറ്റു മാർഗരേഖകൾക്കും അനുസൃതമായാണോ ഓരോ ഡാമിന്റെയും പ്രളയ നിയന്ത്രണ മേഖല പരിപാലിക്കുന്നത്?
5. പ്രളയവേളയിൽ അണക്കെട്ടുകൾ പ്രവർത്തിപ്പിക്കേണ്ടത് എങ്ങനെയെന്നതു സംബന്ധിച്ച മാർഗനിർദ്ദേശം പാലിക്കുന്നുണ്ടോ?
6. ചെളിയും മണ്ണും അടിഞ്ഞതു പ്രളയത്തിന്റെ ആക്കം കൂട്ടിയോ?
7. അടിയന്തര കർമപദ്ധതി പ്രകാരമുള്ള 5 ഘട്ട പ്രതികരണ പ്രക്രിയ കേരളത്തിലെ അണക്കെട്ടുകളിൽ പാലിക്കുന്നുണ്ടോ?
8. ജനങ്ങൾക്കു വേണ്ടവിധം മുന്നറിയിപ്പുകൾ നൽകിയിരുന്നോ? അറിയിപ്പുകൾ യഥാസമയം ജനങ്ങളിലെത്തിയോ?
9. റെഡ് അലർട്ടിനു ശേഷം വേണ്ട തുടർപ്രവർത്തനങ്ങളും മുൻകരുതൽ നടപടികളും എടുത്തിരുന്നോ?

പ്രളയമുണ്ടായതു സർക്കാരിന്റെ അപക്വമായ ഇടപെടൽ കൊണ്ടാണെന്നും സർക്കാർ സംവിധാനങ്ങൾക്കു തെറ്റുപറ്റിയിട്ടുണ്ടെന്നും ഇതു പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു 16 ഹർജികൾ ഹൈക്കോടതിയിലെത്തിയിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ കോടതിയെ സഹായിക്കുന്നതിനു വേണ്ടിയാണ് അഭിഭാഷകൻ ജേക്കബ് പി. അലക്‌സിനെ അമിക്കസ് ക്യൂറിയായി കോടതി നിയോഗിച്ചത്. പരാതികൾ പരിഗണിച്ചു വിശദമായ പഠനങ്ങൾക്കുശേഷമാണ് ജേക്കബ് പി. അലക്‌സ്‌കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

അപ്രതീക്ഷിതമായുണ്ടായ മഴയാണു പ്രളയ കാരണമെന്ന വാദത്തിൽ വസ്തുതയില്ല. കേരളത്തിൽ പെയ്ത മഴയുടെ അളവു രേഖപ്പെടുത്തുന്നതിനോ പഠിക്കുന്നതിനോ സംസ്ഥാനത്തു സംവിധാനങ്ങൾ തയാറായിട്ടില്ല. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽനിന്നുള്ള മുന്നറിയിപ്പുകൾ ലഭിച്ചിട്ടും സർക്കാർ സംവിധാനങ്ങൾ അവയൊന്നും കൃത്യമായ പരിശോധിക്കുകയോ തുടർ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഡാമുകൾ തുറന്നു വിടുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ എടുത്തില്ല. ജനങ്ങൾക്കു നൽകേണ്ട ഓറഞ്ച്, റെഡ് അലേർട്ടുകൾ പുറപ്പെടുവിക്കാതെ ഡാമുകൾ കൂട്ടമായി തുറന്നുവിട്ടതാണു പ്രളയത്തിനിടയാക്കിയത് എന്നും റിപ്പോർട്ടിൽ പറയുന്നു.

ജഡ്ജി അധ്യക്ഷനായ സ്വതന്ത്രകമ്മിറ്റി ഇക്കാര്യത്തിൽ വിശദമായ പഠനം നടത്തണമെന്നാണു റിപ്പോർട്ടിലുള്ള പ്രധാന ശുപാർശ. കാലാവസ്ഥാ വിദഗ്ദ്ധർ, ഡാം മാനേജ്‌മെന്റ് വിദഗ്ദ്ധർ തുടങ്ങിയവർ സമിതിലുണ്ടായിരിക്കണം. 2018ലുണ്ടായ പ്രളയത്തിൽനിന്നു കേരളം പഠിക്കണം. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള താക്കീതായിരിക്കണം കോടതി നടപടി. വളരെ ഗൗരവമായി തന്നെ കോടതി ഇക്കാര്യത്തിൽ ഇടപെടണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. പ്രളയഭൂപടം തയാറാക്കാനും കർമപദ്ധതിക്കു രൂപം നൽകാനും പ്രളയ പ്രവചനത്തിനും സമയബന്ധിത നടപടി വേണമെന്ന് അമിക്കസ് ക്യൂറി നിർദ്ദേശിക്കുന്നു. ഡാമുകളിലെയും ജലസംഭരണികളിലെയും വെള്ളം തുറന്നുവിടുന്നതു സംബന്ധിച്ചു വിദഗ്ധ ഏജൻസികളായ ഡാം സുരക്ഷാ അഥോറിറ്റി, ദുരന്ത കൈകാര്യ അഥോറിറ്റി എന്നിവയുടെ സംയുക്ത പ്രവർത്തനം ആവശ്യമാണ്.

ഡാം ദുരന്ത കൈകാര്യ സംവിധാനം ശക്തിപ്പെടുത്താനും ദുരന്ത സാഹചര്യങ്ങളിൽ പ്രതികരണശേഷി മെച്ചപ്പെടുത്താനും വിദഗ്ധരുൾപ്പെട്ട സ്വതന്ത്ര സമിതിയുടെ വിശദമായ പഠനം ആവശ്യമാണ്. വിദഗ്ധ സമിതിയുടെ ശുപാർശകൾ നടപ്പാക്കുന്നതിനു നിരീക്ഷണവും മേൽനോട്ടവും വേണമെന്നും ശുപാർശയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP