Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്നാറിലെ സിഎസ്‌ഐ ധ്യാനത്തിൽ പങ്കെടുത്തവരിൽ കോവിഡ് ബാധിച്ച് മരിച്ച വൈദികരുടെ എണ്ണം നാലായി; അമ്പൂരി സ്വദേശി ബിനോകുമാറും ആറയൂർ സ്വദേശി ദേവപ്രസാദും മരിച്ചതോടെ ആശങ്ക പെരുകുന്നു; ഗുരുതരാവസ്ഥയിൽ നിരവധി പേർ ചികിത്സയിലും

മൂന്നാറിലെ സിഎസ്‌ഐ ധ്യാനത്തിൽ പങ്കെടുത്തവരിൽ കോവിഡ് ബാധിച്ച് മരിച്ച വൈദികരുടെ എണ്ണം നാലായി; അമ്പൂരി സ്വദേശി ബിനോകുമാറും ആറയൂർ സ്വദേശി ദേവപ്രസാദും മരിച്ചതോടെ ആശങ്ക പെരുകുന്നു; ഗുരുതരാവസ്ഥയിൽ നിരവധി പേർ ചികിത്സയിലും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിഎസ്‌ഐ സഭ മൂന്നാറിൽ നടത്തിയ ധ്യാനത്തിൽ പങ്കെടുത്ത രണ്ടു സഭാശുശ്രൂഷകർ കോവിഡ് ബാധിച്ചു കാരക്കോണം സിഎസ്‌ഐ മെഡിക്കൽകോളജ് ആശുപത്രിയിൽ മരിച്ചു. ധ്യാനത്തിൽ പങ്കെടുത്ത 2 വൈദികർ നേരത്തേ മരിച്ചിരുന്നു. ഇതോടെ ധ്യാനശേഷം മരിച്ചവരുടെ എണ്ണം നാലായി. യോഗത്തിൽ പങ്കെടുത്തു കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായി കഴിയുന്നവരുമുണ്ട്. ഇത് കൂടുതൽ ആശങ്കയ്ക്ക് ഇട നൽകുന്നു.

സിഎസ്‌ഐ അമ്പലക്കാല പള്ളിയിലെ സുവിശേഷകൻ അമ്പൂരി സ്വദേശി ബിനോകുമാറും (39), സിഎസ്‌ഐ കള്ളിക്കാട് വെസ്റ്റ് മൗണ്ട് പള്ളിയിലെ സുവിശേഷകൻ ആറയൂർ സ്വദേശി ദേവപ്രസാദു(59)മാണ് ഇന്നലെ വൈകിട്ടു മരിച്ചത്. ദേവപ്രസാദ് സിഎസ്‌ഐ ദക്ഷിണകേരള മഹായിടവക അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗമാണ്.

ബിനോകുമാറിന്റെ ഭാര്യ: ശോഭ. മക്കൾ: അക്‌സ, അസ്‌ന. ദേവപ്രസാദിന്റെ ഭാര്യ: ക്രിസ്തുജാരത്‌നം. മക്കൾ: ഡയബിഷ്, അജീഷ്. റവ.ബിജുമോൻ, റവ. ഷൈൻ ബി.രാജ് എന്നീ വൈദികരാണ് ഒരാഴ്ച മുൻപു മരിച്ചത്. ഏപ്രിൽ 13 മുതൽ 17 വരെ മൂന്നാർ സിഎസ്‌ഐ പള്ളിയിലായിരുന്നു ധ്യാനം. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടെന്ന് ഒരു വിഭാഗം സഭാ വിശ്വാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരുന്നു. ധ്യാനത്തിൽ പങ്കെടുത്ത 4 പേർ ചികിത്സയിലുണ്ട്.

കോവിഡ് കാലത്ത് സിഎസ്‌ഐ സഭ മൂന്നാറിൽ നടത്തിയ ധ്യാനം വിവാദത്തിലായിരുന്നു. ധ്യാനത്തിൽ പങ്കെടുത്ത ബിഷപ്പ് അടക്കം 100ൽ അധികം വൈദികർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു. അഞ്ചുപേരുടെ നില ഗുരുതരമാണ്. കോവിഡ് ബാധിച്ചവരിൽ ദക്ഷിണ കേരള ഇടവക ബിഷപ്പും സിഎസ്‌ഐ മോഡറേറ്ററുമായ റവ. എ ധർമരാജ് റസാലവും ഉൾപ്പെടുന്നു. അദ്ദേഹം വീട്ടിൽ ക്വറന്റീനിലാണ്. കോവിഡ് മാനദണ്ഡം ലംഘിച്ചാണ് ധ്യാനം നടത്തിയതെന്നാണ് സഭാംഗങ്ങളുടെ തന്നെ ആക്ഷേപം.

ഏപ്രിൽ 13 മുതൽ 17 വരെയായിരുന്നു മൂന്നാർ സിഎസ്‌ഐ പള്ളിയിൽ വൈദികരുടെ ധ്യാനം. ബിഷപ്പ് ധർമരാജ് റസാലം നേതൃത്വം നൽകിയ ധ്യാനത്തിൽ 350ഓളം വൈദികർ പങ്കെടുത്തു. കോവിഡ് പരിഗണിച്ച് ധ്യാനം മാറ്റിവെക്കണമെന്ന് ചിലർ ആവശ്യപ്പെട്ടെങ്കിലും പങ്കെടുക്കാത്തവർക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായും സഭയിൽ നിന്നുള്ള വൃത്തങ്ങൾ പറയുന്നു.

തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ബസുകളിലാണ് വൈദികരെ മൂന്നാറിൽ എത്തിച്ചത്. ധ്യാനത്തിനിടെ വൈദികർക്ക് ശരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടെങ്കിലും കാലവസ്ഥ വ്യതിയാനം നിമിത്തമെന്ന് കരുതി. തുടർന്ന് നാട്ടിലെത്തിയിട്ടും അസ്വസ്ഥതകൾ വിട്ടുമാറാതിരുന്നപ്പോൾ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച വൈദികർ കാരക്കോണം ഡോ. സോമർവെൽ സിഎസ്‌ഐ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബാക്കിയുള്ളവർ വീടുകളിൽ ക്വറന്റീനിലാണ്.

ധ്യാനത്തിന് ശേഷം വൈദികർ പള്ളികളിലെത്തി ആരാധനകളിൽ പങ്കെടുത്തതിനാൽ വിശ്വാസികളും ആശങ്കയിലാണ്. 322 വൈദികരുടെ ധ്യാനം രണ്ട് സംഘങ്ങളായിട്ടാണ് നടത്തിയതെന്നും 24 വൈദികർക്ക് മാത്രമാണ് കോവിഡ് ബാധിച്ചതെന്നും സിഎസ്‌ഐ സഭ വിശദീകരിച്ചു. ധ്യാനത്തിന് അനുമതി തേടിയിരുന്നില്ലെന്നും ഏപ്രിൽ 12 മുതൽ ജില്ലയിൽ പൊതുപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നെന്നും ഇടുക്കി ജില്ല ഭരണകൂടം വ്യക്തമാക്കി. പരമാവധി പരിപാടികൾ ഓൺലൈനായി നടത്തണമെന്ന ഉത്തരവ് നിലനിൽക്കുന്നതിനിടെയായിരുന്നു ധ്യാനം. അതേസമയം ഇതുസംബന്ധിച്ച് പരാതി കിട്ടിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ധ്യാനം സംഘടിപ്പിച്ചതെന്നും സർക്കാരിൽ നിന്നും അനുമതി ഉണ്ടായിരുന്നുവെന്നുമാണ് സഭാ നേതൃത്വം പറയുന്നത്. ചില വൈദികർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നത് ശരിയാണ്. എന്നാൽ ഇത് ധ്യാനത്തിൽ നിന്ന് ലഭിച്ചതല്ല. മറ്റ് അസുഖങ്ങളുള്ളതിനാലാണ് രണ്ട് വൈദികർ മരണപ്പെട്ടത്. സിഎസ്‌ഐ സഭയെ അപകീർത്തിപ്പെടുത്താനുള്ള ചില തൽപര കക്ഷികളുടെ നീക്കമാണ് ആരോപണത്തിന് പിന്നിലെന്നും സഭാ നേതൃത്വം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP