Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'കുറവനും, പുലയനും ഇവിടെ പഠിക്കണ്ട, ഇത് നായന്മാരുടെ കോളേജാണ്'; എംജി കോളേജിൽ എബിവിപിയുടെ ദളിത് പീഡനത്തിനെതിരേ 37 പേർ പ്രിൻസിപ്പളിന് പരാതി നൽകി; പുറത്തറിയാതിരിക്കാൻ കിണഞ്ഞു പരിശ്രമിച്ച് ബിജെപി സംസ്ഥാന നേതൃത്വം; വീട്ടിലെത്തി ഭീഷണി മുഴക്കുന്നതായി വിദ്യാർത്ഥികൾ; മൂന്ന് എബിവിപിക്കാരെ പ്രിൻസിപ്പൽ സസ്‌പെൻഡ് ചെയ്തു

'കുറവനും, പുലയനും ഇവിടെ പഠിക്കണ്ട, ഇത് നായന്മാരുടെ കോളേജാണ്'; എംജി കോളേജിൽ എബിവിപിയുടെ ദളിത് പീഡനത്തിനെതിരേ 37 പേർ പ്രിൻസിപ്പളിന് പരാതി നൽകി; പുറത്തറിയാതിരിക്കാൻ കിണഞ്ഞു പരിശ്രമിച്ച് ബിജെപി സംസ്ഥാന നേതൃത്വം; വീട്ടിലെത്തി ഭീഷണി മുഴക്കുന്നതായി വിദ്യാർത്ഥികൾ; മൂന്ന് എബിവിപിക്കാരെ പ്രിൻസിപ്പൽ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം എംജി കോളേജിനെക്കുറിച്ച് എല്ലാവർക്കുമറിയാം. മോഹൻലാലിന്റേയും, പ്രിയദർശന്റേയും, എംജി ശ്രീകുമാറിന്റേയുമൊക്കെ കോളേജ്. അതിലെല്ലാമുപരി കേരളത്തിൽ എബിവിപി മാത്രമുള്ള ഏക കോളേജ്. മോഹൻലാലും സംഘവും പഠിക്കുന്ന കാലഘട്ടത്തിൽ കോളേജിൽ കെഎസ്‌യുവും, എസ്എഫ്‌ഐയുമെല്ലാം ഉണ്ടായിരുന്നുവെന്നും, അതിനുശേഷമാണ് അവിടെ എബിവിപി ശക്തിപ്രാപിച്ചതെന്നും പ്രചരണങ്ങൾ ഉണ്ട്. എന്തായാലും, കേരളത്തിലെ എല്ലാ കലാലയത്തിലും സ്വാധീനമുള്ള എസ്എഫ്‌ഐയ്ക്കും, കെഎസ്‌യുവിനും കഴിഞ്ഞ 35 വർഷമായി എംജി കോളേജ് ദർശിക്കാൻ പോലും കഴിയില്ല. എസ്എഫ്‌ഐക്കാർക്ക് കോളേജിന്റെ ഗേറ്റിനകത്തേക്കുപോലും കടക്കാൻ കഴിയാതെയായിട്ട് കാൽനൂറ്റാണ്ടായി.

ഇത്രയും വർഷവും തങ്ങളുടെ ശക്തികേന്ദ്രമായി കോളേജിനെ നിലനിർത്തിയ എബിവിപിയുടെ അടിതെറ്റുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കോളേജിൽ എബിവിപി പ്രവർത്തകർ ദളിത് വിദ്യാർത്ഥികളെ ജാതിവിളിച്ച് അധിക്ഷേപിക്കുന്നുവെന്നും, നായർ സമുദായത്തിലുള്ളവർ മാത്രം ഇവിടെ പഠിച്ചാൽമതിയെന്ന് ഭീഷണിപ്പെടുത്തുന്നതായും വിദ്യാർത്ഥികൾ പരാതി ഉന്നയിക്കുന്നുണ്ട്. ഇന്നലെ 35 ദളിത് വിദ്യാർത്ഥികളാണ് ഇക്കാര്യമുന്നയിച്ച് പ്രിൻസിപ്പലിന് പരാതി നൽകിയതെന്നാണ് സൂചന.

എംജി കോളേജിൽ എബിവിപിക്കാർ ദളിത്‌വിദ്യാർത്ഥികളെ ജാതിവിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി പെൺകുട്ടികൾ ഉൾപ്പെടെയാണു രംഗത്തിറങ്ങിയത്. കോളേജിനകത്തും, പുറത്തുമുള്ള ആർഎസ്എസ്-എബിവിപി പ്രവർത്തകരുടെ ഭീഷണിയും അവഹേളനവും സഹിക്കാൻ കഴിയുന്നില്ലെന്നു കാണിച്ച് 35 വിദ്യാർത്ഥികൾ പ്രിൻസിപ്പലിന് പരാതി നൽകി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. കോളേജിൽ കഞ്ചാവ് കൊണ്ടുവരുന്നുവെന്നാരോപിച്ച് ചില കായികതാരങ്ങളെ എബിവിപി പ്രവർത്തകർ മർദ്ദിച്ചിരുന്നു. രണ്ടുകൂട്ടരും എബിവിപി പ്രവർത്തകർ തന്നെയാണെന്നാണ് ലഭിക്കുന്ന വിവരം. തല്ലുകൊണ്ടവർ ദളിത് വിഭാഗത്തിൽപെട്ടവരായിരുന്നു. കോളേജിലാകെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഇത്. അന്നുതന്നെ രണ്ടു പെൺകുട്ടികൾ തങ്ങളെ എബിവിപി പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചുവെന്നു കാണിച്ച് പ്രിൻസിപ്പലിന് പരാതി എഴുതി നൽകി. ദളിത് വിഭാഗത്തിൽപ്പെട്ടവരായ പെൺകുട്ടികൾ തല്ലുകൊണ്ട കായികതാരങ്ങളുടെ സുഹൃത്തുക്കളാണ്.

പെൺകുട്ടികളുടെ പരാതി ലഭിച്ചയുടൻ പ്രിൻസിപ്പൽ ഹരിലാൽ, ഷിജു, അനന്തു എം ബി നായർ എന്നീ എബിവിപി പ്രവർത്തകരെ സസ്‌പെൻഡ് ചെയ്തു. എന്നാൽ പെൺകുട്ടികളെ തങ്ങൾ ആക്രമിച്ചിട്ടില്ലെന്നും, കോളേജിൽ കഞ്ചാവ് കൊണ്ടുവന്നവരെ ചോദ്യം ചെയ്തതിന് പ്രതികാരം ചെയ്യുകയാണെന്നും എബിവിപി പ്രവർത്തകർ പറയുന്നു.

പെൺകുട്ടികളുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ അദ്ധ്യാപകർ കേസ് കോളേജിലെ ആന്റി സെക്ഷ്വൽ ഹറാസ്‌മെന്റ് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് പ്രിൻസിപ്പലിന്റെ നിർദ്ദേശപ്രകാരം ആന്റി സെക്ഷ്വൽ ഹറാസ്‌മെന്റ് കമ്മിറ്റി പെൺകുട്ടികളുടെ മൊഴിയെടുത്തു. എന്നാൽ ഒരു പെൺകുട്ടി രണ്ടുദിവസത്തിനുള്ളിൽ പരാതി പിൻവലിച്ചു. ബിജെപി പ്രവർത്തകർ വീട്ടിലെത്തി ഭീഷണി മുഴക്കുന്നുണ്ടെന്നാരോപിച്ചാണ് ഈ വിദ്യാർത്ഥിനി പരാതി പിൻവലിച്ചതെന്നാണ് സൂചന.

എന്തായാലും പെൺകുട്ടികളുടെ പരാതി പൊലീസിന് കൈമാറാൻ ആന്റി സെക്ഷ്വൽ ഹറാസ്‌മെന്റ് കമ്മിറ്റി പ്രിൻസിപ്പലിനോട് ശുപാർശ നൽകി. ഇതറിഞ്ഞ് കഴിഞ്ഞ ദിവസം എബിവിപി പ്രവർത്തകർ കോളേജിൽ പ്രകടനം നടത്തി. അതുകൂടി ആയപ്പോൾ 35 ദളിത് വിദ്യാർത്ഥികൾകൂടി തങ്ങളെ ജാതിവിളിച്ച് ആക്ഷേപിക്കുന്നുവെന്നും, ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപിച്ച് പ്രിൻസിപ്പലിന് പരാതി നൽകിയിരിക്കുകയാണ്. 'കുറവനും, പുലയനും ഇവിടെ പഠിക്കണ്ട, ഇത് നായന്മാരുടെ കോളേജാണ്'...-എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.

എന്തായാലും ഈ ആരോപണങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനാണ് സിപിഎമ്മിന്റേയും, എസ്എഫ്‌ഐയുടേയും തീരുമാനം. എബിവിപി പ്രവർത്തകർക്കെതിരായ ദളിത് വിദ്യാർത്ഥികളുടെ പരാതികൾ ഉടൻ പൊലീസിന് കൈമാറാൻ സി.പി.എം ആവശ്യപ്പെടും. ഈ വിഷയം വിദ്യാർത്ഥി സമൂഹത്തിൽ ചർച്ചയാക്കാനും എസ്എഫ്‌ഐയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP