Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

കോവിഡിൽനിന്ന് ചൈനയെ രക്ഷിച്ചതും ക്യൂബൻ മരുന്ന്; ക്യൂബയിൽ ഡെങ്കിപ്പനി പടർന്നപ്പോൾ ഉപയോഗിച്ച ഇന്റർഫെറോൺ ആൽഫ 2ബി കൊറോണക്കും ഗുണം ചെയ്തു; ഡെങ്കി വൈറസിനെ സിഐഎ തങ്ങളെ തകർക്കാൻ എത്തിച്ചതാണെന്ന് ക്യൂബ; ആന്റി വൈറൽ മരുന്ന് വികസിപ്പിച്ചത് പ്രസിഡന്റ് ഫിദൽ കാസ്‌ട്രോ മുൻകൈ എടുത്തതിനെ തുടർന്ന്; ഇറ്റലിയിലേക്കുവരെ ഡോക്ടർമാരെ അയച്ച് ലോകത്തിന്റെ ആദരം നേടിയ കമ്യൂണിസ്റ്റ് ക്യൂബ കോവിഡ് മരുന്നിന്റെ പേരിലും പ്രശംസ നേടുമ്പോൾ

കോവിഡിൽനിന്ന് ചൈനയെ രക്ഷിച്ചതും ക്യൂബൻ മരുന്ന്; ക്യൂബയിൽ ഡെങ്കിപ്പനി പടർന്നപ്പോൾ ഉപയോഗിച്ച ഇന്റർഫെറോൺ ആൽഫ 2ബി കൊറോണക്കും ഗുണം ചെയ്തു; ഡെങ്കി വൈറസിനെ സിഐഎ തങ്ങളെ തകർക്കാൻ എത്തിച്ചതാണെന്ന് ക്യൂബ; ആന്റി വൈറൽ മരുന്ന്  വികസിപ്പിച്ചത് പ്രസിഡന്റ് ഫിദൽ കാസ്‌ട്രോ മുൻകൈ എടുത്തതിനെ തുടർന്ന്; ഇറ്റലിയിലേക്കുവരെ ഡോക്ടർമാരെ അയച്ച് ലോകത്തിന്റെ ആദരം നേടിയ കമ്യൂണിസ്റ്റ് ക്യൂബ കോവിഡ് മരുന്നിന്റെ പേരിലും പ്രശംസ നേടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ബെയ്ജിംങ്:  കോവിഡ് 19 എന്ന വൈറസിന് പ്രത്യേകിച്ച് മരുന്നോ വാക്‌സിനേഷനോ കണ്ടെത്തിയിട്ടില്ല. പക്ഷേ ഫലപ്രദമായ ആന്റി വൈറൽ മരുന്നുകൾ കൊടുത്ത് അനുബന്ധരോഗങ്ങളെ മാറ്റിയാൽ, പ്രായം കുറഞ്ഞവർക്ക് രക്ഷപ്പെടൽ സാധ്യത കൂടുതലാണ്. ഒരുകൂട്ടം രോഗങ്ങളുടെ സംഘാതമായ കൊറോണക്ക് ഇപ്പോൾ കൊടുത്തുകൊണ്ടിരിക്കുന്നതും ആന്റിവൈറൽ മരുന്നുകൾ തന്നെ. പക്ഷേ അതിൽ എറ്റവും ശക്തമായ മരുന്ന് സമയത്തിന് ഉപയോഗിക്കുക എന്നതാണ് ഡോക്ടർമാർ നേരിടുന്ന വെല്ലുവിളി.

അതിന് ചൈനക്ക് സഹായകരമായത് ക്യൂബയിൽനിന്നെത്തിയ മരുന്നുകൾ ആണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്റർഫെറോൺ ആൽഫ 2ബി എന്ന ക്യൂബൻ മരുന്നാണ് സത്യത്തിൽ ചൈനയെ രക്ഷിച്ചതെന്ന് ഡോക്ടർമാർ പറയുന്നു. ഇപ്പോൾ കോവിഡിൽ മരണ താണ്ഡവമാടുന്ന ഇറ്റലിയിലേക്ക് 52പേർ അടങ്ങുന്ന വലിയ ഡോക്ടർ സംഘത്തെ വിട്ട് ലോകത്തിന്റെ കൈയടി നേടിയ ക്യൂബ ഈ അദ്ഭുത മരുന്നിന്റെപേരിലും അഭിനന്ദിക്കപ്പെടുകയാണ്.

ക്യൂബയും ചൈനയും സംയുക്തമായി 2003 മുതൽ ചൈനയിൽതന്നെ നിർമ്മിച്ചിരുന്ന ഈ മരുന്ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷൻ കോവിഡ് ചികിത്സയ്ക്കായി തിരഞ്ഞെടുത്ത 30 മരുന്നുകളിൽ ഉൾപ്പെട്ടിരുന്നു.കൊറോണ വൈറസിന്റെ സ്വഭാവവിശേഷതകളുമായി സാമ്യമുള്ള വൈറസുകളെ ചെറുക്കാൻ ഇന്റർഫെറോൺ 2ബി ഫലപ്രദമാണെന്നു മുൻപ് കണ്ടെത്തിയിരുന്നു. രോഗികളിൽ വൈറസ് ബാധ ത്വരിതപ്പെടാതിരിക്കാനും ഗുരുതരമാകാതിരിക്കാനും മരണപ്പെടാതിരിക്കാനും ഈ മരുന്ന് ഉപയോഗിക്കാനാവുമെന്ന് ക്യൂബൻ ജൈവസാങ്കേതിക വിദഗ്ധയായ ഡോ. ലൂയിസ് ഹെരേരാ മാർട്ടിനസ് വിശദീകരിക്കുന്നു.

ഡെങ്കു വൈറസിനെ പ്രതിരോധിക്കാൻ 1981-ലാണ് ക്യൂബ ആദ്യമായി ഈ മരുന്ന് വികസിപ്പിക്കുന്നത്.1957-ൽ ലണ്ടൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ചിലെ ഗവേഷകരായ അലക്ക് ഐസക്കും ലിൻഡെന്മാനുമാണ് ആദ്യമായി ഇന്റർഫെറോണുകൾ നിർവചിച്ചത്. വൈറസ് പെരുകലിനെ തടസ്സപ്പെടുത്തുന്നതുകൊണ്ടാണ് ഈ പേര് ലഭിച്ചത്. മനുഷ്യകോശങ്ങൾ ഉൽപാദിപ്പിക്കുന്ന ഇന്റർഫെറോണുകൾ ആൽഫ, ബീറ്റ, ഗാമ എന്നീ മൂന്നു വിഭാഗങ്ങളാണ്. വൈറസുകൾ പെരുകുന്നത് തടയുന്നതിനു പുറമേ വൈറസ് ബാധിക്കപ്പെട്ട കോശങ്ങളെ നശിപ്പിക്കുന്ന പ്രതിരോധ സെല്ലുകളെ സജീവമാക്കുകയും ചെയ്യും.

എലികളിലെ ട്യൂമറിനെ ചെറുക്കുന്ന ലിംഫോസൈറ്റുകളെ (ശരീരത്തിനു പ്രതിരോധ ശേഷി നൽകുന്ന ശ്വേത രക്താണുക്കൾ) ഉത്തേജിപ്പിക്കാൻ ഇന്റർഫെറോണിന് സാധിക്കുമെന്ന് ഇയോൺ ഗ്രെസർ എന്ന യുഎസ് ഗവേഷകൻ 1960ൽ കണ്ടെത്തി. ഒരു ദശാബ്ദത്തിനപ്പുറം, 1970ൽ ഇയോണിന്റെ ഗവേഷണത്തുടർച്ച യുഎസ് കാൻസർ വിദഗ്ധനായ റാൻഡോൾഫ് ക്ലാർക്ക് ലീ ഏറ്റെടുത്തു. ആയിടയ്ക്കാണ് ക്യൂബയുമായുള്ള ബന്ധം യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടർ ശക്തമാക്കിയത്. അതൊരു മികച്ച അവസരമായി കണ്ട് റാൻഡോൾഫ് നേരെ ക്യൂബയിലെത്തി, ഫിഡൽ കാസ്‌ട്രോയെ കണ്ടു. അദ്ഭുതങ്ങൾ പ്രവർത്തിക്കാനാകുന്ന മരുന്നാണ് ഇന്റർഫെറോണെന്ന കാര്യം കാസ്‌ട്രോയെ വിശദമായി ധരിപ്പിച്ചത് റാൻഡോൾഫായിരുന്നു.

കാസ്‌ട്രോ നിയോഗിച്ച ഗവേഷകർ റാൻഡോൾഫിന്റെ ലബോറട്ടറിയിൽ സമയം ചെലവിട്ട് അക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. 1981 മാർച്ചിൽ ആറ് ക്യൂബൻ ഗവേഷകർ 12 ദിവസം ഫിൻലൻഡിലെ ഡോക്ടറായ കേരി കാന്റെലിനോടൊപ്പം വിദഗ്ധ പഠനത്തിനു പോയി. കേരിയാണ് 1970ൽ ആദ്യമായി മനുഷ്യ കോശങ്ങളിൽ നിന്ന് ഇന്റർഫെറോൺ വേർതിരിച്ചെടുത്തത്.

ഇതിന് അദ്ദേഹം പേറ്റന്റെടുത്തതുമില്ല. ലോകം മുഴുവൻ ഇന്റർഫെറോണിന്റെ ഉൽപാദനത്തിനു പലതരം ഗവേഷണങ്ങൾ ശക്തമായതും അതിനാലാണ്.വൻതോതിൽ ഇന്റർഫെറോൺ ഉൽപാദിപ്പിക്കാനുള്ള സാങ്കേതികത പഠിച്ചാണ് 12 ക്യൂബൻ ഗവേഷകരും ഫിൻലൻഡ് വിട്ടത്.ക്യൂബയിലെത്തി 45 ദിവസത്തിനകം പ്രാദേശിക സാങ്കേതികതയിൽ വേർതിരിച്ചെടുത്ത ആദ്യ ബാച്ച് ഇന്റർഫെറോൺ ഗവേഷകർ പുറത്തെത്തിച്ചു. ഫിൻലൻഡിൽ ലാബ് പരിശോധനയിലൂടെ അതിന്റെ ഗുണമേന്മ ഉറപ്പുവരുത്തുകയും ചെയ്തു. ആ സമയത്താണ് ക്യൂബയെ വിറപ്പിച്ച ഡെങ്കുപ്പനിയുടെ വരവ്.

ചരിത്രത്തിലാദ്യമായിട്ടായിരുന്നു കൊതുകുകൾ വഴി പരക്കുന്ന ഈ രോഗം ക്യൂബയിൽ പ്രത്യക്ഷപ്പെടുന്നത്. 3.4 ലക്ഷത്തോളം ക്യൂബക്കാരെ വൈറസ് ബാധിച്ചു. ദിവസവും 11,000ത്തിലേറെ പുതിയ കേസുകൾ. 108 പേർ മരിച്ചു, അതിൽ 101 പേരും കുട്ടികൾ. യുഎസ് രഹസ്യാന്വേഷണ സംഘടനയായ സിഐഎയാണ് വൈറസിനെ ക്യൂബയിലെത്തിച്ചതെന്നായിരുന്നു പ്രധാന ആരോപണം.

ഇതിനു തെളിവ് ലഭിച്ചതായി അടുത്തിടെ ക്യൂബ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ യുഎസ് ഇത് നിഷേധിച്ചു. അവിടെയും പക്ഷേ ക്യൂബയ്ക്ക് ഗുണമായത് മാസങ്ങൾക്കു മുൻപ് അമേരിക്കൻ ഗവേഷകൻ റാൻഡോൾഫ് നടത്തിയ ഇടപെടലായിരുന്നു. അതുവഴി തയാറാക്കിയ ഇന്റർഫെറോണുകൾ പരീക്ഷണത്തിന് അത്രയേറെ സജ്ജമായിരുന്നു.

ക്യൂബൻ ആരോഗ്യ വകുപ്പ് ഈ മരുന്ന് അംഗീകരിച്ചു, ജനങ്ങളിൽ പ്രയോഗിച്ചു, ദിവസങ്ങൾക്കകം മരണനിരക്ക് കുത്തനെ കുറഞ്ഞു. ലോകത്ത് ഇന്റർഫെറോൺ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച സംഭവം എന്നാണ് ഇതിനെ ക്യൂബ വിശേഷിപ്പിച്ചത്. ഇതിനു പിന്നാലെ 'ബയോളജിക്കൽ ഫ്രണ്ട്' രൂപീകരിക്കാനുള്ള സർക്കാർ തീരുമാനവുമെത്തി. ക്യൂബൻ ഗവേഷകരെ സർക്കാർ ചെലവിൽ വിദേശത്ത് അയച്ചു പഠിപ്പിച്ചു, പലരും പാശ്ചാത്യ സാങ്കേതികതയിൽ അറിവു നേടുന്നത് അങ്ങനെയാണ്. ഉയർന്ന അളവിൽ ഇന്റർഫെറോൺ ഉൽപാദിപ്പിക്കാൻ കഴിയുന്നില്ല എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പക്ഷേ 1986ൽ കേരി കാന്റെൽ വീണ്ടും ക്യൂബയിലെത്തുമ്പോൾ ഇന്റർഫെറോണിന്റെ കൂടുതൽ ശക്തിയുള്ള വകഭേദമായ ആൽഫ 2 ബി തയാറായിക്കഴിഞ്ഞിരുന്നു.

ആ വർഷംതന്നെയാണ് ക്യൂബയുടെ സെന്റർ ഫോർ ജനറ്റിക് എൻജിനീയറിങ് ആൻഡ് ബയോടെക്‌നോളജി ആരംഭിക്കുന്നത്. വൈകാതെ ക്യൂബയിൽ പടർന്ന മസ്തിഷ്‌ക ജ്വരത്തെയും രാജ്യം പ്രതിരോധിച്ചത് ഈ ബയോടെക് 'യുദ്ധമുഖം' ഒരുക്കിയായിരുന്നു. വൈറസ് രോഗങ്ങളായ ഹെപ്പറ്റൈറ്റിസ് ബി, സി, എയ്ഡ്‌സ്, ഡെങ്കു, ചിലയിനം ത്വക്രോഗങ്ങൾ എന്നിവയെ ക്യൂബ പ്രതിരോധിച്ചതും ഇന്റർഫെറോൺ ഉപയോഗിച്ചായിരുന്നു.

വൈറസുകൾ ആതിഥേയ കോശത്തിൽ നിലനിൽക്കുന്നതിനാൽ കോശങ്ങൾക്കു കേടുപാടു വരാതെ അവയെ മാത്രം നശിപ്പിക്കുക എന്നതാണ് മരുന്നു നിർമ്മാണത്തിലെ പ്രധാന വെല്ലുവിളി. ഇപ്പോൾ വൈറസുകളുടെ ജനിതകമാപ്പിങ് സാധ്യമായതിനാൽ മരുന്നു വികസിപ്പിക്കാൻ കൂടുതൽ എളുപ്പമാണ്. വൈറസുകൾ പുറപ്പെടുവിക്കുന്ന എൻസൈമുകളെ തിരിച്ചറിഞ്ഞ് അവയെ നശിപ്പിക്കാനാണു മരുന്നുകൾ ശ്രമിക്കുന്നത്. ചൈനയിലെ രോഗികളിൽ ഏറെക്കുറേ ഫലപ്രദമായി ഇന്റർഫെറോൺ 2ബി ഉപയോഗിക്കാൻ കഴിഞ്ഞുവെന്നതും ആശ്വാസകരമാണ്. അതിനാലാണിപ്പോൾ ഇതിനെ 'അദ്ഭുതമരുന്ന്' എന്നു പാശ്ചാത്യ മാധ്യമങ്ങൾ ഉൾപ്പെടെ വിശേഷിപ്പിക്കുന്നതും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP