Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

കൊറോണയെ തുരത്താൻ വിപ്ലവ ക്യൂബയുടെ അത്ഭുത മരുന്ന് കേരളത്തിലെത്തിക്കാൻ പിണറായി വിജയൻ; ഇന്റർഫെറോൺ ആൽഫ 2ബി ഉപയോ​ഗിക്കുന്നതിന് റാപ്പിഡ് ടെസ്റ്റിനുള്ള അനുമതിയായെന്നും വെളിപ്പെടുത്തൽ; ചൈനയിൽ മാരക വൈറസിനെ വരുതിയിലാക്കിയ മരുന്ന് മലയാളിയുടെയും കൈയിലെത്തും; കൊവിഡ്19ന് മുന്നിൽ വൻ ശക്തികൾ പകച്ച് നിൽക്കുമ്പോൾ ലോകത്തിന് വെളിച്ചമാകുക ഫിദൽ കാസ്ട്രോയുടെ ശാസ്ത്രബോധം തന്നെ

കൊറോണയെ തുരത്താൻ വിപ്ലവ ക്യൂബയുടെ അത്ഭുത മരുന്ന് കേരളത്തിലെത്തിക്കാൻ പിണറായി വിജയൻ; ഇന്റർഫെറോൺ ആൽഫ 2ബി ഉപയോ​ഗിക്കുന്നതിന് റാപ്പിഡ് ടെസ്റ്റിനുള്ള അനുമതിയായെന്നും വെളിപ്പെടുത്തൽ; ചൈനയിൽ മാരക വൈറസിനെ വരുതിയിലാക്കിയ മരുന്ന് മലയാളിയുടെയും കൈയിലെത്തും; കൊവിഡ്19ന് മുന്നിൽ വൻ ശക്തികൾ പകച്ച് നിൽക്കുമ്പോൾ ലോകത്തിന് വെളിച്ചമാകുക ഫിദൽ കാസ്ട്രോയുടെ ശാസ്ത്രബോധം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ക്യൂബൻ സഹായം തേടാനൊരുങ്ങി സംസ്ഥാന സർക്കാർ. ക്യൂബയിൽ നിന്നുള്ള മരുന്ന് കൊവിഡ് ചികിത്സയ്ക്കായി ഉപയോ​ഗിക്കുന്ന കാര്യം ഇന്നത്തെ അവലോ​കന യോ​​ഗത്തിൽ ചർച്ചയായി എന്ന് മുഖ്യമന്ത്രി തന്നെയാണ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. ചൈനയിലെ വുഹാനിൽനിന്നു പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 പിടിച്ചുകെട്ടാൻ ചൈന ഏറ്റവും കൂടുതൽ ആശ്രയിച്ചതും ക്യൂബയിൽനിന്നുള്ള ആന്റി വൈറൽ മരുന്നായ ഇന്റർഫെറോൺ ആൽഫ 2ബി എന്ന അത്ഭുത മരുന്നാണ്. എന്നാൽ, ഇത് സംസ്ഥാനത്ത് ഉപയോ​ഗിക്കണമെങ്കിൽ ​ഡ്ര​ഗ് കൺട്രോളറുടെ അനുമതി വാങ്ങേണ്ടതുണ്. റാപ്പിഡ് ടെസ്റ്റിനുള്ള അനുമതിയായിട്ടുണ്ട് എന്നും അതിന്റെ നടപടി പൂർണമായാൽ ഉടനെ പരിശോധന തുടങ്ങും എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡെങ്കു വൈറസിനെ പ്രതിരോധിക്കാൻ 1981-ലാണ് ക്യൂബ ആദ്യമായി ഈ മരുന്ന് വികസിപ്പിക്കുന്നത്. കൊറോണ വൈറസിന്റെ സ്വഭാവസവിശേഷതകളുമായി സാമ്യമുള്ള വൈറസുകളെ ചെറുക്കാൻ ഇന്റർഫെറോൺ 2ബി ഫലപ്രദമാണെന്നു മുൻപ് കണ്ടെത്തിയിരുന്നു. രോഗികളിൽ വൈറസ് ബാധ ത്വരിതപ്പെടാതിരിക്കാനും ഗുരുതരമാകാതിരിക്കാനും മരണപ്പെടാതിരിക്കാനും ഈ മരുന്ന് ഉപയോഗിക്കാനാവുമെന്ന് ക്യൂബൻ ജൈവസാങ്കേതിക വിദഗ്ധയായ ഡോ. ലൂയിസ് ഹെരേരാ മാർട്ടിനസ് വിശദീകരിക്കുന്നു.

കോവിഡ് 19 പിടിച്ചുകെട്ടാൻ ചൈന ഏറ്റവും കൂടുതൽ ആശ്രയിച്ചതും ക്യൂബയിൽനിന്നുള്ള ആന്റി വൈറൽ മരുന്നായ ഇന്റർഫെറോൺ ആൽഫ 2ബി തന്നെ. ക്യൂബയും ചൈനയും സംയുക്തമായി 2003 മുതൽ ചൈനയിൽതന്നെ നിർമ്മിച്ചിരുന്ന ഈ മരുന്ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷൻ കോവിഡ് ചികിത്സയ്ക്കായി തിരഞ്ഞെടുത്ത 30 മരുന്നുകളിൽ ഉൾപ്പെട്ടിരുന്നു.

ഫിദൽ കാസ്ട്രോയുടെ ശാസ്ത്രബോധം ലോകത്തിന് വെളിച്ചമാകുമോ?

ക്യൂബൻ വിപ്ലവ നേതാവായിരുന്ന ഫിദൽ കാസ്ട്രോയുടെ ഉയർന്ന ശാസ്ത്രബോധമാണ് ഇന്ന് മാരക വൈറസിനെ ചെറുത്ത് തോൽപ്പിക്കാൻ സഹായകമാകുന്നത്. വൈദ്യശാസ്ത്ര മേഖലയിൽ ​ഗവേഷണവും ഈ മേഖലയിൽ തന്നെ മാനവ വിഭവശേഷിയുടെ കയറ്റുമതിയും ആയിരുന്നു കാസ്ട്രോ ലക്ഷ്യംവെച്ചത്. അമേരിക്കൻ ​ഗവേഷകർ പോലും ശത്രുരാജ്യമായ ക്യൂബയിൽ എത്താൻ കൊതിച്ച നാളുകളായിരുന്നു അത്. എന്നാൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത അതിന് അനുവദിച്ചിരുന്നില്ല. എന്നാൽ, ചെറിയൊരു അവസരം ലഭിച്ചപ്പോൾ അത് മിടുക്കനായ ഒരു ​ഗവേഷകൻ ഉപയോ​ഗിക്കുകയും കാസ്ട്രേയെ നേരിട്ട് കാണുകയുമായിരുന്നു.

എലികളിലെ ട്യൂമറിനെ ചെറുക്കുന്ന ലിംഫോസൈറ്റുകളെ (ശരീരത്തിനു പ്രതിരോധ ശേഷി നൽകുന്ന ശ്വേത രക്താണുക്കൾ) ഉത്തേജിപ്പിക്കാൻ ഇന്റർഫെറോണിന് സാധിക്കുമെന്ന് ഇയോൺ ഗ്രെസർ എന്ന യുഎസ് ഗവേഷകൻ 1960ൽ കണ്ടെത്തി. ഒരു ദശാബ്ദത്തിനപ്പുറം, 1970ൽ ഇയോണിന്റെ ഗവേഷണത്തുടർച്ച യുഎസ് കാൻസർ വിദഗ്ധനായ റാൻഡോൾഫ് ക്ലാർക്ക് ലീ ഏറ്റെടുത്തു. ആയിടയ്ക്കാണ് ക്യൂബയുമായുള്ള ബന്ധം യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടർ ശക്തമാക്കിയത്. അതൊരു മികച്ച അവസരമായി കണ്ട് റാൻഡോൾഫ് നേരെ ക്യൂബയിലെത്തി, ഫി‍ഡൽ കാസ്ട്രോയെ കണ്ടു. അദ്ഭുതങ്ങൾ പ്രവർത്തിക്കാനാകുന്ന മരുന്നാണ് ഇന്റർഫെറോണെന്ന കാര്യം കാസ്ട്രോയെ വിശദമായി ധരിപ്പിച്ചത് റാൻഡോൾഫായിരുന്നു.

കാസ്ട്രോ നിയോഗിച്ച ഗവേഷകർ റാൻഡോൾഫിന്റെ ലബോറട്ടറിയിൽ സമയം ചെലവിട്ട് അക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. 1981 മാർച്ചിൽ ആറ് ക്യൂബൻ ഗവേഷകർ 12 ദിവസം ഫിൻലൻഡിലെ ഡോക്ടറായ കേരി കാന്റെലിനോടൊപ്പം വിദഗ്ധ പഠനത്തിനു പോയി. കേരിയാണ് 1970ൽ ആദ്യമായി മനുഷ്യ കോശങ്ങളിൽ നിന്ന് ഇന്റർഫെറോൺ വേർതിരിച്ചെടുത്തത്. ഇതിന് അദ്ദേഹം പേറ്റന്റെടുത്തതുമില്ല. ലോകം മുഴുവൻ ഇന്റർഫെറോണിന്റെ ഉൽപാദനത്തിനു പലതരം ഗവേഷണങ്ങൾ ശക്തമായതും അതിനാലാണ്.

വൻതോതിൽ ഇന്റർഫെറോൺ ഉൽപാദിപ്പിക്കാനുള്ള സാങ്കേതികത പഠിച്ചാണ് 12 ക്യൂബൻ ഗവേഷകരും ഫിൻലൻഡ് വിട്ടത്.ക്യൂബയിലെത്തി 45 ദിവസത്തിനകം പ്രാദേശിക സാങ്കേതികതയിൽ വേർതിരിച്ചെടുത്ത ആദ്യ ബാച്ച് ഇന്റർഫെറോൺ ഗവേഷകർ പുറത്തെത്തിച്ചു. ഫിൻലൻഡിൽ ലാബ് പരിശോധനയിലൂടെ അതിന്റെ ഗുണമേന്മ ഉറപ്പുവരുത്തുകയും ചെയ്തു. പിന്നീട് പല രാജ്യങ്ങളിലെയും ആരോ​ഗ്യ ദൗത്യങ്ങളിലും സ്വന്തം രാജ്യത്ത് തന്നെയും ക്യൂബ ഈമരുന്ന് ഉപയോ​ഗിച്ചു.

ഇന്റർഫെറോൺ ഇതാണ്..

വിവിധ രോഗാണുക്കൾ ബാധിക്കുമ്പോൾ പ്രതിരോധ സംവിധാനത്തിലെ കോശങ്ങൾ ഉൽപാദിപ്പിക്കുന്ന ഒരുകൂട്ടം പ്രോട്ടിനുകളാണ് ഇന്റർഫെറോൺ. 1957-ൽ ലണ്ടൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ചിലെ ഗവേഷകരായ അലക്ക് ഐസക്കും ലിൻഡെന്മാനുമാണ് ആദ്യമായി ഇന്റർഫെറോണുകൾ നിർവചിച്ചത്. വൈറസ് പെരുകലിനെ തടസ്സപ്പെടുത്തുന്നതുകൊണ്ടാണ് ഈ പേര് ലഭിച്ചത്. മനുഷ്യകോശങ്ങൾ ഉൽപാദിപ്പിക്കുന്ന ഇന്റർഫെറോണുകൾ ആൽഫ, ബീറ്റ, ഗാമ എന്നീ മൂന്നു വിഭാഗങ്ങളാണ്. വൈറസുകൾ പെരുകുന്നത് തടയുന്നതിനു പുറമേ വൈറസ് ബാധിക്കപ്പെട്ട കോശങ്ങളെ നശിപ്പിക്കുന്ന പ്രതിരോധ സെല്ലുകളെ സജീവമാക്കുകയും ചെയ്യും.

ഭീതിയിൽ ലോകം; വിപ്ലവ വീര്യത്തോടെ പൊരുതാൻ ക്യൂബ

ചൈനക്കും ഇറ്റലിക്കും പുറമേ സോഷ്യലിസ്റ്റ് രാജ്യമായ വെനസ്വേല, നിക്കരാഗ്വ, ജമൈക്ക, ഗ്രനാഡ, സുറിനാം എന്നിവിടങ്ങളിലും ക്യൂബൻ സംഘം കൊറോണയ്ക്കെതിരെ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങൾക്കെല്ലാവർക്കും ഭയമുണ്ട്. എന്നാൽ വിപ്ലവകരമായ ചുമതല നിറവേറ്റേണ്ടതുണ്ട്. അതിനായി ഭയത്തെ ഒരു ഭാഗത്തേക്കു മാറ്റിനിർത്തുകയാണെന്നു ഇറ്റലിയിൽ പ്രവർത്തിക്കുന്ന ക്യൂബൻ സംഘത്തിലെ ഇന്റൻസീവ് കെയർ സ്പെഷലിസ്റ്റ് ലിയോണാർഡോ ഫെർണാണ്ടസ് രാജ്യാന്തര വാർത്താ ഏജൻ‌സിയായ റോയിട്ടേഴ്സിനോടു പറഞ്ഞു. ഞങ്ങൾ സൂപ്പർ ഹീറോകളല്ല, റെവല്യൂഷനറി ഡോക്ടർമാരാണെന്നും അദ്ദേഹം വ്യക്തമാക്കി. ലൈബീരിയയിൽ എബോള സമയത്തു സേവനം അനുഷ്ഠിച്ചിരുന്ന ഫെർണാണ്ടസിന്റെ വിദേശത്തുള്ള എട്ടാമതു പ്രവർത്തനമാണിത്.

ക്യൂബയിലെ പതിനായിരക്കണക്കിന് ഡോക്ടർമാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കുന്നുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സോവിയറ്റ് യൂണിയന്റെ സഹായത്താലാണ് ക്യൂബ എന്ന ചെറു രാജ്യം വികസിത രാഷ്ട്രങ്ങളോട് കടപിടിക്കുന്ന തരത്തിൽ ആരോഗ്യ രംഗത്ത് പുരോഗതി കൈവരിക്കുന്നത്.

പിന്നീട് രാഷ്ട്രീയ സമവാക്യങ്ങൾ മാറിവന്നുവെങ്കിലും ക്യൂബ ആരോഗ്യ മേഖലയിൽ പ്രശംസനീയമായ പുരോഗതിയാണ് കൈവരിച്ചത്. അമേരിക്ക ക്യൂബയ്ക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധം ആവശ്യ മരുന്നുകളുടെ ലഭ്യത ഉൾപ്പെടെ മെഡിക്കൽ രംഗത്ത് ക്യൂബയിൽ നിരവധി പ്രതിസന്ധികൾ സൃഷ്ടിച്ചെങ്കിലും ക്യൂബയൂടേത് മറ്റേത് രാജ്യത്തോടും മത്സരിച്ച് നിൽക്കാൻ പര്യാപ്തമായ ആരോഗ്യ മേഖല തന്നെയാണ് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ക്യൂബയുടെ ഗ്ലോബൽ ഹെൽത്ത് ക്രൈസിസ് റെസ്പോൺസ് സിസ്റ്റം അതിർത്തികളില്ലാത്ത ഡോക്ടർമാരുടെ സേവനം വിഭാവനം ചെയ്യുന്നതാണ്. ക്യൂബയിൽ ഒരു മെഡിക്കൽ വിദ്യാർത്ഥി പഠനം പൂർത്തിയാക്കി ഇറങ്ങുന്നത് താനൊരു പൊതു സേവകനാണ് എന്ന തിരിച്ചറിവോട് കൂടെയാണെന്ന് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെടുന്നു. മെഡിക്കൽ ഇന്റേൺഷിപ്പ് പ്രോഗ്രാമുകളാണ് വിദ്യാർത്ഥികളെ ഇതിനു പ്രാപ്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP