Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പണ്ട് കാലത്ത് കുട്ടികൾ സ്‌കൂളിൽ പോയിരുന്നത് റിക്ഷയിലെന്ന് കേട്ട് അമ്പരന്ന് വിദ്യാർത്ഥികൾ; `അന്നും ഇന്നും` പാഠഭാഗം നേരിട്ട് കാണിക്കാൻ ഒന്നാന്തരം റിക്ഷയെത്തിച്ച് മാറാട് ജിനരാജദാസ് എഎൽപി സ്‌കൂൾ; നിരത്തിലെ സ്ഥലമെല്ലാം മോട്ടോർ വണ്ടികൾ കൈയടക്കിയ റിക്ഷാവാലയുടെ കഥ കേട്ടും പാട്ടുപാടിയും ഉല്ലസിച്ചും കുരുന്നുകൾ; മാറാട് കലാപകാലത്ത് പ്രതിസന്ധിയിൽ മുങ്ങിയ സ്‌കൂൾ പഴമയുടെ പാഠങ്ങൾ പകരുന്നത് ഇങ്ങനെ

പണ്ട് കാലത്ത് കുട്ടികൾ സ്‌കൂളിൽ പോയിരുന്നത് റിക്ഷയിലെന്ന് കേട്ട് അമ്പരന്ന് വിദ്യാർത്ഥികൾ; `അന്നും ഇന്നും` പാഠഭാഗം നേരിട്ട് കാണിക്കാൻ ഒന്നാന്തരം റിക്ഷയെത്തിച്ച് മാറാട് ജിനരാജദാസ് എഎൽപി സ്‌കൂൾ; നിരത്തിലെ സ്ഥലമെല്ലാം മോട്ടോർ വണ്ടികൾ കൈയടക്കിയ റിക്ഷാവാലയുടെ കഥ കേട്ടും പാട്ടുപാടിയും ഉല്ലസിച്ചും കുരുന്നുകൾ; മാറാട് കലാപകാലത്ത് പ്രതിസന്ധിയിൽ മുങ്ങിയ സ്‌കൂൾ പഴമയുടെ പാഠങ്ങൾ പകരുന്നത് ഇങ്ങനെ

എം മനോജ് കുമാർ

കോഴിക്കോട്: പാഠപുസ്തകത്തിലെ സൈക്കിൾ റിക്ഷയെയും റിക്ഷാക്കാരനെയും കണ്ടപ്പോൾ മാറാട് ജിനരാജദാസ് എൽപി സ്‌കൂളിലെ കുട്ടികൾക്ക് അത് പുതു അനുഭവമായി ഒപ്പം കൗതുകവുമായി. കുട്ടികൾ റിക്ഷയ്ക്ക് മുൻപിൽ തടിച്ചു കൂടി. ചിലർ സൈക്കിൾ റിക്ഷയെ സ്പർശിച്ചു. റിക്ഷയെക്കുറിച്ച് കുട്ടികൾ വാചാലരായി. റിക്ഷയ്ക്ക് ഉള്ളിലേക്ക് കയറിക്കൂടാനും ശ്രമിച്ചു. പക്ഷെ റിക്ഷക്കാരൻ ആരെയും തടഞ്ഞില്ല. മറിച്ച് റിക്ഷയെക്കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ച് കൊടുക്കുകയും ചെയ്തു. പാഠഭാഗത്തിൽ പറയുന്ന റിക്ഷ കുട്ടികൾക്ക് നേരിട്ട് കാണാനാണ് സ്‌കൂൾ അധികൃതർ സൈക്കിൾ റിക്ഷ സ്‌കൂളിൽ എത്തിക്കുകയും കുട്ടികൾക്ക് സവാരി തരപ്പെടുത്തിക്കൊടുക്കുകയും ചെയ്തത്.

ആധുനികത അരങ്ങുവാഴുന്ന ജീവിതത്തിൽ കുട്ടികൾക്ക് ഗൃഹാതുരമായ അനുഭവമായി സൈക്കിൾ റിക്ഷാ സവാരി മാറുകയും ചെയ്തു. . മാറുന്ന കാലത്തിൽ നിന്ന് പിൽക്കാലത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടമായാണ് പ്രധാനാധ്യാപിക റോസമ്മ മാത്യു സൈക്കിൾ റിക്ഷ എത്തിച്ചത്. കുട്ടികൾക്ക് ജീവിതാവബോധവും അറിവും നൽകാൻ സൈക്കിൾ റിക്ഷാ സവാരി ഏർപ്പാടാക്കിയത്. സ്‌കൂളിലെ രണ്ടാം ക്ലാസിലെ പാഠഭാഗത്തിൽ അന്നും ഇന്നും എന്ന അധ്യായമുണ്ട്.ആ അധ്യായത്തിലെ പഴയ ജീവിതാനുഭവങ്ങൾ കുട്ടികൾക്ക് അതേ രീതിയിൽ അനുഭവവേദ്യമാക്കാനാണ് സൈക്കിൾ റിക്ഷ സ്‌കൂളിൽ നേരിട്ട് എത്തിച്ചത്. സൈക്കിൾ റിക്ഷയിൽ പ്രധാനാധ്യാപികയും കുട്ടികൾക്ക് ഒപ്പം സവാരി നടത്തുകയും ചെയ്തു.

പഴയ വാഹനങ്ങളും പുതിയ വാഹനങ്ങളും തമ്മിലുള്ള താരതമ്യ പഠനമാണ് രണ്ടാം ക്ലാസിലെ പാഠഭാഗത്തിലുള്ളത്. അതിനാൽ കഴിഞ്ഞ വാരം കുതിരവണ്ടി എത്തിച്ചിരുന്നു. കുതിരവണ്ടിയിൽ കുട്ടികൾക്ക് സവാരി തരമാക്കുകയും ചെയ്തു. എന്നാൽ ഇക്കുറി എത്തിച്ചത് സൈക്കിൾ റിക്ഷയാണ്. സൈക്കിൾ റിക്ഷയെക്കുറിച്ച് കേട്ടറിവ് മാത്രമുള്ള കുട്ടികൾ സൈക്കിൾ റിക്ഷ കാണുകയും അതിൽ സവാരി നടത്തുകയും ചെയ്തു. സൈക്കിൾ റിക്ഷ മാത്രമല്ല കുട്ടികൾ കണ്ടത് സൈക്കിൾ റിക്ഷാക്കാരനെയും കുട്ടികൾ പരിചയപ്പെട്ടു. മൂന്ന് പതിറ്റാണ്ടിലേറെ കോഴിക്കോട് സൈക്കിൾ റിക്ഷ ഓടിക്കുന്ന സോമൻ തന്റെ ജീവിതാനുഭവങ്ങളുടെ നേർക്കാഴ്ച കുട്ടികൾക്ക് ഈ ഘട്ടത്തിൽ പകർന്നു നൽകുകയും ചെയ്തു. സോമന്റെ വിവരണത്തിൽ കുട്ടികൾ ആഹ്‌ളാദിക്കുകയും ചെയ്തു.

സോമൻ ഇപ്പോൾ സ്‌കൂളിലേക്ക് കുട്ടികളെ എത്തിക്കുക മാത്രമാണ് ചെയ്യുന്നത്. സോമന്റെ സൈക്കിൾ റിക്ഷയിൽ സ്‌കൂളിൽ എത്തുന്ന കുട്ടികളെ കുറിച്ചും സോമൻ സംസാരിച്ചു. ഒമ്പത് കുട്ടികളാണ് സോമന്റെ സൈക്കിൾ റിക്ഷയിലെ സ്ഥിരം സവാരിക്കാർ. തന്റെ സൈക്കിൾ റിക്ഷ ഇപ്പോൾ പല വിവാഹങ്ങൾക്കും വരനും വധുവിനും സഞ്ചരിക്കാൻ തിരഞ്ഞെടുക്കപ്പെടുന്നതായും സോമൻ കുട്ടികളോട് പറഞ്ഞു. പാഠപുസ്തകം ജീവിതാനുഭവങ്ങളുടെ കാഴ്ചകൾ നൽകുമ്പോൾ ഇതേ പാഠഭാഗങ്ങൾ പച്ചപിടിച്ച ഓർമ്മകളായി മാറുവാൻ അദ്ധ്യാപകരുടെ ഇത്തരം പരീക്ഷണങ്ങൾ ഉപകരിക്കപ്പെടുകയാണ്. ഇവിടെ ഓരോ പാഠഭാഗവും കുട്ടികൾക്ക് വ്യത്യസ്ത അനുഭവമായി മാറുക കൂടിയാണ് ചെയ്യുന്നത്.

കുട്ടികൾക്ക് മാത്രമല്ല സ്‌കൂളിന് കൂടി ആത്മവിശ്വാസം പകരുന്നതാണ് ഇത്തരം പുതു പരീക്ഷണങ്ങൾ. പഠിക്കുക മാത്രമല്ല കുട്ടികൾ അറിയുക കൂടിയാണ് ചെയ്യുന്നത്. പുതുപരീക്ഷണത്തിനു നേതൃത്വം നൽകിയ സ്‌കൂൾ അദ്ധ്യാപകൻ വിജേഷ് മറുനാടനോട് പറഞ്ഞു. മാറാട് കലാപ കാലത്ത് സ്‌കൂൾ പൂർണമായി പ്രതിസന്ധിയിലായിരുന്നു. കലാപത്തെ തുടർന്ന് കുടുംബങ്ങൾ വീട് വിട്ടതാണ് സ്‌കൂളിൽ പ്രതിസന്ധി സൃഷ്ടിച്ചത്. ഉള്ള കുട്ടികളും പേടിച്ച് സ്‌കൂളിൽ വരാതായി. 120 ഓളം കുട്ടികൾ മാത്രമായാണ് അവിടെ ഉണ്ടായിരുന്നത്. സ്‌കൂൾ അടച്ചു പൂട്ടേണ്ടഘട്ടം വന്നപ്പോൾ കോഴിക്കോട് എംഎൽഎയായ വി.കെസി.മമ്മദ് കോയ സ്‌കൂൾ ഏറ്റെടുക്കുകയായിരുന്നു. ഒരു വ്യവസായ ഗ്രൂപ്പ് മാനേജ്മെന്റ് ആയി വന്നതോടെ സ്‌കൂളിൽ കുട്ടികളായി. ഇപ്പോൾ അഞ്ഞൂറോളം കുട്ടികൾ ഉള്ള സ്‌കൂൾ ആയി ജിനരാജദാസ് എഎൽപി സ്‌കൂൾ മാറിയിട്ടുണ്ട്.കേരളത്തിൽ എയിഡഡ് സ്‌കൂളിൽ ആദ്യമായി പ്രഭാതഭക്ഷണം കുട്ടികൾക്ക് നല്കിത്തുടങ്ങിയതും ഈ സ്‌കൂൾ ആണ്. ഇതൊരു വിജയിച്ച മാതൃകയായി മാറിയിട്ടുമുണ്ട്. ഈ ഘട്ടത്തിൽ തന്നെയാണ് അധ്യയനത്തിൽ പുതുപരീക്ഷണത്തിനു കൂടി സ്‌കൂൾ തയ്യാറാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP