Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

കൊല്ലപ്പെട്ട ധീരജവാന്മാരുടെ എണ്ണം 44 ആയി ഉയർന്നു; രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചവരിൽ വയനാട് സ്വദേശിയായ വസന്ത കുമാറും; ഭീകരാക്രമണം ഒരുക്കിയത് 350 കിലോ സ്‌ഫോടന വസ്തുക്കൾ നിറച്ച സ്‌കോർപ്പിയോ ബോധപൂർവ്വം ഭടന്മാർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഇടിച്ചു കയറ്റി; രണ്ട് വർഷം നീണ്ട തയ്യാറെടുപ്പിനൊടുവിൽ ഭീകരർ പൂർത്തിയാക്കിയത് ജെയ്‌ഷെ മുഹമ്മദിന്റെ ഓപ്പറേഷൻ തലവൻ ഖാലിദിനെ ഇന്ത്യൻ സേന വധിച്ചതിന്റെ പ്രതികാരം

കൊല്ലപ്പെട്ട ധീരജവാന്മാരുടെ എണ്ണം 44 ആയി ഉയർന്നു; രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചവരിൽ വയനാട് സ്വദേശിയായ വസന്ത കുമാറും; ഭീകരാക്രമണം ഒരുക്കിയത് 350 കിലോ സ്‌ഫോടന വസ്തുക്കൾ നിറച്ച സ്‌കോർപ്പിയോ ബോധപൂർവ്വം ഭടന്മാർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഇടിച്ചു കയറ്റി; രണ്ട് വർഷം നീണ്ട തയ്യാറെടുപ്പിനൊടുവിൽ ഭീകരർ പൂർത്തിയാക്കിയത് ജെയ്‌ഷെ മുഹമ്മദിന്റെ ഓപ്പറേഷൻ തലവൻ ഖാലിദിനെ ഇന്ത്യൻ സേന വധിച്ചതിന്റെ പ്രതികാരം

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഭികാരാക്രമണത്തിൽ 44 സിആർപിഎഫ്. ജവാന്മാർക്ക് വീരമൃത്യു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. സമീപകാലത്ത് രാജ്യംകണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിൽ മലയാളിയും കൊല്ലപ്പെട്ടു. ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി നടത്തിയ ചാവേർ ആക്രമണത്തിൽ വയനാട് ലക്കിടി സ്വദേശിയായ വി വി വസന്തകുമാറാണ് മരിച്ചത്. സിആർപിഎഫിന്റെ എൺപത്തിരണ്ടാം ബെറ്റാലിയനിൽപ്പെട്ട വസന്ത് കുമാർ അടക്കമുള്ളവരെ ലക്ഷ്യമിട്ടായിരുന്നു ചാവേർ ആക്രമണം. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റു. മരണസംഖ്യ ഉയരാനിടയുണ്ട്. വയനാട് വൈത്തിരി കുന്നത്തിടവക വില്ലേജിൽ വെറ്ററിനറി കോളേജിന് സമീപം പരേതനായ വാസുദേവന്റെ മകൻ വി.വി.വസന്തകുമാറാണ് വീരമൃത്യു വരിച്ച മലയാളി.

ജമ്മു - ശ്രീനഗർ ദേശീയ പാതയിലെ അവന്തിപ്പൊരയിൽ ഇന്നലെ ഉച്ചതിരിഞ്ഞ് വൈകീട്ട് 3.25 നാണ്, ജമ്മുകശ്മീരിന്റെ ചരിത്രത്തിൽ ഇന്ത്യൻ സേനയ്ക്ക് നേരെയുണ്ടാകുന്ന ഏറ്റവും കനത്ത ഭീകരാക്രമണം നടന്നത്. സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ 350 കിലോഗ്രാം സ്‌ഫോടക വസ്തു നിറച്ച വാഹനം ഓടിച്ചുകയറ്റിയാണ് തീവ്രവാദി സ്‌ഫോടനം നടത്തിയത്. വാഹന വ്യൂഹത്തിന്റെ മധ്യഭാഗത്തായി 42 പേർ സഞ്ചരിച്ച ബസിലേയ്ക്കാണ് ഇയാൾ സ്‌കോർപ്പിയോ വാഹനം ഇടിച്ചു കയറ്റിയത്. ജയ്‌ഷെ മുഹമ്മദ് അംഗം ആദിൽ അഹമ്മദാണ് ചാവേറാക്രമണം നടത്തിയത്. പുൽവാമ സ്വദേശിയായ ഇയാൾ 2018 ലാണ് ജയ്‌ഷെ മുഹമ്മദിൽ ചേർന്നത്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേയ്ക്ക് പോയ വാഹനവ്യൂഹത്തിൽ 78 ബസുകളുണ്ടായിരുന്നു. 2500 ലധികം ജവാന്മാരാണ് വാഹനങ്ങളിലുണ്ടായിരുന്നത്. അന്വേഷണത്തിനായി 12 അംഗ എൻഐഎ സംഘം ജമ്മു കശ്മീരിലെത്തും. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും സ്ഥിതിഗതികൾ വിലയിരുത്തി. ഭീകരതയ്‌ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില കൊള്ളുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രതികരിച്ചു.

ഉഗ്രസ്ഫോടനത്തിൽ ബസ് വെറും ലോഹക്കഷണമായി മാറി. ശരീരഭാഗങ്ങൾ ആക്രമണസ്ഥലത്തിനു ചുറ്റും ചിതറിത്തെറിച്ചു. സ്ഫോടനശബ്ദം 12 കിലോമീറ്റർ അകലെവരെ കേട്ടതായി നാട്ടുകാർ പറഞ്ഞു.  78 വാഹനങ്ങളുൾപ്പെട്ട വ്യൂഹത്തിനുനേരെ ജയ്‌ഷെ ഭീകരൻ ആദിൽ അഹമ്മദ് ദർ സ്ഫോടകവസ്തു നിറച്ച സ്‌കോർപിയോ ഓടിച്ചുകയറ്റുകയായിരുന്നു. 350 കിലോഗ്രാം സ്ഫോടകവസ്തുക്കളാണ് അതിലുണ്ടായിരുന്നത്. പുലർച്ചെ മൂന്നരയ്ക്ക് ജമ്മുകശ്മീരിൽനിന്ന് പുറപ്പെട്ട വാഹനവ്യൂഹം വൈകീട്ട് മൂന്നേകാലിന് അവന്തിപ്പോറയിലെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ശ്രീനഗറിലെത്താൻ 30 കിലോമീറ്റർ മാത്രം ശേഷിക്കെയാണിത്.

ജവാന്മാരിലധികവും അവധികഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാൻ എത്തിയവരായിരുന്നു. ആക്രമണത്തിനു പിന്നിൽ പാക്കിസ്ഥാനാണെന്നും തിരിച്ചടിക്കുമെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. രാജ്യസുരക്ഷയ്ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി വെള്ളിയാഴ്ച രാവിലെ അടിയന്തര യോഗം ചേരും. പുൽവാമയിലെ കാകപോറയിൽനിന്നുള്ള ആദിൽ അഹമ്മദ് ദർ ആണ് ചാവേറായെത്തിയതെന്ന് വീഡിയോയിലൂടെ ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് അവകാശപ്പെട്ടു. കാകപോറയിലെ ഗുണ്ടിബാഗിൽനിന്നുള്ള ദർ കഴിഞ്ഞവർഷമാണ് ജെയ്‌ഷെ മുഹമ്മദിൽ ചേർന്നത്. വഖാസ് കമാൻഡോ എന്നാണ് ഇയാൾ അറിയപ്പെടുന്നത്. ദർ ആക്രമണത്തിനു പുറപ്പെടുംമുമ്പ് ചിത്രീകരിച്ചതാണ് ഈ വീഡിയോ എന്നു കരുതുന്നു. ഡസൻ കണക്കിന് വാഹനങ്ങൾ തകർത്തെന്ന് ജെയ്‌ഷെ വക്താവ് അവകാശപ്പെട്ടു.

ജയ്‌ഷെ മുഹമ്മദിന്റെ ഓപ്പറേഷൻ ചീഫ് ആയിരുന്ന ഖാലിദിനെ 2017ൽ ഇന്ത്യൻ സേന വെടിവച്ചു കൊന്നിരുന്നു. ഇതിനു തിരിച്ചടിയായി കശ്മീരിൽ ഭീകരർ വ്യാപക ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നുണ്ടായിരുന്നു. ഉഗ്രശേഷിയുള്ള ഇംപ്രവൈസ്ഡ് എക്‌സ്പ്ളോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിച്ചായിരുന്നു സ്‌ഫോടനം. ആക്രമണത്തിൽ പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ചാവേർ ആക്രമണത്തിനു പിന്നാലെ വെടിവയ്പും ഉണ്ടായതായി പരിസരവാസികൾ പറഞ്ഞു. സംഭവത്തെ തുടർന്നു പ്രദേശത്തു വൻ സൈനിക സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടന്ന ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്രസർക്കാർ കാണുന്നത്. നിന്ദ്യമായ ആക്രമണമാണ് നടന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായും പ്രധാനമന്ത്രി സംസാരിച്ചു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വെള്ളിയാഴ്ചത്തെ ബീഹാർ സന്ദർശനം റദ്ദാക്കി. സിആർപിഎഫ് ജവാന്മാർക്ക് നേരെ പുൽവാമയിൽ നടന്ന ആക്രമണം നിന്ദ്യമാണ്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. നമ്മുടെ സുരക്ഷാ സേനയുടെ ജീവത്യാഗം പാഴാകില്ല. ധീരരക്തസാക്ഷികളുടെ കുടുംബങ്ങളോടൊപ്പം രാജ്യം തോളോട് തോൾ ചേർന്ന് നിൽക്കുകയാണ്. പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും കശ്മീർ ഭീകരാക്രമണത്തെ അപലപിച്ചു. ആക്രമണത്തെ വിശേഷിപ്പിക്കാൻ വാക്കുകളില്ലെന്ന് കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു. ഈ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ കേന്ദ്രസർക്കാരും വിവിധ രാഷ്ട്രീയ പാർട്ടികളും യോജിച്ച് മുന്നോട്ട് വരണമെന്നും മെഹബൂബ പറഞ്ഞു. ആക്രമണം ഞെട്ടിക്കുന്നതാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, രൺദീപ് സിങ് സുർജേവാല തുടങ്ങിയവരും ആക്രമണത്തെ അപലപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP