Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഹാരത്തിനായി ക്യൂവിൽ നിൽക്കേണ്ടി വരുന്നത് മണിക്കൂറുകൾ; പാൽപ്പൊടിക്കും സോസേജിനും പോലും ക്ഷാമം; പാചക എണ്ണയെങ്കിലും ലഭ്യമാക്കാൻ മാർഗം തേടി സർക്കാർ; കമ്മ്യൂണിസ്റ്റുകൾ സ്വർഗമെന്നു വാഴ്‌ത്തിപ്പാടിയ ക്യൂബയുടെ വർത്തമാനകാല നേർക്കാഴ്‌ച്ചകൾ ആരുടെയും കണ്ണു നനയിക്കുന്നത്

ആഹാരത്തിനായി ക്യൂവിൽ നിൽക്കേണ്ടി വരുന്നത് മണിക്കൂറുകൾ; പാൽപ്പൊടിക്കും സോസേജിനും പോലും ക്ഷാമം; പാചക എണ്ണയെങ്കിലും ലഭ്യമാക്കാൻ മാർഗം തേടി സർക്കാർ; കമ്മ്യൂണിസ്റ്റുകൾ സ്വർഗമെന്നു വാഴ്‌ത്തിപ്പാടിയ ക്യൂബയുടെ വർത്തമാനകാല നേർക്കാഴ്‌ച്ചകൾ ആരുടെയും കണ്ണു നനയിക്കുന്നത്

മറുനാടൻ ഡെസ്‌ക്‌

ഹവാന: ഭൂമിയിലെ സ്വർഗം എന്ന് ഒരുകാലത്ത് കമ്മ്യൂണിസ്റ്റുകാർ കരുതിയിരുന്ന ക്യൂബയിൽ രൂക്ഷമായ ഭക്ഷ്യക്ഷാമം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കു പിന്നാലെ ഭക്ഷ്യ ക്ഷാമമവും രൂക്ഷമായതോടെ പിടിച്ചു നിൽക്കാനാകാതെ ഉഴലുകയാണ് ഈ ലാറ്റിനമേരിക്കൻ രാജ്യം. ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ വ്യാപാര ഉപരോധത്തോടെ പരസ്പര സഹകരണത്തോടെയല്ലാതെ നിലനിൽപ്പേയില്ലെന്ന തിരിച്ചറിവിലാണ് ക്യൂബൻ ഭരണകൂടം. രാജ്യത്തിന്റെ പ്രധാന വരുമാനമാർഗമായിരുന്ന വെനസ്വലേയൻ പൊതുമേഖല എണ്ണക്കമ്പനിയുടെ തകർച്ചയും രാജ്യത്തെ ക്ഷാമം രൂക്ഷമാക്കി.

വെനസ്വലേയിൽ നിന്നും സബ്സിഡി നിരക്കിൽ ലഭിക്കുന്ന എണ്ണയുടെ ക്യൂബയിലേക്കുള്ള വരവ് അടുത്തിടെ നിലച്ചിരുന്നു. ക്യൂബയുടെ എക്കാലത്തെയും ഉറച്ച സഖ്യകക്ഷിയായിരുന്ന വെനസ്വലെയുടെ സമ്പദ് വ്യവസ്ഥ തകർന്നതോടെയാണ് ക്യൂബയുടെ കഷ്ടകാലം ആരംഭിക്കുന്നത്. വെനസ്വലേയിൽ നിന്നും സബ്സിഡി നിരക്കിൽ ലഭിക്കുന്ന എണ്ണയായിരുന്നു ക്യൂബ വൈദ്യുതിക്കായി ഉപയോഗിച്ചിരുന്നത്. കൂടാതെ പണത്തിനായി ഈ എണ്ണയായിരുന്നു പൊതു വിപണിയിൽ ക്യൂബ വിറ്റഴിച്ചിരുന്നത്. എന്നാൽ വെനസ്വലേയുടെ പൊതുമേഖലാ എണ്ണക്കമ്പനി തകർന്നതോടെ ക്യൂബയും സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. അമേരിക്കയുടെ വ്യാപാര ഉപരോധം കൂടിയായപ്പോൾ തകർച്ച പൂർണമായി.

ഭക്ഷ്യ സാധനങ്ങൾക്ക് ക്യൂ നിൽക്കുന്ന ജനത

കോഴിയിറച്ചി മുതൽ സോപ്പു വരെ കിട്ടാൻ നെടുനീളൻ വരിനിന്നു ജനങ്ങൾ, സാധനങ്ങളൊഴിഞ്ഞ കടകളുമായി നഗരങ്ങൾ. ഒരുകാലത്ത് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ സ്വർഗരാജ്യമെന്ന് വാഴ്‌ത്തിപ്പാടിയിരുന്ന ക്യൂബൻ തെരുവകളിലെ വർത്തമാനകാല കാഴ്‌ച്ചയാണിവ. കോഴിയിറച്ചി, മുട്ട, അരി, പയറുവർഗങ്ങൾ, സോപ്പ് എന്നിവ ഉൾപ്പെടെ അവശ്യസാധനങ്ങളുടെ വിൽപനയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുകയാണെന്നു ക്യൂബൻ വ്യാപാരമന്ത്രി ബെറ്റ്സി ഡാസ് വെൽക്കസ് പ്രഖ്യാപിച്ചതിനു പിന്നാലെ അവശ്യ സാധനങ്ങൾക്കു പോലും മണിക്കൂറുകളോളം നീണ്ട ക്യൂവിൽ നിൽക്കേണ്ട ഗതികേടിലാണ് ജനത. .

പാചക എണ്ണയെങ്കിലും ആവശ്യത്തിനു ലഭിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. പാൽപ്പൊടിയും സോസേജും ഒരാൾക്ക് 4 പായ്ക്കറ്റ് വീതം എന്നിങ്ങനെയുള്ള നിയന്ത്രണങ്ങൾ ഇതിനോടകം വന്നു കഴിഞ്ഞു. ഉയർന്ന ഗുണമേന്മ അവകാശപ്പെടുന്ന ബ്രാൻഡഡ് സാധനങ്ങളുടെ കാര്യത്തിലാണു നിയന്ത്രണം ഏറെ കർശനമാക്കിയിരിക്കുന്നത്.

110 ലക്ഷം ജനങ്ങൾ പാർക്കുന്ന രാജ്യം മൊത്തം ഭക്ഷണസാധനങ്ങളുടെ മൂന്നിൽ രണ്ടും ഇറക്കുമതി ചെയ്യുകയാണ്. ജനങ്ങൾക്കു റേഷൻ ബുക്ക് ഉപയോഗിച്ചു തുച്ഛമായ വിലയ്ക്ക് അവശ്യസാധനങ്ങളെല്ലാം നിശ്ചിത അളവിൽ വാങ്ങാവുന്ന സമ്പ്രദായമാണു ക്യൂബയിലുള്ളത്. കൂടുതൽ ആവശ്യമുള്ള സമ്പന്നർക്ക് അധികം പണം കൊടുത്തു വാങ്ങാം.

അമേരിക്കൻ കനിവു കാത്ത് കമ്മ്യൂണിസ്റ്റു ഭരണകൂടം

ക്യൂബയുടെ പുഷ്‌കല കാലം ശീതയുദ്ധത്തിന്റെ കാലഘട്ടമായിരുന്നു. ഭൂമിശാസ്ത്രപരമായി അമേരിക്കയുടെ കക്ഷത്തെന്നപോലെ കിടക്കുന്ന ക്യൂബ എന്ന ചെറു രാജ്യം സോവിയറ്റ് യൂണിയന്റെ തണലിലും ബലത്തിലും അമേരിക്കയെ വെല്ലുവിളിച്ചു നിലകൊണ്ടു. സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം സോഷ്യലിസ്റ്റു ചേരിയിലെ വെനസ്വല ക്യൂബക്ക് തണലേകി. എന്നാൽ വെലസ്വലേയൻ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയും അമേരിക്കൻ ഉപരോധവും ക്യൂബയെ അക്ഷരാർത്ഥത്തിൽ പട്ടിണിയിലേക്ക് തള്ളിവിടുകയാണ്.

ക്യൂവയിൽ പല അവശ്യവസ്തുക്കൾക്കും ഇടയ്ക്കിടെ ക്ഷാമമുണ്ടാകാറുണ്ട്. എന്നാൽ, ഡോണൾഡ് ട്രംപ് പ്രസിഡന്റായതു മുതൽ യുഎസ് ഉപരോധം കർശനമാക്കിയതാണ് സ്ഥിതി രൂക്ഷമാക്കിയത്. രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്ന വെനസ്വേലയിൽനിന്നു കുറഞ്ഞ വിലയ്ക്ക് ക്രൂഡോയിൽ ലഭിക്കുന്നതിനുള്ള തടസ്സവും സ്ഥിതി ഗുരുതരമാക്കിയിരിക്കുകയാണ്.

വിശക്കുന്ന ക്യൂബയല്ല പോരാട്ടത്തിന്റെ ക്യൂബ

ആഹാര സാധനങ്ങൾക്കു വേണ്ടി മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി വരുന്ന ജനതയിലേക്ക് എത്തുന്നതിനും മുമ്പ് ക്യൂബൻ ചരിത്രം പോരാട്ടത്തിന്റേതായിരുന്നു. ഏറ്റവും വലിയ മുതലാളിത്ത ശക്തിയെ അതിന്റെ ഏറ്റവും അടുത്തു നിന്ന് വെല്ലുവിളിച്ച ചരിത്രമാണ് ക്യൂബൻ ജനതയുടേത്. 1959 ജനുവരി ഒന്നിന് അമേരിക്കൻ പിന്തുണയുള്ള ഏകാധിപതി ഫുലെൻഷ്യോ ബാറ്റിസ്റയെ പുറത്താക്കി ഫിഡൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള വിപ്ളവകാരികൾ അധികാരം പിടിച്ചതോടെയാണ് ആധുനിക ക്യൂബയുടെ കഥ തുടങ്ങുന്നത്. 1959 ഏപ്രിൽ 19ന് ഫിഡൽ കാസ്ട്രോ അമേരിക്കൻ വൈസ് പ്രസിഡന്റ് റിച്ചാർഡ് നിക്സണുമായി കൂടിക്കാഴ്ച നടത്തി. ഇതിനുശേഷം ദീർഘകാലത്തേക്ക് ഇരുരാജ്യങ്ങളും തമ്മിൽ ഉന്നതതല ചർച്ചകൾ നടന്നിട്ടില്ല. 1961 ജനുവരി മൂന്നിന് ക്യൂബയിലെ അമേരിക്കൻ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ ദേശസാത്കരിച്ചതിനെത്തുടർന്ന് അമേരിക്ക നയതന്ത്ര ബന്ധങ്ങൾക്കു ശ്രമിച്ചു. എന്നാൽ, 1961 ഏപ്രിൽ 16ന് ഫിഡൽ കാസ്ട്രോ തന്റേതു സോഷ്യലിസ്റ് വിപ്ളവമായി പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസംതന്നെ ക്യൂബ പിടിക്കാനുള്ള സിഐഎയുടെ നീക്കം പരാജയപ്പെട്ടു.

1962 ഫെബ്രുവരി ഏഴിന് അമേരിക്ക ക്യൂബയിലേക്കുള്ള എല്ലാവിധ ചരക്കുകപ്പൽ നീക്കങ്ങൾക്കും ഉപരോധം ഏർപ്പെടുത്തി. ഈ വർഷം തന്നെ സോവിയറ്റ് യൂണിയന്റെ മിസൈലുകൾ ക്യൂബയിൽ കണ്ടെത്തിയത് അമേരിക്ക-സോവിയറ്റ് യൂണിയൻ ബന്ധം വഷളാക്കി.1991 ഡിസംബറിൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ ക്യൂബ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി.

2008 ഫെബ്രുവരി 24ന് റൗൾ കാസ്ട്രോയെ ക്യൂബൻ പ്രസിഡന്റായി ഔദ്യോഗികമായി തെരഞ്ഞെടുത്തു. തുടർന്ന് അമേരിക്കയുമായി ബന്ധം മെച്ചപ്പെടുത്താൻ ശ്രമം നടന്നെങ്കിലും ട്രംപ് അമേരിക്കൻ പ്രസിഡന്റായതോടെ അമേരിക്ക നിലപാട് കടുപ്പിക്കുകയായിരുന്നു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ മിയാമി വഴി അമേരിക്കയിലേക്കു കുടിയേറാനുള്ള ക്യൂബൻ പൗരന്മാരുടെ ശ്രമങ്ങളും സജീവമായിരിക്കുകയാണ്. 1950 കളിൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാരിനോട് സന്ധി ചെയ്യാൻ കഴിയാതിരുന്ന സമ്പന്ന മധ്യവർഗ്ഗം അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിലേയ്ക്ക ചേക്കേറിയിരുന്നു.അമേരിക്ക. സ്പെയിൻ, ഇറ്റലി കാനഡ സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് 15 ലക്ഷത്തോളം ക്യൂബക്കാർ പ്രവാസികളായി ചേക്കേറിയിട്ടുണ്ട് എന്നാണ് കണക്കുകൾ. അമേരിക്കയിൽ കുടിയേറിയ ക്യൂബൻ പൗരന്മാർ തങ്ങളെ രാഷ്ട്രീയ അഭയാർത്ഥികളായാണ് സ്വയം വിശേഷിപ്പിക്കുന്നത്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP