Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം ചൈന കൊണ്ടുപോയത് മോദിയുടെ ആഗോള പ്രതിച്ഛായക്കും തിരിച്ചടിയായി; 'ത്രികാല ജ്ഞാനിയായ' മന്മോഹനിൽ നിന്നും പ്രധാനമന്ത്രി ഉപദേശം തേടുമോ? ഇതുവരെ മിണ്ടാതിരുന്ന രാഹുൽ ഗാന്ധിയും തലപൊക്കി തുടങ്ങി; നോട്ട് നിരോധനത്തിൽ എത്ര പണം തിരിച്ചെത്തിയെന്ന് അറിയില്ലെന്ന് കൈമലർത്തി ജെയ്റ്റ്ലിയും

അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം ചൈന കൊണ്ടുപോയത് മോദിയുടെ ആഗോള പ്രതിച്ഛായക്കും തിരിച്ചടിയായി; 'ത്രികാല ജ്ഞാനിയായ' മന്മോഹനിൽ നിന്നും പ്രധാനമന്ത്രി ഉപദേശം തേടുമോ? ഇതുവരെ മിണ്ടാതിരുന്ന രാഹുൽ ഗാന്ധിയും തലപൊക്കി തുടങ്ങി; നോട്ട് നിരോധനത്തിൽ എത്ര പണം തിരിച്ചെത്തിയെന്ന് അറിയില്ലെന്ന് കൈമലർത്തി ജെയ്റ്റ്ലിയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നിലയിൽ ഇന്ത്യയെ കൊണ്ടെത്തിച്ച ഭരണാധികാരിയെന്ന നിലയിലാണ് നരേന്ദ്ര മോദി വിദേശ മാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായി പ്രകീർത്തിക്കപ്പെട്ടത്. വികസനത്തിന്റ കാര്യത്തിൽ റഷ്യയെയും ചൈനയെയും പോലുള്ള പ്രബല രാഷ്ട്രങ്ങളെ പോലും ഉൾപ്പെടെ കടത്തിവെട്ടി മുന്നേറുന്ന ഇന്ത്യ കുറേക്കാലത്തേക്ക് ശക്തമായ വളർച്ചാ നിരക്ക് രേഖപ്പെടുത്തുന്ന രാജ്യമാകുമെന്നും രാജ്യം പുരോഗതിയുടെ പാതയിലാണെന്നും വിദേശ മാധ്യമങ്ങൾ ഉൾപ്പെടെ എഴുതിവരുന്നതിന് ഇടയ്ക്കാണ് കഴിഞ്ഞ വർഷം അവസാനം ഇന്ത്യയിൽ കറൻസി നിരോധനം നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നത്.

ഇതോടെ കാര്യങ്ങൾ തകിടം മറിഞ്ഞുവെന്ന് അന്നുതന്നെ ലോകമാധ്യമങ്ങളിൽ വിമർശനം ഉയർന്നു. ഇപ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന ത്രൈമാസ റിസൽട്ട് വന്നപ്പോൾ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.1 ശതമാനമായി ഇടിഞ്ഞുവെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ ഇന്ത്യയുടെ വളർച്ച കീഴോട്ട് പോകുകയാണെന്ന തരത്തിൽ വ്യാഖ്യാനങ്ങളും വന്നുതുടങ്ങി.

അന്ന് കറൻസി നിരോധനത്തെ പറ്റി പാർലമെന്റിൽ നടന്ന ചർച്ചയിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ലോകത്തെ മികച്ച സാമ്പത്തിക വിദഗ്ധരിൽ ഒരാളുമായ ഡോ. മന്മോഹൻസിങ് നോട്ടുനിരോധനത്തെ ചരിത്രപരമായ വിഡ്ഢിത്തമെന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യയുടെ വളർച്ചയിൽ വലിയ ആഘതമേൽപ്പിക്കുന്ന ഇത്തരമൊരു നടപടി ഒരു മുൻകരുതലും കൂടാതെ തികച്ചും അശാസ്ത്രീയമായി നടപ്പാക്കിയെന്ന മന്മോഹന്റെ വിലയിരുത്തൽ പക്ഷേ അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ പുച്ഛിച്ചുതള്ളി.

യുപിഎ സർക്കാരിന്റെ നയങ്ങൾ നടപ്പാക്കുമ്പോഴും സാമ്പത്തിക രംഗത്ത് ഇന്ത്യയെ പിടിച്ചുനിർത്തുന്ന നിലപാട് മന്മോഹൻ സ്വീകരിച്ചിരുന്നുവെന്ന് അക്കാലത്ത് മാധ്യമങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ മോദിയുടെ കറൻസി നിരോധനം ധീരതയായി വാഴ്‌ത്തിയവരും ഇപ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദ ഫലം വന്നതോടെ തിരിച്ച് പറഞ്ഞുതുടങ്ങി. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ രണ്ടു ശതമാനത്തിന്റെ കുറവ് വരുമെന്നും അതിൽ നിന്ന് ഇന്ത്യ കരകയറാൻ ഏറെക്കാലമെടുക്കുമെന്നും ആണ് അന്ന് മന്മോഹൻ വിലയിരുത്തിയത്. മന്മോഹൻ പാർലമെന്റിൽ നടത്തിയ ക്ഷണനേരത്തെ പ്രസംഗത്തിൽ ഉന്നയിച്ച വിഷയങ്ങൾ തന്നെയാണ് ഇപ്പോൾവളർച്ചാ നിരക്കിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെയും ചർച്ചയാകുന്നത്.

ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് കനത്ത പ്രത്യാഘാതമാണ് കറൻസി നിരോധനം ഉണ്ടാക്കിയതെന്നതിന്റെ ആദ്യ സൂചനയായി ആണ് ഈ വളർച്ചാനിരക്കിൽ ഉണ്ടായ കുറവിനെ സാമ്പത്തിക വിദഗ്ധരും വിലയിരുത്തുന്നത്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യപാദ ഫലം വരുമ്പോൾ ഇതിലും താഴോട്ടുപോകുമെന്നും അത് എത്രത്തോളമായിരിക്കുമെന്ന് പ്രവചിക്കുക അസാധ്യമെന്നും വിലയിരുത്തലുകൾ വരുന്നു. കറൻസി നിരോധനം പോലെ ഒരു പരീക്ഷണം ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് കാർഷിക, വ്യാവസായിക മേഖലകളിൽ വൻ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

എന്നാൽ സർക്കാർ ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്. ഇത്തരമൊരു വാദത്തിന് പ്രസക്തിയില്ലെന്നും ആഗോളതലത്തിൽ ഉണ്ടായ മാന്ദ്യമാണ് ഇന്ത്യയിൽ പ്രതിഫലിക്കുന്നതെന്നും ആണ് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ഇക്കാര്യത്തിൽ പ്രതികരിച്ചത്. ജിഎസ്ടി വരുന്നതോടെ ഇന്ത്യ നില മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്ന ജെയ്റ്റ്‌ലി ഏഴുമുതൽ എട്ടു ശതമാനം വരെ വളർച്ച ന്യായീകരിക്കത്തക്കതാണെന്നും പറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തെ ജിഡിപി നിരക്കിനെ ബാധിച്ച നിരവധി കാര്യങ്ങളുണ്ട്. കറൻസി നിരോധനത്തിന് മുമ്പുതന്നെ ലോകരാജ്യങ്ങളിൽ ഉണ്ടായ വളർച്ചാക്കുറവാണ് ഇവിടെ പ്രതിഫലിച്ചത്. - ജെയ്റ്റ്‌ലി പറയുന്നു.

ബുധനാഴ്ച പുറത്തുവന്ന ജിഡിപി ഡാറ്റ പ്രകാരം രാജ്യത്തെ വളർച്ചാ നിരക്ക് 2016-17 സാമ്പത്തിക വർഷം 6.1 ശതമാനമായി കുറഞ്ഞപ്പോൾ സാമ്പത്തിക വളർച്ച മൊത്തം സാമ്പത്തിക വർഷത്തിൽ 7.1 ശതമാനമായിരുന്നു. മോദിയുടെ കറൻസി നിരോധനത്തിലൂടെ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന ബഹുമതി ഇന്ത്യയ്ക്ക് നഷ്ടമായി. ഇതേ കാലയളവിൽ ചൈനയുടെ സാമ്പത്തിക വളർച്ച 6.9 ശതമാനമായി ഇന്ത്യയെ പിന്നിലാക്കുകയും ചെയ്തു. ഇതോടെ മൂന്നുവർഷം പിന്നിടുന്ന വേളയിൽ മോദിയുടെ ശോഭകെടുന്ന ഫലമാണ് സാമ്പത്തിക രംഗത്ത് പ്രത്യക്ഷപ്പെട്ടത്.

ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയിലുണ്ടായ വർധനവ് കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന അതിന് പുറമെ ജെയ്റ്റ്‌ലി ചരക്കു സേവന നികുതി സമ്പ്രദായം രാജ്യത്ത് നടപ്പാക്കുമ്പോൾ സാമ്പത്തിക രംഗത്ത് മെച്ചപ്പെടൽ ഉണ്ടാവുമെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ കാർഷിക, നിർമ്മാണ മേഖലയിൽ കറൻസി നിരോധന കാലത്ത് ഉണ്ടായ വൻ തിരിച്ചടി എങ്ങനെ മറികടക്കുമെന്നതിന് കേന്ദ്രസർക്കാരിന് ഇതുവരെ ഉത്തരം കണ്ടെത്താനായിട്ടില്ലെന്ന് വിമർശകരും ചൂണ്ടിക്കാട്ടുന്നു.

കള്ളപ്പണം എത്രത്തോളം കണ്ടെത്താനായെന്നോ കറൻസി നിരോധനം കൊണ്ട് ഉദ്ദേശിച്ച കാര്യങ്ങളിൽ എന്തുമാത്രം പുരോഗതിയുണ്ടായെന്നോ വ്യക്തമാക്കാൻ കറൻസി നിരോധനം കഴിഞ്ഞ് ആറാംമാസത്തിലേക്ക് എത്തുമ്പോഴും കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ല. ഇത്തരത്തിൽ വലിയ പ്രതീക്ഷയുണ്ടെന്ന് ആദ്യം പറഞ്ഞിരുന്ന കേന്ദ്രസർക്കാർ ഇപ്പോൾ ഒരക്ഷരം പോലും കള്ളപ്പണത്തിന്റ കാര്യത്തിൽ മിണ്ടുന്നുമില്ല.

ഇതോടെ എന്തിനായിരുന്നു കറൻസി നിരോധനമെന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുന്നു. എന്നാൽ ഇതിന് ശേഷം രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനായതോടെ ഇക്കാര്യത്തിൽ രാഷ്ട്രീയ വിമർശനങ്ങൾക്ക് പ്രതിപക്ഷവും കെൽപ്പില്ലാതെ നിൽക്കുന്ന സ്ഥിതിയായി. എന്നാൽ ഇപ്പോൾ വളർച്ചാ നിരക്ക് ഏതാണ്ട് ഒരു ശതമാനത്തോളം കുറഞ്ഞതോടെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയുൾപ്പെടെ വിമർശനങ്ങളും ഉയർത്തിക്കഴിഞ്ഞു.

പിന്നിട്ട കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് രാജ്യത്ത് വളർച്ചാമുരടിപ്പാണ് ഉണ്ടാകുന്നതെന്ന വിമർശനം പലകുറി ഉയർന്നെങ്കിലും രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) താഴോട്ടുപോകാതെ പിടിച്ചുനിർത്താൻ മന്മോഹൻസിംഗിന് കഴിഞ്ഞിരുന്നു. മന്മോഹൻ കൊണ്ടുവന്ന സ്വതന്ത്ര മാർക്കറ്റ് ഇക്കോണമിയായിരുന്നു. വിദേശ ഇടപെടലുകൾക്ക് വിപണി തുറന്നുകൊടുത്ത നയം അന്ന് പരക്കെ എതിർക്കപ്പെട്ടെങ്കിലും അന്നുമുതലുള്ള വിദേശ മൂലധനത്തിന്റെ വരവാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നേട്ടത്തിന്റെ ആണിക്കല്ലായത്.

എന്നാൽ അതിന്റെ ചുവടുപിടിച്ച് മോദി സർക്കാരിന്റെ കാലത്ത് വലിയ തോതിൽ വിദേശമൂലധനം ഇന്ത്യയിലേക്ക് എത്തുന്നുമില്ലെന്ന സ്ഥിതിയാണ് ഉള്ളതെന്നും സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന് പിന്നാലെയാണ് കറൻസി നിരോധനം കൊണ്ട് ആഭ്യന്തര ഉത്പാദനത്തിൽ വന്ന ക്ഷീണം. ഇതിനെ മറികടക്കാൻ അത്രയെളുപ്പം ഇന്ത്യയ്ക്കാവില്ലെന്ന വിലയിരുത്തലുകളാണ് പൊതുവേ ഉയരുന്നത്.

സോഷ്യൽ മീഡിയയിലും ഇക്കാര്യത്തിൽ വലിയ വിമർശനങ്ങളാണ് കേന്ദ്രസർക്കാരിനെതിരെ ഉയരുന്നത്. മോദി സാമ്പത്തിക കാര്യത്തിൽ ഇനിയെങ്കിലും മന്മോഹനെ പോലെ അറിവുള്ളവർ പറയുന്നത് കേൾക്കൂ എന്നും സാമ്പത്തിക കാര്യത്തിൽ ലോകം ആദരിക്കുന്ന ത്രികാലജ്ഞാനിയാണ് മന്മോഹനെന്നുമെല്ലാം ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP