Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അബോർഷൻ ആയ വേദനയിൽ ഞാൻ കിടക്കുമ്പോൾ അങ്ങോട്ട് കിടക്കെടീ ഇങ്ങോട്ട് തിരിയെടീ എന്നൊക്കെ നഴ്‌സുമാരുടെ തെറി; പിന്നീട് നടന്നത് എങ്ങനെ പറയും! എന്റെ മുമ്പിൽ വച്ച് എന്റെ പൊന്നുകുഞ്ഞുങ്ങളെ എവിടെ കളയും എന്ന മന:സാക്ഷിയില്ലാത്ത ചർച്ച; ഒരു തവണ മാത്രമാണ് ഒരു ബോക്‌സിൽ എന്റെ ഇരട്ടക്കുട്ടികളുടെ മുഖം ഞാൻ കണ്ടത്; കോവിഡ് പരിശോധനയുടെ പേരിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ ഗർഭിണിയോട് കാട്ടിയ ക്രൂരതയുടെ വിശദാംശങ്ങൾ പുറത്ത്

അബോർഷൻ ആയ വേദനയിൽ ഞാൻ കിടക്കുമ്പോൾ അങ്ങോട്ട് കിടക്കെടീ ഇങ്ങോട്ട് തിരിയെടീ എന്നൊക്കെ നഴ്‌സുമാരുടെ തെറി; പിന്നീട് നടന്നത് എങ്ങനെ പറയും! എന്റെ മുമ്പിൽ വച്ച് എന്റെ പൊന്നുകുഞ്ഞുങ്ങളെ എവിടെ കളയും എന്ന മന:സാക്ഷിയില്ലാത്ത ചർച്ച; ഒരു തവണ മാത്രമാണ് ഒരു ബോക്‌സിൽ എന്റെ ഇരട്ടക്കുട്ടികളുടെ മുഖം ഞാൻ കണ്ടത്; കോവിഡ് പരിശോധനയുടെ പേരിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ ഗർഭിണിയോട് കാട്ടിയ ക്രൂരതയുടെ വിശദാംശങ്ങൾ പുറത്ത്

എം മനോജ് കുമാർ

 തിരുവനന്തപുരം: കോവിഡിന്റെ പേരിൽ മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതർ കാട്ടിയ ക്രൂരത കാരണമാണ് തന്റെ കടിഞ്ഞൂൽ പ്രസവത്തിലെ രണ്ടു കുട്ടികളെയും നഷ്ടമാകാൻ കാരണമെന്ന് ആരോപണവുമായി യുവതി. മലപ്പുറം വള്ളിക്കുന്ന് സ്വദേശിനിയാണ് തന്റെ ഇരട്ടക്കുട്ടികൾ അഞ്ചാം മാസത്തിൽ മരിക്കാൻ കാരണം മഞ്ചേരി മെഡിക്കൽ കോളേജിന്റെ ക്രൂരതയാണെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. പ്രസവം സുരക്ഷിതമാക്കാനാണ് വന്ദേഭാരത് മിഷന്റെ ഭാഗമായി യുഎഇയിൽ നിന്ന് ഞാൻ നാട്ടിലേക്ക് മടങ്ങിയത്. മെയ്‌ 25 നു ഞാനും ഭർത്താവും നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി.

പക്ഷെ കോവിഡ് പോസിറ്റീവ് എന്ന പേരിൽ ഒരു തവണ മാത്രം വന്ന റിസൽട്ടിന്റെ പേരിൽ കടുകട്ടിയായി മഞ്ചേരി മെഡിക്കൽ കോളെജ് അധികൃതർ പെരുമാറിയപ്പോൾ ജീവിതം തന്നെ നഷ്ടമായ അവസ്ഥയിലായി എന്നാണ് യുവതി മറുനാടനോട് പറഞ്ഞത്. ഒരു തവണ മാത്രമാണ് ഒരു ബോക്‌സിൽ എന്റെ കുട്ടികളുടെ മുഖം ഞാൻ കണ്ടത്. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും. ജീവനില്ലാത്ത അവസ്ഥയിലുള്ള കുട്ടികളുടെ മുഖം. ഞാൻ വളർത്തി വലുതാക്കേണ്ടിയിരുന്ന എന്റെ കുട്ടികൾ അത് നഷ്ടമായി. സർക്കാർ കൂടിയല്ല, മഞ്ചേരി മെഡിക്കൽ കോളേജിലെ സ്റ്റാഫും, എന്നെ സ്രവ പരിശോധനയ്ക്ക് മഞ്ചേരി മെഡിക്കൽ കോളേജിലേക്കും തിരിച്ചും എത്തിച്ച ആംബുലൻസ് ഡ്രൈവർമാരുമാണ് എന്റെ കുട്ടികളെ നശിപ്പിച്ചത്. മുമ്പ് മറുനാടൻ റിപ്പോർട്ട് ചെയ്ത വാർത്തയുടെ വിശദാംശങ്ങൾ ഇങ്ങനെ.

പ്രശ്‌ന സങ്കീർണ്ണമായ അവസ്ഥയിൽ തുടർന്നിരുന്ന ഗർഭിണിയായ എനിക്ക് ഒരു പരിചരണവും ആശുപത്രിയിൽ നിന്ന് ലഭ്യമായില്ല. ആംബുലൻസിൽ ഉള്ള കിലോമീറ്ററുകൾ നീളുന്ന കുലുക്കമുള്ള യാത്രയിൽ തന്നെ പ്രശ്‌നങ്ങൾ തുടങ്ങിയിരുന്നു. ഞങ്ങളുടെ കാറിൽ വരാനുള്ള അനുമതി നിഷേധിച്ചാണ് ആംബുലൻസിൽ തന്നെ വരാൻ ആരോഗ്യവകുപ്പ് അധികൃതർ നിർബന്ധിച്ചത്. പഴയ ആംബുലൻസ് ആണ് ലഭിച്ചത്. അതിന്റെ സീറ്റുകൾ പോലും ഇളകിയാടുന്ന അവസ്ഥയിലായിരുന്നു.

അഞ്ചു മാസം ഗർഭിണിയായ ഞാൻ അങ്ങോട്ടുമിങ്ങോട്ടും നൂറു കിലോമീറ്ററോളം സഞ്ചരിച്ചത് ഈ ആംബുലൻസിലാണ്. ശ്രദ്ധിച്ച് ഓടിക്കാൻ ആംബുലൻസ് ഡ്രൈവർമാരോടു ആവശ്യപ്പെട്ടപ്പോൾ അവർ തെല്ലുപോലും വകവെച്ചില്ല. അടിമുടി കുലുക്കം നിറഞ്ഞ ഈ യാത്രയും ക്രൂരത നിറഞ്ഞ ആശുപത്രി ജീവനക്കാരുടെ പെരുമാറ്റവുമാണ് എന്റെ കുട്ടികളെ അഞ്ചാം മാസത്തിൽ നഷ്ടപ്പെടുത്തിയത്. ആംബുലൻസിൽ ഉള്ള യാത്രയും അതിനു ശേഷം കോവിഡിന്റെ പേരിൽ പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ചുള്ള ചികിത്സയും. ഇതു രണ്ടും കടിഞ്ഞൂൽ കുട്ടികളെ എനിക്ക് നഷ്ടമാക്കി.

ഞങ്ങൾ ഗൾഫിൽ നിന്ന് വന്നത് ആയതിനാൽ കൊറോണ ആണെന്ന സംശയം വരും. അതിനാണ് ടെസ്റ്റ് ചെയ്യാൻ പറഞ്ഞത്. പക്ഷെ എനിക്ക് ഒരു ടെസ്റ്റിൽ മാത്രമാണ് കോവിഡ് പോസിറ്റീവ് കാണിച്ചത്. മറ്റുള്ള ടെസ്റ്റുകൾ എല്ലാം നെഗറ്റീവ് ആണ്. അത് മാത്രമല്ല എനിക്ക് ക്ഷീണം വന്നപ്പോൾ ആശുപത്രിയിൽ എന്നെ കിടത്തിയത് കോവിഡ് രോഗികൾക്കുള്ള ഐസൊലെറ്റഡ് വാർഡിൽ ആണ്. ഒരു പൊലീസുകാരൻ ആശുപത്രിയിലെ ജീവനക്കാരെ അപ്പോൾ ചീത്ത പറഞ്ഞു. എനിക്ക് കോവിഡ് ആണോ എന്ന് പോലും ഉറപ്പില്ലാത്ത അവസ്ഥയിൽ അവിടെ കിടത്തിയതിന്. ടെസ്റ്റ് എടുക്കാൻ മാത്രം വന്ന ആളാണ് ഞാൻ. ആ വാർഡിൽ ഒരു രോഗി അപ്പുറത്തെ ബെഡിൽ വലിയ ശബ്ദത്തിൽ ചുമയ്ക്കുന്നുണ്ടായിരുന്നു. ഇതെല്ലാം കഴിഞ്ഞാണ് എനിക്ക് ടെസ്റ്റ് നടത്തിയത്. ഈ ടെസ്റ്റ് കഴിഞ്ഞു പോകുമ്പോഴും ദുരിതയാത്ര തന്നെയായിരുന്നു. ആംബുലൻസ് ഡ്രൈവറോട് പറഞ്ഞിട്ടു പോലും ഒരു കരുണയും അവർ കാണിച്ചില്ല. കോവിഡ് പോസിറ്റീവ് ആയതോടെ ആശുപത്രിയിൽ അഡ്‌മിറ്റ് ആയപ്പോൾ എനിക്ക് ഈ ദുരിതയാത്രയും അവരുടെ അവിദഗ്ധമായ പരിചരണവും ക്രൂരമായ പെരുമാറ്റങ്ങളും കാരണം കടിഞ്ഞൂൽ കുട്ടികൾ നഷ്ടമായി.

കുലുക്കമുള്ള ആംബുലൻസ് യാത്രയുടെ സമയത്ത് ഞങ്ങൾ സ്വന്തം കാറിൽ സ്രവ പരിശോധനയ്ക്ക് വരാം എന്ന് പറഞ്ഞതാണ്. ആരോഗ്യവകുപ്പ് അധികൃതർ സമ്മതിച്ചില്ല. 16 കിലോമീറ്ററെയുള്ളൂ തിരൂരങ്ങാടിക്ക്. സ്രവ പരിശോധനയ്ക്ക് തിരൂരങ്ങാടി പോയാൽ മതിയായിരുന്നു. പക്ഷെ അവിടെ പോലും പോകാൻ സമ്മതിക്കാതെ മഞ്ചേരി മെഡിക്കൽ കോളേജിൽ പോകണമെന്ന് ആരോഗ്യവകുപ്പ് നിർബന്ധം പിടിച്ചു. ഇതോടെയാണ് മുപ്പത് കിലോമീറ്റർ മാത്രം യാത്ര ചെയ്താൽ മതിയായിരുന്ന എനിക്ക് നൂറു കിലോമീറ്ററോളം യാത്ര ചെയ്യേണ്ടി വന്നത്. കൊറോണയാണോ എന്ന് പോലും ഇപ്പോഴും ഒരുറപ്പുമില്ല. തനിക്ക് കോവിഡ് ആണെന്ന് ഒരു ടെസ്റ്റ് നടത്തി പറഞ്ഞു. എന്നോടൊപ്പമുള്ള ഭർത്താവ് ടെസ്റ്റിൽ നെഗറ്റീവും. തനിക്ക് കോവിഡ് ബാധിച്ചിരുന്നോ എന്ന് പോലും സംശയമുണ്ട് എന്നാണ് യുവതി പറയുന്നത്.

മെയ്‌ 25 നു വിമാനമിറങ്ങി വീട്ടിൽ ക്വാറന്റൈൻ നടത്തുന്ന സമയത്ത് ഒന്നും ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. കോവിഡ് പോസിറ്റീവ് ആകാനുള്ള സാധ്യതകളുമുണ്ടായിരുന്നില്ല. പൊതു സമ്പർക്കമുണ്ടായിരുന്നില്ല. ഫ്‌ളൈറ്റിൽ നിന്നുമുള്ള യാത്രയിൽ ബാത്ത്‌റൂമിൽ ഞാൻ പോവുക പോലും ചെയ്തിട്ടില്ല. മാസ്‌ക് മുഖത്ത് നിന്നും മാറ്റുകയും ചെയ്തിട്ടില്ല. പക്ഷെ ടെസ്റ്റ് പോസിറ്റീവ് എന്ന് പറഞ്ഞതോടെ ദുരിതം തുടങ്ങി. ഈ ദുരിതത്തിനു ഒടുവിൽ കുട്ടികളെ നഷ്ടമാവുകയും ചെയ്തു. ജൂൺ നാലിന് വൈകിട്ടാണ് എന്നെ കോവിഡ് പരിശോധനയ്ക്ക് ആശുപത്രിയിലേക്ക് മാറ്റുന്നത്. വൈകീട്ട് മൂന്നു മണിക്ക് മഞ്ചേരി മെഡിക്കൽ കോളെജിലേക്ക് പോകാൻ ആംബുലൻസ് വന്നു. ആശുപത്രിയിൽ എത്തിയ ശേഷം എനിക്ക് തിരികെ പോകാൻ കഴിഞ്ഞത് അന്ന് പുലർച്ചെ മൂന്നരയ്ക്കും. ജൂൺ അഞ്ചിന് തലേന്നത്തെ കയ്‌പ്പ് നിറഞ്ഞ അനുഭവങ്ങൾ കാണിച്ച് ഞാൻ മന്ത്രിക്ക് പരാതി നൽകിയിരുന്നു.

മികച്ച ഡോക്ടർമാരും നഴ്‌സുമാരും കേരളത്തിലെ ആരോഗ്യ രംഗത്തുണ്ടാകും. പക്ഷെ മഞ്ചേരി മെഡിക്കൽ കോളേജിൽ ഉണ്ട് എന്ന് മാത്രം നിങ്ങൾ പറയരുത്. അബോർഷൻ ആയ വേദനയിൽ ഞാൻ കിടക്കുമ്പോൾ അങ്ങോട്ട് കിടക്കെടീ ഇങ്ങോട്ട് തിരിയെടീ എന്നൊക്കെയാണ് നഴ്‌സുമാർ എന്നോടു പറഞ്ഞത്. ഈ രീതിയിൽ ഒരു രോഗിയെ തെറി പറയാൻ ഇവരെ ആരാണ് പഠിപ്പിച്ചത്. ഞാൻ എന്റെ സ്വന്തം അനുഭവമാണ് പറയുന്നത്. വേദനകൊണ്ട് പിടയുന്ന അഞ്ച് മാസം ഗർഭിണിക്ക് പാരസെറ്റമോൾ ടാബ്ലെറ്റ് ആണ് നൽകിയത്. വയറു തൊട്ടിട്ടു എല്ലാം നോർമൽ ആണെന്ന് പറഞ്ഞു ആ ഡോക്ടർ പോയപ്പോൾ ഒരു മണിക്കൂറിൽ എനിക്ക് അബോർഷനായി. എന്താണ് ഈ ഡോക്ടർക്ക് ഇത് തിരിച്ചറിയാൻ കഴിയാതിരുന്നത്. എന്റെ കുട്ടികളുടെ മുഖമാണ് ഈ ചോദ്യം ഈ ഡോക്ടർക്ക് നേരെ എറിയാൻ എന്നെ പ്രേരിപ്പിക്കുന്നത്. എനിക്ക് രക്തശ്രാവമുണ്ടെന്നു ഞാൻ ഡോക്ടറോടും നഴ്‌സുമാരോടും പറഞ്ഞതാണ്. വേദന വന്നിട്ടും എന്നെ അവർ തിരിഞ്ഞു നോക്കിയില്ല. എനിക്ക് അറിയുന്ന ഡോക്ടറെ വിളിച്ചു പറഞ്ഞു. ആ ഡോക്ടർ പറഞ്ഞ പ്രകാരം നഴ്‌സുമാർ വന്നാണ് എന്നെ പരിശോധിക്കാൻ ഡോക്ടറുടെ അടുത്തേക്ക് നീക്കിയത്. അപ്പോഴേക്കും സമയം വൈകിയിരുന്നു. ഒരു മണിക്കൂർ മുൻപ് എനിക്ക് പരിചരണം ലഭിച്ചിരുന്നെങ്കിൽ കുട്ടികളെ രക്ഷപ്പെടുത്താൻ കഴിയുമായിരുന്നു.

എനിക്ക് ജനിച്ച കുട്ടികൾക്ക് മാന്യമായ സംസ്‌കാരം നടത്താൻ പോലും കഴിഞ്ഞില്ല. എന്റെ വീട്ടുകാരും ഭർതൃവീട്ടുകാരും ക്വാറന്റൈനിൽ. വീട്ടിൽ എത്തിക്കാൻ ആരോഗ്യവകുപ്പിനും വിമുഖത. ആരോഗ്യവകുപ്പ് അധികൃതർ തന്നെയാണ് കുട്ടികളെ അടക്കം ചെയ്തത്. കടിഞ്ഞൂൽ പ്രസവത്തിലെ കുട്ടികളെ അഞ്ചാം മാസത്തിൽ തന്നെ നഷ്ടമാവുക. കുട്ടികളുടെ മരണ സമയത്ത് താങ്ങും തണലുമായി എന്റെ എടുത്ത് ആരുമുണ്ടാകാതിരിക്കുക. ജീവൻ പോലെ എന്റെ വയറ്റിൽ പേറിയ എന്റെ കുട്ടികളെ എവിടെ കളയും എന്നൊക്കെയുള്ള മനസാക്ഷിയില്ലാത്ത ചർച്ചകൾ ആശുപത്രിയിൽ എന്റെ കൺമുന്നിൽ നടക്കുക. മഞ്ചേരി മെഡിക്കൽ കോളേജ് വിചിത്രമാണ്. വിചിത്ര സ്വഭാവക്കാരികളായ ജീവനക്കാർ ആണ് അവിടെ ഉള്ളത്. മരിച്ചു കിടക്കുന്ന കുട്ടികളുടെ മുന്നിലുള്ളത് അവരുടെ അമ്മയാണെന്നോ ജീവനറ്റ കുട്ടികളുടെ മുഖം നോക്കിയിരിക്കുന്ന അമ്മയുടെ മനസിൽ എന്താണ് ഉണ്ടാവുക എന്ന ചിന്ത പോലും ആശുപത്രി ജീവനക്കാരുടെ മനസിൽ വന്നില്ല. ക്രൂരത നിറഞ്ഞ ഒരു കൂട്ടത്തെയാണ് ഞാൻ ആശുപത്രിയിൽ ആ സമയത്ത് കണ്ടത്. വളരെ പിടിപ്പുകെട്ട ജീവനക്കാരും ഡോക്ടർമാരുമാണ് അവിടെ ഉള്ളത് എന്ന് എന്റെ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ എനിക്ക് പറയാൻ കഴിയും.

ജൂൺ എട്ടിനാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആണെന്ന രീതിയിൽ ആശുപത്രിയിൽ നിന്ന് വിളി വന്നത്. കടുത്ത വയറു വേദന കാരണം ക്വാറന്റൈനിൽ ഞാൻ നിലവിളിച്ചപ്പോൾ പോലും ഒരു നഴ്‌സോ ഡോക്ടറോ വന്നില്ല. ഒടുവിൽ ആശുപത്രിയിലെ ഒരു ഡോക്ടറെ വിളിച്ചപ്പോഴാണ് അവർ പറഞ്ഞ പ്രകാരം ഒരു ഗൈനക്കോളജിസ്റ്റ് വന്നത്. അവർക്ക് പോലും എനിക്ക് അബോർഷനാവുകയാണ് എന്ന് പോലും മനസിലായില്ല. ഡോക്ടർ പോയി ഒരു മണിക്കൂർ കഴിഞ്ഞാണ് എനിക്ക് അബോർഷൻ സംഭവിച്ചത്. ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞിട്ടാണ് ഡോക്ടർ പോയത്. എനിക്ക് വേദന തുടർന്ന് കൊണ്ടിരുന്നു.

അബോർഷൻ ആവുകയാണോ പ്രസവവേദനയാണോ എന്നൊന്നും മനസിലാക്കാൻ എനിക്ക് കഴിഞ്ഞതുമില്ല. മഞ്ചേരി മെഡിക്കൽ കോളേജിന്റെ ക്രൂരത കാരണമാണ് എനിക്ക് കുട്ടികളെ നഷ്ടമായത്. കുട്ടികളെ നഷ്ടമായത് 108 ആംബുലൻസ് ഡ്രൈവറുടെ അശ്രദ്ധമായ യാത്ര കാരണവും മഞ്ചേരി മെഡിക്കൽ കോളേജിന്റെ ക്രൂരതകാരണവുമാണ് എന്നാണ് യുവതി പറയുന്നത്. ഇപ്പോൾ തനിക്ക് കുട്ടികളെ നഷ്ടമാകാൻ കാരണം മഞ്ചേരി മെഡിക്കൽ കോളേജിന്റെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകാനുള്ള ഒരുക്കത്തിലാണ് യുവതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP