Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് നീങ്ങുക സോമാലിയൻ തീരത്തേക്ക്; ഇരട്ട ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴ; 'പവൻ' ചുഴലിക്കാറ്റ് ഈ വർഷം അറബിക്കടലിൽ രൂപമെടുത്ത നാലാമത്തെ ചുഴലിക്കാറ്റ്; സമുദ്രോപരിതല താപനില വർധിച്ചതിനെ തുടർന്നുള്ള കാലാവസ്ഥാ വ്യതിയാനത്തിൽ ആശങ്കയോടെ ശാസ്ത്രലോകവും

തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് നീങ്ങുക സോമാലിയൻ തീരത്തേക്ക്; ഇരട്ട ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴ; 'പവൻ' ചുഴലിക്കാറ്റ് ഈ വർഷം അറബിക്കടലിൽ രൂപമെടുത്ത നാലാമത്തെ ചുഴലിക്കാറ്റ്; സമുദ്രോപരിതല താപനില വർധിച്ചതിനെ തുടർന്നുള്ള കാലാവസ്ഥാ വ്യതിയാനത്തിൽ ആശങ്കയോടെ ശാസ്ത്രലോകവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അതിതീവ്ര ന്യൂനമർദമായതായി മാറുമെങ്കിലും കേരളത്തിന് ആശങ്ക വേണ്ടെന്ന് കാലാവസ്ഥാവകുപ്പ്. ഇത് രണ്ടുദിവസത്തിനുള്ളിൽ ചുഴലിക്കാറ്റായി മാറും. ഈ കാറ്റിന് പവൻ എന്നായിരിക്കും പേര്. ശ്രീലങ്ക നിർദ്ദേശിച്ച പേരാണിത്. ചുഴലിക്കാറ്റ് സോമാലിയ തീരത്തേക്ക് നീങ്ങും. കേരളത്തെ നേരിട്ട് ബാധിക്കില്ല. അതേസമയം മറ്റൊരു ന്യൂനമർദം കേരള തീരത്തോട് അടുത്തു രൂപപ്പെട്ടിട്ടുണ്ട്. ഇതും വടക്കോട്ടു നീങ്ങാനാണ് സാധ്യത. രണ്ടു ചുഴലികളും കേരളത്തെ കാര്യമായി ബാധിക്കില്ല. എന്നാൽ ഇരട്ട ന്യൂനമർദങ്ങളുടെ ഫലമായി ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ട്.

ഈ സീസണിൽ അറബിക്കടലിൽ രൂപമെടുക്കുന്ന നാലാമത്തെ ചുഴലിക്കാറ്റാണിത്. സമുദ്രോപരിതല താപനില വർധിച്ചതു മൂലമാണിതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. പടിഞ്ഞാറൻ അറബിക്കടലിൽ ഇപ്പോഴുള്ള ശക്തമായ തീവ്ര ന്യൂനമർദമാണ് അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തിപ്പെട്ട് പവൻ ചുഴലിക്കാറ്റായി മാറി സൊമാലിയൻ തീരത്തേക്കു പോവുക.

അതേസമയം, ബംഗാൾ ഉൾക്കടലിലും വെള്ളിയാഴ്ചയോടെ മറ്റൊരു ന്യൂനമർദം പിറവിയെടുക്കും. തുലാമഴക്കാലത്തിനു സമാപനം കുറിച്ചുകൊണ്ട് തമിഴ്‌നാട് തീരത്ത് ഇത് മഴ എത്തിക്കും. കേരളത്തിൽ ഇപ്പോൾത്തന്നെ ഒക്ടോബർ 1 മുതൽ നവംബർ 30 വരെയുള്ള രണ്ടു മാസം 78 ശതമാനമാണ് തുലാമഴ അധികം ലഭിച്ചിരിക്കുന്നത്. കാസർകോട്ടാണ് ഏറ്റവും അധികം മഴ 32 സെന്റീമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 158 സെമീ. 381 ശതമാനം കൂടുതലാണിത്.

ഇന്ത്യൻ തീരം ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നതിന് അനുകൂല മേഖലയാവുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2019ന് ശേഷം അറബിക്കടലിലും, ബംഗാൾ ഉൾക്കടലിലുമായി രൂപപ്പെട്ടത് നാല് ചുഴലിക്കാറ്റുകൾ. ഇതിൽ മൂന്നും രൂപപ്പെട്ടത് അറബിക്കടലിൽ. നിരന്തരം ചുഴലിക്കാറ്റിന്റെ ഉത്ഭവ കേന്ദ്രമായ് അറബിക്കടൽ മാറുന്നത് ആശങ്കയോടെയാണ് ശാസ്ത്രലോകവും വീക്ഷിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റാണ് ഈ വർഷം ആദ്യമുണ്ടായത്.

ഏപ്രിൽ 26ന് രൂപം കൊണ്ട് മെയ് 4 വരെ ഫാനി നീണ്ടു നിന്നു. ഫാനി ഒഡീഷ തീരത്തും, വടക്ക് കിഴക്കൻ മേഖലയിലുമാണ് കൂടുതൽ നാശം വിതച്ചത്. കേരളത്തിൽ മൺസൂണിന്റെ തുടക്കത്തിൽ രൂപ്പെട്ട ഫാനി മൺസൂൺ കാറ്റിനെ സ്വാധീനിക്കുകയും, മൺസൂണിന്റെ തുടക്കത്തിൽ സംസ്ഥാനത്ത് മഴ കുറയാൻ കാരണമാവുകയും ചെയ്തു.

ജൂൺ 10ന് അറബിക്കടലിൽ 'വായു' രൂപപ്പെട്ടു. 17വരെ നീണ്ടു നിന്ന വായു ചുഴലിക്കാറ്റ് ഗുജറാത്ത്, മുംബൈ മേഖലയിൽ അതി ശക്തമായ മഴയ്ക്ക് കാരണമായി. ഗുജറാത്ത് തീരത്ത് എത്തുമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും അവസാനം ദിശ മാറിയതോടെ വലിയ അപകടം ഒഴിവായി. അറബിക്കടലിൽ സെപ്റ്റംബർ 23ന് ഹിക്ക രൂപപ്പെട്ടു. 25 ഓടെ ഒമാൻ തീരത്ത് എത്തിയ ചുഴലിക്കാറ്റ് ഒമാനിൽ നാശ നഷ്ടമുണ്ടാക്കി. 27 ന് ഹിക്ക ഒമാൻ തീരം വിടുകയും ചെയ്തു.

കൂടാതെ ദക്ഷിണ ചൈന കടലിടുക്കിൽ ഉണ്ടായ പബുക് ചുഴലിക്കാറ്റിന്റെ സഞ്ചാര ദിശയിൽ ഇന്ത്യൻ തീരവും ഉൾപ്പെട്ടു. ജനുവരി 4ന് ആൻഡമാൻ തീരത്തു കൂടി ബംഗാൾ ഉൾക്കടലിൽ പ്രവേശിക്കുകയായിരുന്നു. മധ്യ കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ടിരുന്ന ന്യൂനമർദം 'ക്യാർ' ചുഴലിക്കാറ്റായ് മാറി. നാല് ചുഴലിക്കാറ്റുകളും കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണമായി. പക്ഷേ നേരിട്ട് കേരള തീരത്തെത്തിയില്ല. അതിനാൽ തന്നെ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കാതെ കടന്ന് പോയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP