Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യശത്രുക്കളെ...ഞാൻ സ്വാതന്ത്ര്യസമരസേനാനികളുടെ മകനും ചെറുമകനുമാണ്; മുങ്ങൽ വിദഗ്ധരെ പോലെ കടലിൽ നിശ്ശബ്ദമായി മുങ്ങിത്തപ്പി ഞാൻ ആഞ്ഞടിക്കും; നിങ്ങൾക്ക് എന്നെ സ്ഥലം മാറ്റുകയോ നീക്കം ചെയ്യുകയോ എന്റെ ജീവനെടുക്കുകയോ ചെയ്യാം; എന്തുചെയ്താലും എന്നെ നിശ്ശബ്ദനാക്കാനാവില്ല; കള്ളക്കടത്തുകാർക്ക് നേരെ കണ്ണടയ്ക്കാൻ തനിക്ക് കടുത്ത സമ്മർദ്ദമുണ്ടെങ്കിലും അവരോട് സന്ധിയില്ലാത്ത പോരാട്ടമെന്ന് കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ മറുനാടനോട്

രാജ്യശത്രുക്കളെ...ഞാൻ സ്വാതന്ത്ര്യസമരസേനാനികളുടെ മകനും ചെറുമകനുമാണ്; മുങ്ങൽ വിദഗ്ധരെ പോലെ കടലിൽ നിശ്ശബ്ദമായി മുങ്ങിത്തപ്പി ഞാൻ ആഞ്ഞടിക്കും; നിങ്ങൾക്ക് എന്നെ സ്ഥലം മാറ്റുകയോ നീക്കം ചെയ്യുകയോ എന്റെ ജീവനെടുക്കുകയോ ചെയ്യാം; എന്തുചെയ്താലും എന്നെ നിശ്ശബ്ദനാക്കാനാവില്ല; കള്ളക്കടത്തുകാർക്ക് നേരെ കണ്ണടയ്ക്കാൻ തനിക്ക് കടുത്ത സമ്മർദ്ദമുണ്ടെങ്കിലും അവരോട് സന്ധിയില്ലാത്ത പോരാട്ടമെന്ന് കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ മറുനാടനോട്

പീയൂഷ് ആർ

കൊച്ചി: കള്ളക്കടത്തുകാർക്കെതിരെ നടപടിയെടുക്കാതിരിക്കാൻ കസ്റ്റംസ് കമ്മിഷണർക്കുമേൽ ഔദ്യോഗികതലത്തിൽ കടുത്ത സമ്മർദം. ഇത് നേരിടുന്ന താൻ ഏറെ മാനസിക സമ്മർദ്ദത്തിലാണെന്നും ഉദ്യോഗസ്ഥൻ പറയുന്നു.കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണർ സുമിത് കുമാർ തന്റെ ഫേസ്‌ബുക്കിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭീഷണികളെ ധീരമായി നേരിടുമെന്നും കള്ളക്കടത്തുകാർക്കെതിരായ നടപടികൾ തുടരുമെന്നും സുമിത് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പ് വഴിയുള്ള അനധികൃത മദ്യക്കടത്തും നെടുമ്പാശേരി വിമാനത്താവളത്തിലെ വിദേശ കറൻസി കടത്തും പിടികൂടിയതിനു പിന്നാലെയാണ് സുമിത് കുമാറിനെതിരെ സമ്മർദം ശക്തമായത്. കള്ളക്കടത്തുകാരിൽ നിന്ന് നേരിടുന്ന ഭീഷണിക്ക് പുറമേയാണ് സഹപ്രവർത്തകരിൽ നിന്നുള്ള സമ്മർദമെന്നും സുമിത് കുമാർ ചൂണ്ടിക്കാട്ടുന്നു. കള്ളക്കടത്തുകാർക്ക് ഒത്താശചെയ്യുന്ന പലരും തന്റെ ഓഫിസിലുണ്ടെന്ന് അദ്ദേഹം പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്. കള്ളക്കടത്തുകാരുടെ താൽപര്യങ്ങൾക്ക് വഴങ്ങാതിരുന്ന തന്നെ സ്ഥലംമാറ്റാൻ നീക്കം നടക്കുന്നതായും സുമിത് കുമാർ ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. എന്നാൽ ഭീഷണികളേയും സമ്മർദങ്ങളേയും നേരിടുമെന്നും കള്ളക്കടത്തുകാർക്കെതിരായ അന്വേഷണവും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സുമിത് കുമാർ പറഞ്ഞു.

യാത്രക്കാരുടെ പാസ്പോർട്ട് വിവരങ്ങൾ ഉപയോഗിച്ച് അനധികൃതമായി മദ്യം ടത്തിയ തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തതും ഡ്യൂട്ടിപെയ്ഡ് ഷോപ്പിന്റെ സിഇഒയെ അറസ്റ്റ് ചെയ്തതുമാണ് സുമിത് കുമാറിനുമേൽ സമ്മർദം ശക്തമാകാൻ കാരണമെന്നാണ് സൂചന.2017 ഡിസംബർ 21 നാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിൽ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയത്. യാത്രക്കാരുടെ പട്ടികയിലും ബില്ലിലും തിരിമറി നടത്തി ഒരു പാസ്‌പോർട്ട് നമ്പർ ഉപയോഗിച്ച് അടുത്തടുത്ത ദിവസങ്ങളിൽ മദ്യം വാങ്ങിയെന്ന രേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്.

രാവിലെ തുടങ്ങിയ പരിശോധന രാത്രിവരെ നീണ്ടതോടെ ഡ്യൂട്ടിഫ്രീ ഷോപ്പിന്റെ കരാർ എടുത്തയാളും കസ്റ്റംസ് ഉദ്യോഗസ്ഥരുമായി സംഘർഷവും കൈയേറ്റവുമുണ്ടായി. ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് ഡ്യൂട്ടീഫ്രീ ഷോപ്പ് പൂട്ടാൻ കസ്റ്റംസ് കമ്മിഷണർ ഉത്തരവിട്ടു.
രാജ്യാന്തര വിമാനത്താവളത്തിൽ കടുത്ത നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്നവയാണ് ഡ്യൂട്ടിഫ്രീ ഷോപ്പുകൾ. ഇവിടെ നടക്കുന്ന ഓരോ ഇടപാടും കസ്റ്റംസിന്റെ കർശന നിരീക്ഷണത്തിലാണ്.

എന്നാൽ തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പിൽ ഈ നിയന്ത്രണങ്ങളൊന്നും ബാധകമല്ല. രാജ്യാന്തര വിമാനത്താവളത്തിൽ വിദേശത്തുനിന്നു വന്നിറങ്ങുന്ന ഒരു യാത്രക്കാരന് രണ്ട് ലിറ്ററിന്റെ മദ്യം മാത്രമാണ് ഇവിടെനിന്നും വാങ്ങാൻ കഴിയുന്നത്. ഇതിന് നികുതി ഈടാക്കുന്നില്ല. ഇതു മുതലെടുത്ത് യാത്രക്കാരുടെ പേരിൽ മദ്യം ഉയർന്ന വിലയിൽ പുറത്തുകച്ചവടം നടത്തുന്നതായുള്ള പരാതിയെ തുടർന്നായിരുന്നു റെയ്ഡ്. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് ലഭിച്ച പരാതി അനുസരിച്ച് ഒരു മാസം ലക്ഷങ്ങളുടെ ക്രമക്കേട് ഇങ്ങനെ നടത്തിയിട്ടുണ്ട്. പാസ്‌പോർട്ട് നമ്പർ, യാത്രക്കാരന്റെ പേര്, യാത്ര തിരിച്ച രാജ്യം, എത്തിച്ചേർന്ന ദിവസം, സമയം എന്നിവ രേഖപ്പെടുത്തിയാണ് ബില്ല് തയാറാക്കേണ്ടത്.

എന്നാൽ കസ്റ്റംസിന് ലഭിച്ച രേഖകൾ പ്രകാരം ഈ ബില്ലുകളിൽ ക്രമക്കേട് നടത്തിയിട്ടുണ്ട്. പി5138467 എന്ന പാസ്‌പോർട്ട് നമ്പറിലുള്ള ഇബ്രാഹിം എന്ന യാത്രക്കാരൻ 2017 സെപ്റ്റംബർ 27ന് മസ്‌കറ്റിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി ഡ്യൂട്ടിഫ്രീ ഷോപ്പിൽനിന്നു മദ്യം വാങ്ങിയതായി രേഖയിലുണ്ട്. അദ്ദേഹംതന്നെ അതേ മാസം 29ന് ഷാർജയിൽനിന്ന് എത്തിയതായും ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്നും മദ്യം വാങ്ങിതായും ഒരു ദിവസത്തിനുശേഷം സിംഗപ്പൂരിൽനിന്നെത്തി മദ്യം വാങ്ങുകയതായുമാണ് വിവിധ ബില്ലുകൾ കാണിക്കുന്നത്.

ഇങ്ങനെ കഴിഞ്ഞ ജനുവരി മുതൽ ബില്ലുകളിലും യാത്രാരേഖകളിലും ക്രമക്കേട് നടത്തി നികുതി ഇനത്തിൽ കോടികളുടെ നഷ്ടമാണ് സർക്കാരിനുണ്ടാക്കിയത്. തിരുവനന്തപുരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തട്ടിപ്പ് നടക്കുന്നതെന്നും പരാതിയിൽ പറഞ്ഞിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലുള്ള കസ്റ്റംസ് വിഭാഗത്തെ അറിയിക്കാതെയാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഡ്യൂട്ടിഫ്രീ ഷോപ്പിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതായി കണ്ടെത്തി. യാത്രക്കാർ മദ്യം വാങ്ങുന്ന ദൃശ്യങ്ങളാണ് നശിപ്പിച്ചിരുന്നത്. ഇതോടൊപ്പം ബില്ലുകളും നശിപ്പിച്ചിരുന്നു.

പരിശോധനയിൽ കമ്പനിയുടെ ആസ്ഥാനത്തുള്ള സെർവർ കണക്ഷൻ ലഭിക്കുന്നില്ലെന്നും കണ്ടെത്തി.പരിശോധന നടക്കുമെന്ന സൂചന ലഭിച്ചതിനാൽ ഇതു മനഃപൂർവം ചെയ്തതാണെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ കരാറെടുത്ത സ്ഥാപനം നശിപ്പിച്ച എല്ലാ രേഖകളും കസ്റ്റംസ് തിരിച്ചെടുത്തു. ഇതിനിടെ തമിഴ്‌നാട്ടിലുള്ള കമ്പനിയുടെ ആസ്ഥാനത്തു പരിശോധന നടത്തിയ കസ്റ്റംസ് സംഘം രേഖകൾ പിടിച്ചെടുത്തു.

പരിശോധന നീണ്ടതോടെയാണ് കരാറെടുത്ത സ്ഥാപനത്തിലെ ചുമതലക്കാരനും കസ്റ്റംസ് ഉദ്യോഗസ്ഥരും തമ്മിൽ തർക്കവും കൈയാങ്കളിയുമുണ്ടായത്. രണ്ടു കോടി രൂപയുടെ ക്രമക്കേടാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് ഡ്യൂട്ടിഫ്രീ ഷോപ്പ് സിഇഒ.യെ കഴിഞ്ഞ രണ്ടാം തീയതി കസ്റ്റംസ് അറസ്റ്റുചെയ്തത്. പ്ലസ് മാക്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ സുന്ദരവാസനാണ് പിടിയിലായത്. കൊച്ചിയിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇയാൾക്കെതിരെ കഴിഞ്ഞവർഷം മൂന്നുമാസക്കാലയളവിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്. പതിമൂവായിരത്തോളം പേരുടെ വിവരങ്ങൾ ചോർത്തി ആറുകോടിയിലധികം രൂപ തട്ടിച്ചതായാണ് കേസ്. ഒന്നരവയസ്സുള്ള പെൺകുഞ്ഞിന്റെയും ഏഴുവയസ്സുകാരന്റെയും ഒട്ടേറെ സ്ത്രീകളുടെയും പേരിൽ മദ്യം വാങ്ങിയതായാണ് തെളിഞ്ഞത്. ഇതിനെ തുടർന്നായിരുന്നു അറസ്റ്റ്.

അനുവദിക്കപ്പെട്ട അളവിൽക്കൂടുതൽ മദ്യം വാങ്ങിയതായ രേഖകളുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് വിഭാഗം ബന്ധപ്പെട്ടവർക്ക് നോട്ടീസ് അയച്ചതോടെയാണ് ക്രമക്കേടിന്റെ യഥാർഥ രൂപം പുറത്തുവന്നത്. നോട്ടീസ് കിട്ടിയപ്പോൾ മാത്രമാണ് തങ്ങളുടെ പേരിൽ മദ്യം വാങ്ങിയെന്ന വിവരം മിക്കവരും അറിഞ്ഞത്. തുടർന്ന്, കുട്ടികളുടെയും വനിതകളുടെയും പേരിൽ ചിലരുടെ മതവിശ്വാസത്തെപ്പോലും വ്രണപ്പെടുത്തി മദ്യം വാങ്ങിയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതികളും വന്നു. കാലാകാലങ്ങളിൽ കസ്റ്റംസിനുമുന്നിൽ ഹാജരാക്കേണ്ട രേഖകൾ പലതും സ്ഥാപനത്തിന്റെ പക്കലുണ്ടായിരുന്നില്ല. കംപ്യൂട്ടർ സംവിധാനം ആരോ ഹാക്ക് ചെയ്തതാണെന്ന വാദവും അവർ ഉന്നയിച്ചു. എന്നാൽ, ഇതൊക്കെ കളവാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. വിശദമായ ചോദ്യംചെയ്യലിനായി കൊച്ചി കസ്റ്റംസ് കമ്മിഷണറേറ്റിലേക്ക് സുന്ദരവാസനെ വിളിച്ചുവരുത്തിയത്. ഹാജരാക്കിയ രേഖകൾ പലതും വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ കസ്റ്റംസിന്റെ സമൻസുകളോട് പ്രതികരിച്ചിട്ടില്ല. ഷോപ്പിലെ ജീവനക്കാരിൽ മിക്കവരും ക്രമക്കേട് നടന്നതായി സമ്മതിച്ചു. നികുതിയടയ്ക്കാൻ വീഴ്ചവരുത്തിയ 104 വകുപ്പുപ്രകാരമാണ് അറസ്റ്റ്. വിദേശനാണയവിനിമയചട്ടം, കള്ളപ്പണം വെളുപ്പിക്കൽ നിയമം എന്നിവകൂടി ചേർത്താണ് കസ്റ്റംസ് വിഭാഗം കേസെടുത്തത്.

ഇന്ത്യൻ റവന്യു സർവീസിൽ 1994 ൽ ചേരും മുമ്പ് ന്യൂഡൽഹിയിൽ എക്കണോമിക് ടൈംസിൽ മാധ്യമപ്രവർത്തകനും, ഇന്റർനാഷണൽ സ്റ്റഡീസിൽ യുജിസി റിസർച്ച് സ്‌കോളറുമായിരുന്നു സുമിത് കുമാർ.ധനമന്ത്രാലയം. കസ്റ്റംസ് ആൻ്ഡ് എക്‌സൈസ്, ടാക്‌സ് ട്രിബ്യൂണൽ, സെന്റർ ഓഫ് എക്‌സലൻസ് എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ടുപതിറ്റാണ്ടത്തിനിടെ ജോലി നോക്കി.കൊച്ചിയിൽ കസ്റ്റംസ് കമ്മീഷണറായി ചേരും മുമ്പ് സെന്റർ ഫോർ എക്‌സലൻസിലായിരുന്നു സുമിത് കുമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP