Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുസാറ്റ് ഓപ്പൺ എയർ ഓഡിറ്റോറിയം ക്യാംപസിന്റെ ഭാഗമാണെങ്കിലും പൊതുവഴിയോടു ചേർന്ന്; പുറത്തു നിന്നുള്ള ആളുകളും തള്ളിക്കയറി; പൊലീസിനെ രേഖാമൂലം അറിയിക്കുകയോ സഹായം തേടുകയോ ചെയ്തില്ലെന്നത്് ഏറ്റവും ഗുരുതര വീഴ്ച; കുസാറ്റിലെ അനുഭവം പാഠം; ഇനി മാർഗ രേഖ പരിഷ്‌കരിക്കൽ; നിയന്ത്രണം കൂട്ടും

കുസാറ്റ് ഓപ്പൺ എയർ ഓഡിറ്റോറിയം ക്യാംപസിന്റെ ഭാഗമാണെങ്കിലും പൊതുവഴിയോടു ചേർന്ന്; പുറത്തു നിന്നുള്ള ആളുകളും തള്ളിക്കയറി; പൊലീസിനെ രേഖാമൂലം അറിയിക്കുകയോ സഹായം തേടുകയോ ചെയ്തില്ലെന്നത്് ഏറ്റവും ഗുരുതര വീഴ്ച; കുസാറ്റിലെ അനുഭവം പാഠം; ഇനി മാർഗ രേഖ പരിഷ്‌കരിക്കൽ; നിയന്ത്രണം കൂട്ടും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കുസാറ്റിലെ അപകടത്തിൽ ഇനി തെറ്റു തിരുത്തലും പുതിയ നയങ്ങളും. ദുരന്തമുണ്ടാകുമ്പോൾ മാത്രം കണ്ണു തുറക്കുന്ന സർക്കാർ ഇടപെടൽ വീണ്ടും. ഇൻഡോർ സ്റ്റേഡിയങ്ങളിലും കലാലയ പരിപാടികളിലും ദുരന്തങ്ങൾ ഒഴിവാക്കുന്നതിനായി നിലവിലുള്ള മാർഗരേഖ പരിഷ്‌കരിക്കും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ദുരന്തനിവാരണ അഥോറിറ്റിക്കുള്ള നിർദ്ദേശം സർക്കാർ നൽകിയിട്ടുണ്ട്.

കുസാറ്റ് അപകടത്തിൽ സംഘാടകരുടെ വീഴ്ച വ്യക്തമെന്നു പൊലീസ് പറഞ്ഞു. തിക്കുംതിരക്കും ഉണ്ടാകാൻ കാരണം പെട്ടെന്നു പെയ്ത മഴയാണെന്നാണ് കുസാറ്റ് അധികൃതരുടെ വാദം. എന്നാൽ അപ്പോൾ മഴ പെയ്തില്ലെന്നും പൊലീസ് ചൂണ്ടാക്കാട്ടി. രണ്ടായിരത്തോളം കാണികളെ പ്രതീക്ഷിച്ച സംഘാടകർ മതിയായ നിയന്ത്രണം ഒരുക്കിയില്ലെന്നതാണ് പ്രശ്‌നമായത്. പൊലീസിനെ രേഖാമൂലം അറിയിക്കുകയോ സഹായം തേടുകയോ ചെയ്തില്ലെന്നതാണ് ഏറ്റവും ഗുരുതരമായ വീഴ്ച. അതുകൊണ്ട് തന്നെ ഇനി ഏതു ക്യാമ്പസിൽ നടക്കുന്ന പരിപാടിയായാലും പൊലീസിനെ അറിയിക്കേണ്ടി വരും.

തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ, തീപിടിത്തം പോലെയുള്ള അപകടങ്ങൾ ഉണ്ടാകുമ്പോഴുള്ള രക്ഷാസംവിധാനം, ഇതിനുള്ള സേന, പ്രഥമശുശ്രൂഷാ സംവിധാനം, വാർത്താവിനിമയം, സിസിടിവി സംവിധാനം തുടങ്ങിയവ ഉൾപ്പെടുന്നതാകും ഇനി പുതുക്കുന്ന മാർഗരേഖ. ശബരിമല തീർത്ഥാടനം, തൃശൂർ പൂരം പോലുള്ളവയ്ക്കായി, അപകടങ്ങൾ ഒഴിവാക്കാൻ പ്രത്യേകം മാർഗരേഖകൾ നിലവിലുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി മെംബർ സെക്രട്ടറി ശേഖർ കുര്യാക്കോസ് പറഞ്ഞു. ഇതേ രീതിയിലാകും പുതിയ മാർഗ രേഖയും ഉണ്ടാവുക.

കുസാറ്റിൽ വിദ്യാർത്ഥികളുടെ ആഘോഷവേളകളിൽ സംഘർഷവും സംഘട്ടനവും പതിവാണ്. ഓരോ സംഭവം ഉണ്ടാകുമ്പോഴും സർവകലാശാല നിയോഗിക്കുന്ന സമിതികൾ ഭാവിയിൽ ഇവ ആവർത്തിക്കാതിരിക്കാനുള്ള ശുപാർശകൾ അടങ്ങിയ റിപ്പോർട്ടുകൾ നൽകും. അവയിൽ ഒന്നുപോലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഇത്തരം ആക്രമങ്ങൾ പൊലീസിനെ അറിയിക്കുകയുമില്ല. ഇതൊന്നും ഇനി അനുവദിക്കില്ലെന്ന നിലപാടിലാണ് സർക്കാർ. തിരക്കേറെയുള്ള പരിപാടികൾ തുടങ്ങുന്നതിനു വളരെസമയം മുൻപേ ഘട്ടംഘട്ടമായി ആളെക്കയറ്റിയിരുത്തുന്നതാണു പതിവ്. തിക്കുംതിരക്കും ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യം. എന്നാൽ ഇതും കുസാറ്റിൽ നടന്നില്ല.

കുസാറ്റ് ഓപ്പൺ എയർ ഓഡിറ്റോറിയം ക്യാംപസിന്റെ ഭാഗമാണെങ്കിലും പൊതുവഴിയോടു ചേർന്നാണിത്. രാത്രിപരിപാടികളിൽ മാത്രമാണ് ഓഡിറ്റോറിയത്തിൽ തിരക്കുണ്ടാകുക. പുറത്തുനിന്നുള്ളവർ തള്ളിക്കയറാനുള്ള സാധ്യത കൂടുതലാണ്. അതിനിടെ കുസാറ്റ് ദുരന്തത്തിൽ സ്‌കൂൾ ഓഫ് എൻജിനീയറിങ്ങിലെ വൊളന്റിയർമാർ പ്രകടിപ്പിച്ച സംയമനമാണ് ദുരന്തവ്യാപ്തി കുറച്ചത്. ഓഡിറ്റോറിയത്തിനകത്തു കയറിയ വിദ്യാർത്ഥികളെ അപകടമുണ്ടായപ്പോൾ അവിടെത്തന്നെ തടഞ്ഞുനിർത്താനും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്കു വേഗം മാറ്റാനും അവർക്കു കഴിഞ്ഞു.

പരിപാടിയുടെ ഹെൽത്ത് പാർട്ണറായ സ്വകാര്യ ആശുപത്രിയുടെ ആംബുലൻസ് സ്ഥലത്തുണ്ടായിരുന്നു. അവർ മറ്റ് ആംബുലൻസുകളെയും വിളിച്ചുവരുത്തി. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും വാഹനങ്ങളും പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ഉപയോഗിച്ചു. കുസാറ്റിന്റേത് 180 ഏക്കർ വിശാലമായ ക്യാംപസാണ്.

ചുറ്റുമതിൽ നിർമ്മിക്കണമെന്നു യുജിസിയും നാക്കും നിർദേശിച്ചിട്ടുള്ളതാണ്. ഇക്കാരണത്താൽ യുജിസി സഹായവും സർവകലാശാലയ്ക്കു നഷ്ടപ്പെടുന്ന സ്ഥിതിയുണ്ട്. മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ മാസങ്ങൾക്കു മുൻപ് ജനപ്രതിനിധികൾ, കുസാറ്റ് അധികൃതർ, നാട്ടുകാർ എന്നിവർ യോഗം ചേർന്നു തീരുമാനമെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP