Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

'കാശല്ലേ വേണ്ടത്.. തരാം.. അൽപം കാത്തിരിക്കണം' എന്ന് നിർമ്മാതാവ്; 'ദിലീപിനെ പോലെ ചേട്ടൻ നാറാനാണോ ..' എന്ന് നടി; കൊച്ചിയിൽ വൈശാഖ് രാജനെതിരെ നൽകിയ ബലാത്സംഗ പരാതി ബ്‌ളാക്ക് മെയിലിങ് ഉദ്ദേശിച്ച് തന്നെ; വിലപേശുന്നത് ആറുകോടിക്ക് വേണ്ടിയെന്നും സൂചനകൾ; ചങ്ക്‌സ് നിർമ്മാതാവിന് എതിരായ കേസിൽ വാട്‌സ്ആപ് ചാറ്റും ഫോൺ വിളികളും നിർണായക തെളിവാകും; മുൻകൂർ ജാമ്യം നൽകി കോടതി നടത്തിയ നിരീക്ഷണങ്ങളും പ്രസക്തം

'കാശല്ലേ വേണ്ടത്.. തരാം.. അൽപം കാത്തിരിക്കണം' എന്ന് നിർമ്മാതാവ്; 'ദിലീപിനെ പോലെ ചേട്ടൻ നാറാനാണോ ..' എന്ന് നടി; കൊച്ചിയിൽ വൈശാഖ് രാജനെതിരെ നൽകിയ ബലാത്സംഗ പരാതി ബ്‌ളാക്ക് മെയിലിങ് ഉദ്ദേശിച്ച് തന്നെ; വിലപേശുന്നത് ആറുകോടിക്ക് വേണ്ടിയെന്നും സൂചനകൾ; ചങ്ക്‌സ് നിർമ്മാതാവിന് എതിരായ കേസിൽ വാട്‌സ്ആപ് ചാറ്റും ഫോൺ വിളികളും നിർണായക തെളിവാകും; മുൻകൂർ ജാമ്യം നൽകി കോടതി നടത്തിയ നിരീക്ഷണങ്ങളും പ്രസക്തം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നിർമ്മാതാവ് വൈശാഖ് രാജനെതിരെ പീഡന പരാതി നൽകിയ യുവനടി യഥാർത്ഥത്തിൽ ഉദ്ദേശിച്ചത് ബ്‌ളാക്ക്‌മെയിലിംഗിലൂടെ പണം തട്ടാനായിരുന്നു എന്ന് വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ബലാത്സംഗ പരാതിയിൽ എറണാകുളം സെഷൻ കോടതി നിർണായക പരാമർശങ്ങൾ നടത്തുകയും വൈശാഖ് രാജൻ സമർപ്പിച്ച വാട്‌സ്ആപ് ചാറ്റും ഓഡിയോ സിഡിയും പരിശോധിച്ച് അദ്ദേഹത്തിന് മുൻകൂർ ജാമ്യം നൽകുകയും ചെയ്തിരുന്നു. ഇതോടെ തന്നെ വ്യാജ ആരോപണമാണ് ഉയർന്നതെന്ന സംശയം ബലപ്പെട്ടിരുന്നു. ഇതിനെ സാധൂകരിക്കുന്ന ഫോൺ റെക്കോർഡ് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പുതിയ സംഭാഷണങ്ങളിൽ നിന്ന് പരാതി നൽകിയതിലൂടെ യുവനടി ഉദ്ദേശിച്ചത് ബ്‌ളാക്ക്‌മെയിലിങ് തന്നെയാണെന്ന സൂചനകൾ കൂടുതൽ പ്രബലമാകുകയാണ്. സിനിമാ നിർമ്മാതാവ് വൈശാഖ് രാജൻ നടിയെ പീഡിപ്പിച്ചുവെന്ന കേസിൽ നിർണായക വഴിത്തിരിവ് ആണ് ഉണ്ടായിരിക്കുന്നത്. പണത്തിനായുള്ള ബ്ലാക്‌മെയിലിങ് ആണ് നടന്നതെന്ന് സംശയിക്കാവുന്ന തെളിവുകൾ പുറത്തുവരുന്നു. പൊലീസിൽ പരാതി നൽകിയ ശേഷം പ്രതിയായ നിർമ്മാതാവിനെ നടി ഫോണിൽ വിളിച്ച് പണം ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയാണ് മനോരമ ന്യൂസ് പുറത്തുവിട്ടത്. കേസിൽ നിന്ന് പിന്മാറാൻ ആറുകോടി ആവശ്യപ്പെടുന്ന ആറുകോടിയാണ് ഡിമാൻഡ്. ഇതടക്കം രേഖകൾ പരിശോധിച്ചാണ് പ്രതിക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതെന്നും വ്യക്തമാകുന്നു

വൈശാഖ് രാജൻ നിർമ്മിച്ച് 2015ൽ പുറത്തിറങ്ങിയ ചങ്ക്‌സ് എന്ന സിനിമയിൽ ഏതാനും സീനിൽ അഭിനയിച്ച കൊച്ചിക്കാരിയായ യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. അടുത്ത സിനിമയിൽ നല്ല വേഷം നൽകാമെന്ന് വാഗ്ദാനം നൽകി ഫ്‌ളാറ്റിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതിന് മുമ്പും ശേഷവുമായി ഇരുവരും തമ്മിൽ ഫോൺ സംഭാഷണങ്ങൾ നടന്നിരുന്നു. ഇതിലൊരു സംഭാഷണമാണ് ബ്‌ളാക്ക്‌മെയിലിങ് ലക്ഷ്യത്തോടെയാണ് പരാതി നൽകിയതെന്ന സൂചകൾ വെളിവാക്കുന്നത്.

'കാശല്ലേ വേണ്ടത്, അല്പം കാത്തിരിക്കണം, തരാം, ഉണ്ടാക്കണം, തരില്ല എന്ന് പറഞ്ഞില്ലല്ലോ' എന്നാണ് ഒരു ഫോൺ സംഭാഷണത്തിൽ നിർമ്മാതാവ് പറയുന്നത്. പ്രതിയായ നിർമ്മാതാവ് മുൻകൂർ ജാമ്യഹർജി വഴി കോടതിയെ അറിയിച്ചത് പോലെ പണത്തിന്റെ കാര്യത്തിൽ ഇരുവരും തമ്മിൽ നേരത്തെ ചർച്ച തുടങ്ങിക്കഴിഞ്ഞുവെന്ന് ഇതിൽ വ്യക്തമാകുന്നു. കേസിൽ നിന്ന് പിന്മാറാൻ ആറുകോടിയാണ് പരാതിക്കാരി ആവശ്യപ്പെടുന്നത്. എന്നാൽ പണം എന്നോ രൂപ എന്നോ പറയാതിരിക്കാൻ വളരെ ശ്രദ്ധിച്ചാണ് സംസാരം മുന്നോട്ടുപോകുന്നത്. 'നിനക്ക് പണമല്ലേ ആവശ്യം. ഫിലിമിന്റെ കാര്യമല്ലേ അങ്ങനെ പറ ..... എനിക്കറിയാം ഫിലിമിന്റെ കാര്യമാണെന്ന് ... ഇത്തരത്തിൽ സംഭാഷണം തുടരുന്നെങ്കിലും കോഡുകൾ ഇടയ്ക്ക വിട്ടുപോകുന്നുമുണ്ട്. അതിനാൽ തന്നെ വിലപേശലിനൊടുവിൽ ആ ജാഗ്രത പാളിപ്പോകുകയും ചെയ്യുന്നു.

തുക സമയത്ത് നൽകാതെ വൈകിച്ചാൽ എന്താണ് ഭവിഷ്യത്ത് എന്ന് പരാതിക്കാരി മുന്നറിയിപ്പ് നൽകുന്നതിൽ നിന്നുതന്നെ ഇക്കാര്യം വ്യക്തമാകും. 'ദിലീപിനെ പോലെ ചേട്ടൻ നാറാനാണോ ..' എന്നാണ് ചോദ്യം. ഇങ്ങനെ നടന്ന സംഭാഷണങ്ങളും സംഭാഷണങ്ങളും പരാതിക്കാരിയും നിർമ്മാതാവുമായുള്ള വാട്സ്ആപ്പ് മെസേജുകളും പരിശോധിച്ചാണ് എറണാകുളം കോടതി കഴിഞ്ഞയാഴ്ച പ്രതി വൈശാഖ് രാജന് മുൻകൂർ ജാമ്യം അനുവദിച്ചത്.

ജഡ്ജി കൗസർ ഇടപ്പകത്ത് ഉത്തരവിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ കഴിഞ്ഞദിവസം മറുനാടൻ പുറത്തുവിട്ടിരുന്നു. 2017 ജൂലൈയിൽ നടന്നതായി പരാതിയിൽ പറയുന്ന പീഡനം പൊലീസിൽ അറിയിക്കുന്നത് ഏതാണ്ട് ഒന്നര വർഷത്തിന് ശേഷമാണ്. ഇക്കാലത്തിനിടയിൽ ഇരുവരും തമ്മിൽ വളരെ അടുത്ത സൗഹൃദം പുലർത്തിയിരുന്നതായി വാട്‌സ്ആപ് മെസേജുകളിൽ നിന്ന് മനസിലാക്കാം. പലപ്പോഴും നേരിട്ടുള്ള കൂടിക്കാഴ്ചകൾക്ക് പരാതിക്കാരി തന്നെ നിർമ്മാതാവിനെ ക്ഷണിക്കുന്നതും മെസേജുകളിൽ കാണാം. പരാതിയിൽ പറയുന്നത് പ്രകാരം പീഡനം നടന്ന ശേഷമാണിതെല്ലാം. ഇതിനൊപ്പം ഫോണിലെ സംഭാഷണം കൂടി കേട്ട കോടതി,, പണം ആവശ്യപ്പെട്ടുള്ള ഭീഷണിയാണത് എന്നാണ് മനസിലാകുന്നത് എന്നുതന്നെ ഉത്തരവിൽ പറയുന്നുണ്ട്.

എല്ലാത്തിനും പുറമെ, പീഡനം നടന്നതായി പരാതിയിൽ പറയുന്ന 2017 ഏപ്രിൽ അവസാന ആഴ്ചയിൽ വൈശാഖ് രാജൻ ഇന്ത്യയിൽ തന്നെ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന വിമാന ടിക്കറ്റ് കൂടി പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതും പരിശോധിച്ച കോടതി, പരാതിക്കാരിയെ വിശ്വസിക്കാൻ കഴിയില്ലെന്ന് തന്നെ തെളിച്ചുപറഞ്ഞാണ് പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.

പരാതിക്കാരി 25 വയസുള്ള സിനിമാ നടിയാണ്. പ്രതിക്ക് 61 വയസ്സുമായി. താൻ നിർമ്മിക്കുന്ന സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് സ്വന്തം ഇഷ്ടപ്രകാരമല്ലാതെ പീഡിപ്പിച്ചുവെന്നാണ് പരാതിയെന്ന് കോടതി വ്യക്തമാക്കുന്നുണ്ട്. 2017 ഏപ്രിൽ 10നായിരുന്നു പീഡനമെന്നാണ് ആരോപണം. എന്നാൽ പരാതിപ്പെട്ടത് 2018 ഡിസംബർ 29നും. പരാതി നൽകാനെടുത്ത കാലതാമസത്തെ ഗൗരവത്തോടെയാണ് കോടതി കാണുന്നത്. വിദ്യാസമ്പന്നയും സിനിമാനടിയുമായ യുവതിയാണ് ഇപ്രകാരം പരാതി നൽകാൻ താമസം വരുത്തിയതെന്നും വിശദീകരിക്കുന്നു. ഇതിനൊപ്പമാണ് വൈശാഖ് രാജൻ ഹാജരാക്കിയ വാട്‌സാപ്പ് ചാറ്റുകളെ കുറിച്ചും കോടതി പരാമർശിക്കുന്നത്.

2018 നവംബർ മുതൽ ഡിസംബർ വരെയുള്ള വാട്‌സാപ്പ് ചാറ്റുകളാണ് കോടതിക്ക് മുമ്പിൽ തെളിവായെത്തിയത്. വൈശാഖ് രാജനും യുവതിയുമായി വളരെ അടുത്ത് ഇടപെഴുകുന്നതിന് തെളിവുകളാണ് ഇവ. വളരെ അടുത്തു പെരുമാറുന്നവരെ പോലെയാണ് വാട്‌സാപ്പ് സന്ദേശങ്ങൾ. ഇതിനൊപ്പം വൈശാഖ് രാജനെ വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്ക് പരാതിക്കാരി ക്ഷണിക്കുന്നുമുണ്ട്. 2017ൽ റേപ്പ് ചെയ്‌തൊരാളെ ഇങ്ങനെ സ്വകാര്യ കൂടിക്കാഴ്ചകൾക്ക് 2018ൽ യുവതി വിളിക്കുമോ എന്നതാണ് കോടതി പ്രധാനമായും ഉയർത്തുന്ന ചോദ്യം. 2018 ഡിസംബറിൽ നടത്തി ടെലിഫോൺ സംഭാഷണവും കോടതിയിൽ ഹാജരാക്കി. ഇതിൽ വിലപേശലിന്റെ സ്വാഭാവമുള്ള ഭീഷണിയാണ് പരാതിക്കാരിക്കായി നടത്തുന്നത്. പണം വേണമെന്നതാണ് ഭീഷണി. അതിന് വൈശാഖ് രാജൻ സമ്മതിക്കുന്നുമുണ്ട്. ഇതെല്ലാം 2018 ഡിസംബറിൽ നടന്നുവെന്നാണ് വൈശാഖ് രാജൻ കോടതിയെ അറിയിച്ചത്.

എന്നാൽ പരാതി നൽകിയത് ഡിസംബർ 29നും. ഇതിനൊപ്പം 2017 ഏപ്രിൽ ഏഴിന് വൈശാഖ് രാജൻ ഷാർജയിൽ പോയതിന്റെ തെളിവും കോടതിയിൽ നൽകി. അതിന് ശേഷം 2018 മേയിലാണ് മടങ്ങിയെത്തിയത്. അതുകൊണ്ട് തന്നെ പരാതിക്കാരി പറയുന്ന വിധത്തിൽ 2017ൽ കൊച്ചിയിൽ പീഡനം നടക്കില്ലെന്നാണ് മുമ്പിലുള്ള തെളിവുകൾ പരിശോധിച്ചതിൽ നിന്ന് കോടതി എത്തിയ നിഗമനം. ഇതിൽ നിർണ്ണായകമായത് വിമാന ടിക്കറ്റും വാട്‌സാപ്പ് ചാറ്റും ടെലിഫോൺ സംഭാഷണവുമാണ്.

ഇതെല്ലാം 2018 നവംബറിന് ശേഷം സംഭവിച്ചതാണെന്നാണ് വൈശാഖ് രാജൻ കോടതിയെ ധരിപ്പിച്ചിരിക്കുന്നത്. വിശദ അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. പീഡനം നടന്നെന്ന് ആരോപിക്കുന്ന ദിവസം വൈശാഖ് രാജൻ കൊച്ചിയിലുണ്ടെന്ന് തെളിയിക്കാൻ പരാതിക്കാരിക്കും പൊലീസിനും കഴിഞ്ഞാൽ മാത്രമേ ഇനി ഈ കേസിന് പ്രസ്‌ക്തിയുള്ളൂവെന്നാണ് ഉയരുന്ന വാദം.

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ നിർമ്മാതാവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത കേസിലാണ് നിർമ്മാതാവ് മുൻകൂർ ജാമ്യം തേടിയത്. യുവതി നിർമ്മാതാവിനെ ബ്ലാക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചെന്നും പ്രതിയുടെ അഭിഭാഷകന്റെ വാദമാണ് അംഗീകരിക്കുന്നത്.

സിനിമാ രംഗത്തുള്ളവരെ ബ്ലാക്‌മെയിൽ ചെയ്ത് പണം തട്ടുന്ന സംഘം പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയം കോടതിയിൽ ഉന്നയിച്ചതായും വൈശാഖ് രാജന്റെ അഭിഭാഷകൻ സൈബി ജോസ് പറഞ്ഞിരുന്നു. യുവതിയുടെ കയ്യിലുള്ള ദൃശ്യങ്ങൾ ലൈംഗിക പീഡനത്തിന് തെളിവാണ്. അതുപ്രകാരം പൊലീസിന് മേൽ നടപടികൾ സ്വീകരിക്കാം. പക്ഷെ സംഭാഷണ ശകലങ്ങൾ ശ്രവിക്കുമ്പോൾ ബ്‌ളാക്ക് മെയിൽ ചെയ്യാനുള്ള ശ്രമവുമുണ്ട്. ലൈംഗിക പീഡനത്തിന്റെ പേരിൽ നിർമ്മാതാവിനെ ഭീഷണിപ്പെടുത്തി പണം വസൂലാക്കാനുള്ള ശ്രമം നടി നടത്തിയോ എന്ന് പൊലീസിന് പരിശോധിക്കേണ്ട സാഹചര്യമാണ് കോടതിയുടെ പരാമർശങ്ങൾ ഉണ്ടാക്കുന്നത്.

ഷാഫിയുടെ മായാവിയുമായി 2007ലാണ് പ്രവാസിയായ വൈശാഖ് രാജൻ മലയാള സിനിമയിൽ സജീവമാകുന്നത്. ഈ മമ്മൂട്ടി ചിത്രം സൂപ്പർ ഹിറ്റായി. അതിന് ശേഷം 2010ലായിരുന്നു അടുത്ത സിനിമ. ഷാഫി തന്നെയായിരുന്നു സംവിധായകൻ. മേരിക്കൊണ്ടൊരു കുഞ്ഞാടും വിജയിച്ചു. പിന്നീട് 2012ൽ പത്മശ്രീ ഭരത് ഡോ സരോജ് കുമാർ. സജിൻ രാഘവൻ ആയിരുന്നു നിർമ്മാതാവ്. മലയാള സിനിമയുടെ മുഖം മുടി അഴിച്ചു കാട്ടുന്ന ചിത്രം. മോഹൻലാലിനെ കളിയാക്കാനായിരുന്നു സിനിമയെന്ന ആരോപണം സജീവമായി. ശ്രീനിവാസന്റെ ചിത്രം എല്ലാ അർത്ഥത്തിലും ഫ്ളോപ്പായി. ഇതോടെ ലാൽ ഫാൻസുകാരുടെ അനിഷ്ടവും ഉയർന്നു.

സംവിധായകനെ കുറ്റപ്പെടുത്തി ഇതോടെ നിർമ്മാതാവ് തന്നെ രംഗത്ത് വന്നു. ഇത് മലയാള സിനിമയിൽ ഏറെ ചർച്ചയാവുകയും ചെയ്തു.ഇതിന് ശേഷം ഐ ലവ് മീ. ഇതും സാമ്പത്തികമായി പരാജയമായിരുന്നു. റാഫിയുടെ റിങ് മാസ്റ്റർ സുപ്പർ ഹിറ്റായി. ഇതോടെ ദിലീപിന്റെ സൗഹൃദക്കൂട്ടത്തിലുമെത്തി. വൈശാഖിന്റെ കസിൻ ബിഗ് ബജറ്റും സാമ്പത്തികമായി പരാജയപ്പെട്ടു. 2014ലായിരുന്നു കസിൻസ് ഇറങ്ങിയത്. അതിന് ശേഷമായിരുന്നു വെൽകം ടു സെൻട്രൽ ജയിൽ.

2016ലെ ഓണക്കാലത്ത് ഈ ചിത്രം തിയേറ്ററുകൾ കീഴടക്കി. വലിയ സാമ്പത്തിക നേട്ടമാണ് ഈ ചിത്രം നൽകിയത്. മലയാള സിനിമയ്ക്ക് ഉണർവ്വാകുകയും ചെയ്തു. ദിലീപിന്റെ ജനപ്രിയ മുഖത്തെ പരമാവധി ഉപയോഗപ്പെടുത്തിയ സിനിമ. ഫുക്രിയും റോൾ മോഡൽസും ചങ്കസും വിജയ ചിത്രങ്ങളായി. എന്നാൽ അവസാന ചിത്രമായ ജോണി..ജോണി യെസ് അപ്പാ വലിയ വിജയമായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP